Slider

ആദ്യ പെണ്ണുകാണൽ ഒപ്പം തടിനോട്ടവും

0

ആദ്യ പെണ്ണുകാണൽ ഒപ്പം തടിനോട്ടവും
------------------------------------------------------------®
ഇന്നലെയും കൂടി അർജ്ജുനനോട് പറഞ്ഞിരുന്നു, എവിടെയെങ്കിലും നീ പെണ്ണ് കാണാൻ പോകുമ്പോ എന്നെയും കൂടെ കൊണ്ടു പോകണേ എന്ന്.....
ദാ... ഇന്നവൻ വീട്ടിൽ വന്നു പറഞ്ഞിരിക്കുന്നു.. രണ്ട് മണിയാകുമ്പോൾ ഒരുങ്ങി നിൽക്കണം അവൻ ബൈക്കുമായി വരുമെന്ന്....
ഹ ഹ.... സന്തോഷം.... ഈ പെണ്ണു കാണലിന്റെ രസമൊന്നറിയണം... സിനിമയിൽ കാണുന്നതുപോലെ... പയ്യനേയും കൂട്ടുകാരനേയും പെൺകുട്ടിയുടെ അച്ഛൻ സ്വീകരിക്കുന്നു. സ്നേഹപൂർണ്ണമായ സംസാരങ്ങൾ. പെൺകുട്ടിയെ വിളിക്കുന്നു. അവൾ നമ്രശിരസ്ക്കയായി ചായയുമായി വരുന്നു... പയ്യന്റെ പരിഭ്രമങ്ങൾ.... കാൽവിരലുകളാൽ നഖചിത്രമെഴുതുന്ന പെൺകുട്ടി.... അനിയത്തിക്കുട്ടികളുടെ ഒളിഞ്ഞുനോട്ടം, അകത്തെ ജനലിന് മറവിൽ അയൽപക്കത്തെ പെണ്ണുങ്ങളുടെ
അടക്കിയ സംസാരങ്ങളും, വിങ്ങിപ്പൊട്ടുന്ന ചിരികളും, ചായയും പലഹാരങ്ങളും തട്ടിവിടുന്ന സുഹൃത്തുക്കൾ......
"എങ്കിൽ പിന്നെ അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടങ്കിൽ...... ?"
പയ്യന്റെ സുഹൃത്ത് പെണ്ണിന്റെച്ഛനോട് പറയുന്നു...
"ഓ.... ആയിക്കോട്ടെ.... ഇപ്പോഴത്തെ കാലമല്ലേ..." എന്നു പെണ്ണിന്റച്ഛൻ....
അവരുടെ സംസാരം കഴിയുന്നത് വരെ അച്ഛന്റെ കത്തി സഹിച്ചിരിക്കുന്ന സുഹൃത്ത്.......
ഒടുക്കം ചിരിയോടെ ഇറങ്ങി വരുന്ന പയ്യൻ...
ശുഭപര്യവസായിയായ സ്വപ്നങ്ങൾ...
കൃത്യ സമയത്ത് തന്നെ ഒരുങ്ങി നിന്നു.. അർജ്ജുനൻ ബൈക്കുമായി വന്നു. യമഹാ RX 100 ആണ്. സ്റ്റാർട്ടാക്കിയാൽ രണ്ട് വാർഡിനപ്പുറത്തുള്ള പഞ്ചായത്ത് പ്രസിഡന്റുവരെ അറിയും.. പുകയോ...? റോമിൽ പോപ്പിനെ തെരഞ്ഞെടുക്കുമ്പോൾ പോലും ഇത്രയും പുക വരില്ല.....
എന്തായാലും അതിൽ യാത്രയാരംഭിച്ചു. എവിടെയാണന്നോ.. എന്താണന്നോ അറിയാതെ കൂടെ ഞാനും......
അർജ്ജുനൻ എന്നേക്കാൾ മൂന്ന് വയസിന് മൂത്തതാണ്. അടുത്ത കൂട്ടുകാർ... അവൻ ഞങ്ങടെ ക്ലബ്ബിന്റെ സെക്രട്ടറിയാകുമ്പോൾ ഞാൻ പ്രസിഡന്റ്, അടുത്ത തവണ അവൻ പ്രസിഡന്റാവുമ്പോൾ ഞാൻ സെക്രട്ടറി. ഞങ്ങളുടെ വിചാരം ഞങ്ങള് ഏറ്റവും മിടുക്കൻമാരായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ്. എവിടെ........? കമ്മറ്റിയംഗങ്ങളിൽ ഒരു പണിയുമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത വേട്ടാവളിയൻമാര് ഞങ്ങളാണ് എന്നത് ഞങ്ങളൊഴികെ നാട്ടുകാർക്കെല്ലാം ഏകദേശം അറിയാം
അർജ്ജുനന് പ്രായം 25 കഴിഞ്ഞു. വീട്ടിൽ മൂന്നാമത്തെ മകൻ, മുത്ത ചേട്ടൻമാർ രണ്ടും വിവാഹം കഴിച്ചു, വിദേശത്താണ്. ഇളയ പെങ്ങൾ ഡിഗ്രിക്ക് പഠിക്കുന്നു.
അർജ്ജുനൻ പല പല ബിസ്നസുകൾ നോക്കി പൊട്ടിക്കരയ്ക്ക് കയറിയതിനാൽ ഇപ്പോൾ പുതിയ ഒരു വർക്ക് എടുത്തിട്ടുണ്ട്. "തടിക്കച്ചോടം". വിൽക്കാനുള്ള മരങ്ങൾ പോയി നോക്കി ഒരു വില സമ്മതിച്ച് വാങ്ങുക, എന്നിട്ട് ആളിനെ വച്ച് മുറിച്ച് വൃത്തിയാക്കി ആവശ്യക്കാർക്ക് കൊടുക്കുക, അല്ലങ്കിൽ ഒരു ലോഡാകുമ്പോൾ പെരുമ്പാവൂരോ മറ്റോ കൊണ്ട് കൊടുക്കും.
പലപ്പോഴും തടി നോക്കാൻ പോകുമ്പോൾ അതേപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്ത കച്ചവടക്കാർ ഒരു തടിവെട്ടുകാരനെക്കൂടി കൊണ്ടു പോകാറുണ്ട്. അയാളുടെ വാക്കിലാണ് വിലയുറപ്പിക്കുന്നത്. വെട്ടുമ്പോൾ "കാതൽ " ഇല്ലങ്കിൽ വെട്ടുകാരൻ മുതലാളിയുടെ മുഖത്ത് നോക്കാതെ... മരത്തേലൊക്കെ കൈ തട്ടി, ഒരു കൈ കൊണ്ട് തുടയുടെ പുറക് ഭാഗം ചൊറിഞ്ഞ് മരത്തിന് മുകളിലോട്ട് നോക്കി ഒരു നിൽപുണ്ട്. അങ്ങനെ ആ കച്ചോടവും സ്വാഹ.....!
അർജ്ജുനനും കൈയ്യിലുള്ള കാശൊക്കെ തീർന്നു. ആകെ കടത്തിലാണ്.ഇനീ കച്ചോടം നടക്കണമെങ്കിൽ ഒന്നു പെണ്ണുകെട്ടി...തോനെ സ്ത്രീധനമൊക്കെ വാങ്ങി.... അതൊക്കെയാണ് മോഹം....!
യാത്ര വി - കോട്ടയം കഴിഞ്ഞു, ചെറിയ പോക്കറ്റ് റോഡുകളിലേക്ക് കയറി, ചെമ്മൺ നിരത്തുകൾ... കൃക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിലൂടെ, പ്ലാന്റേഷനിൽ മേയാൻ വിട്ടിരിക്കുന്ന പശുക്കൂട്ടങ്ങൾക്കിടയിലുടെ ഞങ്ങൾ യാത്ര തുടർന്നു.
പെട്ടന്നാണ് അവനാ സത്യം പറഞ്ഞത്. പെൺകുട്ടിയുടെ വീടറിയില്ല, പറഞ്ഞറിവ് വച്ചിട്ട് ഒരൂഹമുണ്ട്... അങ്ങനെ നോക്കിപ്പോവുകയാണ്. ഏതോ ഒരു ബന്ധു പറഞ്ഞതനുസരിച്ച് വന്നതാ.. പെണ്ണിന്റെ വീട്ടിൽ ആ ബന്ധു പറഞ്ഞിട്ടുണ്ട്, പെൺകുട്ടിയെ കാണാൻ ഒരു പയ്യൻ വരുമെന്നും, പയ്യൻ ഗൾഫിലേക്ക് പോകാൻ വിസാ റഡിയായി നിൽക്കുകയാണന്നും.....!
ഒരു ഭാഗത്ത് ചന്ദനപ്പള്ളി എസ്റ്റേറ്റിന്റെ വിശാലമായ പ്ലാന്റേഷൻ മറുഭാഗത്ത്ഒന്നുരണ്ട് വീടുകൾ അടുത്തടുത്തു കാണുന്നു. ഒരു വീടിന്റെ മുന്നിൽ രണ്ട് സ്ത്രീകൾ നിന്നു കാര്യം പറയുന്നുമുണ്ട്.
"എന്തായാലും നമുക്കിവിടെ ആരോടെങ്കിലും ഒന്നു ചോദിക്കാം... "
ഞാൻ പറഞ്ഞു.
അവൻ ബൈക്ക് നിർത്തി. ഞാൻ ബൈക്കിൽ നിന്നുമിറങ്ങി.... വീട് ചോദിക്കാനായ് നീങ്ങിയപ്പോൾ അവൻ പറഞ്ഞു.
"ടാ... നീയിവിടെ നിക്ക്... ഞാൻ ചോദിക്കാം... " ഇത്തിരി രഹസ്യമായിട്ട് വേണം. ആരെങ്കിലുമറിഞ്ഞാൽ പൊളിക്കും...!
അർജ്ജുനൻ ആ രണ്ട് സ്ത്രീകൾ നിന്ന വീടിന്റെ ഗേറ്റിലേക്ക് നടന്നു.
"പെട്ടന്ന് "..........
പ്ലാന്റേഷനകത്തുനിന്ന് ഉച്ചത്തിലൊരു വിളി...
"ടാ.... അർജ്ജുനാ..."
പരിചയമുള്ള സ്വരം.....ഞങ്ങൾ രണ്ടും ഒരുമിച്ച് തിരിഞ്ഞ് തോട്ടത്തിലേക്ക് നോക്കി.....
ഒറ്റപ്ലാമൂട്ടിലെ അജയൻ.....
പ്ലാന്റേഷനിലാണ് ജോലി... കാട് തെളിക്കുകയാണ്.
" എന്തുവാ.... രണ്ട് പേരും കൂടി...?" വീണ്ടും ഉച്ചത്തിൽ ചോദ്യം....!
എന്നെ കണ്ണടച്ചു കാണിച്ച് അർജ്ജുനൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു...
" അജയാ... ഒരു തടി നോക്കാൻ വന്നതാ..."!
എന്നിട്ട് വീണ്ടും മുറ്റത്തേക്കിറങ്ങി അവിടെ നിന്ന സ്ത്രീകളോട് വീട് തിരക്കി...
രണ്ട് വീടുകൾക്ക് അപ്പുറമാണന്ന് അവർ പറഞ്ഞു. അപ്പോൾ അവരും ചോദിച്ചു... എന്താണ് കാര്യം എന്ന്...?
വീണ്ടും അർജ്ജുനന്റ കുടില ബുദ്ധിയുണർന്നു...
"ചെറിയ ഒരു കച്ചോടം....!"
തിരികെ വന്നു ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ അജയൻ വീണ്ടും...
"എവനേം കൊണ്ടൊക്കെയാണോടാ അർജ്ജുനാ തടി നോക്കാൻ പോന്നത്...?"
നമുക്കിട്ടൊള്ള പണിയാ.... അവന് എന്നേക്കാണുമ്പോൾ എപ്പോഴുമുള്ള ചൊറിച്ചിലാ...
"അല്ലടാ നിന്റച്ഛൻ അയ്യപ്പൻ കൊച്ചാട്ടനെയാ ആദ്യം വിളിച്ചത്... പുള്ളിക്ക് സമയം ഇല്ലാത്തതു കൊണ്ടാ ഞാൻ വന്നത് ".
ഞാൻ വിളിച്ചു പറഞ്ഞു....!
" മിണ്ടാതിരിക്കടാ.... അവൻ ഒരു തമാശ പറഞ്ഞതല്ലേ...." അർജ്ജുനൻ ചോദിച്ചു
"നീയൊന്നു പോടാപ്പാ.... അവന്റെ കോപ്പ് വർത്താനം അവന്റെ വീട്ടിൽ പോയി പറഞ്ഞാ മതി....... പല തവണയായി....അല്ലേലും ചിലരങ്ങനാ.... ഒന്നും മിണ്ടിയില്ലേലും വന്നു കേറി ചോദിച്ചു വാങ്ങിക്കും.."
ഞങ്ങൾ യാത്ര തുടർന്നു...
രണ്ട് വീടുകൾക്കപ്പുറം തല ഉയർത്തി നിൽക്കുന്ന നല്ല ഒരു നില വീട്.... മനോഹരമായ മുറ്റം...
പക്ഷെ ആ മുറ്റത്ത്...... അത്ര മനോഹരമല്ലാത്ത ഒരു കാഴ്ച്ച കണ്ടു...
ഗൃഹനാഥനോടൊപ്പം........
തൊട്ടു മുൻപ് വീടന്വേഷിച്ച ചേച്ചി....!
അവരുടെ മുഖത്ത് ദേഷ്യഭാവം.....?
"ദൈവമേ.... അവരീവീട്ടിലെ ആയിരുന്നോ......?
"പണി പാ.................ളീ"
"നമുക്ക് പോയേക്കാം.... "
അർജ്ജുനൻ വല്ലാത്ത ഒരു സ്വരത്തിൽ പറഞ്ഞു.
"ഹാ.... എന്തായാലും വന്നതല്ലേ.... കേറി നോക്കാം.... " ആദ്യത്തെ പെണ്ണുകാണലിന്റെ കൊതിയോർത്ത് ഞാൻ പറയാൻ തുടങ്ങിയത് അതേ പോലെ വിഴുങ്ങി....... അവരുടെ അടുത്ത വാക്ക് കേട്ടപ്പോൾ.....!!!
" ആ പൊറകിലിരിക്കുന്നവനാ തടിക്ക് വെലയിടുന്നേ.... !"
ആ ചേച്ചി ചൂണ്ടിക്കാട്ടിക്കൊണ്ടു പറയുന്നു'....
എല്ലാ ഗ്യാസും പോയീ.....!
മുത്തശ്ശീ.................ന്ന് ഒരു വിളിയാ....
കൊടും വളവ്... താമരശ്ശേരി ചൊരം.... എല്ലാം കടന്ന് അഞ്ച് മിനിട്ടു കൊണ്ട് തിരിച്ചു വീട്ടിലെത്തി. മുടിഞ്ഞ പൊക കാരണം ഞങ്ങളാന്ന് ആരെങ്കിലും മനസിലാക്കിയോ.. എന്തോ..?
-----------------------------------------------------------------
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo