Slider

ഉണ്ണിയേട്ടാ പാപം കിട്ടും ട്ടോ

0


ഉണ്ണിയേട്ടാ പാപം കിട്ടും ട്ടോ.. ആ ഉറുമ്പിനെ കൊന്നിട്ട് വേണോ കുഴിയാനയെ പിടിക്കാൻ...!! ഉണ്ണിയേട്ടൻ ശരിക്കും ഒരു ദുഷ്ടനാണ്‌...
കുഴിയാനയെ അവൾക്ക് വളരെ ഇഷ്ടമാണ്.. അവളുടെ കയ്യും പിടിച്ചു മുറ്റത്തിനരികിൽ കഴിയാനയെ തപ്പാ നിറങ്ങുന്നത് പതിവാണ്... ഉറുമ്പിനെ പിടിച്ചു കുഴിയാനയുടെ കുഴിയിലിട്ടാൽ കുഴിയാന പുറത്തു വരും.. അപ്പോൾ അതിനെ പിടിച്ചു തീപ്പെട്ടിക്കൂട്ടിലാക്കി അവൾക്ക് സമ്മാനിക്കും.. ആ നേരത്ത് അവളുടെ മുഖത്തെ സന്തോഷം കാണാൻ വേണ്ടിയാണ് ഉണ്ണിയേട്ടൻ ആദ്യം ദുഷ്ടനായത്...
സ്കൂളിൽ കൂടെ പഠിക്കുന്നൊരുവൻ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അവളവനെ, ഇഷ്ടമല്ലെന്നു പറഞ്ഞിട്ടും പുറകിൽ നടന്നു ശല്യം ചെയ്തപ്പോൾ അവന്റെ തല അടിച്ചു പൊട്ടിച്ചു... അവനോടു ഒന്ന് പറഞ്ഞാൽ പോരെ തല അടിച്ചു പൊട്ടിക്കണോ എന്ന അവളുടെ ദേഷ്യത്തിനൊടുവിലും അവൾ വീണ്ടും പറഞ്ഞു ഉണ്ണിയേട്ടൻ ദുഷ്ടനാണ് എന്ന്..
അവൻ ശല്യം ചെയ്യുന്നെന്നു പറഞ്ഞു കണ്ണ് നിറച്ചു വന്നപ്പോൾ, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിന്റെ മുന്നിലാണ് ഉണ്ണിയേട്ടൻ ദുഷ്ടനായത്...
വീട്ടിൽ ഞങ്ങളുടെ വിവാഹ നിശ്ചയത്തിരക്കുകൾക്കിടയിൽ എനിക്ക് അവളെ വേണ്ട എന്ന് ആ മുഖത്തു നോക്കി തന്നെ പറഞ്ഞപ്പോൾ എന്റെ കാലുപിടിച്ചു കരഞ്ഞുകൊണ്ടവൾ ചോദിച്ചു ഉണ്ണിയേട്ടന് എന്നെ വേണ്ടേ എന്ന്...!! ആ കണ്ണീര് പോലും കാണാതെ നടന്നു നീങ്ങിയതും അവൾ തേങ്ങലോടെ പിറുപിറുത്തു ഉണ്ണിയേട്ടൻ ശരിക്കും ദുഷ്ടനാണെന്ന്...
എന്നെ വിവാഹം കഴിച്ചാൽ അവൾക്ക് അധികനാള് ആയുസ്സുണ്ടാകില്ല എന്ന് കവടി നിരത്തി ജോത്സ്യൻ പറഞ്ഞപ്പോൾ ഓർമ്മ വെച്ച കാലം തൊട്ട് സ്നേഹിച്ച അവളെ , മരണം വരെ കൂടെ വേണമെന്നാഗ്രഹിച്ച എന്റെ പെണ്ണിനെ , ഒരു കഴുകൻ കണ്ണുകൾക്കും ഉറ്റുനോക്കാൻ കൊടുക്കാതെ ഞാൻ സംരക്ഷിച്ച എന്റെ പ്രണയത്തെ മനസ്സു നുറുങ്ങുന്ന വേദനയോടെ വേണ്ട എന്ന് പറയേണ്ടി വന്നപ്പോഴാണ് ഉണ്ണിയേട്ടൻ വീണ്ടും ദുഷ്ടനായത്..
അവളുടെ വിവാഹം കഴിഞ്ഞു ചെറുക്കനുമായി വീട്ടിൽ വന്നപ്പോൾ എന്നെ കാണാൻ ആഗ്രഹിച്ച അവൾക്ക് മുഖം കൊടുക്കാതിരുന്നപ്പോൾ അവൾ പിന്നെയും പറഞ്ഞു ഉണ്ണിയേട്ടൻ ദുഷ്ടനാണ് എന്ന്..
ചെറുപ്പം മുതലേ തന്റെതു മാത്രമെന്ന് കരുതിയ അവളെ വേറെ ഒരുത്തന്റെ കൂടെ അവന്റെ ഭാര്യയായി കാണാൻ കഴിയാത്തത് കൊണ്ട് സങ്കടം കടിച്ചമർത്തി ഉണ്ണിയേട്ടൻ വീണ്ടും ദുഷ്ടനായി...
വിവാഹം കഴിഞ്ഞു ഇനി ഒരിക്കലും ഈ നാട്ടിലേക്കില്ല എന്ന് പറഞ്ഞു പടിയിറങ്ങിയവൾ ആറു വർഷത്തിന് ശേഷം വീട്ടിൽ വന്നപ്പോൾ ചങ്ങലയാൽ മുറുകിവന്ന രക്തത്തിൽ തൊട്ട് അവൾ വീണ്ടും വീണ്ടുംപറഞ്ഞു ഉണ്ണിയേട്ടൻ ദുഷ്ടനാണ് എന്ന്...
എല്ലാമെല്ലാം നഷ്ടമായപ്പോൾ മനസ്സിൽ ആർത്തലച്ചിരമ്പിയ കടലിനെ അതിജീവിക്കാനാകാതെ കാലിൽ ഒരു ചങ്ങല തീർത്തു ചിരിക്കാൻ ശ്രമിച്ചിട്ടും അവൾ പറഞ്ഞു ഉണ്ണിയേട്ടൻ ദുഷ്ടനാണ് എന്ന്...
ഉണ്ണിയേട്ടനെന്നും ദുഷ്ടനാണ്.... ഞാനറിയുന്നു... നിരാശയാൽ അവളറിയാതെ അവളുടെ ചുണ്ടുകൾ പുലമ്പിയ മിഥ്യ മാത്രമായിരുന്നത് ...
ചങ്ങലക്കൂട്ടത്തിനിടയിൽ നിന്നും നടന്നകന്ന അവൾ ഒരു വേള തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നു തിർന്നു വീണ കണ്ണുനീർ തുള്ളികൾക്ക് തീക്കട്ടയുടെ തിളക്കമായിരുന്നു:........
Sajith_Vasudevan(ഉണ്ണി...)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo