Slider

ചെറുകഥ #മഴ

0

ചെറുകഥ
" കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടലും വൻ കൃഷിനാശവും".....
വിദേശത്തിരുന്നു കൊണ്ട് ടിവിയിൽ നാട്ടിലെ വാർത്തകൾ അറിയുകയാണ് അയാൾ....
മൂന്നു നാല് വർഷത്തോളമായി പുള്ളിക്കാരൻ വിദേശത്താണ് നാട്ടിലെ കാര്യങ്ങളും വാർത്തകളും ടിവിയിലൂടെയോ ഫേസ്ബുക്ക് വാട്സ് ആപ്പ് മറ്റു മാധ്യമങ്ങളിലൂടെയോ മാത്രമേ അറിഞ്ഞിരുന്നുള്ളൂ....
"നുമ്മ കൃഷിയെല്ലാം ഒലിച്ചുപോയി ... മലമുകളിൽ നിന്നും വെള്ളം കുത്തിയൊഴുകി വന്നു ..മഴ മുടിഞ്ഞ മഴ"
വാർത്താ ചാനലിനു വേണ്ടി ന്യൂസ് കവർ ചെയ്യാൻ വന്ന റിപ്പോർട്ടറോട് കൃഷിക്കാരന്റെ വേവലാതി.....
"ഹും.. പിന്നെ എങ്ങനാ നാട്ടിൽ മഴ പെയ്യുന്നത് ഒരു ചാറ്റൽ മഴ
പെയ്യുമ്പോഴേക്കും കൃഷിനാശം ഉരുൾപൊട്ടൽ ആന ചേന"
"അതിന് എങ്ങനെയാ മഴയോട് സ്നേഹം വേണം"
"മഴയെ അടുത്തറിയണം മഴ നോവാണ് മഴ സംഗീതമാണ്"
ടിവി ഓഫ് ചെയ്തു കൊണ്ട് പുള്ളിക്കാരൻ ഡയലോഗ് തുടർന്നു....
ഒപ്പം തന്റെ മഴക്കാല ഓർമ്മകളിലൂടെ ഒരു യാത്രയും നടത്തി....
വാട്ട്സാപ്പിൽ ഇളയമകനോട് ചാറ്റ് ചെയ്യവേ
" മോനെ നാട്ടിൽ മഴയുണ്ടോടാ ?"
"പിന്നെ മുടിഞ്ഞ മഴ പുറത്തിറങ്ങാൻ പറ്റാത്ത മഴ മഴകാരണം സ്കൂളുകൾക്ക് എല്ലാം അവധിയാ"
മകന്റെ വകയും മഴക്ക് പഴി
"നീ മഴയുടെ ഒരു ഫോട്ടോ എടുത്തു അയച്ചുതന്നേ"
മകൻ വീടിന്റെ തിണ്ണയിൽ ഇരുന്നു ഉമ്മറത്ത് പെയ്യുന്ന മഴയുടെ ഫോട്ടോ എടുത്ത് വാട്ട്സാപ്പിൽ ഇട്ടു...
അധികം വൈകാതെ ഫേസ് ബുക്കിൽ മഴയുടെ ഫോട്ടോയോട് കൂടി അയാളുടെ പോസ്റ്റ്.... ഒപ്പം ഒരു ഡയലോഗും"
" മഴയെ പഴിക്കുന്ന ആളുകൾ നാട്ടിലും"
മഴയെ സ്നേഹിക്കുന്ന ഞാൻ മരുഭൂവിലും"
മഴയോടുള്ള തന്റെ സ്നേഹവും ഇഷ്ടവും അറിയിക്കുന്ന ഒരു ചെറിയ സന്ദേശം.....
തീർന്നില്ല... അകമ്പടിക്കായി
"മഴയെ സ്നേഹിക്കണം"
"മഴയെ അടുത്തറിയണം"
" നല്ല സൂപ്പർ മഴ"
"നല്ല നാടൻ മഴ"
"ഉശിരൻ മഴ"
എന്നു തുടങ്ങുന്ന കുറെ കമന്റുകളും...
നിനച്ചിരിക്കാതെ കമന്റു രൂപത്തിൽ ആണ് ഈ എഴുത്തും വന്നത്
അങ്ങ് ചിറാപുഞ്ചിയിൽ നിർത്താതെ പെയ്യുന്ന മഴക്ക് പോലും ഇത്രയും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടാവില്ല...
നല്ലതുതന്നെ മഴ പെയ്യട്ടെ തിമിർത്തു പെയ്യട്ടെ പക്ഷേ ഇവരൊക്കെ മഴയെ അടുത്തറിഞ്ഞവരാണോ..?
ആയിരിക്കാൻ നൂറുശതമാനവും സാധ്യതയില്ല ...
ഒരു ചാറ്റൽ മഴയ്ക്ക് പോലും
മഴക്കോട്ടില്ലാതെ പുറത്തിറങ്ങാത്ത
മാനം ഒന്നു ചെറുതായി കറുത്താൽ പല യാത്രകളും മാറ്റിവയ്ക്കുന്ന
ഒരു തുള്ളി തലയിൽ വീണാൽ ജലദോഷം പിടിക്കാത്ത എത്ര ആളുകൾ ഉണ്ട് നമുക്കിടയിൽ
രാവിലെ മഴയാണെങ്കിൽ ഇന്നത്തെ കാര്യം പോക്കാണെന്ന് പറയാത്ത എത്ര ആളുകൾ ഉണ്ട് നമുക്കിടയിൽ....
മഴയോടുള്ള യഥാർത്ഥ ഇഷ്ടവും സ്നേഹവും അതുപോലെത്തന്നെ മഴയോടുള്ള ദേഷ്യവും ഭയവും കാണണമെങ്കിൽ
അങ്ങ് കിഴക്കൻ മലമൂട്ടിൽ ചെല്ലണം
ന്യൂസ് ചാനലിൽ റിപ്പോർട്ടറോട് വേവലാതി പറഞ്ഞിരുന്ന ആ കൃഷിക്കാരന്റെ
തോട്ടത്തിലേക്ക് ചെല്ലണം...
മഴയോടുള്ള സ്നേഹവും മഴയോടുള്ള ദേശ്യവും
മഴയോടുള്ള പ്രേമവും മഴയോടുള്ള പരിഭവവും
ആത്മാർത്ഥമായി പ്രകടിപ്പിക്കുന്ന ആ മനുഷ്യന്റെ അടുത്തുചെല്ലണം
ഒരു മഴ പെയ്യുമ്പോഴേക്കും
ഭയങ്കര മഴ എന്നും
അല്പം വെയിൽ തെറിക്കുമ്പോഴേക്കും
വല്ലാത്ത ചൂട് എന്നും
കാലാവസ്ഥയ്ക്ക് അനുസൃതമായി ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റാൻ അറിയാത്ത
ആ മണ്ണിന്റെ മകന്റെ അടുത്ത് ചെല്ലണം.....
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്നു പറയുന്ന
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ യന്ത്രങ്ങളെ പോലേയല്ല
തൊപ്പി കുടക്കു കീഴിൽ ചുളിവു വീണ നെറ്റിക്ക് അടിയിലെ ഇരുട്ടുവീണ കണ്ണുകൾകൊണ്ട് മഴയുടെ ആഴവും പരപ്പും കൃത്യമായി മനസ്സിലാക്കുന്ന യന്ത്രങ്ങൾ ഇല്ലാത്ത ശാസ്ത്രജ്ഞന്റെ മനസറിയണം......
അവർ വേവലാതിപ്പെടട്ടെ മഴയെക്കുറിച്ച്... അവർ പരിഭവപ്പെടട്ടെ വെയിലിനെ കുറിച്ച്...
അവർക്കുള്ളതാണ് വെയിലും മഴയും.. അവർക്കുള്ളതാണ് കാറ്റും വെളിച്ചവും...
ചെറിയ കുളിരുള്ള പ്രഭാതങ്ങളിൽ മൂടിപ്പുതച്ച കമ്പിളിക്കുള്ളിൽ നിന്നും അലാറത്തിനു നേരെ കൈനീട്ടാൻ പോലും മടിക്കുന്ന ആളുകളാണ് നമ്മിൽ പലരും.....
പഴി വാങ്ങുന്ന മഴ അച്ഛനും
പഴിക്കുന്ന മനുഷ്യൻ മകനുമാണ്
അവർ ഒരു കുടുംബമാണ്
കൊണ്ടും കൊടുത്തും
പഴിച്ചും പഴി വാങ്ങിയും ജീവിച്ചുതീർക്കുന്ന ഒരു സന്തുഷ്ട കുടുംബം.....
ദീർഘനേരത്തെ വായനക്കും ആലോചനക്കും ശേഷം പുള്ളിക്കാരൻ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും മറന്നില്ല.....!

Naser

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo