Slider

ഈർപ്പം.

0
ഈർപ്പം.
--------------
ചില ചെറിയ നീർചാലുകളുണ്ടാവും മനസ്സിൽ
ഏത് കൊടിയ വേനലിലും അൽപ്പമാശ്വാസവുമായി,
ഒരു മുളന്തുമ്പിലൂടിറ്റിറ്റു വീഴുന്നത്
ഒരു തുള്ളി മതി
ചില വിത്തുകൾക്ക് മുള പൊട്ടാൻ
ചതുപ്പുകളിലെ ഈർപ്പത്തിൽ
മറഞ്ഞിരിക്കുന്നുണ്ടാവും ചില അട്ടകൾ
നാമറിയാതെ നമ്മിൽ കയറിപ്പറ്റി
രക്തമൂറ്റിക്കുടിച്ച്
നമ്മളെ അസ്വസ്ഥരാക്കുന്നവ.
അഴുക്കുചാലിലെ പുഴുക്കളെ ശ്രദ്ധിച്ചിട്ടില്ലേ..?
പെട്ടെന്നൊരു നിമിഷത്തിൽ
അന്തരീക്ഷത്തിൽ നിന്നുയിരെടുത്ത്
ഒരു മായാജാലം കണക്കെ
അപ്രത്യക്ഷമാകുന്നവ.
ഈർപ്പമില്ലാത്തിടത്ത് അവയെ കാണുകയേ ഇല്ല.
ചില ഈർപ്പ ധാരകൾ മനസ്സിലും ഉണ്ടാവാറുണ്ട്,
കണ്ണുകൾക്ക് കരായാൻ കഴിയാത്തിടത്ത്
നിശബ്ദമായി നൊമ്പരത്തോടെ
നമ്മളിൽ ലയിച്ചു ചേരുന്നവ.
ഏകാന്തമായൊരിടം തേടി
ഒറ്റക്കിരിക്കാൻ പ്രേരിപ്പിക്കും അവ.
ചുംബനങ്ങളെപ്പോഴും മധുരമുള്ള ഈർപ്പമാണ്
മനസിനെ ആർദ്രമായി ഹൃദയത്തെ
അലിയിപ്പിക്കുന്നവ
മനസ്സിലെ മൃദുല വികാരങ്ങളെല്ലാം
ആ ചുംബനങ്ങളെ കാത്തിരിക്കുന്നവയാണ്
ആശ്വാസവും അനുഭൂതിയും പകർന്ന്
ആകാശവും നക്ഷത്രവും തേടുന്നു.
ചില ഉറവകൾക്കു വേണ്ടി വിയർക്കാറുണ്ട്
മോഹനമായ ഇണയടുപ്പങ്ങളിലുടെ
അരണിക്കോൽ പോലെ തീയൊരുക്കി
ആത്മ നിർവൃതിയുടെ ഉറവ പൊട്ടിക്കുന്നവ.
കാതരയാകുന്നതും, കാമിനിയാകുന്നതും
കാർമുകിലിൻ്റെ ദേഹിയും ദേഹവുമായ ഈർപ്പമാണ്.
ബാബു തുയ്യം.
5/9/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo