ഏതോ കാട്ടുചെടിയുടെ ഇലപിഴിഞ്ഞ് ആയൂബിൻ്റെ വായിലേക്കിറ്റിക്കുമ്പോൾ സെെബുത്ത ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല അതൊരു വിഷച്ചെടിയാണെന്ന്.വിശപ്പും ദാഹവും കൊണ്ട് ആർത്തിയോടെ അതു കുടിക്കുമ്പോൾ ആ അഞ്ചു വയസുകാരനും കരുതിയിട്ടുണ്ടാവില്ല അത് തന്നെ മരണത്തിലേക്ക് നയിക്കുമെന്ന്.
ജനിച്ചുവീണ സ്വന്തം നാടും വീടും വിട്ട് കാടും മലയും കടലും പുഴയും കടന്ന് ഒരാശ്രയം തേടി ഞങ്ങൾ അലയാൻ തുടങ്ങിയിട്ട് നാളേറെയായി.ഇത്രനാളത്തെ സ്വപ്നങ്ങളും സമ്പാദ്യങ്ങളുമെല്ലാമുപേക്ഷിച്ച് ജീവനും കെെയിൽ പിടിച്ച് ഓടുമ്പോൾ ഞങ്ങളുടെ ഏക ആശ്വാസം പ്രിയപ്പെട്ടവരെല്ലാം ജീവനോടെ കൂടെയുണ്ടല്ലോ എന്നതു മാത്രമായിരുന്നു.എന്നാൽ ദിവസങ്ങൾ നീണ്ട ഈ അലച്ചിലിൽ ഞങ്ങളുടെ ആ ആശ്വാസവും നഷ്ടപ്പെട്ടുകൊണ്ടിക്കയാണ്.മരണം വിശപ്പിൻ്റെയും ദാഹത്തിൻ്റെയും പകർച്ചവ്യാധിയുടെയും രൂപത്തിൽ ഞങ്ങളിൽ ഓരോരുത്തരെയായി തട്ടിയെടുത്തുകൊണ്ടേയിരുന്നു.യാത്രയുടെ തുടക്കത്തിൽ കൂടെയുണ്ടായിരുന്ന പലരും വഴിയരികിൽ പിടഞ്ഞുവീണു മരിക്കുന്നത് നിർവ്വികാരതയോടെ നോക്കിനില്ക്കാൻ മാത്രമേ ഞങ്ങൾക്കായുള്ളു.ആദ്യമൊക്കെ മൃതദേഹം മറവുചെയ്യാനെങ്കിലും ഞങ്ങൾക്കായിരുന്നു.പിന്നെപിന്നെ പിടയുന്ന ഹൃദയവേദനയോടെ ഞങ്ങൾ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വഴിയിലുപേക്ഷിച്ച് യാത്രതുടരാൻ നിർബ്ബന്ധിതരായി.കാരണം മരണപ്പെട്ടവരുടെ ദേഹത്തേക്കാൾ വിലമതിക്കുന്നതായിരുന്നു ഞങ്ങൾക്ക് കൂടെയുള്ള ഓരോരുത്തരുടെയും ജീവൻ.അവ സംരക്ഷിക്കുന്നതിനുള്ള ഓട്ടത്തിനിടയിൽ വഴിയരികിൽ നഷ്ടപ്പെട്ടവരെ ഞങ്ങൾ ബോധപൂർവ്വം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.ആ നഷ്ടപ്പെട്ടതിൽ പലരും ഞങ്ങളിൽ പലരുടെയും അച്ഛനോ അമ്മയോ ഭാര്യയോ ഭർത്താവോ മകനോ മകളോ മരുമകനോ അമ്മാവനോ ഒക്കെയായിരുന്നു.ഞങ്ങളുടെ ഗോത്രവിശ്വാസപ്രകാരം രക്തബന്ധത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ഒരുമാസം വീടിന് പുറത്തുപോലും ഇറങ്ങാൻ പാടില്ലെന്നാ.ഗോത്രമേ നശിച്ചുകൊണ്ടിരിക്കുന്നു അപ്പോഴാണിനി ഒരു ഗോത്ര വിശ്വാസം.അവനവൻ്റെ ജീവനേക്കാൾ വിലയുള്ള ഒരു വിശ്വാസവും ഈ ലോകത്തില്ല.
ആരാലും അറിയപ്പെടാതെ ലോകത്തിൻ്റെ ഒരു കോണിൽ ജീവിച്ചിരുന്നവരാണു ഞങ്ങൾ.ലോകത്തു നടക്കുന്ന യാതൊരു മാറ്റങ്ങളും അറിയാതെ പ്രാഥമിക വിദ്യാഭ്യാസം എന്തെന്നുപോലും അറിയാത്തൊരു ജനത.അതായിരുന്നു ഞങ്ങൾ.കൃഷിയും ഗോത്രാചാരങ്ങളും വിശ്വാസങ്ങളുമായി ജീവിച്ച ഒരു ജനത.ഞങ്ങളുടെ രാജ്യത്ത് പട്ടാളഭരണം മാറി ജനാധിപത്യം വന്നതുപോലും അറിയാതെ ജീവിച്ചവരായിരുന്നു ഞങ്ങൾ.കാരണം അങ്ങനൊരു മാറ്റം വാർത്തകളിലൂടെ അറിയാനും വേണ്ടി യാതൊരു സംവിധാനവും ഞങ്ങൾക്കില്ലായിരുന്നു.പിന്നെ അത്തരമൊരു രാഷ്ട്രീയ മാറ്റംമൂലം ഞങ്ങളുടെ ജീവിതത്തിൽ യാതൊന്നും സംഭവിച്ചിരുന്നില്ല.അപ്പോഴും കുടിച്ചു മദിച്ച പട്ടാളക്കാർ ഞങ്ങളുടെ സ്ത്രീകളെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു.ഞങ്ങളുടെ കൃഷിയിടങ്ങളിലെ വിളകൾ അവരുടെ ക്രൂരതയുടെ കാലടികളേറ്റ് കൊഴിഞ്ഞുകൊണ്ടേയിരുന്നു.ഞങ്ങളുടെ സ്വത്തുവകകൾ അവർ കൊള്ളയടിച്ചുകൊണ്ടേയിരുന്നു.ഞങ്ങളുടെ ജീവിതം മാറ്റമില്ലാതെ തുടർന്നു.കഷ്ടപ്പാടിനും ദുരിതങ്ങൾക്കുമിടയിലും പിറന്നമണ്ണിൽ ജീവിക്കാൻ കഴിയുന്നെന്ന ആശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു.എന്നാൽ അതും ആരുടെയൊക്കെയോ ഔദാര്യമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഞങ്ങൾ ഞങ്ങളുടെ രാജ്യത്തുനിന്നുതന്നെ പുറത്തായിരുന്നു.
ജീവനും കയ്യിൽ പിടിച്ച് കാടും പുഴയും കടന്ന് ഞങ്ങളെത്തിയത് തൊട്ടടുത്ത രാജ്യത്തായിരുന്നു.അവർ ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും തന്നു.ഞങ്ങളത് ആർത്തിയോടെ കഴിച്ചു.എന്നാൽ പിറ്റേന്ന് അതൊക്കെയും പഴകിയ ഭക്ഷണങ്ങളായിരുന്നു എന്ന കാരണത്താൽ ഞങ്ങൾക്കായി കൊണ്ടുവന്ന ബാക്കി ഭക്ഷണങ്ങളൊക്കെയും അവർ തിരികെ കൊണ്ടുപോയി.തൊട്ടടുത്ത ദിവസം അവിടത്തെ പട്ടാളം വന്ന് അവർക്ക് ഞങ്ങളെ സംരക്ഷിക്കാനുള്ള സാമ്പത്തികമില്ലന്ന കാരണം പറഞ്ഞ് ആട്ടിൻകൂടങ്ങളെപ്പോലെ ഞങ്ങളെ അവരുടെ രാജ്യാതിർത്തിക്ക് പുറത്തേക്ക് പാലായനം ചെയ്യിച്ചു.ഓരോ രാജ്യവും ഓരോരോ കാരണങ്ങൾ കണ്ടെത്തി ഞങ്ങളെ ഒഴിവാക്കാൻ വ്യഗ്രതക്കാട്ടിക്കൊണ്ടേയിരുന്നു.അഭയം തന്നവരാകട്ടെ പലപ്പോഴും മൃഗങ്ങൾക്ക് നല്കുന്ന പരിഗണനപോലും ഞങ്ങൾക്ക് തന്നില്ല.ഞങ്ങളുടെ സ്ത്രീകളും കുട്ടികളും എല്ലായിടത്തും ചൂഷണം ചെയ്യപ്പെട്ടു.കൂലിയില്ലാത്ത ജോലിചെയ്യാൻ ഞങ്ങൾ നിർബ്ബന്ധിതരായി തീർന്നു.ഒക്കെയും സഹിച്ചിട്ടും ഞങ്ങൾ എന്നും അഭയാർത്ഥികളായിത്തന്നെ തുടർന്നു.ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പാലായനം ചെയ്യാൻ വിധിച്ച അഭയാർത്ഥികൾ.
ഇന്ന് ഞങ്ങളെ രോഹിൻഗ്യകളെന്ന് വിളിക്കുന്നു,നാളെ അത് മറ്റൊരു പേരാകും.ലോകം ഞങ്ങളെ പൊതുവേ അഭയാർത്ഥികളെന്നു വിളിക്കുന്നു.തലമുറകളായി കെെമാറ്റം ചെയ്തുവന്ന പാരമ്പര്യത്തെയും സംസ്കാരത്തെയും ഒരായുസ്സിൻ്റെ മുഴുവൻ സമ്പാദ്യങ്ങളെയും നഷ്ടപ്പെട്ട് ജീവനും കയ്യിൽ പിടിച്ച് ഓടുന്നവൻ്റെ പേര് അഭയാർത്ഥി.അതേ ഞങ്ങൾ അഭയാർത്ഥികളാണ്.ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും മാറിയുടുക്കാൻ ഒരു കീറു വസ്ത്രത്തിനും തലചായ്ക്കാനൊരുതുണ്ടുമണ്ണിനുമായി ലോകത്തോടു മുഴുവൻ യാചിക്കേണ്ടിവരുന്ന ഞങ്ങൾ അഭയാർത്ഥികളാണ്.ലോകം മുഴുവൻ സഹതാപത്തോടെ പറയുന്നപേര്.
ലോകത്തിനു മുൻപിൽ ഞങ്ങളൊരു ഗോത്രമാണ്.പക്ഷേ ഞങ്ങൾക്കാ പാരമ്പര്യം എന്നേ നഷ്ടമായിരുന്നു.ഒരു പക്ഷേ ലോകത്തിലേറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗം ഞങ്ങളായിരിക്കാം.ഒരു വട്ടമെങ്കിലും ലെെംഗികമായി പീഡിപ്പിക്കപെടാത്ത സത്രീകൾ ഞങ്ങൾക്കിടയിൽ വിരളമാണ്.ഞങ്ങളുടെ പുതുതലമുറയ്ക്ക് വംശത്തിൻ്റെ പാരമ്പര്യം എന്നേ നഷ്ടമായിരിക്കുന്നു.അവരുടെ ഞരമ്പുകളിലോടുന്നതൊക്കെയും ലോകം പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും വിളിക്കുന്ന പലരുടെയും ചോരയാണ്.എന്നിട്ടും അവരും അഭയാർത്ഥികളായി ലോകത്തിനു മുൻപിൽ.ചൂഷണം ചെയ്യപ്പെടുന്നവനുള്ള പര്യായമായി അഭയാർത്ഥി എന്ന വാക്ക്.പല പേരുകളിൽ പല നാടുകളിൽ പല വർണ്ണങ്ങളിൽ അഭയാർത്ഥികളുടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
ലോകത്തിനു മുൻപിൽ ഞങ്ങളൊരു ഗോത്രമാണ്.പക്ഷേ ഞങ്ങൾക്കാ പാരമ്പര്യം എന്നേ നഷ്ടമായിരുന്നു.ഒരു പക്ഷേ ലോകത്തിലേറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗം ഞങ്ങളായിരിക്കാം.ഒരു വട്ടമെങ്കിലും ലെെംഗികമായി പീഡിപ്പിക്കപെടാത്ത സത്രീകൾ ഞങ്ങൾക്കിടയിൽ വിരളമാണ്.ഞങ്ങളുടെ പുതുതലമുറയ്ക്ക് വംശത്തിൻ്റെ പാരമ്പര്യം എന്നേ നഷ്ടമായിരിക്കുന്നു.അവരുടെ ഞരമ്പുകളിലോടുന്നതൊക്കെയും ലോകം പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും വിളിക്കുന്ന പലരുടെയും ചോരയാണ്.എന്നിട്ടും അവരും അഭയാർത്ഥികളായി ലോകത്തിനു മുൻപിൽ.ചൂഷണം ചെയ്യപ്പെടുന്നവനുള്ള പര്യായമായി അഭയാർത്ഥി എന്ന വാക്ക്.പല പേരുകളിൽ പല നാടുകളിൽ പല വർണ്ണങ്ങളിൽ അഭയാർത്ഥികളുടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
വിജിത വിജയകുമാർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക