സമോവർ ബുക്ക് ഹൗസ്- അവസാന ഭാഗം
**************
**************
അവന്‍ തലേദിവസം വായിച്ച പുസ്തകം വീണ്ടും എടുത്തു നിവര്‍ത്തി.ആ കഥയുടെ അവസാനത്തിലേക്ക് അവന്‍ അതിവേഗം ഒഴുകിച്ചെന്നു.പക്ഷെ അതിന്‍റെ അവസാനം വായിച്ചപ്പോള്‍ അവന്‍ ഞെട്ടി വിളറിവെളുത്തു.
അത് കണ്ടു പുസ്തകങ്ങള്‍ ശബ്ദമില്ലാതെ ചിരിച്ചു.
തലേന്ന് വായിച്ചതിലും വളരെ വിഭിന്നമായിരുന്നു ആ കഥയുടെ അവസാനം.
മഞ്ഞുമൂടിയ റെയില്‍വേ സ്റ്റേഷനില്‍ നിരാശയോടെ കാത്തു നിന്ന ജോണ്‍ എന്ന കാമുകന്‍ അണിഞ്ഞിരുന്നത് ചുവന്ന വസ്തങ്ങള്‍ ആയിരുന്നു.അവന്‍റെ അരികിലേക്ക് ഓടിവന്ന ഐറിന്‍ എന്ന കാമുകി അണിഞ്ഞിരുന്നത് കറുത്ത വസ്ത്രങ്ങള്‍ ആയിരുന്നു.
കരഞ്ഞു കൊണ്ട് തന്നെ ചുംബിക്കാന്‍ അണഞ്ഞ ഐറിനെ അവന്‍ അകത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.
“ഇന്നലെ ഞാന്‍ ഒരു സ്വപ്നം കണ്ടു.ഒരു ദേശാടനക്കിളി ,തന്‍റെ ഇണക്കിളിക്ക് സമ്മാനിക്കാന്‍ ഒരു ചുവന്ന റോസപ്പൂവിന്റെ ഇതളുകള്‍ തേടി ദേശങ്ങള്‍ പറന്നു.രാത്രിയുടെ മധ്യത്തില്‍ പാടിക്കൊണ്ടിരിക്കെ അവന്‍ ,ഒരു വെളുത്ത റോസപ്പൂ വിടരാന്‍ തുടങ്ങുന്നത് കണ്ടു.ചെടിയുടെ മുള്ളുകള്‍ ,സ്വന്തം നെഞ്ചില്‍ ആഴ്ത്തി ഹൃദയരക്തം കൊണ്ട് അവന്‍ ആ പൂവിന്റെ ഇതളുകള്‍ ചുവപ്പിച്ചു.പ്രിയതമക്ക് ഒരു ചുവന്ന റോസപ്പൂവിന്റെ ഇതള്‍ കൊടുക്കാന്‍ കഴിയുമെന്ന സന്തോഷത്തില്‍ അവന്‍ ഉറങ്ങാന്‍ തുടങ്ങവേ,സൂര്യന്റെ ആദ്യ വെയില്‍ചിറകുകള്‍ ആ പൂവിനെ തൊട്ടു.അതിന്‍റെ ചുവപ്പ് നിറം ക്ഷണനേരം കൊണ്ട് മാഞ്ഞു വിളറി വെളുത്തു.പക്ഷെ അത് അറിയാതെ അവന്‍ ഉറങ്ങിക്കിടന്നു.”
മഞ്ഞിന്‍റെ തുവാലകള്‍ ഒഴുകിപ്പരക്കുന്ന പച്ചപ്പുല്‍മേടുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ക്കിടയിലൂടെ ട്രെയിന്‍ വരുന്ന ശബ്ദം കേട്ടു.
അവന്‍ അവളെ തിരിഞ്ഞു നോക്കാതെ ട്രെയിനില്‍ കയറിപ്പോയി.
ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ ആ പുസ്തകം അടച്ചുവച്ചു.തലേദിവസം വായിച്ച കഥ ,പിറ്റേന്ന് മാറിയതില്‍ ഉള്ള അത്ഭുതത്തേക്കാളും ആ കഥയുടെ അവസാനമായിരുന്നു അവനെ സ്പര്‍ശിച്ചത്.മഴയുടെ ആദ്യതുള്ളികള്‍ നീലക്കൂടാരത്തിന് മേല്‍ വീണപ്പോള്‍ അവന്‍ പുസ്തകം അടച്ചു വച്ച് പുറത്തിറങ്ങി.ആ പുസ്തകത്തെ കുറിച്ച് വൃദ്ധനോട് ചോദിക്കാന്‍ തുടങ്ങിയെങ്കിലും അത് വേണ്ടെന്നു വച്ചു.
കാരണം സമോവറിന്റെ ചൂട് പറ്റിയിരിക്കുന്ന വൃദ്ധന്‍ ഒരു കടലാസില്‍ എന്തോ വരയ്ക്കുകയായിരുന്നു.അയാള്‍ ഇടയ്ക്കിടെ പുറത്തേക്ക് നോക്കന്നുണ്ടായിരുനു.മഴയുടെ ശക്തി കൂടി.
ബുക്ക് ഹൗസിനു മുന്‍പില്‍ ഉള്ള അക്കേഷ്യമരത്തിന്‍റെ ശിഖരത്തില്‍ ഇരുന്നു ആ ദേശാടന കിളി ഒറ്റക്കു പാടുന്നുണ്ടായിരുന്നു.കുട നിവര്‍ത്തിപ്പിടിച്ചു സാംസണ്‍ റെയില്‍വേസ്റ്റേഷനിലേക്ക് മഴയില്‍ നടന്നു മറയുന്നത് ,അത് ഒരു സ്വപ്നത്തിലെന്നത് പോലെ നോക്കിയിരുന്നു.അപ്പോള്‍ അത് പുലര്‍ച്ചെ തന്നില്‍ നിന്നും പറന്നകന്ന പെണ്‍കിളിയെക്കുറിച്ച് ഓര്‍മ്മിച്ചു.
സാംസണ്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് നടന്നു .മിടിക്കുന്ന നെഞ്ചോടെ അവന്‍ അത് കണ്ടു.
ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു ചെറുപ്പക്കാരന്‍ അല്പം അകലെയായി ട്രെയിന്‍ കാത്തുനില്‍ക്കുന്നു.എന്നാല്‍ ഇത് തലേദിവസം കണ്ട ആ ചെറുപ്പക്കാരന്‍ അല്ല.മറ്റാരോ.അവന്‍ ട്രെയിന്‍ വരുന്ന ദിശയിലേക്ക് നോക്കി നില്‍ക്കുകയാണ്.അവന്‍റെ മുഖം കല്ല് പോലെ വികാരരഹിതമാണ്.
കറുത്ത ചുരിദാര്‍ അണിഞ്ഞ ഒരു യുവതി എവിടെ നിന്നോ അവന്‍റെ അരികിലേക്ക് ഓടിയെത്തി.പക്ഷെ അവന്‍ അവളില്‍ നിന്ന് മുഖം തിരിക്കുകയാണ്.അവളുടെ തേങ്ങലുകള്‍ക്ക് അവന്‍ ചെവി കൊടുക്കുന്നില്ല.
മഴയുടെ വെളുത്ത കര്‍ട്ടന്‍ വകഞ്ഞു മാറ്റി ,ചൂളം വിളിയോടെ ട്രെയിന്‍ അടുത്തു വന്നു കൊണ്ടിരുന്നു.
അവളോട് യാത്ര പോലും പറയാതെ അവന്‍ ട്രെയിനില്‍ കയറിപ്പോകുന്നത് സാംസണ്‍ കണ്ടു നിന്നു.
അന്ന് ലോഡ്ജിലെ മുറിയില്‍ എത്തിയപ്പോഴേക്കും അവന്‍റെ മനസ്സ് ശൂന്യമായിരുന്നു.
“എല്ലാം തോന്നലുകളാണ്.ദീര്‍ഘനാളുകള്‍ ,ഒറ്റക്ക് ജീവിച്ചാല്‍ ഇങ്ങനെയുള്ള തോന്നലുകള്‍ മനസ്സില്‍ ഉണ്ടാവാം.ഇനി സമോവര്‍ ബുക്ക് ഹൗസിലേക്ക് താന്‍ പോവില്ല.” അവന്‍ തീരുമാനിച്ചു.
ജനാല തുറന്നു അവന്‍ പുറത്തേക്ക് നോക്കി.മഴ മാറി.പഴുത്ത അടക്കയുടെ ചുവന്ന നിറം പൂണ്ട ആകാശം.അതില്‍ ഒഴുകി പറക്കുന്ന ഏതോ സുന്ദരിയുടെ മുടിയിഴകള്‍ പോലെ പറന്നു നടക്കുന്ന കാര്‍മേഘ ശകലങ്ങള്‍.
അപ്പോള്‍ അവന്‍ അവളെക്കുറിച്ച് ഓര്‍മ്മിച്ചു.
അവളുടെ പാറിപ്പറക്കുന്ന മുടിയിഴകള്‍.അരുണരാശി വീണ അവളുടെ കവിളിണകള്‍.നീഹാരസ്വപ്നങ്ങള്‍ മയങ്ങിയ അവളുടെ കണ്ണുകള്‍.
അവളുടെ പാറിപ്പറക്കുന്ന മുടിയിഴകള്‍.അരുണരാശി വീണ അവളുടെ കവിളിണകള്‍.നീഹാരസ്വപ്നങ്ങള്‍ മയങ്ങിയ അവളുടെ കണ്ണുകള്‍.
“ഓര്‍മ്മകള്‍ ..ഓര്‍മ്മകള്‍..ഈ ഓര്‍മ്മകളാണ് എല്ലാ തോന്നലിന്‍റെയും കാരണം.”
ജനാലയഴികലിലെ തണുപ്പില്‍ നെറ്റിമുട്ടിച്ചു കൊണ്ട് സ്വയം ആശ്വസിപ്പിക്കാന്‍ കഴിയാതെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു.
ജനാലയഴികലിലെ തണുപ്പില്‍ നെറ്റിമുട്ടിച്ചു കൊണ്ട് സ്വയം ആശ്വസിപ്പിക്കാന്‍ കഴിയാതെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു.
ദൂരെ ഇടിഞ്ഞു വീണ കല്‍ഭിത്തിക്കുള്ളില്‍ തനിച്ചിരുന്നു ആ ദേശാടനക്കിളി തന്‍റെ ഇണയെ ക്കുറിച്ച് ഓര്‍ത്ത് പാടി കൊണ്ടിരുന്നു.
“താന്‍ ഉടനെ ഇവിടെ നിന്ന് പോകും.ദൂരെ എങ്ങോ ,തനിക്ക് മുന്‍പേ പറന്നു പോയ പെണ്‍കിളിയുടെ അരികിലേക്ക് താന്‍ എത്തും.ദൂരെ വിജനമായ ഏതോ കായല്‍തീരത്ത് ഓര്‍മ്മകള്‍ പോലെ ജലത്തില്‍ വേരുകള്‍ പടര്‍ന്ന ,കണ്ടല്‍ക്കാടുകളിലെ ,പച്ചത്തഴപ്പാര്‍ന്ന ഇലപ്പടര്‍പ്പിനുള്ളില്‍ എനിക്ക് വേണ്ടിക്കാത്തിരിക്കുന്ന ഇണക്കിളിയെ കണ്ടെത്തും.പുറത്തു നിര്‍ത്താതെ പെയ്യുന്ന മഴയുടെ തണുപ്പറിയാതെ ഞങ്ങള്‍ പരസ്പരം ചൂട് പകരും.”
പിറ്റേന്ന് വൈകുന്നേരം സാംസണ്‍ സ്റ്റേഡിയത്തില്‍ നടക്കാന്‍ ഇറങ്ങി.ചാറ്റല്‍ മഴ പെയ്തു കൊണ്ടിരുന്നു.ഒരു ചലിക്കുന്ന ജലച്ഛായ ചിത്രം പോലെ സ്റ്റേഡിയം വിജനവും നിശബ്ദവുമായി കിടന്നു.സമോവര്‍ ബുക്ക് ഹൗസിന്‍റെ അരികിലേ അക്കേഷ്യമരങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കിളി പാടുന്ന സ്വരം അവന്‍ കേട്ടു.അവനറിയാതെ തന്നെ സമോവര്‍ ബുക്ക് ഹൗസിലേക്ക് നടന്നു.
അവന്‍ നടന്നു വരുന്നത് കണ്ടു വയസ്സരായ പുസ്തകങ്ങള്‍ നെടുവീര്‍പ്പിട്ടു.അവന്‍ വീണ്ടും ആ കഥ തുറന്നു വായിച്ചു.
ഇത്തവണയും കഥയുടെ അവസാനം മുന്‍പ് വായിച്ച രണ്ടു പ്രാവശ്യത്തെക്കാള്‍ വ്യത്യസ്ഥമായിരുന്നു.പക്ഷെ അത് അവനെ അത്ഭുതപ്പെടുത്തിയില്ല.
ഇളം നീല നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു ജോണ്‍ എന്ന കാമുകന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയാണ്.അവന്‍റെ മുഖത്ത് ആശങ്കയും ദു:ഖവുമുണ്ട്.ഇടയ്ക്കിടെ അവന്‍ തന്‍റെ പ്രിയതമ വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്.
മലകള്‍ക്കിടയിലൂടെ പുക പരത്തി ട്രെയിന്‍ ചൂളം വിളിച്ചു വന്നു.നിറഞ്ഞ മിഴികളോടെ അവന്‍ ആ ട്രെയിനില്‍ കയറി.ട്രെയിന്‍ മുന്‍പോട്ടു നീങ്ങി വേഗം പ്രാപിച്ചപ്പോള്‍ ദൂരെ നിന്ന് നീല വസ്ത്രങ്ങള്‍ അണിഞ്ഞ ഐറിന്‍ ഓടി വന്നു.പക്ഷെ അവള്‍ വൈകിപ്പോയിരുന്നു.
അവള്‍ വന്നപ്പോഴേക്കും ട്രെയിന്‍ ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു.അവള്‍ നിരാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് തളര്‍ന്നിരുന്നു.
പൊടുന്നനെ ദൂരെ നിന്ന് മറ്റൊരു ട്രെയിന്‍ വരുന്നതിന്റെ ചൂളം വിളി കേട്ടു.അപ്പോള്‍ അവള്‍ ചാടിയെഴുന്നേറ്റു.ശോകം മാറി അവളുടെ മുഖത്ത് നിശ്ചയം തെളിഞ്ഞു.അവള്‍ സ്വയം പറഞ്ഞു.
“അനന്തമായ വിരഹത്തെക്കാള്‍ നല്ലതാണു മരണം.സ്വന്തം ഇണക്കിളിയെ തിരഞ്ഞു പോകുന്ന ദേശാടനക്കിളിയെ പോലെ എന്‍റെ ആത്മാവ് മരണത്തിലൂടെ അവനോടുള്ള പ്രണയത്തില്‍ അലിഞ്ഞില്ലാതാകട്ടെ.”
മലകള്‍ക്കിടയിലൂടെ വരുന്ന അടുത്ത ട്രെയിനിനു മുന്‍പില്‍ ജീവന്‍ സമര്‍പ്പിക്കാന്‍ അവള്‍ കാത്തു നില്‍ക്കവേ കഥ അവസാനിക്കുന്നു.
ഒരാന്തലോടെ സാംസണ്‍ പുസ്തകം അടച്ചു വച്ചു.എന്തോ ഓര്‍മ്മ വന്നത് പോലെ അവന്‍ ചാടി എഴുന്നേറ്റു.
ആ പുസ്തകം വിലക്ക് വാങ്ങുവാന്‍ അതും എടുത്തു അവന്‍ പുറത്തേക്കു ചെന്നു.
ആ വൃദ്ധന്‍ അവന്‍ വിളിച്ചത് കേട്ടില്ല.അയാള്‍ ദീര്‍ഘമായ ഒരു ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നുവെന്ന് അവനു തോന്നി.അയാളുടെ മുന്‍പില്‍ ഇരുന്ന വലിയ നോട്ടുബുക്കില്‍ ഒരു കിളിയുടെ വര്‍ണ്ണ ചിത്രം വരച്ചിരിക്കുന്നത് അവന്‍ കണ്ടു.
കഴുത്തില്‍ നീല വളയമുള്ള ഒരു ദേശാടനക്കിളി അക്കേഷ്യമരത്തിന്‍റെ ചില്ലയില്‍ ഇരിക്കുന്നതായിരുന്നു ആ ചിത്രം.ഇത്രയും ദിവസം അയാള്‍ വരച്ചു കൊണ്ടിരുന്നത് ആ കിളിയുടെ ചിത്രമായിരുന്നു എന്ന് അവനു മനസ്സിലായി.
പല നിറങ്ങളിലുള്ള തൂവലുകള്‍ ഒതുക്കിപ്പിടിച്ചു കടലാസിന്റെ വെളുപ്പില്‍ ജീവന്‍ വച്ചു കിളി അവനെ നോക്കി.വൃദ്ധന്‍റെ ചുണ്ടില്‍ വിവരിക്കാനാവാത്ത ഒരു പുഞ്ചിരി സാംസണ്‍ കണ്ടു.അതിന്‍റെ ഇണക്കിളി കൂടെ ഉണ്ടായിരുന്നെങ്കില്‍ ആ ചിത്രം എന്ത് നന്നായേനെ എന്ന് അവന്‍ ഓര്‍ത്തു.അപ്പോള്‍ അവന്‍ വായിച്ച കഥയുടെ അവസാനത്തിലെ കാമുകിയുടെ വാചകം ഓര്‍മ്മിച്ചു.
പല നിറങ്ങളിലുള്ള തൂവലുകള്‍ ഒതുക്കിപ്പിടിച്ചു കടലാസിന്റെ വെളുപ്പില്‍ ജീവന്‍ വച്ചു കിളി അവനെ നോക്കി.വൃദ്ധന്‍റെ ചുണ്ടില്‍ വിവരിക്കാനാവാത്ത ഒരു പുഞ്ചിരി സാംസണ്‍ കണ്ടു.അതിന്‍റെ ഇണക്കിളി കൂടെ ഉണ്ടായിരുന്നെങ്കില്‍ ആ ചിത്രം എന്ത് നന്നായേനെ എന്ന് അവന്‍ ഓര്‍ത്തു.അപ്പോള്‍ അവന്‍ വായിച്ച കഥയുടെ അവസാനത്തിലെ കാമുകിയുടെ വാചകം ഓര്‍മ്മിച്ചു.
ആ പുസ്തകവും നെഞ്ചോട് ചേര്‍ത്ത് അവന്‍ വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവന്‍ ആ കാഴ്ച ഒരു മിന്നായം പോലെ കണ്ടു.നീല വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നു.ശൂന്യമായ കടലാസിലേക്ക് ഒരു കറുത്ത മഷിത്തുള്ളി ഊര്‍ന്നു വീഴുന്നത് പോലെ ,ട്രെയിന്‍ പാഞ്ഞു വന്നു.പലപ്രാവശ്യം ചുറ്റും നോക്കിയതിനു ശേഷം നിരാശ നിറഞ്ഞ മുഖത്തോടെ അവന്‍ ആ ട്രെയിനില്‍ കയറുന്നു.
ദൂരെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരു ഒരു നീല മഷിപ്പൊട്ട് പോലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപെട്ടൂ.അവള്‍ ഓടിവരുന്നതും ,ട്രെയിന്‍ അകലെ മറയുന്നത് കണ്ടു നിരാശയോടെ തളര്‍ന്നു വീഴുന്നതും അവന്‍ കണ്ടു.
എല്ലാം കഥയിലെ പോലെ തന്നെ.ആവര്‍ത്തിച്ചു അവസാനം മാറിക്കൊണ്ടിരിക്കുന്ന കഥയിലെ പോലെ തന്നെ.
ഒരു ചൂളം വിളികേട്ടു.അടുത്ത ട്രെയിന്‍ വരുന്നു.
ആ ചെറുപ്പക്കാരി അതിനു മുന്‍പിലേക്ക് നടന്നു പോകുന്നത് കണ്ടു അവന്‍ അവളുടെ അരികിലേക്ക് ഓടിച്ചെന്നു അവളെ തടഞ്ഞു.
“പാടില്ല...പാടില്ല..ഈ അവസാനം ഇങ്ങനെയാവാന്‍ പാടില്ല...ഈ അവസാനം നമുക്ക് തിരുത്താം...”കാറ്റില്‍ ചിതറി പോകുന്ന വാടിയ റോസാപ്പൂക്കളുടെ ദുര്‍ബലമായ ദലങ്ങള്‍ പോലെ അവനില്‍ നിന്ന് വാക്കുകള്‍ ചിതറി വീണു.പക്ഷെ നീലവസ്ത്രങ്ങള്‍ അണിഞ്ഞ കാമുകി അവനെ തള്ളിമാറ്റി വീണ്ടും മുന്‍പോട്ടു നീങ്ങി.
ട്രെയിനിന്റെ ചൂളം വിളി അടുത്ത് വന്നു.
അകലെ അക്കേഷ്യക്കാട്ടില്‍ നിന്ന് ആ ദേശാടനക്കിളി പറന്നുയര്‍ന്നു.സമോവര്‍ ബുക്ക് ഹൗസിന് മുന്‍പില്‍ ഇരുന്നു നിദ്രയില്‍ മുങ്ങിയ നീണ്ട വെളുത്ത താടിയുള്ള സൂഫികളുടെ മുഖമുള്ള വൃദ്ധനെ സ്നേഹപൂര്‍വ്വം നോക്കിയതിനു ശേഷം അത് തന്‍റെ ഇണക്കിളിയെ തേടി പറന്നു പോയി.
സ്റ്റേഡിയം മറികടന്നു റെയില്‍വേ ട്രാക്കിന് മുകളില്‍ക്കൂടി പറക്കുമ്പോള്‍ അത് താഴേക്ക് നോക്കി.
ഒരിക്കലും തീരാത്ത പ്രണയകവിത പോലെ നീണ്ടു കിടന്ന ,മഴ നനഞ്ഞു ,വിജനമായ ട്രാക്കിലാകെ , ഏതോ പുസ്തകത്തിന്റെ വെളുത്ത താളുകള്‍ ചിതറികിടന്നിരുന്നു. കുതിരവണ്ടികള്‍ ഓടുന്ന മഞ്ഞില്‍ മുങ്ങിക്കിടക്കുന്ന ഗ്രാമപാതകളും ,വെളുത്ത പുക ഉയര്‍ത്തി മലകള്‍ക്കിടയിലൂടെ കടന്നു പോകുന്ന തീവണ്ടിയും ,കോട്ടും ഹാറ്റുമണിഞ്ഞു നടന്നു പോകുന്ന മനുഷ്യരുമുള്ള വിക്ടോറിയന്‍ കാലഘട്ടത്തിലെ പ്രണയകഥകളായിരുന്നു ആ കടലാസ് കഷണങ്ങളില്‍ ചിതറി കിടന്നിരുന്നത്.
(അവസാനിച്ചു)
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക