Slider

കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 2 )

0
കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 2 )
.....................................................................................
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ തരകൻ വല്ലാതെ അസ്വസ്ഥനായിരുന്നു.. ഭാര്യ മോളിയുടെ അസ്ഥാനത്തുള്ള തമാശകൾ അയാൾക്ക് അരോചകമായിത്തോന്നി.. മോളിക്ക് കാര്യം മനസ്സിലായി.. ചിലപ്പോൾ അച്ചായൻ അങ്ങനെയാണ്...ഇനിയും തമാശയുംകൊണ്ടുചെന്നാൽ ചിലപ്പോൾ പോലീസ്‌ഭാഷ കേൾക്കേണ്ടിവരും.. വരട്ടെ.. കുറച്ചുകഴിയുമ്പോൾ മനസ്സുതുറക്കും.. ഒന്നും ഒളിപ്പിക്കാനില്ലാത്ത മനസ്സിന്റെ ഉടമയാണദ്ദേഹം.. ചിലപ്പോൾ താൻതന്നെ കളിയാക്കാറുണ്ട്.. ഇങ്ങേരെയൊക്കെ ആരാണോ ആവോ പോലീസിലെടുത്തത്...
ബാത്‌റൂമിൽ കയറിയപ്പോഴും തരകന്റെ മനസ്സിൽനിന്ന് അവളുടെ രൂപം മാഞ്ഞിരുന്നില്ല.. തന്റെ മോളേക്കാൾ രണ്ടോമൂന്നോ വയസ്സുകൂടും.. എങ്കിലും ആരായിരിക്കും? അവൾക് വല്ല പ്രേമബന്ധവും ? അമ്മയുടെ മൊഴിയിൽനിന്ന് അങ്ങനെയൊരു കാര്യം ഉള്ളതായി തോന്നുന്നില്ല.. നല്ല അച്ചടക്കമുള്ള പെൺകുട്ടി.. അശ്വതി..
ഷവറിൽനിന്നു വെള്ളം തലയിൽ പതിച്ചുകൊണ്ടേയിരുന്നു.. ചിലപ്പോൾ അങ്ങനെയാണ്.. എത്ര വെള്ളം കോരിയൊഴിച്ചാലും ചൂടുകുറയില്ല.. പെട്ടെന്നാണയാൾ ഓർത്തത്.. അവളുടെ മൊബൈൽ ഫോൺ.. അത് കണ്ടുകിട്ടിയിരുന്നില്ല.. സൈബർ സെല്ലിലെ സുകുമാരനെ വിളിക്കണം..
പുറത്തിറങ്ങിയ അയാൾ മോളി കൊടുത്ത കട്ടൻചായ കുടിച്ചുകൊണ്ട് സുകുമാരനെ വിളിച്ചു..
'സർ.. ആ മൊബൈൽ ലാസ്റ്റ് എത്തിയത് അവളെ കൊണ്ടിട്ടുരുന്ന സ്ഥലത്തിനടുത്താണ്.. പിന്നെ സ്വിച്ച് ഓഫ് ആയി.. '
'ഓക്കേ.. ആ നമ്പർ ഫോളോ ചെയ്തുകൊണ്ടിരിക്കണം.. ഞാൻ വിളിക്കാം.. '
ഡിക്രൂസിനെ വിളിച്ച് മൊബൈൽ കിട്ടിയോ എന്നന്വേഷിച്ചു.. ഇതുവരെയില്ല എന്നുള്ള മറുപടിയിൽ അയാൾ സന്തുഷ്ടനായിരുന്നില്ല...
'രാത്രിയിൽത്തന്നെ അവൾ കിടന്ന സ്ഥലം അരിച്ചുപെറുക്കണം.. എനിക്കാ മൊബൈൽ ഉടൻ കിട്ടണം.. മനസ്സിലായല്ലോ?'
'സർ.. ഇപ്പോൾത്തന്നെ ഞാനതിനുള്ള അറേഞ്ച്മെന്റ് ചെയ്തിട്ടുണ്ട്.. ഞാൻ അങ്ങോട്ടുപോകാം സർ.. '
അയാൾ ഫോൺ കട്ട് ചെയ്തു...
'എന്താ പ്രിയതമാ ഇത്രയധികം ടെൻഷൻ.. ?' മോളി പതിയെ അടുത്തുകൂടി.
അയാൾ നടന്നകാര്യങ്ങൾ അവളെ പറഞ്ഞുകേൾപ്പിച്ചു. പലപ്പോഴും അവളിൽനിന്നുകിട്ടുന്ന ചെറിയ ചിന്താശകലങ്ങൾ അന്വേഷണത്തിന് സഹായകരമായിരുന്നിട്ടുണ്ട്.. ഇത്തവണയും അയാൾ അതു പ്രതീക്ഷിച്ചു.. മോളിയുടെ മുഖം മ്ലാനമായിരുന്നു.. അവൾ എഴുന്നേറ്റ് അടുത്തമുറിയിലേക്ക് പോയി..
അയാൾക്ക് മനസ്സിലായി അവൾ മോളേ വിളിക്കുവാൻ പോയതാണെന്ന്.. അവൾ അമ്മയാണ്.. ഇതുപോലുള്ള വാർത്തകൾ അവരെ കൂടുതൽ ഭീരുക്കളാക്കാറുണ്ട് പലപ്പോഴും..
'അവളുടെ മൊബൈൽ ചെക്ക് ചെയ്തോ അച്ചായാ. ? മോളി തിരികെവന്നു.
'കിട്ടിയില്ല.. സെർച്ച് ചെയ്യുന്നുണ്ട്.. '
'അവളുടെ ബാക്ക് ഗ്രൗണ്ട്?'
'നല്ല ഫാമിലിയാണ്.. അച്ഛനില്ല.. 'അമ്മ മാത്രം.. അവളെക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും നല്ലതേ പറയാനുള്ളു.. '
'ഓഫീസ്?'
'വിവരം ഓഫീസിൽ അറിഞ്ഞിട്ടുണ്ട്.. അവിടെയും അവൾ എല്ലാവരുടെയും അരുമതന്നെ.. ബോസിന് അവളോട് പ്രത്യേക വാത്സല്യമുണ്ട്.. '
മോളി സംസാരം നിറുത്തി കുരിശുവരയ്ക്കുവാനായി എഴുന്നേറ്റുപോയി..
മുട്ടുകുത്തി നില്ക്കുമ്പോൾ ഒരു ശിശുവായിരുന്നു അയാൾ.. ശാഠ്യം പിടിച്ചുകരയുന്ന ഒരു കൊച്ചുകുട്ടിയെപ്പോൽ അയാൾ എന്തൊക്കെയോ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. അയാൾക്കറിയാം.. ക്രൂശിതരൂപത്തിൽനിന്ന് അയാൾക്കുള്ള സന്ദേശം ഉടൻ വരും..
അത്താഴം കഴിക്കാനൊരു മൂഡ് തോന്നിയില്ല.. അയാൾക്കിഷ്ടപ്പെട്ട ചിക്കെൻ കറി ഉണ്ടായിരുന്നിട്ടും അയാൾ അധികമൊന്നും കഴിച്ചില്ല.. മോളി നിര്ബന്ധിക്കാനും പോയില്ല..
കിടക്കുന്നതിനുമുന്പ് ഡിക്രൂസിനെ ഒന്നൂടെ വിളിക്കണം..
ഫോൺ ബെല്ലടിച്ചു.. ഡിക്രൂസ് ആയിരുന്നു അങ്ങേത്തലയ്ക്കൽ..
'എന്തായി?'
'ഫോൺ കിട്ടി സർ.. അവൾക്കിടന്നിരുന്ന സ്ഥലത്തുനിന്നും ഏകദേശം നൂറുമീറ്റർ അകലെ ഒരു പൊന്തക്കാട്ടിൽ... വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു.. ചിലപ്പോൾ അപ്പോളായിരിക്കും ഓഫ് ആയത്.. '
'ഗുഡ്.. ഫോൺ ഓൺ ആക്കിനോക്കിയോ?'
'ബാഡ് ലക്ക് സർ.. '
'ഓക്കേ
'ഓക്കേ.. എങ്ങനെയെങ്കിലും അത് ഓൺ ആക്കണം.. ഞാൻ രാവിലെ നേരത്തേയെത്താം.. ഗുഡ് നൈറ്റ്..'
കുരിശുവരച്ച് കിടക്കുമ്പോഴും വല്ലാത്തൊരു വിങ്ങൽ അയാൾക്കനുഭവപ്പെട്ടു.. ഏതെല്ലാം തരത്തിലുള്ള കേസുകൾ വരാറുണ്ട്.. എത്രയോ കാലമായി ഈ ജോലി തുടരുന്നു.. പക്ഷേ ...!
.............................................................................
കരഞ്ഞുതളർന്ന അശ്വതിയുടെ അമ്മയെ രാത്രിയിൽത്തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. ശ്വാസംമുട്ടൽ.. മകൾ ജീവനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലാണെന്നറിഞ്ഞ അവർ തളർന്നുവീണില്ലെങ്കിലേ അത്ഭുതമുള്ളു.. ഇനി അവർക്കാരുണ്ട് ? അവളുടെ അച്ഛൻ മരിക്കുമ്പോൾ അവൾക്ക് ആറുവയസ്സ്.. അന്നുമുതൽ അവളായിരുന്നു എല്ലാം.. മറ്റൊരു ജീവിതം ഒരിക്കലും കാംക്ഷിച്ചതേയില്ല.. ജീവിക്കാനുള്ള ചുറ്റുപാടുകൾ അദ്ദേഹം കണ്ടെത്തിയിരുന്നതും ഒരാശ്വാസമായിരുന്നു.. ഇല്ലെങ്കിൽ ?
ഇനിയിപ്പോ ആർക്കുവേണ്ടി ജീവിക്കണം? അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യണമെന്ന് അവർ മനസ്സിൽ തീരുമാനിച്ചുറച്ചിരുന്നു.
ഡോക്ടർമാരും പോലീസും ഇതുവരെ ഒന്നും വിട്ടുപറയുന്നില്ല.. എന്താണെന്റെ പൊന്നുമോൾക്ക് സംഭവിച്ചതെന്ന് ആരെങ്കിലുമൊന്നു പറഞ്ഞിരുന്നെങ്കിൽ? അവളേ ഒരുനോക്കുകാണുവാൻ മാത്രമേ അവർ സമ്മതിച്ചുള്ളൂ.. ഹെന്റെ ദൈവമേ !
.................................................................................
തരകൻ ഓഫീസിലേക്ക് പോകാൻ റെഡി ആയപ്പൊളേക്കും പത്രമെത്തി.. അയാളൊന്നു ധൃതിയിൽ മറിച്ചുനോക്കി.. ഇന്നലത്തെ ന്യൂസ്... പത്രക്കാർ എന്തെല്ലാം വളച്ചൊടിച്ചാണ് എഴുതുന്നത്? അവൾക്കവർ കാമുകനെവരെ കണ്ടെത്തിക്കഴിഞ്ഞിരുന്നു.. ഈ പോലീസുകാരുടെ പണി എന്തിനാണോ ഇവർ ചെയ്യുന്നത്? പലപ്പോഴും ഇവരുടെ വിടുവായത്തരംകൊണ്ട് പല പ്രതികളും സുരക്ഷിതസ്ഥാങ്ങളിലേക്ക് പലായനം ചെയ്തിരിക്കും.. പ്രതി വലയിൽ.. അന്വേഷിക്കുന്ന തനിക്ക് ഇതുവരെ ഒരു തുമ്പുപോലും കിട്ടിയിട്ടില്ല.. അവരന്വേഷിച്ച് പ്രതിയെ വലയിലുമാക്കി.. ശുംഭന്മാർ.. ഏതെങ്കിലുമൊരുത്തൻ എന്തെങ്കിലും കേസിൽ തന്റെ മുന്നിൽ വന്നിരുന്നെങ്കിൽ ഇടിച്ചവന്റെ കൂമ്പ് വാട്ടിയേനെ.. കഴുവേറീമക്കൾ !
പെട്ടെന്നാണയാൾ ആ വാർത്ത ശ്രദ്ധിച്ചത്.. ജില്ലാകേന്ദ്രത്തിനടുത്ത് ഒരുസ്ഥലത്ത് ഒരു ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു.. കൊച്ചുകുട്ടികൾക്കുപോലും രക്ഷയില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്.. കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണത്രേ.. താനെന്താ അറിയാതിരുന്നത്.. ?
ഒരു വാചകം അയാൾ കൂടുതൽ ശ്രദ്ധിച്ചു.. കുട്ടിയ്ക്ക് കഴിഞ്ഞദിവസം നടന്നതൊന്നും ഓർമ്മയില്ല.. ആര് ? എപ്പോൾ?... കുട്ടി നഷ്ടപ്പെട്ടതറിഞ്ഞ മാതാപിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ അടുത്തഗ്രാമത്തിലെ പാടത്താണ് കുട്ടിയെ കണ്ടെത്തിയത്... രണ്ടു കേസുകളും തമ്മിൽ എന്തൊക്കെയോ ബന്ധമില്ലേ ? ക്രൈം നടന്നിരിക്കുന്നത് ഏകദേശം ഒരേ രീതിയിൽ.. അവിടെ സന്ധ്യക്ക് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷയാകുകയായിരുന്നു..
സ്റ്റേഷനിലെത്തിയപ്പോൾ ഡിക്രൂസ് കേസ് ഫയലുമായി കാത്തിരിപ്പുണ്ടായിരുന്നു..
'കുട്ടിക്കെങ്ങനെ.. ?'
'ഇമ്പ്രൂവ്മെന്റ് ഇല്ല സർ.. അവൾ ഇന്നലത്തെ അതേ അവസ്ഥയിൽത്തന്നെ.. കൈയിലേയും കാലിലേയും കെട്ടഴിക്കാൻ പറ്റില്ല.. അവൾ തുണിയുരിഞ്ഞുകളയും.. ഡോക്ടർമാർ രാത്രിയിൽ ഒരുതവണ കെട്ടഴിച്ചു നോക്കിയിരുന്നു.. '
'ഉം.. വരൂ നമുക്കുടനെ അവിടെവരെയൊന്നു പോകണം.. എന്നിട്ടാകാം മുന്നോട്ടുളള പോക്ക്.. '
സെഡേഷന്റെ മയക്കത്തിൽ അവൾ വളരെ ശാന്തയായി കാണപ്പെട്ടു.
ഡോക്ടർമാർ അതുവരെ കൊടുത്ത ട്രീട്മെന്റിനെക്കുറിച്ച് വിശദീകരിച്ചു.. പ്രൊട്ടക്ഷന് ഇട്ടിരിക്കുന്ന പൊലീസുകാരെ ടൈറ്റ് ചെയ്തു.. എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കാനുള്ള ഏർപ്പാടുകൾ ശക്തിപ്പെടുത്തി.. ഈവൻ ഡോക്ടർമാരെയും മറ്റുള്ളവരെയും വരെ നിരീക്ഷിക്കണം.. പോലീസ് അറിയാതെ ഒരീച്ചപോലും അവളുടെ അടുത്തെത്താൻ പാടില്ല.. എ എസ് ഐ വിക്രം വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു.. താരകനയാളെ വലിയ വിശ്വാസവും..
സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോളേക്കും സൈബർ സെല്ലിലെ സുകുമാരൻ എത്തിയിരുന്നു.. പ്രഥമദൃഷ്ട്യായുള്ള റിപ്പോർട്ടുകൾ അദ്ദേഹം മനസ്സിരുത്തി വായിച്ചു.. എല്ലാം ഓക്കേ..
സുകുമാരൻ അടുത്തൊരു റിപ്പോർട്ട് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു..
അദ്ദേഹം ആ റിപ്പോർട്ട് നോക്കി തരിച്ചിരുന്നുപോയി.
(തുടരും)
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo