Slider

കാട്ട് കിറുക്കന്‍

0

കാട്ട് കിറുക്കന്‍
സുനു
ജലത്തിനായുള്ള മഹായുദ്ധം ഏതാണ്ട് കെട്ടടങ്ങിക്കഴിഞ്ഞിരുന്നു. മനുഷ്യനും മറ്റ് ജന്തുജാലങ്ങളും പച്ചപ്പുള്ള ഏതാനും തുരുത്തുകളില്‍ മാത്രമവശേഷിച്ചു. ചുട്ടുപൊള്ളുന്ന ഭൂമിക്ക് മീതെ ചാമ്പല്‍ തുണ്ടുകള്‍ പറന്നു നടന്നു. ഒരു സമുദ്രത്തിലുമൊതുങ്ങാത്തവിധം മനുഷ്യനിര്‍മ്മിതമായ മാലിന്യക്കൂമ്പാരങ്ങള്‍ നഗരരൂപത്തില്‍ നെരിപ്പോട് പോലെ ചൂട് വമിച്ചുകൊണ്ടിരുന്നു. മനുഷ്യന്‍റെയും വാഹനങ്ങളുടെയും വിമാനങ്ങളുടെയും വരെ അസ്ഥിപഞ്ജരങ്ങള്‍ പഴയ റോഡുകളിലും തെരുവോരങ്ങളിലും ചിതറിക്കിടന്നിരുന്നു. വല്ലപ്പോഴും മൂളിപ്പാറിയെത്തുന്ന ഈച്ചയോ വണ്ടോപോലുള്ള ഷഡ്പദങ്ങളാ വറചട്ടിയില്‍ വീണ് വെന്തുമരിച്ചു. ഒരാകാശക്കാഴ്ചയില്‍ മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും അകന്നില്ലാതായതിന്‍റെ അടയാളങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞും ഇടിഞ്ഞുതൂങ്ങിയും കാണപ്പെട്ടു.
പച്ചപ്പവശേഷിക്കുന്ന തുരുത്തുകളിലൊന്നില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു ജഡാധാരി, കുറച്ചകലെയെങ്കിലും മനുഷ്യരുണ്ടായിരുന്ന കാലത്തയാളെ ഒരു ഭ്രാന്തനായി കരുതിപ്പോന്നു. അതിന്‍റെ കാരണങ്ങളിലൊന്ന് അയാള്‍ക്ക് മറ്റ് മനുഷ്യരോടുള്ള വെറുപ്പായിരുന്നു. രണ്ട് പുല്‍മേടുകള്‍ക്ക് നടുവിലൊരു ചോലവനത്തിലായിരുന്നു അയാള്‍ ജീവിച്ചുപോന്നത്. ഏതെങ്കിലും മനുഷ്യര്‍ അവിടേക്ക് അതിക്രമിച്ചു കടന്നാല്‍ അയാള്‍ക്ക് വിളറി പിടിക്കും. കടുവയോ പുലിയോ അല്ലാത്തൊരു കാട്ട് മൃഗമായയാള്‍ മാറും. ചോലക്കാട്ടിലെ മരമോ ചൂരക്കൂട്ടങ്ങളോ മുറിച്ചവരെ അയാള്‍ കബന്ധങ്ങളായി കാട്ടിനുവെളിയിലേക്ക് വലിച്ചെറിയും.
ചോലക്കാടിനു നടുവിലൊരു കുളമുണ്ടായിരുന്നു. പുല്‍മേടുകളില്‍ നിന്നും അരിച്ചിറങ്ങുന്ന നീരുറവ കൊണ്ട് രൂപപ്പെട്ട ഒന്ന്. അതില്‍ നിറയെ പായല്‍ ചെടികളും ആമ്പലും തവളകളുമുണ്ടായിരുന്നു. കൂടാതെ പല വര്‍ണ്ണത്തിലും വലിപ്പത്തിലുമുള്ള മല്‍സ്യങ്ങളും. പക്ഷികളും മൃഗങ്ങളും വളരെ ശാന്തരായി വന്ന് സാവധാനത്തില്‍ കുളത്തില്‍ നിന്നും ദാഹമകറ്റി. കുളം കവിഞ്ഞൊരു നീരൊഴുക്ക് കാടിനു പുറത്തേക്ക് പോയിരുന്നു.
സന്ധ്യമയങ്ങുമ്പോഴയാള്‍, പക്ഷികളുടെ ചിലപ്പിനാല്‍ മുഖരിതമായ കുളക്കരയിലെത്തും കുന്നുകളുടെ മുകളിലപ്പോള്‍ ഒരു മാന്‍കൂട്ടം മേയുന്നുണ്ടാവും, തൊട്ടടുത്ത കുന്നിലൊരു പുലിയോ, കടുവയോ സ്വന്തം ദേഹം നക്കി തുവര്‍ത്തിക്കൊണ്ട് ഇരിക്കുന്നുണ്ടാവും, അതിനും മുകളില്‍ വിളറിയ നിറത്തിലുള്ള ചന്ദ്രബിംബം നിലാവ്പൊഴിച്ച് തുടങ്ങിയിരിക്കും. അയാളപ്പോള്‍ വലിയ തോല്‍കുടത്തില്‍ കുളത്തില്‍ നിന്നും വെള്ളം മുക്കിയെടുത്ത് കുന്നിന്‍റെ ഒത്തനെറുകയിലേക്ക് നടന്നുകയറും. മനുഷ്യര്‍ക്കിടയിലൊരു ഭ്രാന്തന്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതുപോലെ പുല്‍മേടിന്‍റെ നെറുകയിലെത്തി അയാള്‍ കുടം കമിഴ്ത്തും എന്നിട്ട് വരണ്ട മണ്ണില്‍ വെള്ളം വീണ് കുതിര്‍ന്ന ഗന്ധം മൂക്ക് വിടര്‍ത്തി ആസ്വദിക്കും. രാത്രിവെളുക്കുവോളമയാള്‍ ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടിരിക്കും. പുല്‍നാമ്പുകളില്‍ മഞ്ഞുകണങ്ങള്‍ തിളങ്ങുന്നതയാള്‍ നോക്കിനില്‍ക്കും, താഴ്വരകളില്‍ നരികള്‍ ഓരിയിടുന്നതയാള്‍ സംഗീതം പോലെ കേള്‍ക്കും. ഒരിളംകാറ്റ് വന്ന് പുല്‍മേടുകളെ തഴുകുമ്പോള്‍ നിലാവില്‍ മലകള്‍ക്കും താഴ്വരകള്‍ക്കും മീതെ ഒരു ചിറക് മുളച്ചതായി അയാള്‍ക്ക് തോന്നും. പുലരിവെട്ടം വീഴുമ്പോഴേക്കും രണ്ട് പുല്‍മേടുകളും ചോലക്കാടും നനഞ്ഞ് കുതിരും അയാളപ്പോള്‍ ഒരുകുടം വെള്ളത്തിന്‍റെപോലും കുറവ് കാട്ടാത്ത കുളക്കരയില്‍ നിന്നും ക്ഷീണമേതുമില്ലാതെ നടന്നുപോയി കാട്ടിനുള്ളില്‍ മറയും.
അയാള്‍ കാട് വിട്ട് പുറത്തിറങ്ങില്ലാത്ത ഒരുച്ചനേരത്ത് പക്ഷികളും മൃഗങ്ങളും ഏതോ അപായസൂചനപോലെ ചിലച്ച് കരഞ്ഞ് ബഹളമുണ്ടാക്കി മുമ്പെല്ലാം മറ്റ് മനുഷ്യരെ കാണുമ്പോഴായിരുന്നു അത്. ആകാശത്തയാളൊരു ഇരമ്പല്‍ കേട്ടു. അത് താണുതാണ് തലക്കുമുകളിലെത്തിയപ്പോഴയാള്‍ നെറ്റിയില്‍ കൈപ്പടം വച്ച് മുകളിലേക്ക് നോക്കി. കൂറ്റനൊരു യന്ത്രപക്ഷി. അത് കാടിനെ വട്ടമിട്ട് പറക്കുന്നു. അയാള്‍ ദേഷ്യത്തോടെ കുനിഞ്ഞൊരു കല്ലെടുത്തു. അപ്പോഴേക്കുമത് ആകാശത്തേയ്ക്കുതന്നെ ഉയര്‍ന്ന് പൊങ്ങിപ്പോയിരുന്നു.
മറ്റൊരുച്ചനേരത്തത് തിരികെയെത്തി. ഒന്നിനു പകരം പലതായി അവ കാടിനെ ചുറ്റി താണുപറന്നു. അവയുടെ കാറ്റേറ്റ് മരങ്ങളും പുല്‍ക്കൂട്ടങ്ങളും ആടിയുലഞ്ഞു. അവയുടെ ഇരമ്പല്‍ ശബ്ദം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. പക്ഷിമൃഗാതികള്‍ ജീവനുവേണ്ടി എന്നപോലെ കരഞ്ഞ് നിലവിളിച്ചു. അയാളാകട്ടെ വിളറി പിടിച്ച് ഒരാള്‍ക്കുരങ്ങിനെപ്പോലെ കാട്ടിലാകെ ഓടിനടക്കുകയും പല്ലിളിച്ചുകൊണ്ട് യന്ത്രപക്ഷികള്‍ക്കു നേരേ കാട്ടുകല്ലുകള്‍ എറിയുകയും ചെയ്തു. അവയിലൊന്ന് കുളത്തിന്‍റെ ഒത്ത മുകളിലായി ഒരു പുള്ളിനെപ്പോലെ ചിറകുകള്‍ വിറപ്പിച്ച് നിലകൊണ്ടു. അതിന്‍റടിയില്‍ നിന്നും കുളത്തിലേയ്ക്കൊരു കുഴല്‍ നീണ്ടുവന്നു. ഏതാനും നിമിഷങ്ങള്‍കൊണ്ടുതന്നെ കുളത്തിലെ ജലനിരപ്പ് താണു തുടങ്ങി. യന്ത്രപക്ഷികള്‍ ഒന്നിനുപകരം മറ്റൊന്നായി കുളത്തിന് മുകളില്‍ വന്നുനിന്നു. കോപത്തോടെ വിളറിപിടിച്ച് കുളത്തിലേക്ക് ചാടിച്ചെന്ന അയാള്‍ യന്ത്രപ്പക്ഷിയുടെ നീണ്ട കുഴലിനുള്ള അടിയേറ്റ് വീണു. ജലത്തില്‍ ചോര കലര്‍ന്നു. അയാള്‍ പതുക്കെ അതിലേയ്ക്ക് മുങ്ങിത്താണു. ഭൂമിയില്‍ ജലത്തോളം തന്നെ പഴക്കമുള്ള ആ നീരോലിയുടെ അടിത്തട്ട് അന്നാദ്യമായി നഗ്നമാക്കപ്പെട്ടു. മീനുകള്‍ കൂട്ടത്തോടെ പിടഞ്ഞുചാടി. തവളകള്‍ നിലവിളിയോടെ കരക്ക് കയറി. യന്ത്രപ്പക്ഷികള്‍ വന്ന ദിക്കിലേയ്ക്ക് തന്നെ പറന്നുപോയി. തിരികെ വന്ന് കുളത്തിലെ അവസാന തുള്ളിയും ഊറ്റിയെടുക്കാന്‍....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo