Slider

അമ്മത്തണലുകളിൽ

0
അമ്മത്തണലുകളിൽ...
"മാഡം, ഇന്നു പതിനൊന്നു മണിയ്ക്കാണ് പ്രതീക്ഷഭവനിൽ എത്താമെന്നു പറഞ്ഞിരിയ്ക്കുന്നത് "
അടുപ്പിൻ തിണ്ണയിലിരുന്ന്‌ ചൂടു ചായ മൊത്തിക്കുടിയ്ക്കുകയായിരുന്ന താമരയെ, അന്നത്തെ പ്രത്യേക പരിപാടിയെക്കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു ഡയറിയും കയ്യിൽ പിടിച്ചു അടുക്കളയിലേയ്ക്ക് വന്നു, അനുപമ.
ഉദ്യോഗത്തിൽ പ്രവേശിച്ച അന്നു മുതൽ, മൂന്നു മാസത്തെ നീണ്ട അവധിയെടുത്തു തിരുവനന്തപുരത്തു നിന്നും ഇന്നലെ തിരിച്ചെത്തും വരെ പേർസണൽ അസിസ്റ്റന്റ്‌ ആയി അനുപമ താമരയോടൊപ്പമുണ്ട്. അവധിയിലിരിയ്ക്കുന്ന ഈ മൂന്നു മാസവും അവൾ കൂടെത്തന്നെ കാണും; സ്റ്റാഫ് ആയിട്ടില്ല, ഒരു കൂടെപ്പിറപ്പിനെപ്പോലെ......
"ഇന്നും പ്രതീക്ഷാഭവനോ? എന്താ ന്റെ കുട്ട്യേ നെനക്ക് ?"
ചിരവപ്പുറത്തിരുന്നു തേങ്ങ ചിരവുന്ന അമ്മ മീനാക്ഷി, താമരയെ രൂക്ഷമായൊന്നു നോക്കി.
"ഇതിപ്പോ വല്ലാണ്ടെ കൂടീരിയ്ക്ക്ണൂലോ അവടെയ്ക്കുള്ള യാത്ര, ഈ മൂന്നു മാസോം നീ ബടെത്തന്നെ ണ്ടാവുംന്നല്ലേ പറഞ്ഞേ...... "
"ണ്ടാവും അമ്മാ, ഞാൻ ഇന്നു മാത്രല്ലേ പോണുള്ളൂ "
"ഇന്നിപ്പോ ന്തിനാ പോണ് നെന്റെ ആരാ അവടെള്ളത്‌ ?"
"മീനാക്ഷിക്കുട്ടി ങ്ങനെ കണ്ണീച്ചോരല്ല്യാണ്ടെ സംസാരിയ്ക്കരുത്‌ ട്ടോ. ന്റെ ആരൂല്ല്യാച്ചാലും സ്വന്തംന്ന്‌ പറയാൻ ആരൂല്ല്യാത്ത കൊറേ കുരുന്നുകളല്ലേ അമ്മേ........"
താമരയുടെ ശബ്ദമിടറി....
അവളുടെ കണ്ണുകൾ നിറയുമെന്നായപ്പോൾ അനുപമ പതിയെ അകത്തേക്ക് വലിഞ്ഞു.
എന്തും സഹിയ്ക്കും,.... മാഡത്തിന്റെയാ ഭംഗിയുള്ള വിടർന്ന കണ്ണുകൾ.... അവ നിറയുന്നതു മാത്രം സഹിക്കാൻ കഴിയില്ല അനുപമയ്ക്ക്.
അനാഥത്വത്തിന്റെ കൊടും താപത്തിൽ നിന്നും ഒരു ബാല്യത്തെ രക്ഷിച്ചു, സ്വന്തം ജീവിതവൃക്ഷത്തിന്റെ തണലിലേയ്ക്ക് പറിച്ചു നട്ടതാണ്‌...... വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചെടുത്തതാണ്‌......
കടമയും കടപ്പാടും ഒരുപാടുണ്ട്....
"നീ ഒരു വഴിയ്ക്കും പോണില്ല്യ, ഞാനാ പറേണെ, ഞാനിന്നാ ചുപ്പുപ്പട്ടരോടു വരാമ്പറഞ്ഞ്ട്ട്ണ്ട് . അയാള്ടെ കയ്യില് ഒരയ്യേയെസ്സുകാരന്റെ തന്നെ ആലോചന ണ്ട് ത്രെ, താമരക്കുട്ടിയ്ക്ക് വേണ്ടി ഒന്നാലോയ്ച്ചാലോന്ന്‌ ചോദിക്ക്യണ്ടായി ന്നോട് "
താമര പൊട്ടിച്ചിരിച്ചു.
"കല്യാണമോ ഈ മുപ്പത്തെട്ടാം വയസ്സിലോ, നല്ല കഥ, ഈ അമ്മയ്ക്കെന്താ ?"
"അതെന്താ മുപ്പത്തെട്ടാം വയസ്സിലു കല്യാണം കഴിച്ചാലു, നീ ഇങ്ങട്ടൊന്നും പറയണ്ടാ കുട്ട്യേ..... ന്റെ കാലം കഴിഞ്ഞാ പിന്നെ...... "
"ഉം, തൊടങ്ങ്യോ അമ്മേം മോളും, നേരം പുലർന്ന്‌ട്ടില്ല്യാലോ ന്റെ മീനാക്ഷികുട്ട്യേ... "
മുളങ്കുറ്റിയിൽ, നനച്ച ചമ്പാവരി പൊടിയും തേങ്ങയും വാരി നിറയ്ക്കുന്നതിനിടയിൽ ചെറിയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
"അല്ലെങ്കിപ്പിന്നെ ഈ അമ്മ ന്തിനാ എപ്പഴും കല്യാണക്കാര്യം പറയണേ ചെറ്യേമ്മേ, ഇതാ നിയ്ക്ക് ങ്ങട് വരാൻ തന്നെ ഇഷ്ടല്ല്യാത്തെ. കല്യാണം കഴിയ്ക്കാനാണോ പെണ്ണുങ്ങൾ ജനിയ്ക്കണ് ?"
"അതേടീ, അതിനെന്ന്യാ, ഭർത്താവും കുട്ട്യോളുമായി കുടുംബായിട്ട് കഴിയണതെന്ന്യാ പെണ്ണിന് അഭിമാനം."
"ന്ന്‌ട്ട് പിന്നെന്തേ അമ്മേടെ ഈ ചെറ്യേമ്മ കല്യാണം കഴിയ്ക്കാഞ്ഞെ, ചിറ്റ ന്താ കല്യാണം കഴിയ്ക്കാഞ്ഞെ? ന്ന്‌ട്ട് അവർക്കൊക്ക വല്ല കൊഴപ്പം ണ്ടോ ?
ഞാൻ നോക്കീട്ടിപ്പോ കൊഴപ്പം മുഴുവനും നല്ല പ്രായത്തിൽ കല്യാണം കഴിച്ച അമ്മയ്ക്കും അമ്മമ്മയ്ക്കും തന്ന്യാ, അകാല വൈധവ്യം ...... ന്നിട്ട്പ്പോ ന്നെ കല്യാണം കഴിപ്പിയ്ക്കാഞ്ഞിട്ടാ അമ്മയ്ക്ക്... ഇയ്ക്ക് കല്യാണോം വേണ്ട കൊടച്ചക്രോം വേണ്ട.ചിറ്റേം ചെറ്യേമ്മേം ഒക്കെ ജീവിയ്ക്കണ പോലെ ഞാനും ജീവിയ്ക്കും അത്രെന്നെ."
താമരയോട് കൂടുതലൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് മീനാക്ഷിയമ്മയ്ക്കു ബോധ്യമായി.
വാശിക്കാരിയാണ് ; ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും വ്യതിചലിയ്ക്കാൻ പ്രയാസമാവും.
"കുട്ടി കല്യാണം കഴിയ്ക്കണ്ട"
ചെറിയമ്മ അനുനയത്തിൽ പറഞ്ഞു .
"പോയി കുളിച്ചു വന്നിട്ട് ദാ ഈ പുട്ടും കടലേം കഴിച്ചോളൂ..... അതാമ്പോ ആരോഗ്യത്തിനു നല്ലതാ, മറ്റേതു ഹാനികരാന്നേയ്..... ഏത്.... കല്യാണം.. "
വീണ്ടും പൊട്ടിച്ചിരിച്ചു പോയി താമര.
പത്തെഴുപത് വയസ്സായി ചെറ്യേമ്മയ്ക്ക്. എന്നിട്ടും തമാശ പറച്ചിലിനു യാതൊരു കൊറവൂല്ല്യ.
താമര, ചെറിയമ്മയുടെ കവിളിൽ നുള്ളി.
"എല്ലാരും കൂടി കൊഞ്ചിച്ചു വഷളാക്കി പെണ്ണിനെ"
മീനാക്ഷിയമ്മ മുറുമുറുത്തു.
കുളി കഴിഞ്ഞു വിടർത്തിയിട്ട ഈറൻ മുടിയിൽ, തുളസിക്കതിരും ചെമ്പകമൊട്ടും ഒപ്പം തിരുകി വച്ച് നെറ്റിയിൽ ചന്ദനക്കുറിയിട്ട് കറുത്ത കര നേര്യതും ചുറ്റി അന്നേരം അടുക്കളയിലേക്ക് കയറി വന്നു സുനന്ദ..... താമരയുടെ സുനന്ദച്ചിറ്റ.
അവൾ ഒരു കൊഞ്ചലോടെ ചിറ്റയെ ആശ്ലേഷിച്ചു. ചിറ്റ അവളെയും.
കുട്ടിക്കാലം തൊട്ടേ, ചിറ്റയാണ് താമരയ്ക്ക് എല്ലാം...... ആ പേരിട്ടത് പോലും....
താമര ജനിയ്ക്കുമ്പോൾ വെറും എട്ടുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സുനന്ദ പറഞ്ഞുവത്രേ, "ചോന്ന താമരപ്പൂ പോലെണ്ട് കുഞ്ഞാവ, മ്മക്ക് ഇതിനെ താമരാന്ന്‌ വിളിയ്ക്കാം" ന്ന്‌.......
ആരും ആ ആവശ്യം നിരാകരിച്ചുമില്ല.
കളിക്കൂട്ടുകാരെപ്പോലെയാണ് അവർ വളർന്നത്‌.
"കുളിയ്ക്കാണ്ടെയാണോ താമരക്കുട്ടി അടുക്കളെ കേറിയേ, അയ്യേ...... "
"ഓ പിന്നേ..... കുളിച്ചാലും ഇല്ലേലും ഞാൻ ചിറ്റേടെ പാവം ചെന്താമരയല്ലേ "
"അതേയതെ, ഈയിടെ പെണ്ണിന് കുറുമ്പിച്ചിരി കൂട്ണ്ട്, ഉദ്യോഗം ഭരിയ്ക്കണെന്റെയാവും ല്ല്യേ ?"
"അയ്യോ, എത്ര വല്ല്യ ഉദ്യോഗസ്ഥയായാലും താമര ഈ പൊട്ടക്കൊളത്തിലെയല്ലേ ചിറ്റേ, ഈ തെക്കേപ്പാട്ട് വാര്യം വിട്ടാലല്ലേ താമര കലക്ടർ ആവണുള്ളൂ, ഇവടെ ഞാനാരാ.... "
താമര വീണ്ടും ചിറ്റയുടെ കഴുത്തിൽ തൂങ്ങി.
"കുട്ട്യേ, ആ ശുപ്പുപ്പട്ടര് ആളൊരു സാപ്തീകനാ*, കുട്ടി അദ്യേത്തെ പെണക്കാനൊന്നും പോണ്ടാ ട്ടോ, വരണ ആലോചന നടക്കട്ടെ"
അടുക്കളക്കാരി പാറുവമ്മയാണ്.
"ആയ്ക്കോട്ടെ, ശുപ്പുപ്പട്ടര് വരട്ടെ, അയ്യേയെസ്കാരനേം കൊണ്ട്, ന്ന്‌ ട്ട് പാറുവമ്മ തന്നെ കെട്ടിക്കോ്ളാ.... ന്നെ കാക്കണ്ടാ... "
താമരയുടെ മൂക്കിൻ തുമ്പ് ചുവന്നു.
അതു കാണാൻ വേണ്ടിത്തന്നെയായിരുന്നു പാറുവമ്മ പറഞ്ഞതും.
കുഞ്ഞു നാൾ മുതലേ, താമരയെ ശുണ്‌ഠി പിടിപ്പിയ്ക്കലായിരുന്നു, പാറുവമ്മയുടെ പ്രധാന നേരമ്പോക്ക്....
"ഇയ്ക്ക് വിരോധംല്ല്യ, വരണ ആൾക്ക് സമ്മതാവോ?"
"ഹയ്യടാ വയസ്സാങ്കാലത്ത് പെണ്ണിന്റെ ഓരോ മോഹങ്ങള്..... "
പാറുവമ്മയെ ഇക്കിളിയിട്ടു കൊണ്ട് കളിയാക്കി, താമര.
അവിടെ ഒരു കൂട്ടച്ചിരി ഉയർന്നപ്പോൾ, മീനാക്ഷിയമ്മയ്ക്ക് വീണ്ടും കലി കയറി.
"ഞാൻ കുളിച്ചിട്ടു വരാം ചിറ്റേ..."
താമര വേഗം അവിടെന്നു പിൻവാങ്ങി.
നടുത്തളത്തിലിരുന്നു മുറുക്കാനിടിയ്ക്കുന്ന അമ്മമ്മയോടും കിന്നാരം പറഞ്ഞു, കുളിയ്ക്കാനോടുന്ന വഴി, താമര.
"താമരകുട്ട്യേ,..... "
അവളുടെ നിറുകയിൽ തലോടിക്കൊണ്ട് അമ്മമ്മ പറഞ്ഞു,
" ആ ആലോചന നടക്കട്ടെ മോളെ, ശുപ്പുപ്പട്ടരെ പെണക്കണ്ട"
അമ്മമ്മയോട് മറുത്തൊന്നും പറയാൻ കഴിയാറില്ല, താമരയ്ക്ക്.
അവൾ മുഖം കുനിച്ചു.
"ന്റെ കുട്ടി, ഒരുണ്ണിക്കണ്ണനെ ന്റെ കയ്യിലെയ്ക്ക് വച്ചു തരണ ദെവസോം കാത്താ ഈ അമ്മമ്മ കഴിയണത്‌, നെന്റമ്മയ്ക്കും എത്രയാ ദണ്ണം, ഞങ്ങളെ സങ്കടപ്പെടുത്തരുത് കുട്ടി. "
ഉത്തരം പറയാനാവാത്ത അപേക്ഷകൾക്കു നേരെ മുഖം തിരിച്ചു പിടിയ്ക്കലാണ്‌ എന്നും താമരയുടെ രക്ഷാമാർഗ്ഗം.
അന്നു പക്ഷേ അവൾ പറഞ്ഞു
"ഞാൻ തരും അമ്മമ്മേ, ഉണ്ണിക്കണ്ണനെയല്ല, ഒരു കൊച്ചു ശ്രീരാധയെ "
അമ്മമ്മ അത്ഭുതത്തിൽ നോക്കിയപ്പോൾ, താമര വേഗം മറപ്പുരയിലേയ്ക്ക് ഓടി.
കുളിയും പ്രാതലും കഴിഞ്ഞു അവൾ എത്തിയപ്പോഴേയ്ക്കും പോകാൻ തയ്യാറായി അനുപമയും വന്നു.
താമര ചിറ്റയെ നോക്കി.
"ഇന്നു ചിറ്റയും പോരൂ എന്നോടൊപ്പം."
അമ്മമ്മ പക്ഷേ വേവലാതിയോടെ പറഞ്ഞു,
"പെരുമഴയാ വരണേ, ഈ മഴേത്താ നീ കാറോടിച്ചുപോവാമ്പോണ്"
"ശരിയാ താമരക്കുട്ടി, ഈ മഴേടെ ശക്തി ഒന്ന് കുറയട്ടെ "
ചിറ്റയുടെ കണ്ണുകൾ നിറഞ്ഞുവെന്നു തോന്നി.
മഴ ഒരു വികാരമാണ് രണ്ടു പേർക്കും.
മറവിയുടെ മരുപ്പച്ചയിൽ, ചില ഓർമ്മക്കൂണുകൾ മുളച്ചു പൊന്തുന്നത്‌ ഇതുപോലുള്ള പെരുമഴയത്താണ്.
ചിറ്റ, ദേവേട്ടനെ ഓർക്കുകയാവും ഇപ്പോൾ....
ലോകത്തിൽ, ഏറ്റവും ശക്തമായും സത്യസന്ധമായും പ്രണയിയ്ക്കാനറിയാവുന്നത്‌ വിപ്ലവകാരികൾക്കാണെന്ന് പണ്ട് എപ്പോഴും പറയുമായിരുന്നു, ചിറ്റ.
കോളേജ് രാഷ്ട്രീയത്തിന്റെ അന്നത്തെ അനിഷേധ്യ നേതാവായിരുന്നു മഹാദേവൻ.
ചുവപ്പിന്റെ പുത്രൻ. !!
തീജ്വാല കണക്കെ ആളിപ്പടർന്ന,അവരുടെ വിപ്ലവ പ്രണയത്തിന്റെ നേർസാക്ഷിയായിരുന്നു എന്നും താമര....
ഒരു വൻ കലാപത്തിനൊടുവിൽ, ഒരു ചെങ്കൊടിപ്പുതപ്പിന്റെ ചൂടു പറ്റി, നിണമൊഴുകുന്ന നെഞ്ചും വയറും ഒളിപ്പിച്ചു, കോളേജ് വരാന്തയിൽ മഹാദേവൻ നീണ്ടു നിവർന്നു കിടന്നപ്പോഴും ചിറ്റ തളർന്നില്ല.
പിന്നീട് ഒരിക്കലും മറ്റൊരു വിപ്ലവകാരിയ്ക്കും വേണ്ടി കാത്തിരുന്നുമില്ല.
ചിറ്റയിൽ നിന്നും പകർന്നൊഴുകിയതാണോ, ആ വിപ്ലവ രക്തം തന്റെ സിരകളിലും......??
"മഴ കുറയുന്നുണ്ട്, പോകാം ചിറ്റേ....ഇനിയും കാത്തിരുന്നാൽ അവിടെ എത്തുന്നത്‌ വൈകും. അനൂ, വരൂ കുട്ടി "
അമ്മമ്മയോടും അമ്മയോടും ചെറിയമ്മയോടും യാത്ര പറഞ്ഞു താമര കാറിലേയ്ക്ക് കയറി.
കാർ ഓടിക്കൊണ്ടിരുന്നപ്പോൾ സുനന്ദ ചോദിച്ചു
"നിന്റെ തീരുമാനം ഉറച്ചതു തന്നെയോ കുട്ടി ?"
"മാറ്റം വരുമെന്ന് തോന്നുന്ന തീരുമാനങ്ങളൊന്നും താമരയിപ്പോ എടുക്കാറില്ല ചിറ്റേ... എനിയ്ക്ക് അവളെ ഉപേക്ഷിയ്ക്കാൻ വയ്യ. കഴിഞ്ഞ അഞ്ചാറു മാസായി ഞാൻ ദത്തു നിയമത്തിന്റെ നൂലാമാലകൾക്കു പിന്നാലെയാണ്. എന്റെ ഈ പദവിയുടെ മാന്യത പോലും പലപ്പോഴും ഞാൻ ദുരുപയോഗം ചെയ്തോന്ന് സംശയംണ്ട്......
സാരല്ല്യ, അവൾക്കു വേണ്ടിയല്ലേ.......
"നരേന്ദ്രൻ....... "
"എവിടെയാണെന്ന് അറിയില്ല, സുധ മരിച്ചപ്പോൾ, രണ്ടു വയസ്സുള്ള കുഞ്ഞിനെ അവൻ അനാഥാലയത്തിൽ ഉപേക്ഷിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആ കന്യാസ്ത്രീ അമ്മമാർ പറഞ്ഞു.
ദത്തെടുക്കാൻ താല്പര്യം കാട്ടിയപ്പോൾ, ആദ്യമൊന്നും സമ്മതിച്ചില്ല അവർ. ശുപാർശകൾ പലതും വേണ്ടി വന്നു.....
പിന്നെ, ഈശ്വരൻ ചിലതൊക്കെ നേരത്തെ നിശ്ചയിച്ചു വച്ചിട്ടുണ്ട് ല്ല്യേ....
ഒരു വാർഷികാഘോഷത്തിൽ പ്രധാന അതിഥിയായി,ആദ്യം അവിടെ ചെന്നപ്പോ തന്നെ നീലക്കണ്ണുള്ള ആ രാജകുമാരി എന്റെ കണ്ണിലും മനസ്സിലും ഉടക്കി.......
ചിറ്റയ്ക്ക് ഓർമ്മയില്ലേ, നരേന്ദ്രന്റെ നീലക്ക ണ്ണുകളെ..... ??
"ഉം "
"എന്തിന്റെ പേരിൽ അവനെന്നെ ഉപേക്ഷിച്ചുവെങ്കിലും അവന്റെ ഭാഗത്തും ഒരു ശരിയുണ്ടായിരുന്നിരിയ്ക്കും ചിറ്റേ.....
ആ നീലക്കണ്ണുകൾക്ക് താമരയുടെ വേദന കാണാതിരിയ്ക്കാനാവില്ല........
സുനന്ദ വെറുതെ മൂളിക്കൊണ്ടിരുന്നു.
അതൊരു വെറും മരംചുറ്റിപ്രണയം ആയിരുന്നില്ല എന്ന് സുനന്ദയ്ക്ക് നന്നായി അറിയാമായിരുന്നു.
"വെറുതെ ഒരു കൌതുകത്തിന്റെ പേരിലാണ് ആ നീലക്കണ്ണുകാരിയെക്കുറിച്ച് ഞാൻ തിരക്കിയത്. അത്ര ചന്തക്കാരിയാ അവൾ. അച്ഛനെപ്പോലെ......
ചിന്മയീ വർമ്മ എന്ന പേരു തന്നെ മതിയായിരുന്നു, അതെന്റെ നരന്റെ മകളാണെന്ന് എനിയ്ക്കു തിരിച്ചറിയാൻ. കാരണം, എന്റെ നാവിൻ തുമ്പിലാണ്‌ ആ പേരിന്റെ ഉത്ഭവം..... പ്രണയകാലത്തെപ്പോഴോ ഞങ്ങൾ പങ്കുവച്ച ഒരു സ്വപ്നം.....
പാതിവഴിയിൽ തനിച്ചാക്കി പോയെങ്കിലും, നരേന്ദ്രവർമ്മ എനിക്കിന്നും സുഖമുളള ഒരു ചിന്തയാണ്.....
ആ ചിന്തയുടെ ചുവടു പിടിച്ചാണ് ഇന്നും ഈ താമര വിടരുന്നതും കൂമ്പുന്നതും....
പിന്നെ വിവാഹം, അതൊക്കെ ഒരു യോഗമല്ലേ ചിറ്റേ.....
ചേരേണ്ടതേ ചേർക്കാവൂ ന്ന്‌ പണ്ട് മുത്തച്ഛൻ ചുപ്പുപ്പട്ടരോടു എപ്പോഴും പറയാറില്ലെ......
നമ്മുടെയൊക്കെ ജീവിതത്തിൽ വന്നു ചേരേണ്ട നരജന്മങ്ങൾ ഇനിയും പിറവിയെടുത്തിട്ടുണ്ടാവില്ല ഒരു പക്ഷേ..... "
കാർ, അനാഥാലയത്തിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോഴേ താമര കണ്ടു, വരാന്തയിൽ കാത്തിരിപ്പിന്റെ മുഷിച്ചിലുമായി, ആ നീലക്കണ്ണുള്ള നാലു വയസ്സുകാരി മദർ സുപ്പീരിയറിന്റെ മടിയിൽ.....
മടങ്ങുമ്പോൾ ചിന്മയിയെ അണച്ചു പിടിച്ചു കൊണ്ട് താമര സുനന്ദയോടു പറഞ്ഞു
"എന്നെ കരുതിയമാതിരി ചിറ്റ ഇവളെയും കരുതണം, എന്നെ വളർത്തിയ പോലെ ഇവളെ വളർത്തണം ഒരുപാട് അമ്മക്കിളികളുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങി ആ നന്മത്തണലിൽ ഇവൾ വളരട്ടെ. നമ്മുടെ കൽക്കിണറിലെ കണ്ണാടി വെള്ളത്തിന്റെ സ്വാദ്‌ നുകർന്നും തൊടിയിലെ പച്ചപ്പിന്റെ സൗന്ദര്യം കണ്ടും തൊഴുത്തിലെ പശുക്കളുടെ കരച്ചിലു കേട്ടും അവറ്റകൾ നല്കുന്ന പാലമൃതിന്റെ രുചിയറിഞ്ഞും വിറകടുപ്പിൽ പാകപ്പെടുന്ന ഭക്ഷണംത്തിന്റെ ഗുണമറിഞ്ഞും വളരട്ടെ...
നന്മയെന്താണെന്നും നന്മ മരങ്ങൾ ഏതാണെന്നും മനസ്സിലാക്കി വളരട്ടെ....
നരേന്ദ്രവർമ്മയുടെ മകൾ, ന്റെ മാത്രം നരന്റെ മകൾ.....
"ഞാനും "
പുറകിലിരുന്ന അനുപമ ഈറൻ മിഴികളോടെ പറഞ്ഞു.
"ഞാനുമുണ്ടാവും നിങ്ങളുടെ കൂടെ, ആ അമ്മക്കിളികളുടെ സ്നേഹത്തണലിൽ നിന്നും എനിയ്ക്കും എങ്ങോട്ടും പറന്നു പോവണ്ട..... "
അതു കേട്ട സുനന്ദ, വലംകൈ കൊണ്ട് അനുപമയുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. ഇടംകൈ കൊണ്ട്, മടിയിലിരുന്ന ചിന്മയിയേയും.
ആ ഓമനക്കാഴ്ച്ച കണ്ട്‌ താമരയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
വാര്യത്തെത്തി, ചിന്മയിയേ പൊക്കിഎടുത്തു അമ്മമ്മയുടെ മടിയിൽ വച്ചു കൊടുത്തു കൊണ്ട് താമര പറഞ്ഞു.
"ഇതാ അമ്മമ്മേ ഞാൻ പറഞ്ഞ ശ്രീരാധ.... ഉണ്ണിക്കണ്ണനെ തരാൻ എനിയ്ക്കു കഴിഞ്ഞില്ല, കഴിയുകയുമില്ല....... "
ആരെന്നോ ഏതെന്നോ ഒന്നും ചോദിയ്ക്കാതെ അമ്മമ്മ ആ കുരുന്നിനെ മാറോടു ചേർത്തു.....
ചെറിയമ്മയും പാറുവമ്മയും ശുണ്‌ഠിക്കാരി അമ്മയും മാറി മാറി അവളുടെ കുഞ്ഞുകവിളിൽ മുത്തമിടുന്ന കാഴ്ച്ചയുടെ നിർവൃതിയിൽ താമരക്കണ്ണുകൾ വെറുതേ കൂമ്പിയടഞ്ഞു.........
*സാത്വികൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo