മാർട്ടിൻ കൊച്ചുവെളുപ്പാൻകാലത്ത് പതിവില്ലാതെ ഒരു തൂമ്പയുമെടുത്ത് വീടിന്റെ കിഴക്കേ മുറ്റത്തേക്ക് പോകുന്ന കണ്ട് വെല്യമ്മാമ്മ അമ്പരന്നു.
എന്റെ സ്കൂൾ പഠനകാലത്ത് ആരെയും വേദനിപ്പിക്കാതെ, ആർക്കും ഒരു ഭീഷണിയുമാകാതെ, ഒരാൾക്കും ഒരുപകാരവും ചെയ്യാതെ, പ്രത്യേകിച്ച് ആരോടും ഒരു സ്നേഹമോ വിദ്വേഷമോ ഇല്ലാതെ പത്തിലധികം വർഷങ്ങൾ പഠിച്ച ഒരു ബഹുമാന്യ വ്യക്തിയാണ് മാർട്ടിൻ. വീട്ടിൽ ഒരു വിന്റേജ് പ്രോപ്പർട്ടിയായി ഇരിക്കുന്ന വെല്യമ്മാമ്മയാകട്ടെ ഉറങ്ങുമ്പോൾ പോലും വായ് അടച്ചു വെക്കാറുമില്ല.
സംഭവം നടന്ന ദിവസം വീട്ടിൽ ആരും ഇല്ലാ എന്നു ഉറപ്പു വരുത്തി ഒച്ച കേൾപ്പിക്കാതെ പുറകിലെ ചായ്പ്പിൽ വെല്യപ്പൻ എടുത്തു വെച്ചിട്ടുള്ള തൂമ്പ പൊക്കിയെടുത്ത് വെല്യമ്മാമ്മ ടോയ്ലറ്റിൽ പോയ സമയം നോക്കി വളരെ സൂക്ഷ്മതയോടെയാണ് മാർട്ടിൻ കിഴക്കു വശത്തേക്കു പോയത്.
പക്ഷെ കഷ്ടം, വെല്യമ്മാമ്മ ടോയ്ലറ്റിൽ പോയത് ഒന്നു തുപ്പാൻ മാത്രമായിരുന്നു. തുപ്പി തിരിഞ്ഞു നടന്ന വെല്യമ്മാമ്മയുടെ മുൻപിൽ കക്ഷി കൃത്യം ചെന്നു പെട്ടു.
“ എങ്ങടാടാ തൂമ്പയും കൊണ്ട്? ”
വെല്യമ്മാമ്മയെ കുറ്റം പറയാൻ പറ്റില്ല. വീടിന്റെ മുറ്റത്ത് മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്നതിന്റെ ഫോട്ടോ മൊബൈലിൽ എടുത്ത് ഹെവി റെയ്ൻ ആൻഡ് ഫ്ലഡ് ഇൻ ഫ്രണ്ട് ഓഫ് മൈ ഹൗസ്..എന്നു ഫെയ്സ് ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന, എന്നാൽ ഒരു കമ്പ് എടുത്ത് കുത്തി ആ വെള്ളം ഒഴുക്കിക്കളയാം എന്നു വിചാരിക്കാത്ത, ഇന്നത്തെ ന്യൂജെനറേഷൻ ചെങ്ങായിമാരുടെ അന്നത്തെ പ്രതിനിധിയായ ഒരുത്തനാണ് തൂമ്പയുമായി ഇറങ്ങിയിരിക്കുന്നത്.
ഒന്നൂല്യ...എന്ന് ഉറക്കെയും നാശം ഈ തള്ളയെ ഞാനിന്ന്....എന്നു പതുക്കെയും ക്ര്റ്ർ...എന്ന് പല്ലു കൊണ്ടും പറഞ്ഞ് മാർട്ടിൻ മുന്നോട്ടു തന്നെ നടന്നു.
വല്ല വെള്ളം തിരിക്കാനെന്നോ കുപ്പിച്ചില്ലു കുഴിച്ചിടാനെന്നോ ഒക്കെ പറഞ്ഞിരുന്നെങ്കിൽ ആ പ്രശ്നം അവിടെ തീർന്നേനെ. ഒന്നൂല്യ എന്നു കേട്ടപ്പോ അതിലെന്തോ ഉണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, വെല്യമ്മാമ്മ വയ്യായ്മ വക വെയ്ക്കാതെ ഒന്നു പോയി നോക്കിയേക്കാം എന്നു വിചാരിച്ചു.
ഇതിനിടെ കിഴക്കേ മുറ്റത്തെ വലിയ കോട്ടമാവിന്റെ ചുവട്ടിൽ എത്തിയ മാർട്ടിൻ ആകെ ഒരു നിരീക്ഷണം നടത്തി. ആകെ പുല്ലു മെത്തി നിൽക്കുകയാണ്. ചുറ്റും നടന്നിട്ടും ക്ലിയറായ ഒരു ഏരിയയും കാണാൻ സാധിക്കുന്നില്ല. പിന്നെ ഒരു കല്ലിലിരുന്നു. കുറച്ചു നേരം ആലോചിച്ചു. പിന്നെ രണ്ടും കൽപിച്ചു ഒരു പ്രദേശം കണ്ടെത്തി തൂമ്പ കൊണ്ട് ആഞ്ഞു കിളച്ചു തുടങ്ങി.
സലിം കുമാറിന്റെ കഥാപാത്രം പറയുന്നതു പോലെ നല്ല വേർപ്പിന്റെ അസുകോള്ള ആളായതു കൊണ്ട് പെട്ടെന്നു തന്നെ മാർട്ടിൻ അവശനായി. അവശത തൂമ്പയിലേക്കും പടർന്നപ്പോ കക്ഷി വീണ്ടും പഴയ കല്ലിൽ ചെന്നിരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ആരെങ്കിലും വന്നാൽ കുഴപ്പമാണ് എന്ന മട്ടിൽ മറ്റൊരു പ്രദേശം കിളയ്ക്കാനാരംഭിച്ചു.
ഇതിനിടെ ഇവന്റെ ഭാവ പ്രകടനങ്ങൾ വഴിയിൽ നിന്നേ കണ്ട വെല്യമ്മാമ്മ ചകിതയായി. തൂമ്പയുമായി നിൽക്കുന്ന മാർട്ടിന്റെ അടുത്തേക്കു പോകുന്നത് ഈ അവസ്ഥയിൽ പന്തിയല്ല, എന്നു തോന്നിയാകണം പയ്യെ എബൗട്ടേൺ അടിച്ച് മാർട്ടിന്റെ തൊട്ടപ്പുറത്തെ വീട്ടിൽ പോയി, വെറുതെ ചൊറീം കുത്തി രണ്ടെണ്ണം വിട്ടേച്ചിരിക്കുന്ന എളാപ്പനോട് കാര്യം പറഞ്ഞു.
ഹയ്, ഇന്നലെ വരെ കൊഴപ്പൊന്നൂണ്ടായില്യല്ലോ എന്നു പറഞ്ഞ് ചാടിയെണീറ്റ എളാപ്പൻ ചെന്നു നോക്കുമ്പോഴേയ്ക്ക് മാർട്ടിൻ കോട്ടമാവിനു ചുറ്റും ഒരടി വീതിയിൽ ഒന്നരയടി ആഴത്തിൽ തടമെടുത്തു കഴിഞ്ഞിരുന്നു.
നിയ്യെന്താടാ ഈ കാണിക്കണേ എന്ന് എളാപ്പൻ ചോദിച്ചതും ക്ഷീണം സഹിക്കാൻ പറ്റാതെ മാർട്ടിൻ വീണതും ഒന്നിച്ചായിരുന്നു.
മാർട്ടിനെ വെല്യമ്മാമ്മയുടെ കൈയിൽ നോക്കാനേൽപിച്ച് എളാപ്പൻ വെള്ളം കൊണ്ടുവരാൻ ഓടി.കുറച്ച് വെള്ളം മുഖത്തു തളിച്ച് ഒരു ന്യൂസ്പേപ്പറെടുത്ത് അൽപ നേരം വീശിക്കൊടുത്തപ്പോൾ മാർട്ടിൻ പയ്യെ കണ്ണു തുറന്നു. തല അൽപം ചെരിച്ച് താൻ കുഴിച്ച തടം ഒന്നു നോക്കി. പിന്നെ എളാപ്പന്റെ മുഖത്തേക്ക് നോക്കി.
പിന്നെ ഒച്ച താഴ്ത്തി എളാപ്പനോടായി ചോദിച്ചു.
“കിട്ടിയോ?”
’“എന്ത്? ”
“അമ്മിപ്പിള്ള ”
“അമ്മിപ്പിള്ള്യോ ”
“ആ... ”
“എന്തൂട്ട്? ”
“രണ്ടെണ്ണം.. ”
“എന്ത്? ”
“അപ്പൊ കിട്ടീല്യേ? ”
ഇത്രേമായപ്പോഴേയ്ക്കും എളാപ്പന്റെ ക്ഷമ പോയി. പുള്ളി ഒന്നുരണ്ട് നോൺ ഡിക്ഷ്ണറിക്കൽ വേർഡ്സ് മടിയില്ലാതെ അങ്ങു പ്രയോഗിച്ചു.
രണ്ടെണ്ണം കേട്ടതു കൊണ്ടാണോ അതോ ക്ഷീണം കുറച്ചു കുറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, മാർട്ടിന് അൽപം റിലേ വീണു.
“ഒന്നൂല്യ”
വീണ്ടും ഒന്നൂല്യ കേട്ടതോടെ എളാപ്പൻ പിന്നേം കലിപ്പായി. വെൺമണി ഒരെണ്ണം കൂടി പുറത്തിറങ്ങി.
“ഇന്നലെ രാത്രി ഞാൻ കുഴിച്ചിട്ടാർന്നു” സഡൻ ആൻസർ...
“എന്തൂട്ട്?”
“ സ്വർണം കൊണ്ടുള്ള രണ്ട് അമ്മിപ്പിള്ള ”
എളാപ്പൻ ഞെട്ടി. സത്യമായും ഞെട്ടി. തൃശ്ശൂർ പൂരത്തിന് അമിട്ടു പൊട്ടും പോലെ ഞെട്ടി. പിന്നെ പതിയെ ചോദിച്ചു.
“സ്വപ്നത്തിലാ..?“
”അതെനിയ്ക്കറീല്ല്യ. രാത്രീലാ“
”ഈ മാവിന്റെ ചോടെയോ“
”ആ“
”എന്നാ ഞാൻ ഒന്നു നോക്കട്ടെ...“
എളാപ്പൻ തൂമ്പയുമായി ഇറങ്ങി.
ഇനി ബിരിയാണിയെങ്ങാനും കൊടുക്കുന്നുണ്ടെങ്കിലോ?
bY
Rajeev Panicker

ഇമ്മണി നല്ല കഥ....
ReplyDelete