Slider

അകമെരിയുമ്പോള്‍ !!

0

അകമെരിയുമ്പോള്‍ !!
കൂകിപ്പായുന്ന ആ തീവണ്ടിയില്‍, അകന്നുപോകുന്ന കാഴ്ചകള്‍ക്ക് അഭിമുഖമായി ഇരുന്നിരുന്ന ബാലുവിന് തന്‍റെ പ്രിയപ്പെട്ട നാടും അങ്ങകലെ ഒരു പൊട്ടു പോലെ കാണപ്പെട്ടു....
ഇനിയൊരു തിരിച്ചുവരവ്, അതുണ്ടാകുമോ എന്നറിയില്ല... ബന്ധങ്ങളുടെ കണ്ണികള്‍ ചുട്ടുപഴുക്കാന്‍ തുടങ്ങുമ്പോള്‍ അവയെ ഊരിയെറിഞ്ഞേ മതിയാകൂ....അത്രയേ, അമ്മയേം കൊണ്ട് പടിയിറങ്ങുമ്പോള്‍ അവന്‍ കരുതിയുള്ളൂ.
തന്‍റെ കാലശേഷം മക്കള്‍ തമ്മില്‍ ഭൂമിയെചൊല്ലി ഒരു തര്‍ക്കം പാടില്ല എന്നു കരുതിയിട്ടു മാത്രമാണ്, കഴിഞ്ഞ ഓണക്കാലത്ത് ഭാഗം നടത്താന്‍ മുത്തച്ഛന്‍ സമ്മതിച്ചത്. ബാലുവിന്‍റെ അമ്മയടക്കം ആറുപേരാണവര്‍, അതിനാല്‍ത്തന്നെ തന്റേതടക്കം കൃത്യം ഏഴു ഭാഗമായി തിരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതും മുത്തച്ഛന്‍ തന്നെ. മുത്തച്ഛന്‍റെ പേരിലുള്ള തറവാടും അതിരിക്കുന്ന ഭാഗവും അദ്ദേഹത്തിന്‍റെ കാലശേഷം തറവാട്ടില്‍ത്തന്നെ താമസമുള്ള ഇളയ അമ്മാവന് ചെന്നുചേരും. എതിരഭിപ്രായങ്ങള്‍ ഒന്നുമില്ലാതെ ഭാഗംവയ്പ് അന്ന് ഭംഗിയായി നടന്നു.
ബാലുവിന്‍റെ വീട്, തറവാട്ടുപറമ്പില്‍ നിന്ന്‍ ഏറെയകലെയല്ലാതെ തന്നായിരുന്നു, അതിനാല്‍ത്തന്നെ തറവാടുമായും പ്രത്യേകിച്ച് മുത്തച്ഛനുമായും വല്ലാത്തൊരു ആത്മബന്ധമായിരുന്നു അവന്, അമ്മൂമ്മയെയാകട്ടെ കണ്ട ഓര്‍മ്മ പോലുമില്ല. അച്ഛന്‍ മരിച്ച ശേഷം അവന്‍റെ ഏതൊരാവശ്യത്തിനും ആദ്യം ഓടിയെത്തിയിരുന്നത് ആ മുത്തച്ഛനാണ്. തന്‍റെ മൂത്തമകളായ അവന്റമ്മയോട് അദ്ദേഹത്തിന് പ്രത്യേക വാത്സല്യവുമായിരുന്നു. മുത്തച്ഛനൊരു തികഞ്ഞ ഈശ്വരവിശ്വാസിയും, മണ്ണിനെയും പ്രകൃതിയേയും അറിഞ്ഞ് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനുമായിരുന്നു. അത് വിളിച്ചോതും വിധം, പകല്‍പോലും തൊടിയിലാകെ ഇരുട്ടുനിറച്ചു നിന്നിരുന്ന മരങ്ങളും, സര്‍പ്പക്കാവും ചെറിയ കുളവും കൊണ്ട് സമ്പന്നമായ ഒരിടം, അതാണ്‌ ബാലുവിന്‍റെ തറവാട്ടുപറമ്പ്. ഭാഗം നടത്തുമ്പോള്‍ അദ്ദേഹം മക്കളോട് ആവശ്യപ്പെട്ടതും ഇത്രമാത്രം, "ന്‍റെ കാലം കഴിയണ വരെയെങ്കിലും ഇതൊക്കെ ഇങ്ങനെത്തന്നെ ഇവിടെ ഉണ്ടാകണം....."
മദ്രാസില്‍ നല്ല നിലയില്‍ത്തന്നെ ജീവിയ്ക്കുന്ന മൂത്ത അമ്മാമന് നാട്ടിലിങ്ങനെ കൊറച്ച് പറമ്പ് കിടന്നിട്ടൊരു കാര്യവുമില്ല, എന്നാല്‍ അതില്‍ നില്‍ക്കുന്ന അപൂര്‍വ്വങ്ങളായ വന്‍മരങ്ങളുടെ മൂല്യത്തില്‍ അങ്ങേര്‍ക്ക് ഒരു ബിസിനസുകാരന്റേതായ കണ്ണുണ്ടായിരുന്നു, ഒപ്പം നല്ല വിലയ്ക്ക് സ്ഥലം മറിച്ചു കൊടുക്കുന്നതിലും. ആ മോഹത്തിന് തടസ്സമായി നിന്നതോ നിത്യേന വിളക്കുവയ്ക്കുന്ന ആ സര്‍പ്പക്കാവും. കാവും അതിനോട് ചേര്‍ന്ന ചെറിയ കുളവും ചുറ്റിയാണ്‌ ഇപ്പറഞ്ഞ മരങ്ങളുടെയെല്ലാം
പ്രധാന സങ്കേതം. അതിനാല്‍ ആ കാവ് അവിടന്നു മാറ്റാതെ വേറെ തരമില്ലെന്നു വന്നു. അതിനു വേണ്ടി മാത്രമാണങ്ങേര് ഇക്കൊല്ലം ഓണം കൂടാനെന്ന പേരില്‍ നാട്ടില്‍ വന്നതുതന്നെ.
ബോംബെയില്‍ ജോലിയ്ക്ക് ചേര്‍ന്ന ശേഷം ബാലുവിന്‍റെ ആദ്യത്തെ ഓണമാണ്, അതിനാല്‍ത്തന്നെ അവനും എത്തിച്ചേര്‍ന്നു ഇത്തവണ നാട്ടില്‍. എന്നാല്‍ അവന്‍ വരുമ്പോള്‍ തറവാട്ടിലെ അന്തരീക്ഷം വളരെ മോശമായിരുന്നു. പാമ്പുമേയ്ക്കാട്ട് മനയിലെ പ്രമുഖരെ കൊണ്ടുവന്ന്‍ താന്ത്രികവിധികളോടെ സര്‍പ്പക്കാവ് ഒഴിപ്പിക്കുകയെന്ന അമ്മാമന്‍റെ ആവശ്യം മുത്തച്ഛന്‍ ആദ്യഘട്ടത്തില്‍ത്തന്നെ നിരാകരിക്കുകയായിരുന്നുവത്രേ. എന്നാല്‍ പിന്മാറാതെ പിന്നെയും പിന്നെയും ശ്രമിച്ച് ഒടുക്കം, നടക്കില്ലെന്നു കണ്ടപ്പോള്‍ തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോയത്രേ, ടൌണില്‍ ലോഡ്ജിലാണിപ്പോ താമസം. എന്നാല്‍ ബാലു നാട്ടിലെത്തിയതിന്‍റെ അടുത്തദിവസങ്ങളില്‍ ഊഹിക്കാന്‍ പോലും പറ്റാത്ത തരം കാര്യങ്ങളാണ് അവിടെ നടന്നത്. തന്‍റെ പേരിലുള്ള ഭാഗം, കമ്പിവേലി കെട്ടിത്തിരിക്കാന്‍ അമ്മാമന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. കാര്യമറിഞ്ഞ് ബാലുവും അമ്മയും ഓടിയെത്തുമ്പോള്‍ അവിടെയാകെ യുദ്ധാന്തരീക്ഷമായിരുന്നു. അതുവരെ കാണാത്ത ഒരു അമ്മാമനെ അന്നവന്‍ കണ്ടു, കോപം കൊണ്ടു ജ്വലിക്കുന്ന ഒരു മുഖം. മുത്തച്ഛനാകട്ടെ ആശ നശിച്ച് അത്യന്തം തളര്‍ന്ന മട്ടില്‍ ഉമ്മറത്തെ ചാരുകസേരയില്‍ കിടക്കുന്നു.
തന്‍റെ ഭാഗത്ത് താന്‍ ഇഷ്ടമുള്ളത് ചെയ്യുമെന്നും, വേലിയും കെട്ടി കാവും ഒഴിപ്പിയ്ക്കുമെന്നും ആക്രോശിക്കുന്ന മകനെ നിസ്സഹായതയോടെ നോക്കിക്കൊണ്ടാ വൃദ്ധന്‍, ഹൃദയം തകര്‍ന്ന വിധം
ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു ...... മണ്ണും മരങ്ങളും ഒക്കെ നശിപ്പിച്ച് നേടുന്നതൊന്നും നിലനില്‍ക്കാന്‍ പോണില്ലെന്നും, പിച്ചവച്ചു നടന്ന മണ്ണിനെ ഇങ്ങനെ കീറിമുറിക്കരുതെന്നും, മണ്ണിന്‍റെ യഥാര്‍ത്ഥ അവകാശികളായ നാഗങ്ങളെ പടിയിറക്കുന്നത് സര്‍വ്വനാശത്തിനാണെന്നുമെല്ലാം..... വഴങ്ങുന്നില്ലെന്ന് വന്നപ്പോള്‍ ഒഴുകുന്ന കണ്ണീരോടെ അദ്ദേഹം പറഞ്ഞു, "പിന്നെ ചെയ്തേ തീരൂ-ന്നുവച്ചാല്‍ ന്‍റെ കാലം കഴിഞ്ഞിട്ട് എന്താവേണ്ടെച്ചാല്‍ ചെയ്തോളൂ, എനിക്കിതൊന്നും കാണാതിരിക്ക്യേങ്കിലും ആവാല്ലോ...."
"അത്രയ്ക്കൊക്കെ ഞാനിരിക്ക്യോ-ന്ന്‍, ന്താ ഒറപ്പ് ???" എന്ന്‍ പരിഹാസരൂപേണ പറഞ്ഞ് അമ്മാമന്‍ ചെയ്തിരുന്നത് തുടര്‍ന്നപ്പോള്‍, അന്നാദ്യമായി അമ്മാമനോടവന് തീര്‍ത്താല്‍ തീരാത്ത വെറുപ്പായി. എല്ലാ മക്കള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുത്തു തന്നാ അദ്ദേഹം വളര്‍ത്തിയത്, എന്നിട്ടും അച്ഛന്‍റെ സമ്പാദ്യത്തില്‍ ഓഹരി പറ്റുകയും അത് സ്വന്തമായി ഉണ്ടാക്കിയ മാതിരി, അച്ഛനേപ്പോലും തള്ളിപ്പറയുന്ന മകന്‍. കണ്ണില്ലാത്തപ്പോഴേ കണ്ണിന്‍റെ വില അറിയൂ, അച്ഛന്‍ നഷ്ടപ്പെട്ട ബാലുവിന് നന്നായറിയാം, ഒരച്ഛന്റെ വിലയെന്തെന്ന്....
പക്ഷെ അവിടംകൊണ്ടൊന്നും അമ്മാമന്‍ പിന്മാറിയില്ല,സ്വന്തം ഭാഗം വേലി കെട്ടിത്തിരിച്ച് കാവ് ഒഴിപ്പിയ്ക്കല്‍ നടപടിയിലേയ്ക്ക് കടന്നു. കര്‍മ്മങ്ങള്‍ കഴിഞ്ഞ് മനയിലുള്ളവര്‍ പോയ അന്ന് രാത്രി, ആ മുത്തച്ഛന്‍റെ ആത്മാവും ഒഴിഞ്ഞുപോവുകയായിരുന്നു. വടക്കേപ്പുറത്തുള്ള പഴക്കമേറിയ പ്ലാവ് വീടിനു ഭീഷണിയാകുന്ന അവസ്ഥയില്‍ വേറെ നിവൃത്തിയില്ലാതെ വെട്ടേണ്ടിവന്നപ്പോള്‍, കുട്ടികളെപ്പോലെ വാവിട്ടു കരയുന്ന മുത്തച്ഛനെ നേരില്‍ കണ്ടിട്ടുള്ള ബാലുവിന്, ആ എരിയുന്ന നെഞ്ചകത്തെ വേദന നന്നായി മനസ്സിലാകും.
അനിയനെ പിന്തിരിപ്പിക്കാന്‍ ശ്രമിയ്ക്കാതിരുന്നതിനാല്‍, അച്ഛന്റെ മരണത്തിനു താനും ഒരു വിധത്തില്‍ ഉത്തരവാദിയാണല്ലോ എന്ന കുറ്റബോധം അമ്മയെ വേട്ടയാടാന്‍ തുടങ്ങുന്നുവെന്ന് ബാലുവിന് പതിയെ മനസ്സിലായി. അതിനെ ശരിവച്ചുകൊണ്ട്, മുത്തച്ഛന്‍റെ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് ശേഷം ഒരു നാള്‍ അമ്മ അവനോടു പറഞ്ഞു, "മോനേ, ഇനിയമ്മയ്ക്ക് ഇവിടെ വയ്യെടാ, ഇനീം ഇവിടെ നിന്നാല്‍ ഞാന്‍ വല്ലോം ചെയ്തുകളയും, ന്നെ കൂടെ കൊണ്ടുപോണം നീ, ബോംബെയ്ക്ക്...."
ഓര്‍മ്മകളെ മറവി കാര്‍ന്നെടുക്കുമെന്ന് പ്രത്യാശിച്ചുകൊണ്ടൊരു യാത്ര.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo