Slider

* * * * * അന്നൊരിയ്ക്കൽ * * * * *

0

* * * * * അന്നൊരിയ്ക്കൽ * * * * *
ആറു വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്.കൃത്യമായി പറഞ്ഞാൽ 2011 ൽ ജൂലയ് മാസം.ഹരിദ്വാറിൽ നിന്നും ലീവിന് വന്നതായിരുന്നു ഞാൻ .നല്ല മഴയുള്ള ദിവസമായിരുന്നു... ജൂലയ് ഏഴ്.. 'അന്നാണ് ഈ അനുഭവം എനിക്കുണ്ടാകുന്നത്. എന്റെ ജേഷ്ഠൻ 'റോയി ' വീടിന്റെ അടുത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രമകലെ ദൂരത്തിൽ ഇരുനൂറ് റബ്ബർ മരങ്ങൾ പാട്ടത്തിന് എടുത്തിരുന്നു.ഞങ്ങൾ ആ സ്ഥലത്തിന് 'ജെഡ്ഢിന മൂലെ 'എന്നു പറയും കുടിയേറ്റ മേഘല ആയത് കൊണ്ട് ജനങ്ങളധികവും താമസിച്ചിരുന്നത് കാടിനോട് ചേർന്നു കിടക്കുന്ന ഭൂമിയിലായിരുന്നു. കാരണം പണ്ട് കാലത്ത് ഭൂമിക്ക് പട്ടയങ്ങൾ ഉണ്ടായിരുന്നത് വയലുകൾക്കുമാത്രമായിരുന്നു. കാട്ടിൽ നിന്നും ഒഴുകിവരുന്ന നീർച്ചോലകളിൽ നിന്നുള്ള ജലമായിരുന്നു കൃഷികൾക്ക് ഉപയോഗിച്ചിരുന്നത്.വയലിനോട് ചേർന്നു കിടക്കുന്ന 'അക്രമ സക്രമ'വും(പുറംപോക്ക് എന്ന് മലയാളത്തിൽ ) നിയമപരമായി കർഷകന് കൈവശം വയ്ക്കാമായിരുന്നു, കൂടാതെ അതിനടുത്ത ഏക്കർ കണക്കിന് വനഭൂമിയും അവർ കയ്യേറിയിരുന്നു. ഈ കൈയ്യേറ്റം അവസാനിപ്പിക്കാൻ ഗവർമെന്റ് തീരുമാനിക്കുകയും, ആ സ്ഥലത്തിനെ അതിരുകൾകെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. അറുനൂറേക്കറോളം ഭൂമിയെ ഇങ്ങനെ സംരക്ഷിച്ചിരുന്നു. 'അറുനൂറ്കാട് ' എന്ന പേരിൽ ഈ സ്ഥലം അറിയപ്പെടുന്നു.ഇതിനിടയിൽക്കൂടിയുള്ള നടവഴികളും, ചെറിയ മൺറോഡുകളും കടന്നു വേണം ജനങ്ങൾക്ക് 'കെല്ലൂർ മൂകാംബിക, വൺസേ, കുന്താപുര തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് പോകുന്ന മെയിൻ റോഡിൽ എത്താൻ... മൂകാംബിക അഭയാരണ്യത്തിന്റെ ഭാഗമായത് കൊണ്ട് ( വന്യജീവി സങ്കേതം). കടുവ, കരടി, പുളളിപ്പുലി, തുടങ്ങിയവയുടെ വിളയാട്ട ഭൂമിയാണ് .വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം അൻപത്തിയാറ് കടുവകൾ ആണ് മൂകാംബിക അഭയാരണ്യത്തിലുള്ളത്.പുലികളുടേയും, കരടികളുടേയും കണക്കുകൾ വനംവകുപ്പ് പുറത്ത് വിടാത്തതു കാരണം അറിയില്ല. .മുള്ളുള്ളചൂരൽ നിറഞ്ഞ വനമേഘല ആയത് കൊണ്ട് ദക്ഷിണകന്നഡ (മംഗലാപുരം ജില്ല ), ഉഡുപ്പി ജില്ലകളിൽ കാട്ടാനകളില്ല. ഈ അറുനൂറു കാടിനും, വന്യജീവി സങ്കേതത്തിനുമിടയിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളാണ് ജെഡ്ഡിന മൂലേ, അപ്രം കോട്, അരളിക്കട്ടേ, ജഡ്ക്കൽ....
ഞങ്ങൾ താമസിക്കുന്ന 'ബീസനെപാറെ' മെയിൻറോഡിനരുകിലായത് കൊണ്ട് അതായത് 'ബീസനപാറെയ്ക്കും കാടിനും നടുവിൽ 'അരളിക്കട്ടേ' അരളിക്കട്ടയ്ക്കടുത്തുള്ള കാട്ടിനുളളിലൂടുള്ള കുറുക്കുവഴി കടന്നാൽ ചേട്ടൻ പാട്ടത്തിനെടുത്ത 'ജെഡ്ഡിനമൂലെ 'തോട്ടത്തിലെളുപ്പമെത്താം. അല്ലെങ്കിൽ രണ്ട് കിലോമീറ്റർ നടക്കണം. ഇതാണെങ്കിൽ ഒരു കിലോമീറ്ററിനുള്ളിൽ നടന്നാൽ മതി. റബ്ബർ സ്ലോട്ടർ വെട്ടുന്നത് കൊണ്ട് രാത്രിയിലാണ് വെട്ടുന്നത്.മഴക്കാലമായതുകൊണ്ട് പ്ലാസ്റ്റിക്ക് ഇട്ടായിരുന്നു മരം ടാപ്പിംഗ് ചെയ്തിരുന്നത്.സാധാരണ ഒരു മരം വെട്ടാനെടുക്കുന്ന സമയത്തിന്റെ നാലിരട്ടിയോളം വേണം ഈ മരങ്ങൾക്ക് .പരമാവധി മൂന്ന് വർഷമാണ് സ്ലോട്ടർ ടാപ്പിംഗ്.. ഏകദേശം മുപ്പത്തഞ്ച് മുതൽ നാൽപ്പത് വർഷത്തോളമാണ് റബ്ബർമരത്തിന്റെ കാലാവധി... ഞാൻ കാടുകയറുന്നില്ല.. സാഹചര്യം വിശദമാക്കിയതാണ്...
എന്റെ ചേട്ടന് പരപ്പനങ്ങാടിയിൽ ആയിരുന്നു ജോലി.സർക്കാർ ജോലിയല്ല.ബിൽഡിംഗ് കൺസ്ട്രക്ഷൻ .ഞാൻ ലീവിന് വന്നത് കൊണ്ട് എന്നെ റബ്ബർ ടാപ്പിംഗിന് ഏൽപ്പിച്ച് ചേട്ടൻ പരപ്പനങ്ങാടിക്കു പോയതാണ് ഏതായാലും അത് എനിക്കൊരു മറക്കാനാവാത്ത അനുഭവം തന്നു അതിങ്ങനെയാണ്
' ജൂലയ് ഏഴാംതിയതി പുലർച്ച ഒരു മണിക്ക് ഞാൻ മഴ മാറിയപ്പോൾ ഹെഡ് ലൈറ്റും വച്ച് രണ്ടരയടിയോളം നീളമുള്ള റബ്ബർക്കത്തിയും കൈയ്യിൽ പിടിച്ചു 'അരളിക്കട്ട 'വഴി മെല്ലെ ജെഡ്ഢിന മൂലയിലേക്കുപോയി.. അരളിക്കട്ടക്കാട്ടിലെത്തി ഏകദേശം ഒരു നൂറു മീറ്ററോളം ഉള്ളിലെത്തിയപ്പോൾ പതിവില്ലാതെയുള്ള കാഴ്ച്ച ... അൽപ്പമകലെ ഒരു ഇരുപത്തഞ്ച് - മുപ്പത് മീറ്ററോളം ദൂരത്തിൽ രണ്ട് പൂച്ച കുഞ്ഞുങ്ങൾ കളിക്കുന്നു... ഞാനൽഭുതപ്പെട്ടു നിന്നുപോയി. പാവം...!! ആരോ കാട്ടിൽ ക്കൊണ്ടുവിട്ടതാണ്.... വല്ല മൃഗങ്ങൾക്കും തിന്നാൻ...: !! ദുഷ്ടൻമ്മാർ...! മനസിൽ നല്ലൊന്നാംതരം ചീത്ത പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും പൂച്ചക്കുട്ടികളുടെ അടുത്തുള്ള പൊന്തക്കാടുകൾ ഇളക്കിക്കൊണ്ട്.. ഒരു പുള്ളിപ്പുലി കുഞ്ഞുങ്ങളുടെ അടുത്തേയ്ക്കു വന്നു....!!അവിടെ കളിച്ചു കൊണ്ടിരുന്നത് പുലിക്കുഞ്ഞുങ്ങളാണെന്നറിഞ്ഞു ഭയന്നു... ഞെട്ടിത്തെറിച്ചു ശബ്ദം പുറത്തു കേൾപ്പിക്കാതെ വായപ്പൊത്തിപ്പിടിച്ച് ഷോക്കേറ്റപോലെ തറഞ്ഞു നിന്നു പോയി....! ദേഹമാസകലം കിലുകിലാ വിറയ്ക്കുന്നു..!!! തിരിഞ്ഞോടാനോ, അലറിവിളിക്കാനോ കഴിയാതെ ഞാൻ... മരണം മുന്നിൽക്കണ്ടു....!!! ചുവന്ന രണ്ടു കണ്ണുകൾ ലൈറ്റിന്റെ വെട്ടത്തിൽ വന്യമായിത്തിളങ്ങുന്നു....!!ഉള്ളിൽ നിന്നു പോയ ശ്വാസം.... ഒരു ദീർഘശ്വാസമായി മെല്ലെ പുറത്തേക്കുവന്നുകൊണ്ടിരുന്നപ്പോൾ. എന്റെ കൈയ്യിലിരുന്ന ടാപ്പിംഗ് കത്തിയിൽ പിടുത്തം മുറുകി...!!! വീണ്ടും ശ്വാസമെടുക്കുന്നതിനിടയിൽ ഒരു പാട് ചിന്തകൾ മനസ്സിൽ വന്നു...!! ദൈവമേ...! ഗർഭിണിയായ ഭാര്യ, മക്കൾ, അമ്മ... എല്ലാവരുടെയും മുഖം മനസ്സിൽ തെളിഞ്ഞു....! കത്തി മുന്നോട്ട് നീട്ടിപ്പിടിച്ചു കൊണ്ട്... രണ്ട് മൂന്ന് പ്രാവിശ്യം ശ്വാസമെടുത്തു..! എങ്ങാനും ചാടിവന്നാൽ കഴുത്തിനേ പിടിയ്ക്കു..! കാരണം പ്രസവിച്ച പെൺപുലി അപകടകാരിയാണ്... കുഞ്ഞുങ്ങളെ രക്ഷിക്കാൻ ചിലപ്പോൾ ആക്രമിച്ചേക്കാം...? അതുപോലെ... ഇണയുടെ കൂടെയുള്ള പെൺപുലിയും അപകടകാരിയാണ്.പെൺപുലിക്കപകടം സംഭവിച്ചാൽ ആൺപുലിയോടും, മറിച്ച് ആൺ പുലിക്കപകടം പറ്റിയാൽ .. പെൺപുലി നമ്മളെ ആക്രമിക്കും..... ഇതൊക്കെ ചിന്തിച്ചത് വെറും സെക്കൻഡുകൾക്കൊണ്ടാണ്....!! ധ്യൈര്യം മനസ്സിൽ ഉണ്ടെങ്കിലും കൈകാലുകൾ കിലുകിലാന്നു വിറയ്ക്കുന്നു. രണ്ടും കൽപ്പിച്ചു ഞാൻ ശബ്ദമുണ്ടാക്കാതെ പെരുവിരലുകൾ കുത്തി മെല്ല... മെല്ലേ.... പുറകോട്ടു നടന്നു......!! ഒരഞ്ചുമീറ്ററെങ്കിലും പോയിട്ടുണ്ടാവും... പുലി മെല്ലേ മുൻകാലുകൾ മുന്നോട്ടുകുത്തി ഒന്നു പതുങ്ങി...! പെട്ടന്നു ഞാൻ ഹെഡ് ലൈറ്റ് കെടുത്തി വീണ്ടുമിട്ടു...! ഒന്നുരണ്ടു ചുവടുവച്ച പുലി ലൈറ്റ് കെടുത്തിയപ്പോൾ നിന്നു..... ലൈറ്റിട്ടപ്പോൾ പുറകോട്ടു പോയി.. ഒരു കുഞ്ഞിനേയും കടിച്ചു കൊണ്ട് കാട്ടിലേക്ക് കയറി.. ഞാൻ.... അഗ്നിമിസൈലിനേക്കാൾ വേഗത്തിൽ തിരിഞ്ഞോടി അറുനൂറേക്കറിന്റെ അതിരിൽ താമസിക്കുന്ന 'ജോസനടി ഗോവിന്ദൻ 'ചേട്ടന്റെ വീടെത്തിയപ്പോളാണ് നിന്നത്. ഹൃദയം പെരുമ്പറ കൊട്ടുന്നത് കൊണ്ട് ശ്വാസമെടുക്കാൻ കഴിഞ്ഞില്ല .ആ വീടിന്റെ തിണ്ണയിലിരുന്നു കിതപ്പകറ്റി പിന്നെ മെല്ലെ വീട്ടിലേക്കും.....iiiii
വിവരം അമ്മയോടും അനുജനോടും പറഞ്ഞു ഭാര്യയോടു പറഞ്ഞില്ല ഗർഭിണി ആയതുകൊണ്ട്.... ഇപ്പോൾ ഇത് എഴുതുമ്പോളാണ് ഈ വിവരം ഭാര്യ അറിയുന്നത്.. അങ്ങനെ പുലിയെ കണ്ടതു കാരണം അനുജൻ എനിക്ക് ഒരു പഴയ കൈനറ്റിക്ക് ഹോണ്ട വാങ്ങിത്തന്നു.... പിന്നെ അതിലായിരുന്നു ടാപ്പിംഗ് യാത്രകൾ... ഇന്ന് ഇതെക്കെ ഓർക്കുംമ്പോൾ.... മനസിന് ഒരു സന്തോഷം.....
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo