Slider

അരളികൾ മാത്രം പൂക്കുന്ന താഴ്വാരം

0
Image may contain: 1 person, indoor

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അനിയത്തിയുടെ കല്ല്യാണത്തിന്റെ മൂന്ന് ദിവസം മുൻപാണ് ഞാൻ വീട്ടിൽ എത്തുന്നത്.
ഈ ഏട്ടൻ വരുന്ന അന്ന് മതി എന്റെ മിന്നുകെട്ട് എന്ന് അവൾ വാശി പിടിച്ചതിനാൽ പാടില്ലാത്തതെന്ന് പൊതുവെ പറയുന്ന നാലാം മാസത്തിലേക്കാണ് അവളുടെ കല്ല്യാണം നിശ്ചയിച്ചത്.
ആരൊക്കെ പറഞ്ഞിട്ടും അവൾ ഏട്ടൻ വരുതിന്നു മുമ്പ് താലിക്കായി തല കുനിക്കില്ല എന്ന് വാശി പിടിച്ചു.
കാരണം അവളുടെ ലോകം മുഴുവൻ അവളുടെ സഹോദരനായ എന്നിൽ ഒതുങ്ങുന്നതായിരുന്നു.
ഇഷ്ടങ്ങളും നഷ്ടങ്ങളും ആശയും നിരാശയും പ്രണയവും വിരഹവും എല്ലാം പങ്കുവെക്കാൻ അവൾക്ക് കിട്ടിയ കൂട്ടാളികൂടിയായിരുന്നു ഞാൻ.
ഏതായാലും മീനുവിന്റെയും എന്റെയും ആഗ്രഹം പോലെ നീണ്ട കാലത്തെ മരുഭൂമിയിലെ ജീവൻമരണ പോരട്ടത്തിന് താൽക്കാലിക വിരാമമിട്ട് കൊണ്ട് ഞാൻ നാട്ടിൽ എത്തി.
നാളെയാണ് മീനുവിന്റെ താലികെട്ട്.
അമ്മയെ ഓർത്ത് ഒഴിഞ്ഞ കോലായിയിൽ ഇരിക്കുമ്പോൾ കലങ്ങിയ നിറകണ്ണുകളുമായി മീനു.
"
ഇന്ന്‌ രാത്രി എനിക്ക് ഒത്തിരി പഴയ കഥ പറയണം അനിയേട്ടാ , നാളെ എനിക്ക് കഥ പറയാനും ഏട്ടന്റെ കൂടെ ഇരിക്കാനും കഴിയില്ലല്ലോ.. "
"കെടന്നുറങ്ങുന്നുണ്ടോ രണ്ടും കൂടെ ... ?
പാതിരയയാട്ടും രണ്ടും കുറുകുറു പറഞ്ഞോണ്ടിരിക്ക്വാ.."
അമ്മ ആൽമരച്ചോട്ടിലെ മൺ തറയിൽ നിന്ന് പറഞ്ഞ പോലെ എനിക്ക് തോന്നി.
"മീനു എന്താ ഓർത്തതെന്നു ഞാൻ പറയട്ടെ ?"
"ങ്ങും "
"അമ്മയുടെ ....?"
പറഞ്ഞതും മീനു എന്റെ വായ് പൊത്തി.
എന്റെ തോളിലേക്ക് തല ചായ്ച്ച് കൊണ്ട് മീനു പറഞ്ഞു.
" ഏട്ടാ..?"
"ന്ത്യേ.. ന്റെമീനൂട്ടിയെ..."
"കുട്ട്യേട്ടാ ഞാൻ നാളെ പോയാ ആരാ ഇനി ഇവിടെ കഥ പറയാന്ണ്ടാവാ ? "
"എന്താ നീ ഉദ്ദേശിക്കണെ...?"
"അനു ....?"
"അവളിന്നലെയും എന്നോട് ചോദിച്ചു ആംഗ്യത്തിൽ. നിന്റെ കുട്ട്യേട്ടനോട് ഈ കല്ല്യാണം കഴിഞ്ഞിട്ടെങ്കിലും ഈ വീട്ടിൽന്ന് ഇറക്കിക്കൊണ്ട് പോകാൻ പറയോ... ന്ന് .
നീ പറയുന്നതേ അനിലട്ടൻ കേൾക്കൂ എന്നും.? ആംഗ്യ ഭാഷയായിട്ടും അവളുടെ മനസ്സിലെ ആശയം എനിക്ക് മനസ്സിലായി. "
ഒത്തിരി കാലത്തിനു ശേഷം ഇന്നലെ ഒരുപാട് കരഞ്ഞു എന്റെ മുമ്പിൽ.
അവളിപ്പോ അമ്മയുടെ രണ്ടാം കെട്ടുകാരനെ പേടിച്ച് പേടിച്ചാ അവിടെ കഴിയിണെ
ഒരു നാൾ ഞാനവിടെ ചെല്ലുമ്പോൾ വീട്ടിലെ ഫോണെടുത്ത് വെറുതെ ചുണ്ടനക്കി കൈ കൊണ്ട് ആംഗ്യം കാണിച്ചും തല ചെരിച്ചും നിവർത്തിയും വെറുതെ കിന്നാരം പറയുന്നത് പോലെ കാണിക്കുന്നത് കണ്ടു.
ഒളിഞ്ഞ് ചെന്ന എന്നെ കണ്ടതും നിർത്തി.
ചോദിച്ചപ്പോൾ എന്നോട് ,
അവളുടെ നെഞ്ചിൽ കൈവെക്കുകയും ശേഷം മീശ ചുരുട്ടുന്നത് പോലെ കാണിക്കുകയും ചെയ്ത് എന്നെ ചൂണ്ടിയ ശേഷം അവളുടെ തലയ്ക്ക് മുകളിൽ കൈ ഉയർത്തി കാണിച്ചു ആംഗ്യത്തിൽ.
എന്റെ ഈ ഏട്ടൻ അവളെ വിളിക്കുവാണെന്നാ പറയണത്.
കരഞ്ഞു തീർത്തതിന് കണക്കില്ല അന്ന് ഞങ്ങൾ "
"ങ്ങും അവിടം വരെ ഒന്ന് പോവണം ന്ന് കരുതിയതാ മീനു.
അമ്മ മരിക്കും മുമ്പ് പറഞ്ഞതാ ആ മിണ്ടാ പ്രാണിയെ ഇങ്ങോട്ട് കൂട്ടിക്കോണ്ട് പോരടാ എന്ന്.
നിന്റെ കരം ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് മതി എന്ന് അമ്മയോട് പറഞ്ഞതാ അന്ന്."
"ഏട്ടൻ വരുന്നതു അവൾ പശുക്കളെ മേയാൻ കൊണ്ടുപോയപ്പോൾ കണ്ടായിരുന്നുവത്രെ. കുറെ ആംഗ്യം കാട്ടിയും കൊട്ടിയും വിളിച്ചായിരുന്നുവത്രെ ഏട്ടൻ കണ്ടില്ലെന്ന് "
"ഞാൻ പൊയ്ക്കോളാം അവിടം വരെ .നിന്റെ മംഗല്ല്യം കഴിഞ്ഞ് തിരക്കൊഴിഞ്ഞ് പോവാം.
അതിരിക്കട്ടെ നമ്മുടെ അച്ചനെ കണ്ടായിരുന്നോ നീയ്യ് അടുത്തങ്ങാനും ?"
"ഇല്ല ഞാനന്വേഷിക്കാത്ത ഒരിടവും ഇല്ല.
മുമ്പൊക്കെ കള്ള് കുടിക്കാൻ കാശില്ലാതായാൽ അമ്മയുടെ പേരും പറഞ്ഞ് അമ്മാവന്റെ കയ്യിൽന്ന് കാശും മേടിച്ച് പോകുമായിരുന്നു.
ഇപ്പോ ഏത് സംബന്ധ വീട്ടിലാണ് പൊറുതി എന്ന് ആർക്കറിയാം."
" ങ്ങും നീ പോയ് കിടന്നോ നേരത്തെ എണീക്കാനുള്ളതാണ്."
"അപ്പോ... അനു:..?"
എന്റെ ചിരിയിൽ നിന്ന് സർവ്വവും വായിച്ചെടുത്ത് അവൾ അകത്തളത്തിലേക്ക് ഓടിയതും
ഏതോ കൊച്ചിന്റെ കാല് തട്ടി തടഞ്ഞ് വീണതും ഒരുമിച്ചായിരുന്നു.
അവിടെയുണ്ടായിരുന്ന ചെറിയമ്മയും അമ്മമ്മയും ഉൾപ്പെടുന്ന സംഘം അവൾ വീഴുന്നത് കണ്ടു.
"പെണ്ണിന്റെ ചിരി കണ്ടില്ലെ... മേലോട്ട് നോക്കിയാ നടക്ക്ണെ., ഒന്ന് നേരം പുലർന്നോട്ടെ മീനുവേ... "
ഞാൻ ഒത്തിരി നേരം പഴയ കഥകൾ ഓർത്ത് ആ വീതിയുള്ള കോലായിയിൽ ഇരുന്നു..
ഉറക്കം വന്ന് കണ്ണടയുന്നു എന്ന് തോന്നിയത് കാരണം തോളത്തുള്ള മുണ്ട് വിരിച്ച് കല്ല്യാണ പന്തലിനുള്ളിലൂടെ കടന്നു വരുന്ന നിലാവിനെ നോക്കി മലർന്ന് കിടന്നു.
ഉറങ്ങി കുറച്ച് നേരം കഴിഞ്ഞ് ആരോ തട്ടി വിളിച്ചു എന്നെ.
കണ്ണു തിരുമ്മിനോക്കുമ്പോൾ കുറേ മുടിയിഴകൾ മുഖത്ത് വന്ന് മടങ്ങുന്നു.
അവൾ തന്നെ മീനു.
കരയുന്നുണ്ട് കണ്ണീർ മുത്തം എനിക്ക് തന്നിട്ട് ഉയരുന്ന മുഖമാണെന്ന് എന്റെ നെറ്റിയിൽ ഊർന്നിറങ്ങി വന്ന നീർ കണങ്ങളിൽ നിന്നും മനസ്സിലായി.
"എന്തായാന്റെ മീനൂട്ടാ....?''
അപ്പോഴാണ് കണ്ടത് അവളുടെ കയ്യിൽ ഒരു തലയിണയും ഉണ്ട്.
" ഏട്ടാ... ഞാൻ ഇവിടെ ഏട്ടന്റെ ചാരത്ത് കിടന്നോട്ടെ ഒരിത്തിരി നേരം ..?"
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ എന്നെ വ്യക്ത്മായി കാണാത്തതിനാൽ കണ്ണുകൾ ഇറുകിയടച്ചു തുറന്നു മീനു.
നീർകണങ്ങൾ ഇത്തിരിഎന്റെ മുഖത്ത് വീണ്ടും വീണു.
വർഷങ്ങളേറെ മുമ്പ് എന്റെ ചാരത്ത് തിക്കിതിരക്കി കിടന്നിരുന്ന ആ കൊച്ചു കുട്ടിയായി വീണ്ടും മീനു. ഇടയ്ക്കിടെ തേങ്ങുന്നത് തീർത്തും എന്റെ മുമ്പിൽ കുഞ്ഞു പൈതലാക്കി അവളെ.
"ങ്ങും ഇവിടെ കിടന്നോ മുമ്പത്തെപ്പോലെ തിക്കിതിരക്കി വന്നേക്കല്ലെ ഞാൻ തറയിൽ വീഴും "
ചിരിച്ച് കൊണ്ട് പറഞ്ഞ ഞാൻ തല ചരിച്ച് കിടന്ന് കണ്ണീർ തുടച്ചു.
മീനു ഇത് കണ്ടു മുഖം പിടിച്ച് തിരിച്ചു.
"ഏട്ടാ... "
"ഏട്ടാ.. എനിക്ക് ഏട്ടനെയും ഈ വീടും വിട്ട് പോവാൻ കഴിയൂന്ന് തോന്നിണില്ല്യ ഏട്ടാ..''
വിതുമ്പിക്കൊണ്ടാണ് പറഞ്ഞത്.
രണ്ടു പേരും വീണ്ടും ഓരോന്ന് പിറുപിറുത്ത് എപ്പോഴോ... അറിയാതെ ഉറങ്ങി.
പുലർച്ചയ്ക്കും മുമ്പെ മീനുവിനെ ചെറിയമ്മ വിളിച്ചോണ്ട് പോയായിരുന്നു.
അവളെ എഴുന്നേൽപിച്ച് കൊണ്ടു പോകുമ്പോൾ ഞാൻ അവൾക്ക് തണുപ്പടിക്കാതിരിക്കാൻ പുതച്ചിരുന്ന കമ്പിളി എന്നെ പുതപ്പിക്കുന്നത് അറിയാത്തപ്പോലെ കിടന്ന് ആസ്വദിച്ചു .
ഒരു മുത്തവും തന്ന് അവൾ കണ്ണു തിരുമ്മി ചെറിയമ്മയുടെ കൂടെ പോയി.
ഞാൻ വീണ്ടും ചുരുണ്ടു കിടന്നു.
പുലരിയെ വരവേൽക്കാൻ പോയി വന്ന കളികൾ മംഗല്യ വധുവിനെ പന്തലിലിരുത്തി തോഴിമാർ കുശലം പറയും പോലെ ബഹളം കൂട്ടുന്നു.
കുയിലുകൾ ദൂരെ കേൾക്കുന്ന പാട്ടിന് എതിർ പാട്ട് പാടി ചില്ലകൾ വിട്ടു മറു ചില്ല തേടി ദൂരേക്ക് പറന്നു- മറഞ്ഞുപോകുമ്പോഴും ഈണത്തിൽ പാടുന്നു.
കുളിച്ചൊരുങ്ങി വന്ന സൂര്യൻ മലമുകളിൽ നിന്നും ഒളിഞ്ഞു നോക്കുന്നത് കണ്ണു തുറക്കാതെ തന്നെ എനിക്ക് മനസ്സിലായി.
മീനു എഴുന്നേൽപിക്കാൻ വരുന്നത് വരെ കിടന്നാലോ എന്ന് കരുതി കിടന്നു..
പിന്നീടാലോചിച്ചു അവൾ നേരത്തെ കുളിക്കുവാൻ കൂട്ടുകാരികളോടൊത്ത് പുഴക്കടവിൽ എത്തിക്കാണണം എന്ന്.
എഴുന്നേൽക്കാൻ വേണ്ടി ദേഹത്തു നിന്നും പുതപ്പ് മാറ്റാൻ നോക്കുമ്പോൾ കൈ പൊങ്ങുന്നില്ല. മരവിപ്പ് പോലെ. കാലൊന്ന് നിവർത്തി നോക്കാൻ ശ്രമിച്ചപ്പോ അതിനും കഴിയുന്നില്ല. തൊട്ടരികിലൂടെ പാദസരം കിലുക്കിയും അല്ലാതെയുമുള്ള കാലൊച്ചകൾ മനസ്സിലാവുന്നു. കണ്ണൊന്നു തുറന്നു കിട്ടിയിരുന്നെങ്കിലെന്ന് കൊതിച്ചു.
ശരീരത്തിലെ ഒരു അവയവവും സ്വതന്ത്രമായി ചലിക്കുന്നില്ല. എല്ലാം നിശ്ചലം. ആരോടെങ്കിലും ഒന്ന് പറയണം, അറിയിക്കണം എന്ന് കരുതിയാൽ എന്ത് ചെയ്യും. ഒരു രക്ഷയുമില്ല.
ഏറെ പേരും എഴുന്നേറ്റു പ്രഭാതകൃത്യങ്ങളും കർത്തവ്യങ്ങളും തുടങ്ങിക്കഴിഞ്ഞു.
കുറച്ച് നേരം കൂടി കടന്നു പോയി. ഇത്തിരി വെള്ളത്തുള്ളികൾ മുഖത്ത് വീണത് ഞാനറിഞ്ഞു. ഈറൻ മുടികളിൽ നിന്നിറ്റിറ്റ് വീണ നീർമണികളിൽ മീനുവിന്റെ നറുമണം .
" കുട്ട്യേട്ടാ..ഏട്ടന്റെ ഈ മീനൂട്ടി കുളിച്ചൊരുങ്ങി വന്നു. ഏതാ.. അണിഞ്ഞെതെന്നു നോക്കിയേ.. ഏട്ടാ..?
അമ്പലത്തിൽ പോവാണ് നോക്ക്യേ.. "
എനിക്ക് കേൾക്കുന്നുണ്ട് ഒന്ന് ചുണ്ടനക്കാൻ പോലും പറ്റുന്നില്ല. സ്പർശനം അറിയുന്നു.
ഞാൻ കണ്ണുതുറന്ന നോക്കാത്തതു കാരണം മീനു.
"ഏട്ടൻ പോ..
ഒന്ന് നോക്കുന്നു പോലൂല്ലോ മീനൂട്ടിയെ.?"
അവൾ നല്ല ഒരു അടി കൈ ചുമലിൽ തന്നു.
ഒന്നു തിരിഞ്ഞു നിന്നു പിണക്കം കാണിച്ചു.
പിന്നെയും ഞാൻ അനങ്ങാതെ കിടന്നപ്പോൾ അവൾ എന്റെ കാതിനടുത്ത് വായ് ചെർത്ത്
"ഏട്ടാ................"
നല്ല ഉച്ചത്തിൽ കാത് പൊളിയുന്ന
തരത്തിൽ വിളിച്ചു.
പിന്നെയും ഞാൻ അനങ്ങാത്തത് കണ്ടപ്പോൾ അവൾ തെല്ലൊന്നു പതറി.
തല പിടിച്ച് നാല് ആട്ടം. ഏട്ടാ.. ന്നും വിളിച്ച്.
ഇല്ല എന്റെ ചലന ശേഷി ദൈവം മറ്റൊരു അത്മാവിന്റെ
ശരീരത്തിന് കൈമാറ്റം ചെയ്തിട്ടുണ്ടായിരിക്കാം.
മീനുവിന്റെ ഉച്ചത്തിലുള്ള നിലവിളിയാണ് പിന്നെ ഉയർന്നത്.
" ന്റെ കുട്ട്യേട്ടാ...... "
എന്റെ ചലിക്കാത്ത ശിരസ്സ് തലങ്ങും വിലങ്ങും കുടഞ്ഞ് തല മടിത്തട്ടിലേക്ക് വെച്ചു അവൾ ആർത്തു.
പെടുന്നനെ ആളുകൾ ഓടിയെത്തി മീനുവിന്റെ നിലവിളി കേട്ട്.
ഓടിക്കൂടിയിവർ ആദ്യം കുഴഞ്ഞ ശരീരമായി മാറിയ മീനുവിനെ ഇരുകൈകളും പിടിച്ച് വലിച്ച് മാറ്റി.
മാറ്റുന്നതോടുകൂടി എന്റെ തല മീനുവിന്റെ മടിത്തട്ടിൽ നിന്നും തറയിൽ നല്ല വേദനയോടെ തന്നെ വന്നു ഇടിച്ചു വീണു.
ആളുകൾ വട്ടം കൂടി എന്റെ ശ്വാസനിശ്വാസം സൂക്ഷിച്ചു പരിശോധിച്ചിട്ടും നിരാശയാൽ അവർ ആശ്ചര്യ കണ്ണുകളാൽ സന്ദേശം കൈമാറി.
കൂടിയവർ കൂടിയവർ എന്റെ അന്ത്യം തീർച്ചപ്പെടുത്താൻ മാത്രം വന്നുപോയി അവൻ പോയെന്നും പറഞ്ഞ്. ആകെയൊരു കൂട്ടക്കരച്ചിൽ.
അരൊക്കെയോ ചേർന്ന് മാറ്റിക്കാടിത്തി. ഉടനെ ചുറ്റും ഉറുമ്പ് വരാതിരിക്കാനുള്ള മാർഗ്ഗവും ചെയ്യുന്നത് അറിഞ്ഞു. മീനുവിനെ അവിടെ നിന്നും അകത്തേക്ക് ആരോ എടുത്തു കൊണ്ട് പോയിരുന്നു.
തിക്കിലും തിരക്കിലും ആളുകൾക്ക് നിൽക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ കല്ല്യാണ സദ്യയൊരുക്കാൻ കൊണ്ടുവന്ന വന്ന ഒരു വട്ട ചെമ്പ് അവിടെ നിന്നും മാറ്റിയതും താഴെ ചുരുണ്ട് കിടക്കുന്നു ആൾ. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ അതിനടിയിൽപെട്ട് വേദനിച്ച ശംഖുവരയൻ ആണ് പണി തന്നത്‌.
അവൻ പറയുന്നു കൂടെ കിടന്നതിനല്ല കയറിക്കിടന്നതിനാ കൊത്തിയതതെന്ന്. ആവാം.എങ്കിലും എനിക്കുള്ള മടക്ക യാത്രയ്ക്കുള്ള കവാടം ആ ഇഴജന്തു തുറന്നിട്ടു.
ആളുകൾ അതിനെ കണ്ടതും ,എന്നെ നോവിച്ച സങ്കടത്താൽ ദു:ഖം പേറി ചുരുണ്ട് കിടന്ന അവനെ രണ്ടണ്ണം പൊട്ടിച്ച് വകവരുത്തി.
കുറച്ചകലെ നിന്നും ഒരു "മുറിയൻ " ഡോക്ടറെ വിളിച്ചു വരുത്തി അവർ അത് സ്ഥിതികരിച്ചു.
ഇതെല്ലാം അറിഞ്ഞിട്ടും ഒന്ന് അനങ്ങാനോ അറിയിക്കാനോ എനിക്ക് മുകളിലുള്ളവൻ കഴിവ് തന്നില്ല.
ഒരിറ്റു കണ്ണീരെങ്കിലും എന്റെ മീനുട്ടിക്ക് കൊടുക്കാൻ ചോദിച്ചിട്ടും അനുവദിച്ചു തന്നില്ല.
എല്ലാവരും മുഖം പാതി കൈതലംകൊണ്ട് മറച്ച് നെടുവീർപ്പെട്ട് മാറി നിൽക്കുന്നു ശേഷം വരുന്നവർക്ക് കാഴ്ച്ചയൊരുക്കാൻ.
അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കാനുള്ള തിരക്കിനിടയിൽ എന്റെ മരണം ശരിക്കൊന്നു തീർച്ചപ്പെടുത്താൻ വിവേകം ഒരാളെയും കണ്ടില്ലെ.
മാത്രമല്ല വിധിയെ ഓർത്ത് വിതുമ്പാനുള്ള ശേഷിയും ദൈവം നിഷേധിച്ചു.
മംഗളത്തിന് കൂടാൻ ഒരുങ്ങിയവർ മരണത്തിന്റെ ചടങ്ങിലേക്ക് മാറിത്തുടങ്ങി.
ഏതോ ചെറിയ ശ്വാസ കണത്തിൽ മാത്രം ശേഷിച്ച ചെറിയ നേർത്ത തുടിപ്പും വിഷം കയറി മല്ലിട്ടു ജയിക്കാൻ പാഴ്ശ്രമം തുടരുന്നു.
ഏതോ ഒരു കോണിലേക്ക് മാത്രം നീക്കപ്പെട്ട ജീവന്റെ ചെറിയൊരംശം എല്ലാം എന്നെ എന്തിന് അറിയിക്കുന്നു എന്ന് തോന്നിപ്പോയി ആ നേരത്ത്.
ഏറെ കഴിഞ്ഞ് ആരോ ദേഹത്ത് വന്ന് ഒറ്റ വീഴ്‌ച്ച. കുപ്പിവളകൾ. ശേഷം ഒന്നും മിണ്ടുന്നില്ല .എന്റെ നെഞ്ചിൽ തലയടിച്ചു കിടന്ന ശരിരം അനുവിന്റേതാണെന്ന് എനിക്ക് മനസ്സിലായി.
ആ വേദനയിൽ നെഞ്ചിലെ തുടിപ്പൊന്ന് കൂടി .
ചെവി നെഞ്ചിൽ പതിഞ്ഞു കിടന്ന അവൾ ഞാൻ മരിച്ചില്ലെന്ന സത്യം അറിയുന്നു.
ആ മിണ്ടാപ്രാണിക്കാണ് എന്റെ തുടിപ്പിന്റെ ചെറിയതാളം അറിയാൻ കഴിഞ്ഞത്.
മൂകയും ബധിരയമായ അവൾ പെട്ടന്ന് തലയുയർത്തി ചുറ്റും കൂടിയവരോട് ആവുന്നത്ര രീതയിൽ ആംഗ്യത്തിൽ പറഞ്ഞവതരിപ്പിച്ചു നോക്കി.
ആർക്കും ഒന്നും മനസ്സിലാവുന്നില്ല.
എന്റെ വിയോഗത്തിൽ സമനില തെറ്റി അവൾ പറയുന്നതായി മറ്റുള്ളവർക്ക് തോന്നി.
എല്ലാ കഴിവുകളും ഉള്ളവർ അത് അങ്ങനെ തന്നെയെന്ന് സ്ഥിരീകരിച്ചു.
ആവുന്ന രീതിയിൽ കെഞ്ചി അവൾ.
എല്ലാവരും അവളും ബോധക്ഷയം വരും മുമ്പ് കാണിക്കുന്ന വെപ്രാളമായ് മാത്രം അതിനെ കണ്ടു.
രൂക്ഷമായൊരു നോട്ടം ചുറ്റും കൂടിയവർക്ക് നേരെ നോക്കി. അവളെ ആദ്യമായാവാം നാട്ടുകാർ ഇങ്ങനെയൊരു രൗദ്ര ഭാവത്തിൽ അഗ്നിയാളുന്ന കണ്ണുകളോടെ കാണുന്നത്.
ആളുകളെ വകഞ്ഞുമാറ്റിയും തള്ളിയും മുറ്റവും ചെറുവരമ്പും താണ്ടി കതിർ പാടം മുറിച്ചു കടന്ന് ഓടി അനു.
ചെറുവരമ്പിലേക്ക് കുനിഞ്ഞു നിന്ന നെൽ കതിരുകൾ ചിന്നിച്ചിതറിത്തെറിച്ചു കൊണ്ടേയിരുന്നു. തോടിനു കുറുകെയുള്ള നടപ്പാലം കയറു പിടിക്കാതെ കടന്നു ഒറ്റക്കുതിപ്പിൽ തന്റെ പ്രാണനായ പ്രിയതമന്റെ ശ്വാസത്തിന് വേണ്ടി.
ഓടി എത്തിയത് പുറപ്പെടാനൊരുങ്ങി നിൽക്കുകയായിരുന്ന വേലായുധൻ വൈദ്യരുടെ മുമ്പിലേക്കായിരുന്നു. ചെന്ന് വീഴുകയാണ് ചെയ്തത്.
ആവുന്ന ആംഗ്യത്തിൽ അനു പറഞ്ഞപ്പോൾ വൈദ്യർക്ക് എന്താ പന്തികേട് തോന്നി. ഉടനെ തോൾമുണ്ട് സഹധർമ്മിണിയോട്ട് എടുക്കാൻ പറഞ്ഞു. തോൾമുണ്ട് വാങ്ങി തോളിലിട്ടു അവൾക്ക് പിന്നിൽ പെട്ടന്നടിവെച്ചുനടന്നു.
തിരിച്ചെത്തുമ്പോഴും ആളുകളുടെ എണ്ണം കൂടി എന്നല്ലാതെ പുതുതായി മറ്റൊന്നും സംഭവിച്ചിരുന്നില്ല. ആളുകളെ വകഞ്ഞു മാറ്റി ചലനമില്ലാതെ കിടക്കുന്ന എന്നെയവൾ കൈകൂപ്പി കേണു വൈദ്യർക്ക് സമർപ്പിച്ചു.
മൂക്കിനു തൊട്ടു പുറം കൈ തലം കാണിച്ച വൈദ്യർ ഉടനെ ഇരു നെൽമണികൾ കൊണ്ട് വരാൻ ആജ്ഞാപിച്ചു.
ഒന്ന് മാത്രം എടുത്ത് എന്റെ കൈമുട്ടിന് മുകളിൽ മേനിക്ക് ചേർന്ന ഭാഗം നെൽമണിയുടെ കൂർത്ത ഭാഗം കൊണ്ട് കുത്തി നോക്കി.
പെടുന്നനെ ഇത്തിരി രക്തതുള്ളികൾ അവിടെ പ്രത്യക്ഷമായി.
പ്രാർത്ഥന ശകലങ്ങൾ ഉരുവിട്ട് വൈദ്യർ മരിച്ചില്ലെന്ന് ബോധ്യപ്പെടുത്തിയ ജനക്കൂട്ടത്തിനോട് ഉടനെ വിഷമിറക്കാൻ മെഡിക്കൽ കോളേജിലേക്കോ മറ്റോ കൊണ്ട് പോകാൻ അട്ടഹസിച്ചു.
"ഈ മിണ്ടാപ്രാണിയുടെ വിവേകം പോലും ഒരുത്തനും ഉണ്ടായില്ലെ ഇവിടെ ,എന്തൊരു അവിവേകമാണ് കാണിച്ചിരിക്ക്ണെ കൂട്ടരെ. ?
പെട്ടന്ന് എടുത്തോളൂ. വെഷറ്ക്കാന് എവിടാച്ചാ പെട്ടന്ന് എത്തിക്ക്യാ..
ഒട്ടും വൈകിച്ചൂടാ. പ്രാണൻ പോയിട്ടില്ല്യാ.."
എല്ലാവരും തലങ്ങുംവിലങ്ങും നെട്ടോട്ടം ഓടുന്നു
വണ്ടിയിൽ കയറ്റിയതും നീങ്ങിയതും എല്ലാം ഒരുമിച്ചായിരുന്നു. അനു ആരെയും ഗൗനിക്കാതെ ജീപ്പിലേക്ക് ചാടിക്കയറി.
ആരുടേയൊക്കെ മടിയിൽ റോഡിന്റെ
വളവിനും തിരിവിനും എതിരെ അനങ്ങിയ എന്റെ നെഞ്ചിന്റെ താളത്തിന് കാതോർത്ത് ഒരു സ്നേഹത്തിന്റെ നിറകുടം (അനു) തല ചായ്ച്ച് കിടക്കുന്നുണ്ടായിരുന്നു.
യാത്രയുടെ അവസാനത്തിലെന്നോണം വലിയ ഒരു ആതുരാലയത്തിന്റെ കവാടം കടന്നതും അവസാനത്തെ ആ നേർത്ത തുടിപ്പും വിരാമം കൊള്ളുന്നത് അവളും അറിഞ്ഞിരിക്കണം.
" മംഗല്ല്യം കൂടാത്ത ഒരു മംഗളയാത്ര".
(ഒരു ആത്മാവിന്റെ വിലാപം )
മുജീബ് വി.പി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo