ആറിലോ ഏഴിലോ മറ്റോ പഠിക്കുന്ന സമയം വീട്ടിൽ ഒരു വാഹനം എന്ന് പറയാൻ ആകെ ഉള്ളത് ഒരു സൈക്കിൾ ആണ്,അച്ഛന്റെ പ്രിയ്യപ്പെട്ട സൈക്കിൾ. അച്ഛൻ കടയിൽ പോകുന്നതും മറ്റുമൊക്കെ ഈ സൈക്കിളിൽ ആണ്. എല്ലാ ഞായറാഴ്ചകളിലും അച്ഛൻ സൈക്കിൾ തുടച്ചു വൃത്തിയാക്കും. അങ്ങനെ അച്ഛൻ പൊന്നു പോലെ കൊണ്ട് നടക്കുന്ന സൈക്കിൾ. അച്ഛന്റെ സൈക്കിളിന്റെ പുറകിലിരുന്നു സവാരി പോകുവാൻ എനിക്ക് പെരുത്തിഷ്ടമായിരുന്നു. ഞായറാഴ്ചകളിൽ അച്ഛനൊരു അമ്പലത്തിൽ പോക്കുണ്ട് അടുത്തുള്ള അമ്പലങ്ങളിലൊക്കെ സൈക്കിളിലാണ് പോവുന്നത്. അച്ഛന്റെ കൂടെ പോവാൻ ഞാനും ചേട്ടനും തമ്മിൽ പൊരിഞ്ഞ അടിയാണ് അവസാനം ഇളയകുട്ടി പരിഗണനയിൽ എനിക്ക് സ്പെഷ്യൽ പാസ് കിട്ടും.
കുറച്ചു വലുതായപ്പോൾ അച്ഛന്റെ കൂടെ ഉള്ള സൈക്കിൾ സവാരിയോടുള്ള എന്റെ ഇഷ്ട്ടം പൊടിക്ക് കുറഞ്ഞു. അതിനൊരു കാരണവും ഉണ്ടായിരുന്നു ക്ലാസ്സിൽ മിക്ക കുട്ടികളുടെയും വീട്ടിൽ കാറും സ്കൂട്ടറുമൊക്കെ ഉണ്ടായിരുന്നു, ചിലരൊക്കെ സ്കൂളിൽ വരുന്നത് അച്ഛന്റെ ബൈക്കിലും ഈ വിധ കാഴ്ചകളൊക്കെ കണ്ടപ്പോൾ എന്റെ മനസിലും ഒരാഗ്രഹം പൊങ്ങി വന്നു, അച്ഛന്റെ പഴഞ്ചൻ സൈക്കിൾ മാറ്റി ഒരു പുതുപുത്തൻ സ്കൂട്ടർ വാങ്ങണം. അതിന്റെ പുറകിൽ അച്ഛനേം കെട്ടിപ്പിടിച്ചു ഗമയിലങ്ങനെ പോകുന്ന കാഴ്ച മനസ്സിൽ ഒന്ന് സങ്കല്പിച്ചപ്പോൾ തന്നെ ഞാൻ പെരുത്ത് ഹാപ്പി ആയി.
അങ്ങനെ അച്ഛന് ഒരു സ്വൈര്യവും കൊടുക്കാണ്ട് ഞാൻ സ്കൂട്ടറിന് വേണ്ടി നിർബന്ധിക്കാൻ തുടങ്ങി. പൊതുവെ ദേഷ്യം വരാത്ത പ്രകൃതക്കാരൻ ആണ് അച്ഛൻ. എന്റെ ശല്യം സഹിക്ക വയ്യാതെ ആകുമ്പോൾ അച്ഛൻ അമ്മയെ വിളിക്കും എന്നെ കൈകാര്യം ചെയ്യുന്ന ജോലി അമ്മയ്ക്കാണ്. ഒരിക്കൽ രാത്രി കടയടച്ചു വന്നു അച്ഛൻ ഉണ്ണാൻ ഇരിക്കുവാണ് അടുത്ത് തന്നെ അമ്മയും ഉണ്ട് വിളമ്പിക്കൊണ്ട്. പതിവ് പോലെ സ്കൂട്ടറെന്നും പറഞ്ഞു ഞാൻ അച്ഛനെ ശല്യപ്പെടുത്താനും തുടങ്ങി. വിളമ്പിക്കൊണ്ടിരുന്ന 'അമ്മ കയ്യിൽ തവികൊണ്ട് നാലൊന്നാംതരം കൊട്ട് തന്നിട്ട് ഒറ്റ ഡയലോഗ് " ഇനി ഈ വീട്ടിൽ സ്കൂട്ടറിന്റെ പേരും പറഞ്ഞു കിടന്നു മോങ്ങിയാ ഇതിലും വലുത് എന്റെ കയ്യിന്നു നീ മേടിച്ചു കൂട്ടും അഞ്ചു പറഞ്ഞേക്കാം"
'അമ്മ പറഞ്ഞ അത് പോലെ ചെയ്യുന്ന കൂട്ടത്തിലാണ്, കയ്യിൽ കിട്ടുന്നത് വെച്ച് പെരുക്കും. എന്റെ കയ്യിലിരിപ്പിനു അതെ നിവിർത്തിയുള്ളു. അങ്ങനെ സ്കൂട്ടറിന് വേണ്ടി അച്ഛനെ ശല്യപ്പെടുത്തുന്ന പരുപാടി തത്കാലം ഞാൻ നിറുത്തി.
'അമ്മ പറഞ്ഞ അത് പോലെ ചെയ്യുന്ന കൂട്ടത്തിലാണ്, കയ്യിൽ കിട്ടുന്നത് വെച്ച് പെരുക്കും. എന്റെ കയ്യിലിരിപ്പിനു അതെ നിവിർത്തിയുള്ളു. അങ്ങനെ സ്കൂട്ടറിന് വേണ്ടി അച്ഛനെ ശല്യപ്പെടുത്തുന്ന പരുപാടി തത്കാലം ഞാൻ നിറുത്തി.
ഈ പഴഞ്ചൻ സൈക്കിൾ ഉള്ളോണ്ടാ അച്ഛൻ സ്കൂട്ടർ വാങ്ങാത്തത് അത് ചീത്തയായിപ്പോയ അച്ഛനെ എങ്ങനേലും പറഞ്ഞു സമ്മതിപ്പിച്ചു സ്കൂട്ടർ വാങ്ങാരുന്നു. അങ്ങനെ ആ സൈക്കിൾ എന്റെ ശത്രുവായി. അതെങ്ങനേയും ഒന്ന് നശിപ്പിക്കണമെന്നായി എന്റെ ചിന്ത. പിൻ കൊണ്ട് കുത്തി സൈക്കിളിന്റെ ടയർ പങ്ക്ചറാക്കുന്ന വിദ്യ കൂട്ടുകാരി ഉപദേശിച്ചു തരികയും ചെയ്തു. അന്ന് രാത്രി കടയടച്ചു വന്നു അച്ഛൻ കുളിക്കാൻ പോയ തക്കംനോക്കി ഞാൻ പണി പറ്റിച്ചു ഒന്നുമറിയാത്ത ഭാവത്തിൽ പോയി കിടക്കുകയും ചെയ്തു.
പിറ്റേന്നു കാലത്തു അച്ഛന്റെ സംസാരം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. "ഇന്നലെ കൊണ്ട് വയ്ക്കുമ്പോളും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇനി ഇത് ശെരിയാക്കാൻ കൊടുക്കണം ഇന്നു കടയിൽ നടന്നു പോവാം". രാത്രി അച്ഛൻ വന്നു കൂടെ സൈക്കിളുമുണ്ട് നാശം ഇതിത്ര പെട്ടെന്ന് ശെരിയാക്കിക്കിട്ടിയോ അന്ന് രാത്രിയിലും പിന്നു കൊണ്ട് ഞാൻ പണി പറ്റിച്ചു.
പിറ്റേന്നു ഒരു ഞായറാഴ്ചയായിരുന്നു പതിവുള്ള അമ്പലത്തിൽ പോക്ക് സൈക്കിൾ പങ്ക്ചരായതുകൊണ്ട് നടന്നു പോവാൻ അച്ഛൻ തീരുമാനിച്ചു .കൂടെ പോരാൻ പതിവില്ലാതെ എന്നെയും വിളിച്ചു. അമ്പലത്തിലെ തൊഴലൊക്കെ കഴിച്ചു പതിവില്ലാതെ നമുക്കൊന്നിരുന്നാലോ അഞ്ചു എന്ന് അച്ഛൻ ചോദിച്ചു.
അമ്പലത്തിലെ കൂറ്റനരയാലിന്റെ തിട്ടയിൽ ഞങ്ങളിരുന്നു. നല്ല തണുത്തകാറ്റു ഞങ്ങളെ തഴുകിപോകുന്നുണ്ടായിരുന്നു. എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു അച്ഛൻ പറഞ്ഞു
" അഞ്ചു കുട്ടിക്കാലത്തു എന്റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഒരു സൈക്കിൾ സ്വന്തമാക്കുക എന്നത്, എന്റെ അച്ഛനോട് ഒരിക്കൽ ഞാനെന്റെ ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് എന്താണെന്നോ സ്വന്തമായി അദ്ധ്വാനിച്ചു കാശുണ്ടാക്കി വേണേൽ വാങ്ങിച്ചോയെന്നു, അങ്ങനെ കഷ്ടപ്പെട്ടു കിട്ടുന്ന പൈസയൊക്കെ കൂട്ടി വെച്ച് ഞാൻ വാങ്ങിയ സൈക്കിളാണ് നീ ചീത്തയാക്കിയത്"
അച്ഛനോട് മറുത്തൊരക്ഷരം പറയാനാവാതെ ഞാൻ നിലത്തു നോക്കിയിരിക്കുവാണ്. അച്ഛൻ തുടർന്ന് പറഞ്ഞു
" അഞ്ചു നിന്നെ ഞാൻ വല്ലാതെ ലാളിക്കുന്ന എന്ന് നിന്റെ 'അമ്മ എപ്പോളും എന്നോട് പറയാറുണ്ട്, കഷ്ട്ടപ്പാടൊക്കെ അറിഞ്ഞു നീ വളരട്ടെയെന്നു പക്ഷെ ഞാൻ ഇത്തിരി കഷ്ട്ടപ്പെട്ടാലും നിനക്ക് വേണമെന്ന് പറയുന്നതൊക്കെ ഞാൻ വാങ്ങി തരാറില്ലേ, നിനക്കെന്തിന്റെ കുറവാ ഞാൻ വരുത്തിയിട്ടുള്ളെ"
മറുപടി പറയാൻ എനിക്കായില്ല, വാക്കുകൾ എന്റെ തൊണ്ടയിലെവിടെയോ കുടുങ്ങി കിടക്കുന്ന പോലെ എനിക്ക് തോന്നി. അച്ഛൻ പറഞ്ഞത് ശെരിയാണ് ഒരു കുറവുമറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തുന്നത്.
"അഞ്ചു ചോദിക്കുന്നതൊക്കെ സമയത്തു കിട്ടുന്നത് കൊണ്ട് നിനക്കു പൈസയുടെ വില അറിഞ്ഞുകൂടാ, 'അമ്മ പറയുന്ന പോലെ എല്ലാത്തിന്റെയും വില മനസിലാക്കി നിന്നെ വളർത്താത്തതു എന്റെ തെറ്റാ, നീ ഈ ചെയ്തതിനൊക്കെ അങ്ങനെ നോക്കിയാൽ ഉത്തരവാദി ഞാൻ തന്നെ ആണ് "
അച്ഛനെന്നെ രണ്ടു തല്ലു തല്ലിയിരുന്നെങ്കിൽ എനിക്കിത്രയും സങ്കടം വരില്ലായിരുന്നു.
"എന്നോട് ക്ഷെമിക്കണേ അച്ഛാ" കരച്ചിലിനിടയിൽ ഞാനെങ്ങനെയോ ഇത്രയും പറഞ്ഞൊപ്പിച്ചു.
"സ്കൂട്ടറില്ലാണ്ട് തന്നെ നിന്റെ ആവശ്യങ്ങൾ നടന്നുപോകുന്നില്ലേ, എന്തിനെങ്കിലും വേണ്ടി വാശി പിടിക്കുന്നതിനു മുൻപ് അത് നമുക്ക് ശെരിക്കും ആവശ്യമുള്ളതാണോന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതാ, സാരമില്ല നീ ചെറിയ കുട്ടിയല്ലേ ഈ നടന്നത് ഞാനും നീയുമല്ലാണ്ട് ആരുമറിയണ്ടാട്ടോ".
അച്ഛന്റെ കയ്യും പിടിച്ചു തിരികെ വീട്ടിൽ നടക്കുമ്പോൾ ഞാൻ ചോദിച്ചു,
"അച്ഛന്റെ സൈക്കിൾ എന്ന നന്നാക്കി കിട്ടുക"
"എന്തിനാ ഇനിം ചീത്തയാക്കാനാ? നാളെ രാവിലെ പോയി കൊണ്ടുവരണം"
" നാളെ സൈക്കിൾ കൊണ്ടുവന്നിട്ടു അതിലെന്നെ സ്കൂളിൽ കൊണ്ടുപോയി വിട്ടാ മതിട്ടോ അച്ഛാ "
അച്ഛൻ എന്റെ മുഖത്ത് നോക്കിയൊരു ചിരി പാസ്സാക്കി എനിക്ക് മാത്രം സ്പെഷ്യൽ ആയിട്ടുള്ള ചിരി
By
Anjali Kini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക