Slider

രണ്ടുനല്ല വാക്കുകൾ മതിയാവും

0

രാവിലെതൊട്ടു ഫേസ്ബുക്കിലെ സകല പോസ്‌റ്റുകളും അരിച്ചുപെറുക്കി വായിച്ച സന്തോഷത്തോടെയാണ് പ്രിയതമയുടെ അടുത്തേക്കു ചെന്നത്..
(പ്രിയതമാന്നൊക്കെ എഴുത്തിലേയുള്ളൂ ട്ടാ ..അതു തരം പോലെ കഴുത പോത്ത് തുടങി ഭദ്രകാളി വരെ ആയിമാറിയേക്കാം..)
അലമാരയിൽ അടുക്കിവെച്ചിരുന്ന വസ്ത്രങ്ങളിലേതോ ഒരണ്ണം തിരയുകയായിരുന്ന അവളുടെ പിറകിലെ ചെന്നു വട്ടംപിടിച്ചു ഒരുമ്മ കൊടുത്തു 'മോളിവിടെ എന്തു ചെയ്യാ' എന്നൊക്കെ ചോദിച്ചു കൊണ്ടു അവളുടെ കണ്ണിൽനോക്കിയിരിക്കുന്ന സൽസ്വഭാവിയായ ഫേസ്ബുക്ക് എഴുത്തുകളിലെ ഭർത്താവ് ആവണമെന്നൊക്കെയുണ്ടാരുന്നു എനിക്കും..
പക്ഷേ വിശപ്പിന്റെ തെറിവിളികൊണ്ടു സഹികെട്ട എനിക്കതിനു കഴിയുമോ..
എനിക്കെന്നല്ല ആർക്കും കഴിയൂല..
അതോണ്ട് തന്നെ അടുത്തു ചെന്നു മുരടനക്കി ഞാനൊരു ഗൗരവക്കാരനായ അരസികൻ ഭർത്താവായി..
ഇങ്ങനുള്ള ബോറൻ ഭർത്താക്കന്മാരാണ് ഭാര്യമാരെ വഴിതെറ്റിക്കാനുള്ള പ്രധാന കാരണമെന്നൊക്കെ ഏതോ മനഃശാസ്‌ത്രജ്ഞൻ എഴുതിയതു വായിച്ചതോർമ വന്നതപ്പോഴാണ്..
പെണ്ണിനോടെപ്പോഴും മയത്തിൽ പെരുമാറണമത്രേ..
ശരിയാവും..
അങ്ങനെ പെരുമാറിയപ്പോഴൊക്കെ മീൻവറുത്തതിന്റെ എണ്ണം കൂട്ടിത്തന്നിട്ടുണ്ടവൾ..
"ഇതെങ്ങിനുണ്ടെന്നു നോക്കിയേ..
നാളത്തെ പരിപാടിക്ക് ഇതിട്ടാൽ പോരെ.."
അലമാരയിൽ സുഖസുഷുപ്തിയിലാണ്ടു കിടക്കുന്ന ഡ്രെസ്സുകളിലൊരെണ്ണത്തിന്റെ കഴുത്തു പിടിച്ചുള്ള അവളുടെ ചോദ്യം കേട്ടാണ് ചിന്തകൾ കാടിറങ്ങിയത്..
"കൊള്ളാം നൈസ് സൂപ്പർബ്.."
പെട്ടെന്നുണ്ടായൊരു ബോധോദയത്തിൽ വായിൽ വന്നതു അങ്ങിനെയാണ്..
അല്ലേലും പോസ്റ്റായ പോസ്റ്റുകളിലൊക്കെ കമന്റിട്ടു കമന്റിട്ടു വായിലിപ്പോ അതെ വരുന്നുള്ളൂ..
ഈയടുത്ത് വല്യമ്മായിയുടെ മോൾ പ്രസവിച്ചതറിഞ്ഞു ആശുപത്രീൽ ചെന്നു കുഞ്ഞിനെ കണ്ടപാടെ വായിലാദ്യം വന്നതു 'സൂപ്പർബ് നന്നായിരിക്കുന്നു' എന്നൊക്കെയാരുന്നു..
ഫേസ്ബുക്ക് മാനിയ ആണൊ എന്തോ..
പറഞ്ഞു പിന്നേം കാടുകയറി..
ഫേസ്ബുക്ക് ശൈലിയിലുള്ള എന്റെ മറുപടികേട്ടതും നിലാവിന്റെ നിറമാർന്ന അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു..
"ദേ ഒരുമാതിരി കണ്ണീക്കണ്ട പോസ്റ്റിനു കൊടുക്കുന്ന കമന്റും കൊണ്ടു എന്റടുത്തേക്കു വന്നേക്കരുത് മനുഷ്യാ..
ശരിക്കും നോക്കീട്ടു പറ.."
ഞാനവളുടെ മുഖത്തേക്കും ചുരീദാറിലേക്കും മാറിമാറി നോക്കി..
ഉന്നം തെറ്റാതെ വെടിവെച്ചിട്ട കാട്ടുമുയലിനെ തൂക്കിയെടുത്തു നിക്കുന്ന വേട്ടക്കാരനെപോലെ ചുരിദാറും തൂക്കിയെടുത്തു നിൽക്കുന്ന അവളുടെ ഭാവം കണ്ടപ്പൊൾ നിനക്കെന്തിട്ടാലും കണക്കാ എന്നൊക്കെ പറയാനാ മനസിൽ വന്നെ..
അപ്പൊഴേക്കും നേരത്തേ പറഞ്ഞ മനഃശാസ്ത്രഞ്ജന്റെ വാക്കുകളോർമ്മ വന്നു..
വെറുതെ റിസ്കെടുക്കണ്ട...
ഒരുനിമിഷത്തേക്കു ഞാനെന്റെ തനിസ്വഭാവം മാറ്റിവച്ചു ഫേസ്ബുക്ക് ഭർത്താവിന്റെ കുപ്പായമെടുത്തിട്ടു..
എന്നിട്ടവളുടെ അടുത്തേക്കു ചെന്നു മുയൽക്കുഞ്ഞിനെപ്പോലെ വിറച്ചു നിക്കുന്ന ചുരിദാർ എന്റെകയ്യിലേക്കു വാങ്ങിച്ചു..
തിരിച്ചും മറിച്ചും നോക്കി ബെഡിലേക്ക് വലിച്ചെറിഞ്ഞു..
ശേഷം തുറന്നു കിടക്കുകയായിരുന്ന അലമാരയിൽ നിന്നു മറ്റൊരെണ്ണം വലിച്ചെടുത്തു അവൾക്കു നേരേ നീട്ടികൊണ്ടു പറഞ്ഞു..
"ഇതിട്ടു നോക്കിയേ..
അതിനേക്കാൾ നിനക്കു ചേരുക ഈ കളറാണ്‌.."
ഒരു ചെറുചിരിയോടെ അതു വാങ്ങിക്കുന്നതിനിടയിൽ എന്റെ കവിളിൽ ചെറുതായൊന്നു വേദനിപ്പിച്ചവൾ കടന്നുപോയപ്പോൾ ഞാനോർക്കുകയായിരുന്നു..
ഒരുപക്ഷെ ഇതുപൊലെ രണ്ടുനല്ല വാക്കുകൾ മതിയാവും ഒരുപെണ്ണിനു ഒരുപാടു സന്തോഷിക്കാൻ..
ശരിയാണു ശാസ്ത്രജ്ഞാ നിങ്ങൾ പറഞ്ഞതു..
എന്നേപ്പോലുള്ള ബോറൻ ഭർത്താക്കന്മാർ തന്നെയാണു ചിലരുടെയെങ്കിലും ജീവിതത്തിൽ കല്ലുകടിയാവുന്നുണ്ടാവുക.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo