Slider

ഭാര്യയുടെ അറിയിപ്പ്

0
Image may contain: 1 person

"ഏട്ടാ ഞാനിന്നല്പം ലേറ്റാകുമേ.ചക്കരയെ ഞാൻ വന്ന് കുളിപ്പിച്ചോളാമേ"
എന്നും ആറ് മണിക്ക് ജോലി കഴിഞ്ഞ് വരാറുള്ള ഭാര്യയുടെ അറിയിപ്പ്,
അഞ്ചേമുക്കാലായപ്പോൾ ഫോണിൽ ഒഴുകിയെത്തി.
എന്തൊക്കെയോ തിക്കിനും തിരക്കിനുമിടയിലൂടെ കിതച്ചുകൊണ്ടുള്ളഅവളുടെ സംസാരം എന്നെ വിഷമിപ്പിച്ചു.
"സാരമില്ലെടീ നീ സമാധാനമായിരിക്ക്.പതുക്കെ വന്നാൽ മതി.ഞാൻ ചക്കരയെ കുളിപ്പിച്ചോളാം."
"വേണ്ട ഏട്ടാ ഏട്ടനെ അവൾ വശംകെടുത്തും.തന്നെയുമല്ല ഏട്ടൻ അവളെ കുളിപ്പിച്ചാൽ വൃത്തിയാവുകേമില്ല നേരത്തെ കുളിപ്പിച്ചിട്ടില്ലാത്തതല്ലേ"
"നീയൊന്നു പോയേ..അതൊക്കെ ഞങ്ങൾ നോക്കിക്കോളാം അല്ലേ ചക്കരേ?
എൻറെ മടിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന ചക്കരയുടെ കവിളിൽ മുത്തിക്കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു.
അടുത്തൊരു സർക്കാരാശുപത്രിയിൽ നേഴ്സാണെൻറെ ഭാര്യ.ഇന്നൽപ്പം തിരക്കായിപ്പോയപ്പോഴേക്കും,തനിക്കൊരു ബുദ്ധിമുട്ടാകുമെല്ലോ എന്ന് കരുതി,അതും വന്നിട്ട് ചെയ്യാമെന്ന് പറയുന്നു പാവം.
ആദ്യമായ് മോളെ കുളിപ്പിയ്ക്കാൻ പോകുന്നതിൻറെ സന്തോഷം,എൻറെയും ഞങ്ങളുടെ അഞ്ച് വയസുകാരി മോളുടേയും മുഖത്ത് തിരിയിട്ടു നിന്നു.
ഏഴു വർഷത്തെ പ്രവാസജീവിതത്തിനിടെ ഈ വട്ടമാണ് ഒരു മാസത്തിൽ കൂടുതലൊരു അവധി കിട്ടുന്നത്.
സ്വന്തം മകളെ ഒന്ന് മതിവരുവോളം താലോലിയ്ക്കുവാനും,ദാ..ഇതുപോലെ ഒന്ന് കുളിപ്പിച്ചൊരുക്കാനുമൊക്കെ അവസരം വന്നത് ഈ അവധിക്കാണ്.
കുളിയൊക്കെകഴിഞ്ഞ്,മോൾക്കുള്ള പാലും കാച്ചിക്കൊടുത്ത്,ഞങ്ങൾ വീണ്ടുംകാർട്ടൂൺ ആസ്വാദനം തുടങ്ങി.
ദോറയും ബുജിയും ശിവയും ജാക്കിച്ചാനുമൊക്കെയായ് അവളെൻറെ മടിത്തട്ടിൽ തുള്ളിച്ചാടി.
ഏഴിന് പത്ത് മിനിട്ടുള്ളപ്പോൾ, ഭാര്യ ഓടിക്കിതച്ചെത്തി.
എങ്ങനുണ്ടെടീ ചക്കരയെ കുളിപ്പിച്ചത്.അടിപൊളിയല്ലേ?
ഞാൻ കലാപരമായ് വാരിക്കെട്ടിക്കൊടുത്ത മോളുടെ ചുരുളൻ മുടിയിഴകളിലെ കൊമ്പ് തട്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു.
അവൾ മോളെ എൻറെ മടിയിൽനിന്ന് പിടിച്ച് അടുത്തേക്ക് നിർത്തി.
"ഹോ! അപ്പിടി വിയർപ്പിൻറെ നാറ്റം.ഇതാണോ വൃത്തിയായത്.ഇങ്ങോട്ട് വന്നേ"
എന്നും പറഞ്ഞവൾ,ഞാനെന്തെങ്കിലും പറയും മുന്നേ
മോളേയുംകൂട്ടി കുളിമുറിയിലേക്ക് പോയി.
കല്യാണത്തിന് ശേഷം,എവിടെ നിന്നെന്നറിയാതെ കരഗതമായ ഒരു സർവ്വംസഹനശക്തി കാരണം ഞാൻ നേരേ ടീവിയിൽ,സ്പോർട്സ് ചാനൽ വെച്ച് സോഫയിൽ ചുരുണ്ടുകൂടി.
അത്താഴമൊക്കെ കഴിഞ്ഞ്,ചാനൽ ചർച്ചകളിലെ പീഢനപർവ്വങ്ങളും കണ്ട് മടുത്ത് വന്നപ്പോഴേക്കും
കട്ടിലിലിരുവശം "വല്യതമ്പുരാട്ടീം കൊച്ചുതമ്പുരാട്ടീം" ഉറക്കം തുടങ്ങിയിരുന്നു.
ലൈറ്റ് കെടുത്തി കിടന്ന എൻറെ നഗ്നമായ പുറത്തേക്ക്,ഉറക്കത്തിലെന്നോണം ഭാര്യ കെട്ടിമുറുകി.
ആ സുഖത്തിലങ്ങനെ ഉറക്കം തുടങ്ങവേ,എൻറെ പുറത്ത് ഒരു ചൂടുള്ള നനവ് കനത്തോടെ ഇറ്റ് പടരുന്നത് ഞാനറിഞ്ഞു.
"എന്താ..എന്തിനാ നീ കരയുന്നെ?
അവളുടെ ചുറ്റിവരിഞ്ഞ കൈവിടുവിച്ച്,ഞാൻ തിരിഞ്ഞുകിടന്നു.
മറുപടിയായ് വീണ്ടും കരച്ചിൽ.
"എടീ എന്താ പറ്റിയേന്ന്?
"ഏട്ടൻ എന്നോട് പൊറുക്കണം"
കരച്ചിലിൽ കുടുങ്ങിപ്പോയ ഒച്ചയോടെ അവൾ തുടർന്നു.
"ചക്കരയെ രണ്ടാമതും ഞാൻ കുളിപ്പിയ്ക്കാൻ കൊണ്ടുപോയത്,അവളുടെ ദേഹം വൃത്തിയാക്കാനൊന്നുമല്ല"
"പിന്നെ?
"എൻറെ മനസാ ഏട്ടാ വൃത്തിയാകാനുണ്ടായിരുന്നത്."
"നീ മനുഷ്യന് മനസിലാവുന്ന രീതിയിലൊന്ന് പറഞ്ഞേന്ന്"
"അവൾക്കെന്തേലും..പറ്റിയോ..എന്നറിയാൻ നോക്കിയതാ..ഏട്ടാ.."
"എന്ത് പറ്റാനാടീ..അവൾ ഇവിടെങ്ങും തട്ടിമറിഞ്ഞ് വീണതൊന്നുമില്ലല്ലോ?
"അതല്ല,ടീവിയിൽ ദിവസവുമോരോ വാർത്തകൾ...പേടിപ്പെടുത്തുന്ന രീതിയിൽ..വന്നു വന്ന് അച്ഛൻമാർ വരെ...
മതി..മതി നിർത്ത്!!
ഞാൻ തടഞ്ഞു.
കട്ടിലിൽ കുഞ്ഞു സ്വപ്നങ്ങൾകണ്ട് പുഞ്ചിരിച്ചുറങ്ങുന്ന മോളേ,ഞാൻ കോരി മടിയിൽ വെച്ച് കുറേ നേരം അവളെ നോക്കിയിരുന്നു.
അറിയാതെ തൂവിയ എൻറെ ഒന്നോ രണ്ടോ കണ്ണീർത്തുള്ളികൾ,ചക്കരയുടെ കവിളിൽ വീണ് ചിതറി.
"ഇവളോട്..നമ്മുടെ ചക്കരയോട് ഞാൻ..അങ്ങിനെ ചെയ്യുമെന്ന് നിനക്ക് തോനുന്നുണ്ടോടീ മോളേ..?
അത് കേൾക്കാൻ ശക്തിയില്ലാതെ അവൾ എൻറെ വായ പൊത്തിക്കൊണ്ട്,
എന്നെയും മോളേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.കൂടെ ഞാനും.
കുഞ്ഞിക്കവിളിൽ പെയ്തിറങ്ങിയ അച്ഛനമ്മ മഴയിൽ ചക്കരയും ഞെട്ടിയുണർന്ന് കരച്ചില് തുടങ്ങി.
"അച്ചോടാ..ചക്കരക്കുഞ്ഞുറങ്ങിയ്ക്കോ
എന്നും പറഞ്ഞ് മോളെ നെഞ്ചിൽ കിടത്തി ഞാനുറക്കുമ്പോൾ,
ചക്കരയുടെ കുഞ്ഞു ചന്തികളുടെ പുറത്ത് താളം തട്ടി..തട്ടി..
ഭാര്യയും ഉറങ്ങിയിരുന്നു.
അവളുടെ അമ്മമനസ്സും ഉറങ്ങിയിരുന്നു.
NB:
സ്വന്തം മക്കളെപ്പോലും കാമപൂർത്തികരണത്തിന് പിച്ചിച്ചീന്തുന്ന മനുഷ്യമൃഗങ്ങളുണ്ടാവാം.പക്ഷേ സ്വന്തം ചോരയെ സ്നേഹിച്ചും ലാളിച്ചും കൊതിതീരാതെ ജീവിതത്തിരക്കിലറിയാതെ പെട്ടുപോകുന്ന കുറേ ഹതഭാഗ്യരായ അച്ഛൻമാരും ഉണ്ടെന്ന് , ഒരു അമ്മമാരും മറക്കരുത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo