അറിവ് വച്ച കാലം മുതൽ തന്നിൽ ഏറെ കൗതുകം ഉണ്ടാക്കിയിട്ടുണ്ട് 'അമ്മ'.
എല്ലാരും ഉണരും മുമ്പേ അടുക്കളയിൽ നിന്നാണ് അമ്മയുടെ ദിവസം തുടങ്ങുന്നത്. വീട്ടിലെ ജോലികളെല്ലാം തീർത്ത് ധൃതിയിൽ സ്കൂളിലേക്കു ഓടുമ്പോൾ ഒരു നൂറുകൂട്ടം കാര്യങ്ങളാവും അമ്മേടെ തലയിൽ.
"അച്ഛാ മരുന്ന് മേശപ്പുറത്തുണ്ട്, മറക്കാതെ കഴിക്കണം ട്ടോ ".
"മഴക്കാരണ്ട് അയേലേ തുണി നോക്കണേ അമ്മേ ".
വൈകുന്നേരം സ്കൂള് വിട്ട് വരുമ്പോ "അമ്മേ... " ന്ന് നീട്ടി വിളിക്കും. സാരി പോലും മാറാതെ അടുക്കളയിൽ പണിപ്പുരയിലാവും അമ്മ. എങ്ങാനും അമ്മേ വീട്ടിൽ കണ്ടില്ലെങ്കിലോ, പിന്നേ ആകെ സങ്കടോം കരച്ചിലും.... ഉമ്മറപ്പടിയിൽ ഗേറ്റിലേക്ക് കണ്ണിമ ചിമ്മാതെ താടിക്കു കയ്യും കൊടുത്തിരിപ്പാണ്. അമ്മ സ്കൂളിൽന്ന് ക്ഷീണിച്ചാവും വര്യാ. എന്നാലും അമ്മ എത്തിയാ പിന്നെ വീടുണരും. അന്നത്തെ വിശേഷങ്ങൾ പറയാൻ ഞാനും ചേട്ടനും മത്സരിക്കും. അമ്മുമ്മ അയൽപക്ക വിശേഷങ്ങളും പറയും. സ്കൂളിലെ ചില വികൃതികളുടെ കഥയൊക്കെ പറഞ്ഞു ചിരിക്കും. പിന്നേ ഞങ്ങളെ ഹോംവർക്ക് ചെയ്യിക്കലും പഠിപ്പിക്കലും. അമ്മയ്ക്കു എപ്പോഴും തിരക്ക് തന്നെ. ഒരേ സമയം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ അമ്മയ്ക്ക് എങ്ങനെ പറ്റുന്നു ?മുത്തച്ഛന്റെ മരുന്ന് തീരുന്നത് , എന്റെ ഓട്ടോ ഫീസ്, ചേട്ടന്റെ ട്യൂഷൻ ഫീസ്, മമ്മദ്ക്കാടെ കടേലെ പറ്റുകണക്ക് , കുറി, സ്കൂളിലെ മീറ്റിംഗ്, പിള്ളേരുടെ മാർക്ക് ഷീറ്റ്.... എന്റമ്മോ ! ഇതൊക്കെ കണ്ടു അമ്മയെ അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്. മാതാപിതാക്കൾ ദൈവതുല്യർ ആണെന്ന് മോളി ടീച്ചർ പഠിപ്പിച്ചപ്പോ "ശരിയാ... "ന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നിങ്ങളൊക്കെ പഠിച്ചു വല്യ ആൾക്കാരാവണംന്ന് ടീച്ചർ പറഞ്ഞപ്പോ എണീറ്റ് നിന്ന് "എനിക്ക് എന്റെ അമ്മേ പോലെ അയാമതി ടീച്ചറേ " ന്ന് പറഞ്ഞതും ടീച്ചർ പൊട്ടിച്ചിരിച്ചു. ഇതിലിപ്പോ ചിരിക്കാനെന്താ, ദിവ്യയും അഞ്ജലിയും വന്ദനയുമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അവർക്കും അവരടെ അമ്മേ പോലെ ആയാമതീന്ന്.
വെള്ളിയാഴ്ച്ചകളിൽ വൈകുന്നേരം അച്ഛന്റെ ഫോണിനായി ഞങ്ങൾ കാത്തിരിക്കും. അവധിക്കാലത്ത് അച്ഛൻ അവധിക്കു വരുമ്പോ ചെറിയ ഉല്ലാസയാത്രകളും പുറത്തുന്നു ഭക്ഷണവും. പക്ഷെ ആ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്ന രുചിയില്ല. അവധികഴിഞ്ഞു പോകുന്ന അച്ഛനെ നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മ ഞങ്ങളെ ചേർത്ത് പിടിക്കും. വേറെ ഒരിക്കലും ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടില്ല. വളർന്നപ്പോ ചെറിയ കരണങ്ങൾക്കു പോലും അമ്മയുമായി വഴക്കിടും, കുറച്ചു കഴിയുമ്പോ ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ഞങ്ങൾ കൂട്ടാവും.
കല്യാണം കഴിഞ്ഞു വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോ ആ കണ്ണുകൾ നിറയുന്നത് പിന്നെയും കണ്ടു. സന്തോഷത്തിന്റെ നീർത്തുള്ളി ! അമ്മ നിറവേറ്റിയിരുന്ന ഉത്തരവാദിത്തങ്ങൾ എത്രയെന്ന് ആ സ്ഥാനത്തു വരുമ്പോഴാണ് മനസിലാവുക. ഒരു കുടുംബം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ചെറിയ വേദനകളും, വയ്യായ്കയും കണ്ടില്ലെന്നു നടിച്ചു സന്തോഷിക്കുന്ന അമ്മ.
ഒരുപക്ഷേ ആ സാമീപ്യം കിട്ടാതെ വരുമ്പോഴാണ് അമ്മയുടെ സ്നേഹവും കരുതലും എത്രത്തോളമായിരുന്നു എന്ന് മനസിലാക്കപ്പെടുന്നത്. അമ്മയുടെ നുറുങ്ങുവിദ്യകൾക്കു തീർക്കാൻ പറ്റാത്ത ഒരു അസുഖവും ഉണ്ടായിട്ടില്ല. അമ്മയ്ക്ക് എന്നും ശക്തിയും പിന്തുണയും കൊടുക്കുന്നത് അച്ഛൻ തന്നെയാണ്. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ഏതു വേദനയിലും കുളിരേകാൻ അമ്മയ്ക്ക് മാത്രേ പറ്റൂ.
പ്രത്യുഷ മുകുന്ദൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക