Slider

ഗൃഹാതുരത്വം

0

ഒരു പൂരക്കാലത്ത് നാട്ടിലേക്ക് ലീവിന് പോകണം... നാട്ടിലെ പൂരപ്പറമ്പുകളിൽ എല്ലാം എത്തണം... കാള വേലക്കൊപ്പം ദേശക്കാളയുടെ കൂടെ ആർത്തുവിളിച്ച് നടക്കണം...
കുടമാറ്റം കാണണം.. ആനകൾ ഇങ്ങനെ നിരന്നു നിന്നു പല വർണ്ണങ്ങളിലുള്ള കുടകൾ മാറുന്ന നിറമുള്ള കാഴ്ച... പൂരപ്പറമ്പിൽ ഒരുങ്ങിയ കച്ചവടക്കാരുമായി വിലപേശണം.. പൊരിയും മുറുക്കും വാരി തിന്നണം.. (അവര് കാണാതെ).. പിന്നീട് അവരുടെ അടുത്തു നിന്ന് തന്നെ വാങ്ങണം .. വിലപേശി കരിവളകളും മുത്തുമാലകളും വാങ്ങണം... വർണ്ണങ്ങളിൽ മാരിവില്ല് തീർക്കുന്ന വെടിക്കെട്ട് കാണണം.. അതിന്റെ ശബ്ദം ചെവികളിൽ മുഴങ്ങണം.. നിറക്കാഴ്ചകൾ കാണണം... രാത്രി നാടകം കാണാൻ പുല്ലുപായയും തലയിണയുമായി വരുന്നവരെ നോക്കി അങ്ങനെ നിൽക്കണം.. നാടകം തുടങ്ങിയാൽ അവിടെ എവിടെയെങ്കിലും ഒരു മൂലയിൽ നിന്ന് ആകാംക്ഷയോടെ കാണണം.... അവസാനം പൊരിയും മുറുക്കും ഹലുവയും മുട്ടായിപ്പവും വാങ്ങി വീട്ടിലെത്തണം..
ചവിട്ടു കളിയും കാണണം.. താളത്തിലുള്ള വായ്പ്പാട്ടും തെറ്റാത്ത ചുവടുകളുമായി ദേശപ്പെരുമയെയും കാടിനെയും പുഴകളെയും പൂരങ്ങളെയും വർണ്ണിച്ചു കൊണ്ടുള്ള നൊടിയിടയിൽ മിനഞ്ഞെടുക്കുന്ന പാട്ടുകൾ... പറ്റിയാൽ അവരോടൊപ്പം താളം ചവിട്ടണം..
മഴക്കാലവും കൂടി നാട്ടിൽ കൂടണം.. പുതുമഴ പെയ്യുമ്പോൾ വരണ്ട് ഉണങ്ങിയ മണ്ണിൽ നിന്നുള്ള മണം മൂക്കിൽ അടിച്ചുകയറണം.. തോടുകളും പുഴകളും വെള്ളം നിറയണം.. തോടും പാടവും ഒന്നാകണം. നിറഞ്ഞു ഒഴികി വരുന്ന തോടിന്റെ കരയിൽ നിൽക്കണം.. വെള്ളത്തിൽ ഒലിച്ചു വരുന്ന തേങ്ങകൾ എടുക്കണം.. അവിടെ തന്നെ കല്ലിൽ എറിഞ്ഞു ഉടച്ച് തിന്നണം.. വെള്ളത്തിൽ ഒഴുക്കി വരുന്ന കോഴികളെ കരക്കക്കത്തിക്കണം.. തോട്ടിൽ ചാടി മഥിക്കണം..
രാത്രിയിൽ ഏറ്റുമീൻ പിടിക്കാൻ പോകണം.. കൈ തോടുകളിലും പാടങ്ങളിലുമെല്ലാം.. പെട്രോ മാക് സോ കുപ്പിപ്പന്തമോ വേണം.. (പണ്ട്... ഇപ്പോൾ ടോർച്ചുകൾ)...
രാത്രി തന്നെ കറി വെച്ച് കഴിക്കണം..ഉമ്മാനെ വിളിക്കുമ്പോൾ മുഖം കറുക്കും.( കുളിയും നനയും കഴിഞ്ഞാൽ തന്നെ സ്ത്രീകൾക്ക് മീൻ നന്നാക്കാൻ മടിയാണല്ലോ.. അപ്പോൾ പിന്നെ പാതിരാത്രിയിലെ കഥ).. പറ്റുകയാണെങ്കിൽ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്ത് കഴിക്കണം.. ( ഹാവൂ...)
വെള്ളം നിറഞ്ഞ പാടത്ത് രണ്ട് ഭാഗത്തും ഓരോ ഗോൾ പോസ്റ്റ് നാട്ടണം.. വെള്ളത്തിൽ പന്ത് കളിക്കണം.. ചേറിൽ ആറാടണം.. ചളി പുരണ്ട ഡ്രസ്സുമായി വീട്ടിലെത്തണം.. കെട്ടിയവരാണെങ്കിൽ കെട്ടിയോളുടെ പഞ്ഞിക്കിടൽ സഹിക്കാൻ മനസ്സിനെ പ്രാപ്തനാക്കണം. കെട്ടാത്തവർ ഉമ്മയുടെ വാടിയ മുഖം കണ്ടാൽ മതിയാകും .( ഉമ്മ നമ്മടെ മുത്തല്ലേ)..
മഴക്കാലത്ത് രാവിലെ നേരത്തെ എണീക്കണം. തൊടുവിലൂടെ ഇറങ്ങി നടക്കണം. രാത്രി പെയ്ത മഴയിൽ ഭൂമിയിൽ വീണാൽ അലിഞ്ഞു ഇല്ലാതാകുമെന്ന് പേടിച്ചിട്ടോ അതോ അവളോടുള്ള പ്രണയം കൊണ്ടോ ആവോ ചെറിയ മരങ്ങളുടെ ഇലകളിൽ തങ്ങിനിൽക്കുന്ന മഴത്തുള്ളികളെ കുലുക്കി ചാടിക്കണം.. അത് കൊണ്ട് നനയണം..
രാവിലെ നാട്ടിൻ പുറങ്ങളിലെ ചായക്കടകളിലെത്തണം. ചൂടുള്ള ഒരു ചായ കുടിക്കണം. പത്രം വായിക്കാം.. കാരണവന്മാരുടെ ലോകത്തുള്ള സകലമാന കാര്യങ്ങളെ പറ്റിയുള്ള ചർച്ചകൾ കേൾക്കാം. അവരോടൊപ്പം സൊറ പറഞ്ഞ് ഇരിക്കാം..അങ്ങനെ അങ്ങനെ..
പിന്നെ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കാം.. അതിന്റെ പേരിൽ ചിലപ്പോൾ ഭാര്യയുമായി പിണങ്ങേണ്ടി വരും. പിണക്കം തീർത്ത് ഒന്നാകണം.. (പിണക്കങ്ങൾ തീർന്ന് ഒന്നാകുന്ന നിമിഷങ്ങൾ എത്ര മനോഹരം )... പിന്നെ തങ്ങളുടേതായ ഒരു ലോകം തീർക്കണം.. അവളോടൊത്ത് കറങ്ങണം.. വേണമെങ്കിൽ പൂമരം ഒരു കപ്പലും ഉണ്ടാക്കാം...
ഉമ്മയുടെ മടിയിൽ തല വെച്ച് അങ്ങനെ കിടക്കണം.. നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് കൊണ്ട്.. കുട്ടികളുമായി കളിക്കണം.അവരെ തോളിലേറ്റി നടക്കണം.. നിലത്ത് മുട്ട് കുത്തി നിന്ന് അവരെ പുറത്ത് കയറ്റണം. നാം അവർക്ക് ആനയാകണം..
ഇടയ്ക്ക് ഭാര്യയെ വിരുന്നിന് പറഞ്ഞയക്കണം.. കൂട്ടുകാരുമൊത്ത് ബൈക്കിൽ ഒരു സെക്കന്റ് ഷോ ക്ക് ഒക്കെ പോകണം..തട്ടുകടയിൽ കയറണം. ചൂടുള്ള പരിപ്പ് വടയും കപ്പയും ബോട്ടിയും മിക്സ് ചെയ്തത് ഒക്കെ കഴിക്കണം. തിരിച്ച് പോരുമ്പോൾ ചിലപ്പോൾ ഹെൽമറ്റ് വേട്ടക്കാർ കൈ കാണിച്ചേക്കാം. നിർത്താതെ മിന്നിച്ചേക്കണം.( പിന്നാലെ വന്ന് പിടിക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു ദിവസം ലോക്കപ്പിലെ കൊതുകുകടി കൊണ്ടു കിടക്കാം.. നമ്മുടെ ഭാഗ്യം പോലിരിക്കും)
മാമ്പഴ കാലവും കൂടി കിട്ടണം... നമ്മുടെ വീട്ടിലുണ്ടെങ്കിലും ആരാന്റെ പറമ്പിലെ മാവിന് കല്ലെറിയണം.. കാർന്നോരുടെ വായയിലുള്ളത് മുഴുവൻ കേൾക്കണം..
പഴുത്ത ചക്ക തിന്ന് മടുക്കണം.. അങ്ങനെ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ..
എനിക്ക് മടങ്ങണം.. നിറമുള്ള ഓർമ്മളുടെ എന്റെ ബാല്യത്തിലേക്ക്.. എന്റെ നാട്ടിലേക്ക്.. ഓരോ പ്രവാസിയുടെയും ആഗ്രഹം പോലെ തന്നെ..
എനിക്ക് നഷ്ടമായ നിറമുള്ള ജീവിതത്തിന്റെ ആഴം എത്ര വലുതാണ് പ്രവാസമേ.. എന്നിരുന്നാലും എനിക്ക് സങ്കടമില്ല. എന്റെ ഒരു കൊച്ചു കൂരയെന്ന മോഹം സാക്ഷാൽകരിച്ച് തന്നതും നീ തന്നെയല്ലേ....

By
Mansoor PMNA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo