Showing posts with label പ്രത്യുഷ മുകുന്ദൻ. Show all posts
Showing posts with label പ്രത്യുഷ മുകുന്ദൻ. Show all posts

ശ്രീക്കുട്ടി


ശ്രീക്കുട്ടി
സമയം 8 കഴിഞ്ഞിരിക്കുന്നു. ഇന്നും ഓഫീസിൽ നിന്നിറങ്ങാൻ വൈകി. ജീവിതത്തിന്റെ പകുതിയിലധികവും ഈ കമ്പനി വിഴുങ്ങിയിരിക്കുന്നു. നാളെയേതായാലും സുജയേം മോളേം കൂട്ടി അമ്മേ കാണാൻ പോണം. ഓരോന്ന് ചിന്തിച്ചു വീട്ടിലെത്തിയത് അറിഞ്ഞില്ല.
" സുജേ....
ശ്രീക്കുട്ടീ..."
ഇതെന്താ ഒരു അനക്കോം ഇല്ലല്ലോ.
" നീ ഇവിടെയാണോ... എന്താ വിളിച്ചിട്ട് കേൾക്കാഞ്ഞേ... ?"
സുജ പതിവ് പോലെ പാചകപ്പുരയിൽ.
"മോളെവിടെ ?"
"മുറിയിൽ കാണും. "
മറുപടി അത്ര പന്തിയല്ലല്ലോ.
"നീ മാറ് ഞാൻ പരത്താം ചപ്പാത്തി. " ഒന്നെറിഞ്ഞു നോക്കി.
"വേണ്ട മധുവേട്ടാ, ക്ഷീണിച്ചു വന്നതല്ലേ. കുളിച്ചു വരൂ. ആഹാരം എടുത്തു വയ്ക്കാം. "
ആ അപ്പൊ അമ്മയും മോളും തമ്മിലാണ് പ്രശനം. ഇതിവിടെ പതിവാണ്.
" എന്താ പ്രശനം ?"
"അവൾക്കു ആനുവൽഡേയ്ക്ക് പുതിയ ഡ്രസ്സ് വേണമെന്ന്. എപ്പോളും ഇങ്ങനെ എടുക്കാൻ നിന്നാലെങ്ങനാ ?"
"അതിനെന്താ സുജേ, ഒരെണ്ണം എടുക്കാലോ. "
ഉള്ളത് ഇട്ടു പോയ മതീന്ന് പറഞ്ഞപ്പോ എന്തൊക്കെയാ പറഞ്ഞെന്നു അറിയോ മധുവേട്ടന്... എന്റെ ഒരിഷ്ടവും
സാധിച്ചു തരില്ല... എന്നോട് ആർക്കും ഇഷ്ടമില്ല....ഞാൻ ഇവിടത്തെയല്ല...എന്നൊക്കെ "
"നീ കരയല്ലേ അവള് കുട്ടിയല്ലേ. "
ഒരു വിധം ആശ്വസിപ്പിച്ചു. മുറിയിൽ ചെന്ന് നോക്കീപ്പോ മോളുറങ്ങിയിരിക്കുന്നു. അമ്മയോടുള്ള വാശിക്ക് അത്താഴം കഴിച്ചിട്ടില്ല. അന്ന് രാത്രി ഉറക്കം വന്നില്ല. എപ്പോഴും പരാതിയാണ് ശ്രീക്കുട്ടിക്ക്. പതിമൂന്നു വയസ്സായ തന്റെ മകൾ ഇതൊക്കെ പറയുന്ന കേൾക്കുമ്പോ ഉള്ളിൽ വല്ലാത്ത നീറ്റലാണ്. എപ്പോഴും നല്ല മാതാപിതാക്കളാവാൻ ഒരുപാട് ശ്രമിക്കുന്നുമുണ്ട്, എന്നിട്ടും...
അടുത്ത ദിവസം താൻ എഴുന്നേറ്റ് വരുമ്പോൾ ശ്രീക്കുട്ടി ഹാളിൽ ഇരുന്നു ടിവി കാണുന്നുണ്ട്. മുഖം കടന്നല് കുത്തിയ പോലെ.
"ശ്രീക്കുട്ടി... "
കേട്ടഭാവമില്ല. പെണ്ണിന്റെ ഒരു വാശി.
"ശ്രീക്കുട്ടി... !"
തറപ്പിച്ചു വിളിക്കേണ്ടി വന്നു. വിളികേട്ടതും ഞെട്ടിത്തിരിഞ്ഞു നോക്കി.
"ഇന്ന് നമുക്ക് ഒരിടം വരെ പോണം. വേഗം റെഡിയായി വാ."
പ്രകൃതി ഇരുണ്ടു നിന്നു. എപ്പോ വേണമെങ്കിലും നിലം പതിക്കാനായി കാത്തു നിൽക്കുന്ന കാർമേഘങ്ങൾ. കാറിന്റെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയാണ് ശ്രീക്കുട്ടി. മോളുടെ നിശബ്ദത കുറച്ചൊന്നുമല്ല തന്നെ വേദനിപ്പിക്കുന്നത്. കുറച്ചു നേരത്തിനുള്ളിൽ ഒരു ഓടുമേഞ്ഞ കെട്ടിടത്തിന് മുന്നിൽ കാർ ചെന്ന് നിന്നു. തുരുമ്പു പിടിച്ച ഗേറ്റിൽ ഒരു ബോർഡ് തൂങ്ങി കിടന്നു.
'അനാഥ മന്ദിരം.' ശ്രീക്കുട്ടി അച്ഛനെ നോക്കി. അയാൾ കാറ് നിറുത്തി ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. പിന്നാലെ ശ്രീക്കുട്ടിയും.
"ആരാ.... എന്ത് വേണം ?"
അൻപതിലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്.
" എന്റെ പേര് മധു. ഇതെന്റെ മോളാണ്. ഈ സ്ഥാപനത്തെപ്പറ്റി സുഹൃത്ത് വഴിയാണറിഞ്ഞത്. ഇതിന്റെ നന്മയ്ക്കായി എന്തെങ്കിലും ചെയ്താൽ കൊള്ളാമെന്നുണ്ട്. "
"ഓ.... വളരെ സന്തോഷം. വരൂ."
കാര്യങ്ങളൊക്കെ സംസാരിച്ചു തിരികെ പോരുന്നതുവരെ ശ്രീക്കുട്ടി അയാളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവളുടെ മുഖം വല്ലാതെ വിളറി, അവിടെ കളിക്കുന്ന ഓരോ കുട്ടികയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. സ്വന്തമെന്നു പറയാൻ ആരോരുമില്ലാത്ത പിഞ്ചു ബാല്യങ്ങൾ...
" ഞാനൊരു നിർദ്ദേശം പറയട്ടെ ?"
പറഞ്ഞോളൂ എന്ന മട്ടിൽ അവര് തലയാട്ടി.
" ഗേറ്റിൽ തൂക്കിയിരിക്കുന്ന 'അനാഥ മന്ദിരം ' എന്ന ബോർഡ് മാറ്റിക്കൂടെ ? ഈ കുട്ടികൾ ഒരിക്കലും അനാഥരല്ല. ഉള്ളിൽ നന്മയുള്ള നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഈ കുഞ്ഞുങ്ങൾ അനാഥരാവുന്നതെങ്ങനെ ?ഇതൊരു പൂങ്കാവനമാണ്. ഓരോ കുട്ടിയും മനോഹരമായ പൂമ്പാറ്റയും. പറ്റുമെങ്കിൽ ആ ബോർഡ് മാറ്റണം. ഇതെന്റെ മാത്രം അഭിപ്രായമാണ്. "
ആ സ്ത്രീ എന്റെ അഭിപ്രായം ഉറപ്പായും പരിഗണിക്കാമെന്ന് വാക്ക് നൽകി. അവിടെ നിന്നും തിരിക്കുമ്പോൾ ശ്രീക്കുട്ടി എന്തൊക്കെയോ ചിന്തിച്ചിരിക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്തെത്തി. സുജ പുറത്തേക്കു വന്നു.
"അമ്മേ...ശ്രീക്കുട്ടി ഓടിയിറങ്ങി അവളെ കെട്ടിപിടിച്ചു കരഞ്ഞു.
"അച്ഛാ... "
പിന്നെയൊരു കൂട്ടക്കരച്ചിൽ.
പെയ്യാൻ വെമ്പിനിന്ന നീർത്തുള്ളികൾ ഭൂമിയിൽ പതിച്ചു. മഴത്തുള്ളികൾ ഭൂമിയിൽ ചിതറിത്തെറിക്കുമ്പോൾ, കുഞ്ഞു അമ്മയുടെ കവിളിൽ മുത്തമിടുകയാണെന്നു തോന്നും.
ആ പൂങ്കാവനത്തിൽ നിന്നു തിരികെയിറങ്ങിയപ്പോൾ തനിക്കു കിട്ടിയത് പുതിയൊരു പൂമ്പാറ്റയെയാണ്.
പ്രത്യുഷ മുകുന്ദൻ

അമ്മ


അറിവ് വച്ച കാലം മുതൽ തന്നിൽ ഏറെ കൗതുകം ഉണ്ടാക്കിയിട്ടുണ്ട് 'അമ്മ'.
എല്ലാരും ഉണരും മുമ്പേ അടുക്കളയിൽ നിന്നാണ് അമ്മയുടെ ദിവസം തുടങ്ങുന്നത്. വീട്ടിലെ ജോലികളെല്ലാം തീർത്ത്‌ ധൃതിയിൽ സ്കൂളിലേക്കു ഓടുമ്പോൾ ഒരു നൂറുകൂട്ടം കാര്യങ്ങളാവും അമ്മേടെ തലയിൽ.
"അച്ഛാ മരുന്ന് മേശപ്പുറത്തുണ്ട്, മറക്കാതെ കഴിക്കണം ട്ടോ ".
"മഴക്കാരണ്ട്‌ അയേലേ തുണി നോക്കണേ അമ്മേ ".
വൈകുന്നേരം സ്കൂള് വിട്ട് വരുമ്പോ "അമ്മേ... " ന്ന് നീട്ടി വിളിക്കും. സാരി പോലും മാറാതെ അടുക്കളയിൽ പണിപ്പുരയിലാവും അമ്മ. എങ്ങാനും അമ്മേ വീട്ടിൽ കണ്ടില്ലെങ്കിലോ, പിന്നേ ആകെ സങ്കടോം കരച്ചിലും.... ഉമ്മറപ്പടിയിൽ ഗേറ്റിലേക്ക് കണ്ണിമ ചിമ്മാതെ താടിക്കു കയ്യും കൊടുത്തിരിപ്പാണ്. അമ്മ സ്കൂളിൽന്ന് ക്ഷീണിച്ചാവും വര്യാ. എന്നാലും അമ്മ എത്തിയാ പിന്നെ വീടുണരും. അന്നത്തെ വിശേഷങ്ങൾ പറയാൻ ഞാനും ചേട്ടനും മത്സരിക്കും. അമ്മുമ്മ അയൽപക്ക വിശേഷങ്ങളും പറയും. സ്കൂളിലെ ചില വികൃതികളുടെ കഥയൊക്കെ പറഞ്ഞു ചിരിക്കും. പിന്നേ ഞങ്ങളെ ഹോംവർക്ക് ചെയ്യിക്കലും പഠിപ്പിക്കലും. അമ്മയ്ക്കു എപ്പോഴും തിരക്ക് തന്നെ. ഒരേ സമയം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ അമ്മയ്ക്ക് എങ്ങനെ പറ്റുന്നു ?മുത്തച്ഛന്റെ മരുന്ന് തീരുന്നത് , എന്റെ ഓട്ടോ ഫീസ്, ചേട്ടന്റെ ട്യൂഷൻ ഫീസ്, മമ്മദ്ക്കാടെ കടേലെ പറ്റുകണക്ക് , കുറി, സ്കൂളിലെ മീറ്റിംഗ്, പിള്ളേരുടെ മാർക്ക് ഷീറ്റ്.... എന്റമ്മോ ! ഇതൊക്കെ കണ്ടു അമ്മയെ അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്. മാതാപിതാക്കൾ ദൈവതുല്യർ ആണെന്ന് മോളി ടീച്ചർ പഠിപ്പിച്ചപ്പോ "ശരിയാ... "ന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നിങ്ങളൊക്കെ പഠിച്ചു വല്യ ആൾക്കാരാവണംന്ന് ടീച്ചർ പറഞ്ഞപ്പോ എണീറ്റ് നിന്ന് "എനിക്ക് എന്റെ അമ്മേ പോലെ അയാമതി ടീച്ചറേ " ന്ന് പറഞ്ഞതും ടീച്ചർ പൊട്ടിച്ചിരിച്ചു. ഇതിലിപ്പോ ചിരിക്കാനെന്താ, ദിവ്യയും അഞ്ജലിയും വന്ദനയുമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അവർക്കും അവരടെ അമ്മേ പോലെ ആയാമതീന്ന്.
വെള്ളിയാഴ്ച്ചകളിൽ വൈകുന്നേരം അച്ഛന്റെ ഫോണിനായി ഞങ്ങൾ കാത്തിരിക്കും. അവധിക്കാലത്ത്‌ അച്ഛൻ അവധിക്കു വരുമ്പോ ചെറിയ ഉല്ലാസയാത്രകളും പുറത്തുന്നു ഭക്ഷണവും. പക്ഷെ ആ ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്ന രുചിയില്ല. അവധികഴിഞ്ഞു പോകുന്ന അച്ഛനെ നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അമ്മ ഞങ്ങളെ ചേർത്ത് പിടിക്കും. വേറെ ഒരിക്കലും ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടില്ല. വളർന്നപ്പോ ചെറിയ കരണങ്ങൾക്കു പോലും അമ്മയുമായി വഴക്കിടും, കുറച്ചു കഴിയുമ്പോ ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ഞങ്ങൾ കൂട്ടാവും.
കല്യാണം കഴിഞ്ഞു വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോ ആ കണ്ണുകൾ നിറയുന്നത് പിന്നെയും കണ്ടു. സന്തോഷത്തിന്റെ നീർത്തുള്ളി ! അമ്മ നിറവേറ്റിയിരുന്ന ഉത്തരവാദിത്തങ്ങൾ എത്രയെന്ന് ആ സ്ഥാനത്തു വരുമ്പോഴാണ് മനസിലാവുക. ഒരു കുടുംബം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ചെറിയ വേദനകളും, വയ്യായ്കയും കണ്ടില്ലെന്നു നടിച്ചു സന്തോഷിക്കുന്ന അമ്മ.
ഒരുപക്ഷേ ആ സാമീപ്യം കിട്ടാതെ വരുമ്പോഴാണ് അമ്മയുടെ സ്നേഹവും കരുതലും എത്രത്തോളമായിരുന്നു എന്ന് മനസിലാക്കപ്പെടുന്നത്. അമ്മയുടെ നുറുങ്ങുവിദ്യകൾക്കു തീർക്കാൻ പറ്റാത്ത ഒരു അസുഖവും ഉണ്ടായിട്ടില്ല. അമ്മയ്ക്ക് എന്നും ശക്തിയും പിന്തുണയും കൊടുക്കുന്നത് അച്ഛൻ തന്നെയാണ്. ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ഏതു വേദനയിലും കുളിരേകാൻ അമ്മയ്ക്ക് മാത്രേ പറ്റൂ.
പ്രത്യുഷ മുകുന്ദൻ

ഭ്രാന്തി


ഓർമ വച്ച കാലം മുതൽ ഞാനവരെ കാണുന്നതാണ്. സ്കൂളിൽ ഉച്ചയ്ക്ക് കഞ്ഞി വിളമ്പുമ്പോൾ ബാക്കി വരുന്ന കഞ്ഞിക്കായി കാത്തു നിൽക്കുന്നതും, കാവിലെ ആലിന്റെ ചുവട്ടിലും, അമ്പലപ്പറമ്പിലും, അങ്ങനെ പലയിടത്തും... ഒട്ടി മെലിഞ്ഞ ശരീരം, നരപൊന്തിയ പറന്ന മുടി, മുൻനിരയിൽ ആകെ രണ്ടുപല്ല്. തോളത്ത് ഒരു തുണിസഞ്ചിയും കയ്യിൽ ഒരു നീണ്ട ഉണക്കവടിയും എപ്പോളും കാണും. നാട്ടുകാർ അവരെ "ഭ്രാന്തി" എന്നാണു വിളിക്കുക. അവരുടെ കയ്യിലെ വടി കുട്ടികളെ തല്ലാനാണത്രേ!
ഒരു പരീക്ഷാക്കാലം, അവസാനത്തെ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരൊത്തു കളിക്കാനുള്ള ആവേശത്തിൽ വീട്ടിലേക്ക് ഓടുകയാണ്. പോകുന്ന വളവിൽ റോഡിലേക്ക് തണൽ വിരിച്ചു നിൽക്കുന്ന അയിനിമരം. അതിന്റെ ചില്ലയിൽ പഴന്തുണിക്കെട്ടു പോലെ പടകൂറ്റൻ കടന്നൽക്കൂട്. "അയ്യോ... കടന്നൽക്കൂട്‌ ഇളക്യേ..... "ഏതോ വികൃതിക്കുട്ടൻ കല്ലെറിഞ്ഞതാണ്‌. എല്ലാരും ഓടി. പിറകിൽ നിന്നു കേട്ട കരച്ചിൽ അപരിചിതമായതുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി. "അയ്യോ... അതവരല്ലേ...?"
"ഭ്രാന്തീനേ കടന്നല് കുത്തിയേ..." കുട്ടികൾ കൈകൊട്ടി ചിരിക്കുകയാണ്. പിന്നീട് കുറച്ചു ദിവസം വല്ലാത്ത വിഷമമായിരന്നു.
"കടന്നല് കുത്ത്യാ മരിയ്ക്കോ ?"
വേനലവധിക്ക് അമ്പലപ്പറമ്പിലെ മൂവാണ്ടൻമാവിൽ നിറയെ കണ്ണിമാങ്ങയുണ്ടാവും. ഉപ്പും കൂട്ടി തിന്നാൻ നല്ല രസാ. കൂട്ടുകാരൊത്ത് നട്ടുച്ചയ്ക്ക് കല്ലെറിയൽ പതിവാണ്.
"ഇനി ഞാൻ എറിയാം... എല്ലാരും മാറി നിന്നോ..... "
സൂര്യരശ്മി കണ്ണിൽ തട്ടി കല്ല് എന്റെ നെറ്റിയിൽ തന്നെ പതിച്ചു.
"ദേ... ഭ്രാന്തി വരുന്നു... ഓടിക്കോ.... " കൂട്ടുകാരെല്ലാം അവരെക്കണ്ട് ഓടി. ഞാൻ മാത്രം ഓടിയില്ല. " ഇല്ല! മരിച്ചിട്ടില്ല!"
മനസിലെ സന്തോഷം എന്റെ മുഖത്ത് പ്രകാശിച്ചു. അവരെന്റെയടുത്ത് വന്നു.ഞാൻ നെറ്റിയിൽ അമർത്തി വച്ച കൈ മാറ്റി അവരെ നോക്കി. തുണിസഞ്ചിയിൽ നിന്ന്‌ ഒരോറഞ്ച് എടുത്ത് എന്റെ നേർക്ക് നീട്ടി.
"കഴിച്ചോ... " അവരുടെ മുഖത്ത് വാത്സല്യത്തിന്റെ വെളിച്ചം ഞാൻ കണ്ടു.
"എന്റെ ഉണ്ണി വരുമ്പോ കൊടുക്കാൻ വച്ചതാ...എടുത്തോ."
ആ സ്ത്രീയുടെ കണ്ണിൽ നിന്ന് രണ്ടുതുള്ളി ഇറ്റു വീണു. അകലങ്ങളിലേക്ക് നടന്നകലുന്ന അവരെ ഭ്രാന്തിയെന്ന് വിളിക്കാൻ തോന്നീല്ല. നീരുവറ്റിയ ഓറഞ്ചിന് ആ അമ്മയുടെ കണ്ണീരിന്റെ ഉപ്പുരസമാണെന്നെനിക്ക് തോന്നി...
പ്രത്യുഷ മുകുന്ദൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo