നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രീക്കുട്ടി


ശ്രീക്കുട്ടി
സമയം 8 കഴിഞ്ഞിരിക്കുന്നു. ഇന്നും ഓഫീസിൽ നിന്നിറങ്ങാൻ വൈകി. ജീവിതത്തിന്റെ പകുതിയിലധികവും ഈ കമ്പനി വിഴുങ്ങിയിരിക്കുന്നു. നാളെയേതായാലും സുജയേം മോളേം കൂട്ടി അമ്മേ കാണാൻ പോണം. ഓരോന്ന് ചിന്തിച്ചു വീട്ടിലെത്തിയത് അറിഞ്ഞില്ല.
" സുജേ....
ശ്രീക്കുട്ടീ..."
ഇതെന്താ ഒരു അനക്കോം ഇല്ലല്ലോ.
" നീ ഇവിടെയാണോ... എന്താ വിളിച്ചിട്ട് കേൾക്കാഞ്ഞേ... ?"
സുജ പതിവ് പോലെ പാചകപ്പുരയിൽ.
"മോളെവിടെ ?"
"മുറിയിൽ കാണും. "
മറുപടി അത്ര പന്തിയല്ലല്ലോ.
"നീ മാറ് ഞാൻ പരത്താം ചപ്പാത്തി. " ഒന്നെറിഞ്ഞു നോക്കി.
"വേണ്ട മധുവേട്ടാ, ക്ഷീണിച്ചു വന്നതല്ലേ. കുളിച്ചു വരൂ. ആഹാരം എടുത്തു വയ്ക്കാം. "
ആ അപ്പൊ അമ്മയും മോളും തമ്മിലാണ് പ്രശനം. ഇതിവിടെ പതിവാണ്.
" എന്താ പ്രശനം ?"
"അവൾക്കു ആനുവൽഡേയ്ക്ക് പുതിയ ഡ്രസ്സ് വേണമെന്ന്. എപ്പോളും ഇങ്ങനെ എടുക്കാൻ നിന്നാലെങ്ങനാ ?"
"അതിനെന്താ സുജേ, ഒരെണ്ണം എടുക്കാലോ. "
ഉള്ളത് ഇട്ടു പോയ മതീന്ന് പറഞ്ഞപ്പോ എന്തൊക്കെയാ പറഞ്ഞെന്നു അറിയോ മധുവേട്ടന്... എന്റെ ഒരിഷ്ടവും
സാധിച്ചു തരില്ല... എന്നോട് ആർക്കും ഇഷ്ടമില്ല....ഞാൻ ഇവിടത്തെയല്ല...എന്നൊക്കെ "
"നീ കരയല്ലേ അവള് കുട്ടിയല്ലേ. "
ഒരു വിധം ആശ്വസിപ്പിച്ചു. മുറിയിൽ ചെന്ന് നോക്കീപ്പോ മോളുറങ്ങിയിരിക്കുന്നു. അമ്മയോടുള്ള വാശിക്ക് അത്താഴം കഴിച്ചിട്ടില്ല. അന്ന് രാത്രി ഉറക്കം വന്നില്ല. എപ്പോഴും പരാതിയാണ് ശ്രീക്കുട്ടിക്ക്. പതിമൂന്നു വയസ്സായ തന്റെ മകൾ ഇതൊക്കെ പറയുന്ന കേൾക്കുമ്പോ ഉള്ളിൽ വല്ലാത്ത നീറ്റലാണ്. എപ്പോഴും നല്ല മാതാപിതാക്കളാവാൻ ഒരുപാട് ശ്രമിക്കുന്നുമുണ്ട്, എന്നിട്ടും...
അടുത്ത ദിവസം താൻ എഴുന്നേറ്റ് വരുമ്പോൾ ശ്രീക്കുട്ടി ഹാളിൽ ഇരുന്നു ടിവി കാണുന്നുണ്ട്. മുഖം കടന്നല് കുത്തിയ പോലെ.
"ശ്രീക്കുട്ടി... "
കേട്ടഭാവമില്ല. പെണ്ണിന്റെ ഒരു വാശി.
"ശ്രീക്കുട്ടി... !"
തറപ്പിച്ചു വിളിക്കേണ്ടി വന്നു. വിളികേട്ടതും ഞെട്ടിത്തിരിഞ്ഞു നോക്കി.
"ഇന്ന് നമുക്ക് ഒരിടം വരെ പോണം. വേഗം റെഡിയായി വാ."
പ്രകൃതി ഇരുണ്ടു നിന്നു. എപ്പോ വേണമെങ്കിലും നിലം പതിക്കാനായി കാത്തു നിൽക്കുന്ന കാർമേഘങ്ങൾ. കാറിന്റെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയാണ് ശ്രീക്കുട്ടി. മോളുടെ നിശബ്ദത കുറച്ചൊന്നുമല്ല തന്നെ വേദനിപ്പിക്കുന്നത്. കുറച്ചു നേരത്തിനുള്ളിൽ ഒരു ഓടുമേഞ്ഞ കെട്ടിടത്തിന് മുന്നിൽ കാർ ചെന്ന് നിന്നു. തുരുമ്പു പിടിച്ച ഗേറ്റിൽ ഒരു ബോർഡ് തൂങ്ങി കിടന്നു.
'അനാഥ മന്ദിരം.' ശ്രീക്കുട്ടി അച്ഛനെ നോക്കി. അയാൾ കാറ് നിറുത്തി ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. പിന്നാലെ ശ്രീക്കുട്ടിയും.
"ആരാ.... എന്ത് വേണം ?"
അൻപതിലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്.
" എന്റെ പേര് മധു. ഇതെന്റെ മോളാണ്. ഈ സ്ഥാപനത്തെപ്പറ്റി സുഹൃത്ത് വഴിയാണറിഞ്ഞത്. ഇതിന്റെ നന്മയ്ക്കായി എന്തെങ്കിലും ചെയ്താൽ കൊള്ളാമെന്നുണ്ട്. "
"ഓ.... വളരെ സന്തോഷം. വരൂ."
കാര്യങ്ങളൊക്കെ സംസാരിച്ചു തിരികെ പോരുന്നതുവരെ ശ്രീക്കുട്ടി അയാളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവളുടെ മുഖം വല്ലാതെ വിളറി, അവിടെ കളിക്കുന്ന ഓരോ കുട്ടികയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. സ്വന്തമെന്നു പറയാൻ ആരോരുമില്ലാത്ത പിഞ്ചു ബാല്യങ്ങൾ...
" ഞാനൊരു നിർദ്ദേശം പറയട്ടെ ?"
പറഞ്ഞോളൂ എന്ന മട്ടിൽ അവര് തലയാട്ടി.
" ഗേറ്റിൽ തൂക്കിയിരിക്കുന്ന 'അനാഥ മന്ദിരം ' എന്ന ബോർഡ് മാറ്റിക്കൂടെ ? ഈ കുട്ടികൾ ഒരിക്കലും അനാഥരല്ല. ഉള്ളിൽ നന്മയുള്ള നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഈ കുഞ്ഞുങ്ങൾ അനാഥരാവുന്നതെങ്ങനെ ?ഇതൊരു പൂങ്കാവനമാണ്. ഓരോ കുട്ടിയും മനോഹരമായ പൂമ്പാറ്റയും. പറ്റുമെങ്കിൽ ആ ബോർഡ് മാറ്റണം. ഇതെന്റെ മാത്രം അഭിപ്രായമാണ്. "
ആ സ്ത്രീ എന്റെ അഭിപ്രായം ഉറപ്പായും പരിഗണിക്കാമെന്ന് വാക്ക് നൽകി. അവിടെ നിന്നും തിരിക്കുമ്പോൾ ശ്രീക്കുട്ടി എന്തൊക്കെയോ ചിന്തിച്ചിരിക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്തെത്തി. സുജ പുറത്തേക്കു വന്നു.
"അമ്മേ...ശ്രീക്കുട്ടി ഓടിയിറങ്ങി അവളെ കെട്ടിപിടിച്ചു കരഞ്ഞു.
"അച്ഛാ... "
പിന്നെയൊരു കൂട്ടക്കരച്ചിൽ.
പെയ്യാൻ വെമ്പിനിന്ന നീർത്തുള്ളികൾ ഭൂമിയിൽ പതിച്ചു. മഴത്തുള്ളികൾ ഭൂമിയിൽ ചിതറിത്തെറിക്കുമ്പോൾ, കുഞ്ഞു അമ്മയുടെ കവിളിൽ മുത്തമിടുകയാണെന്നു തോന്നും.
ആ പൂങ്കാവനത്തിൽ നിന്നു തിരികെയിറങ്ങിയപ്പോൾ തനിക്കു കിട്ടിയത് പുതിയൊരു പൂമ്പാറ്റയെയാണ്.
പ്രത്യുഷ മുകുന്ദൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot