Slider

കുഞ്ഞനിയത്തി - ഇതൊരു അനുഭവകഥയാണ്..

0

ഇതൊരു അനുഭവകഥയാണ്..
ഇവിടെ ഒരു പാട് പേര്‍ പറഞ്ഞ കഥകളിലേപ്പോലെ എനിക്കും ഉണ്ടായിരുന്നു ഒരു അടികൊള്ളിത്തരം കൈമുതലാക്കിയ ഒരു കുഞ്ഞനിയത്തി.. അവളുടെ പേര് ശിവപ്രിയ വീട്ടില്‍ കുക്കൂ... എന്ന് നീട്ടി വിളിക്കും വിളികേള്‍ക്കണോ വിളിച്ചാല്‍ വരണോ എന്നൊക്കെ അവള്‍ തീരുമാനിക്കും അത്രക്കാണ് അനുസരണ. പിന്നെ അടികൊള്ളിത്തരം ഉണ്ടെങ്കിലും അവള്‍ ചെയ്യുന്ന എല്ലാ തോന്ന്യാസങ്ങള്‍ക്കും അടി കൊള്ളുന്നത് എനിക്കായിരിക്കും അല്ലെങ്കില്‍ എന്നെ അടികൊള്ളിക്കാനായി അവള്‍ എന്തെങ്കിലും ഒപ്പിക്കും. നമുക്ക് നൂറ് അടികിട്ടുമ്പോള്‍ അവള്‍ക്ക് ഒരെണ്ണം കിട്ടിയാലായി.. എങ്കിലും എന്റെ എല്ലാ രഹസ്യങ്ങളും അവള്‍ടെ കയ്യില്‍ ഭദ്രമായിരിക്കും
അങ്ങനെയിരിക്കെ ഒരു ക്രിസ്മസ് പരീക്ഷ വന്നെത്തി. അവള്‍ അഞ്ചാം ക്ളാസ്സില്‍ ഞാന്‍ ഒമ്പതിലും. ഞാന്‍ മനസ്സറിയാതെ അവള്‍ക്ക് ഒരു പണി കൊടുത്ത ആ ദിവസം. നാല് വയസ്സിനിളയതാണെങ്കിലും ബഹുമാനപൂര്‍വ്വം എന്നെ എടാ എന്നാണ് അവള്‍ സംബോധന ചെയ്യാറ്. അന്ന് സ്കൂളില്‍ പോകാന്‍ റെഡിയായി ഭക്ഷണം കഴിക്കുന്ന എന്നോട് അവള്‍ ആജ്ഞാപിച്ചു എടാാ.. എന്റെ പരിക്ഷപ്പേപ്പറില്‍ പേരെഴുതിത്താടാ.. രണ്ട്പേര്‍ക്കും പരീക്ഷനടക്കുന്ന സമയമാണ്.. എനിക്കാണെങ്കില്‍ സമയം പോയി നാല് കിലോമീറ്റര്‍ നടന്ന് വേണം സ്കൂളില്‍ പോകാന്‍, അവള്‍ക്ക് കഷ്ടിച്ച് ഇരുന്നൂറ് മീറ്റര്‍ പോയാല്‍ അവളുടെ സ്കൂളായി. തെറ്റില്ലാത്ത കൈയ്യക്ഷരമായിരുന്നു എന്റേത് അത് കൊണ്ടാണ് കൂട്ടുകാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ എന്നെക്കൊണ്ട് പേരെഴുതിപ്പിക്കുന്നത്. അവളുടെ ആജ്ഞ കേട്ട് അടിമുടി പെരുത്തുകേറിയെങ്കിലും എഴുതിക്കൊടുത്തില്ലെങ്കിലുണ്ടാവുന്ന ഭവിഷ്യത്തുകള്‍(അവളുടെ പാര ഏത് രൂപത്തിലാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല) ഓര്‍ത്ത് ഞാന്‍ സമയമില്ലാത്ത സമയത്തും മനോഹരമായി പേരെഴുതിക്കൊടുത്തു. പേര്, ഡിവിഷന്‍, സ്റ്റാന്ഡേര്‍ഡ്, സ്കൂള്‍, വിഷയം(സയന്‍സ്) എന്ന ക്രമത്തില്‍ വളരെ മനോഹരമായിത്തന്നെ എഴുതി. പരീക്ഷ കഴിഞ്ഞു പത്ത് ദിവസത്തെ അവധി കഴിഞ്ഞ് ക്ളാസ്സ് തുടങ്ങി. പരീക്ഷയുടെ റിസള്‍ട്ട് പരീക്ഷാപ്പേപ്പറോടെ ക്ളാസ്സില്‍ വിതരണം ചെയ്യാന്‍ തുടങ്ങി. പേപ്പര്‍ വീട്ടില്‍ കൊണ്ടുപോയി പേരന്റ്സിന്റെ ഒപ്പ് വാങ്ങിക്കൊണ്ടു വരണം അതാണ് രീതി. നമുക്ക് പൊതുവെ മാര്‍ക്കു കൂടുതല്‍ കിട്ടുന്നതുകൊണ്ട് പേപ്പര്‍ വീട്ടില്‍ കൊണ്ടുവരലും അടിവാങ്ങലും അതിനുശേഷം ഒപ്പിട്ട് തിരിച്ചു ക്ളാസ്സില്‍ കൊടുക്കലും മുറയ്ക്ക് നടന്നുകൊണ്ടിരുന്നു. ദോഷം പറയരുതല്ലോ.. അവള്‍ക്ക് എല്ലാ വിഷയത്തിനും നല്ല മാര്‍ക്കാണ് കിട്ടിക്കൊണ്ടിരുന്നത്. എനിക്കാണെങ്കില്‍ സ്കൂളില്‍നിന്നും വീട്ടില്‍ നിന്നും മാറിമാറി അടിയും പിന്നെ അവള്‍ടെ കളിയാക്കലും. പക്ഷേ അവളുടെ സയന്‍സ് പരീക്ഷയുടെ പേപ്പര്‍ കൊടുത്ത ദിവസമാണ് സംഭവത്തിന്റെ ട്വിസ്റ്റ്.
എന്റെ പഴയ ക്ളാസ്സ് ടീച്ചറായ മേരിടീച്ചറാണ് അവളുടെ സയന്‍സ് ടീച്ചര്‍. ഭയങ്കര സ്ട്രിക്റ്റ് . ടീച്ചര്‍ ചന്തിക്ക് അടിച്ചാല്‍ മിനിമം ഒന്നര മീറ്ററെങ്കിലും നമ്മള്‍ മുകളിലേക്ക് ചാടിപ്പോകും അമ്മാതിരി അടി.ടീച്ചര്‍ പരീക്ഷാപേപ്പറുകളുമായി ക്ളാസ്സില്‍ വന്നു. എല്ലാരുടെയും പേരുകള്‍ വിളിച്ച് പേപ്പര്‍ കൊടുക്കുന്നു. നമ്മുടെ അനിയത്തിക്കുട്ടിക്കുമാത്രം പേപ്പര്‍ കിട്ടുന്നില്ല. അവസാനം ഒരാളുടെ പേപ്പര്‍ മാത്രം ടീച്ചറുടെ കയ്യില്‍ ബാക്കി. ടീച്ചര്‍ വിളിച്ചുപറയുന്നു കണ്‍ഗ്രാറ്റ്സ്... ശ്രീകുമാര്‍ കെ എസ് എഴുന്നേല്‍ക്കൂ... 50-ല്‍ 49 മാര്‍ക്ക്. ആരും എഴുന്നേല്‍ക്കുന്നില്ല. ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷമാണ് ലവള്‍ക്ക് സംഗതി കത്തിയത്.. പാവം പതുക്കെ എഴുന്നേറ്റു . ടീച്ചര്‍ ചോദിക്കുന്നു ... ങ്ഹേ.. ശ്രീകുമാര്‍ എന്നു പേരുള്ള പെണ്‍കുട്ടിയോ??? വിക്കി വിക്കി പാവം കാര്യം പറയുന്നു.. ടീച്ചര്‍ ദേഷ്യംകൊണ്ട് വിറക്കുന്നു.. നിനക്ക് സ്വന്തം പേപ്പറില്‍ പേരെഴുതാന്‍ പോലും സമയമില്ലാത്ത എന്ത് പണിയാടീ വീട്ടില്‍??? അതും പോട്ടെ ആങ്ങളയെക്കൊണ്ട് പേരെഴുതിച്ചിട്ട് അത് ഒന്ന് വായിച്ച് നോക്കാന്‍ പോലും സമയം കിട്ടിയില്ലേ??? ഇങ്ങ് വാടീ... ചൂരല്‍ നാലു തവണ അവള്‍ടെ ചന്തിയില്‍ വരകള്‍ വീഴ്ത്തിക്കൊണ്ട് ഉയര്‍ന്നുതാണു. നാലുതവണ ഈ ഒന്നരമീറ്റര്‍ അവള്‍ ചാടിയെന്നുചുരുക്കം. ഹൈജംമ്പില്‍ ഈ ചാട്ടം അവള്‍ ചാടിയിരുന്നേല്‍ ഒന്നാംസ്ഥാനം കിട്ടിയേനെ.. എന്തായാലും കരഞ്ഞുവിളിച്ച് വീട്ടില്‍ വന്നു. ചുവന്നുകലങ്ങിയ കണ്ണുകളോടെ എന്നെ രൂക്ഷമായി നോക്കി.. നീ ചെവിയില്‍ നുള്ളിക്കോടാ എന്നും പറഞ്ഞു. എനിക്കാണേല്‍ ചിരി സഹിക്കാന്‍ പറ്റുന്നില്ല. നിന്നും ഇരുന്നും കിടന്നും ചിരിച്ചു.. പക്ഷേ അവള്‍ പിന്നീട് പലതവണ അതിന്റെ വൈരാഗ്യം പല രീതിയിലും തീര്‍ത്തെങ്കിലും.. സുഹൃത്തുക്കളേ... അവള്‍ കരുതിയത് ഞാന്‍ ആസൂത്രിതമായി ഒരുക്കിയ ഒരു കെണിയാണതെന്നാണ് പക്ഷേ സത്യമായും ഇപ്പോഴും ഞാന്‍ പറയുന്നു എന്റെ പരീക്ഷാപ്പേപ്പറില്‍ പേരെഴുതിയ ശീലം കൊണ്ട് അറിയാതെ അവള്‍ടെ പേപ്പറിലും എന്റെ പേരുതന്നെ എഴുതിപ്പോയതാണ്... ഇത് അവള്‍ വായിക്കാനിടയായാലെങ്കിലും സത്യം മനസ്സിലാക്കട്ടെ....
ശ്രീകുമാര്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo