നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പനിക്കഥ


ഒരു പനിക്കഥ
****************
രാവിലെ എഴുന്നേല്‍ക്കുമ്പോഴേ എന്തോ വയ്യായ്ക തോന്നി.. ചെറിയ ജലദോഷവുമുണ്ട്.. എഴുന്നേല്‍ക്കാനേ തോന്നുന്നില്ല.. കുറച്ച് നേരം കൂടി പുതപ്പിനുള്ളില്‍ ചടഞ്ഞു കൂടാന്‍ വല്ലാത്ത കൊതി തോന്നി.. പക്ഷേ പറ്റില്ലാലോ..
ഇപ്പോള്‍ത്തന്നെ ആറുമണിയായി.. ഇനിയും എഴുന്നേറ്റില്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലാകും..
പിള്ളേര്‍ക്ക് സ്കൂളുള്ള ദിവസമാണ്..
എനിക്ക് ഓഫീസിലും പോകണം..
എട്ടു മണി ആവുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റും ലഞ്ചും റെഡിയാക്കണം..
വേറെ വഴിയൊന്നും ഇല്ലാത്തതിനാല്‍ പുതപ്പ് മാറ്റി എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് പോയി..
ചോറിനുള്ള വെള്ളം അടുപ്പത്ത് വെച്ചു കൊണ്ട് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. ഇനിയും ഒരുപാട് എെറ്റംസ് അവതരിപ്പിക്കാനുണ്ട്..
ദോശ ചുടണം.. കറിക്കു നുറുക്കണം.. കറിയും ഉപ്പേരിയും ഉണ്ടാക്കണം.. ചായയുണ്ടാക്കണം.. അങ്ങനയങ്ങനെ ഒരുപാട് സ്റ്റേജിതര പരിപാടികള്‍..
എല്ലാം അങ്ങ് തകര്‍ത്തു ചെയ്യും ഞാന്‍.. അതാ പതിവ്.. ഇതൊക്കെ ഒരു വിധം ഒതുക്കിയിട്ട് വേണം അടുത്തതായി സ്റ്റേജ് പെര്‍ഫോമന്‍സിലേക്ക് കടക്കാന്‍..
അതില്‍ ഒന്നാമത്തെ എെറ്റം പാല്‍ക്കാരന്‍റെ പിന്നാലെയുള്ള ഓട്ടം.
അയാള്‍ എത്തുന്നതിനു മുന്‍പ് പാത്രവുമായി റോഡില്‍ നിന്നോളണം.. അല്ലെങ്കില്‍ അയാളങ്ങ് പോകും.. പാലു വേണമെങ്കില്‍ അയാളുടെ പിന്നാലെ ഒാടിക്കൊള്ളുക.. ഇതാണ് നമ്മുടെ പാല്‍ക്കാരന്‍റെ അലിഖിത നിയമം.. ഇത് ദിവസം പാലു വാങ്ങുന്ന വീട്ടുകാര്‍ ആയാലും അല്ലാത്തവരായാലും എല്ലാവര്‍ക്കും ഒരേ പോലെ ബാധകം..
ഇത് കഴിഞ്ഞയുടനെ എനിക്ക് അടുത്ത പരിപാടിയിലേക്ക് കടക്കണം.. അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള എെറ്റം.. രണ്ട് സന്താനങ്ങളെ പള്ളിയുണര്‍ത്തല്‍ ചടങ്ങ്.. കുത്തിയെഴുന്നേല്‍പ്പിച്ച് ബാത്ത്റൂമിലേക്ക് വിടണം..
അതിനായി നവരസങ്ങളില്‍ ചിലത് ഉപയോഗിക്കേണ്ടി വരും..
ആദ്യം ശാന്തം.. അതിനെ ഒട്ടും പ്രോത്സാഹിപ്പിക്കില്ല രണ്ടും..
അതുകൊണ്ട് ഞാന്‍ അടുത്ത രസത്തിലേക്ക് കടക്കും..
രൗദ്രം ആകുമ്പോഴേക്കും എഴുന്നേറ്റോളും.. അല്ലെങ്കില്‍ അടുത്തത് കെെ പ്രയോഗം ആയിരിക്കും എന്നു രണ്ടിനും അറിയാം..
രണ്ടാളും കുളിയൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് ഡെെനിങ്ങ് ടേബിളില്‍ റെഡി..
ഇനി അടുത്തത് ഉച്ചയ്ക്കുള്ള ഭക്ഷണം ടിഫിന്‍ ബോക്സില്‍ നിറയ്ക്കല്‍ കര്‍മ്മം.. അതിനിടയില്‍ രണ്ടാളും യൂണിഫോം ഒക്കെ ഇട്ട് റെഡിയാകുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ട്ക്ക് ചോദിച്ചു കൊണ്ടേയിരിക്കണം.. അല്ലെങ്കില്‍ രണ്ടും കൂടി ഇരുന്നു കഥ പറഞ്ഞോളും..
ആ നേരത്ത് മാത്രം പറയാനായിട്ട് ഇവര്‍ക്കെവിടുന്നാ കഥകള്‍ കിട്ടുന്നത് എന്ന് ഞാന്‍ എപ്പോളും ഓര്‍ക്കും.. അല്ലാത്തപ്പോള്‍ തല്ലുകൂടാനേ സമയമുള്ളൂ..
എല്ലാം കഴിഞ്ഞ് രണ്ടെണ്ണത്തിനെയും വണ്ടിയില്‍ കയറ്റി വിട്ടു കഴിഞ്ഞപ്പോള്‍ സമയം എട്ടര..
ഇനി എന്‍റെ കാര്യം നോക്കണം.. പണിത്തിരക്കില്‍ വയ്യായ്കയൊക്കെ മറന്നേ പോയി.. ജലദോഷമുണ്ട്.. ചെറിയ തലവേദനയും..
തല കുളിക്കണോ? ഒന്നു രണ്ടു വട്ടം ആലോചിച്ചു..
''നീയിന്നു തല കുളിക്കണ്ട'', എന്നു പറയാന്‍ ആരുമില്ലല്ലോ.. എനിക്ക് സങ്കടം വന്നു.. പറയേണ്ട ആള്‍ അങ്ങകലെ മണലാരണ്യത്തിലാണല്ലോ..
വെെകുന്നേരമേ വിളിക്കൂ..
അതുകൊണ്ട് ഞാന്‍ തന്നെയങ്ങു തീരുമാനിച്ചുറപ്പിച്ചു കുളിച്ചു.
അങ്ങനെ ഞാന്‍ കുളിച്ചു സുന്ദരിയായി ഓഫീസിലേക്ക് പോയി..
ഉച്ചയായപ്പോഴേക്കും എനിക്ക് തോന്നി പണികിട്ടിത്തുടങ്ങിയെന്ന്..
തൊണ്ടവേദന ,തലവേദന ഒന്നും പറയണ്ട.. ചെറിയ പനിയും..
വെെകുന്നേരമായപ്പോഴേക്കും നല്ല പനിയായി..
ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പേ അമ്മയെ വിളിച്ചു വീട്ടിലേക്ക് വരാന്‍ പറഞ്ഞു..
വീട്ടിലെത്തിയ ഉടനെ തന്നെ കയറിക്കിടന്നു.. അടുക്കളക്കാര്യം അമ്മ നോക്കിക്കൊള്ളും.. പിള്ളേര്‍ നല്ല ഹാപ്പി. പഠിക്ക് പഠിക്ക് എന്നു പറയാന്‍ ആരുമില്ലല്ലോ.. ഇഷ്ടം പോലെ ടി വി കാണാം. തല്ലു കൂടാം..
കുറച്ച് കഴിഞ്ഞപ്പോള്‍ കെട്ടിയോന്‍റെ ഫോണ്‍ വന്നു..
''ഹലോ''.
''എന്താ നിന്‍റെ ശബ്ദം അടച്ചതുപോലെ, ജലദോഷമുണ്ടോ?''
എന്‍റെ ശബ്ദം ചെറുതായൊന്ന് മാറിയാ മതി.. പെട്ടെന്ന് മനസ്സിലാകും പുള്ളിക്കാരന്..
''അതേ ഏട്ടാ, നല്ല പനിയുമുണ്ട്.''
ഞാന്‍ ക്ഷീണത്തോടെ പറഞ്ഞു.
''രാവിലെ ഉണ്ടായിരുന്നോ''?
ഉടന്‍ വന്നു അടുത്ത ചോദ്യം..
''രാവിലെ എഴുന്നേല്‍ക്കുമ്പോഴേ ചെറിയ ജലദോഷമുണ്ടായിരുന്നു ഏട്ടാ''..
''എന്നിട്ടു നീ തലകുളിച്ചിട്ടാണോ ഒാഫീസില്‍ പോയത്?''
''അതേ, എന്നോട് തല കുളിക്കണ്ടയെന്നു പറയാന്‍ ഇവിടെ ആരുമില്ലാത്തതുകൊണ്ട് ഞാന്‍ കുളിച്ചു''..
വളരെ നിഷ്കളങ്കമായി ഞാന്‍ മറുപടി പറഞ്ഞു..
പിന്നെ എന്‍റെ ചെവിയില്‍ കേട്ടത് മാലപ്പടക്കം പൊട്ടുന്ന പോലെയുള്ള വഴക്കായിരുന്നു.
''ജലദോഷമുള്ളപ്പോള്‍ തലകുളിച്ചാല്‍ പനിവരും എന്നു നിനക്കറിയില്ലേ.. ചെറിയ കുട്ടിയൊന്നുമല്ലാലോ ആരെങ്കിലും പറഞ്ഞു തരാന്‍''..
ഈശ്വരാ ഇതൊന്ന് നിര്‍ത്തിക്കിട്ടാന്‍ ഞാനിപ്പോ എന്താ ചെയ്യാ..
ആ.. കിട്ടിപ്പോയ്.. പത്തൊമ്പതാമത്തെ അടവ് പുറത്തെടുക്കാം..
''എനിക്ക് ഒരു അസുഖം വന്നാപ്പോലും സ്നേഹത്തോടെ ആശ്വസിപ്പിക്കാന്‍ ആരൂല്ല,, എല്ലാത്തിനും കുറ്റപ്പെടുത്തല്‍ മാത്രം..''
ഞാന്‍ കരയാന്‍ തുടങ്ങി..
''പോട്ടെടീ സാരമില്ല.. ഞാന്‍ വിഷമം കൊണ്ടു പറഞ്ഞതല്ലേ.. നിനക്ക് അസുഖമാണെന്ന് അറിഞ്ഞാല്‍ പിന്നെ എനിക്ക് വല്ലാത്ത ടെന്‍ഷനാ.. അതുകൊണ്ടാ.. നീ കരയല്ലേ''..
എന്‍റെ പത്തൊമ്പതാമത്തെ അടവില്‍ പുള്ളിക്കാരന്‍ മൂക്കും കുത്തിവീണു..
''നീ എന്തെങ്കിലും കഴിച്ചിട്ട് വേഗം കിടന്നോ.. അമ്മയുണ്ടല്ലോ പിള്ളേരുടെ കാര്യം നോക്കാന്‍.. ''
''മ്ം''
കണ്ണുതുടച്ചു കൊണ്ട് ഞാന്‍ മൂളി..
''കുറവില്ലെങ്കില്‍ നാളെ ഡോക്ടറെ കാണിക്കണം.. രണ്ടു ദിവസം ലീവ് എടൂത്ത് റെസ്റ്റ് എടുക്ക്''..
''ശരി ഏട്ടാ..''
ഞാന്‍ നല്ല അനുസരണയുള്ള ഭാര്യയായി..
അങ്ങനെ അലറിത്തിമിര്‍ത്ത് പെയ്യാന്‍ വന്നത് ഒരു ചാറ്റല്‍ മഴയായി പെയ്തിട്ടു പോയി..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot