Slider

അഭിസാരം പിന്നാമ്പുറങ്ങളിൽ

0

അങ്ങേ മാനത്തെ ചക്രവാള സീമ അന്തി ചോപ്പിനാൽ തുടുത്തു..
ആകാശത്തങ്ങിങ്ങായി കാർമേഘങ്ങൾ പെയ്യാനുള്ള തയ്യാറെടുപ്പു നടത്തി കൊണ്ടിരിക്കുന്നു...
അന്തിക്കു കൂടണയാൻ വെമ്പുന്ന കിളികൾ മുകളിലും മനുഷ്യർ താഴെയും.....
കൂടിനുള്ളിലെ അരവയർ നിറയ്ക്കാനായി കാത്തു നിൽക്കുന്നവരും ഉണ്ടിവിടെ.....
കച്ചവടം ..... അതേ കച്ചവടം തന്നെയാണല്ലോ എല്ലാം ......
ചുറ്റും കണ്ണു കൊണ്ട് ഒന്നളക്കുന്നതിന്റെ ഇടയിലാണ് എവിടെയോ കണ്ട് മറന്നത് പോലെ ഒരു മുഖം പുഞ്ചിരി പൊഴിച്ചത്.....
അക്ഷണം മിഴി പിൻവലിച്ച് ആലോചനയുടെ ലോകത്ത് മനസ്സിനെ പറത്തിവിട്ടു ഉത്തരം കിട്ടാനായി കാത്തിരുന്നു ....
എവിടെ..... ഒരു രക്ഷയുമില്ല ....
വീണ്ടും ഒന്നു പാളി നോക്കി അപ്പോളതാ കണ്ണു കൊണ്ട് ആംഗ്യം കാണിക്കുന്നു അടുത്തേക്ക് വരാനായി.....
ആകാംക്ഷയും അഭിമാനവും തമ്മില്‍ ശണ്ഠ ഒടുവില്‍ ആകാംഷ ജയിച്ചു ...
ഞാനവളുടെ അടുത്തേക്ക് ചെന്നു....
ചെന്ന വഴി പോകാം എന്നൊരു മറുചോദ്യം...
അത് കേട്ടപ്പോള്‍ തന്നെ എല്ലാ ആകാംക്ഷയും എന്നെ വിട്ട് ഒാടിപ്പോയി തിരിഞ്ഞ് പോലും നോക്കാതെ.....
തിരിഞ്ഞു നടക്കാൻ തോന്നിയതാണ് അവളുടെ സൌന്ദര്യമോ കണ്ണുകളിലെ ദൈന്യതയോ എന്റെ ഉള്ളിലെ മൃഗമോ എന്തോ എന്നെയവിടെ പിടിച്ചു നിറുത്തി .....
എങ്ങോട്ട് എന്ന മറുചോദ്യം വിറച്ചു വിറച്ചു എന്റെ കണ്ഠത്തിൽ നിന്ന് പുറത്ത് ചാടി....
കേൾക്കാൻ പാടില്ലാത്തത് കേട്ട പോലെ അവളെന്നെ തുറിച്ചു നോക്കി .....
നിങ്ങളുടെ വീട്ടിലേക്ക് .....
വേണ്ട .....
ഒഴിഞ്ഞു പോകാന്‍ എന്തേലും കാരണം നോക്കിയിരിക്കുന്ന പെണ്ണുംപിള്ള നിന്നെ സന്തോഷത്തോടെ എന്റെ കയ്യില്‍ തന്നിട്ട് അടുത്ത വണ്ടിയില്‍ അവളുടെ വീട്ടിലേക്ക് പോകും....
എന്നാല്‍ എന്റെ വീട്ടിലേക്ക് പോകാം
അപ്പോളേക്കും എന്റെ ഉള്ളിലെ മൃഗം എന്റെ കൺട്രോൾ ഏറ്റെടുത്തിരുന്നു.....
യാന്ത്രികമായി തലയാട്ടി ...
മിസ്ഡ് കോൾ ഒാട്ടോ വന്നു.....
യാത്ര തുടങ്ങി ...
വഴിയരുകിലെ തട്ടുകടയ്ക്കരുകിൽ നിറുത്തി എന്നോട് 500 രൂപ വാങ്ങി ഒാട്ടോ ഡ്രൈവര്‍ക്കു നൽകി പൊറോട്ടയും ചിക്കന്‍ കറിയും വാങ്ങാന്‍ പറയുന്നത് കേട്ടു.........
വീണ്ടും യാത്ര തുടങ്ങി പേരറിയാത്ത ഏതോ ഊടുവഴികളിലൂടെ...
യാത്രയിലുടനീളം ഞാന്‍ നിശബ്ദനായിരുന്നു അതിനാല്‍ തന്നെ എന്റെ ഉള്ളിലെ മൃഗം എന്നോടു പിണങ്ങിയെന്നു തോന്നുന്നു .....
ഒടുവില്‍ വീടെത്തി .......
എല്ലാ സിനിമയിലും കാണുന്ന പോലെ എല്ലുന്തിയ പിള്ളേരെയും തളർവാതം പിടിച്ച കെട്ടിയവനെയും എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല ....
അലസമായി മിഴിയോടിക്കവെ കണ്ടു ഞാന്‍ ഭിത്തിയില്‍ മാലക്കു പിന്നില്‍ നിന്നും എന്നെ നോക്കുന്ന തീക്ഷണമായ രണ്ടു നയനങ്ങളെ..
ആ നയനങ്ങൾ തോറ്റു മാറില്ല എന്നുറപ്പുള്ളതു കൊണ്ട് ഞാന്‍ നോട്ടം മാറ്റി .....
അകത്തു നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഇറങ്ങി വന്നു അവള്‍ പൊറോട്ടയും ചിക്കന്‍ കറിയും അവരുടെ കയ്യില്‍ കൊടുത്തു പോയിരുന്നു കഴിച്ചോ അത് കഴിഞ്ഞു പഠിക്കാനുള്ളത് പഠിച്ചോ വഴക്കു കൂടാതെ എന്നും അമ്മ മാമനു മരുന്ന് കൊടുത്തിട്ടു ഇപ്പോ വരാം എന്നും പറയുന്നത് കേട്ടു ....
കുട്ടികള്‍ അനുസരണയോടെ അകത്തേക്ക് കയറിപ്പോയി....
എന്നോട് വാ എന്നാംഗ്യം കാണിച്ചു അവള്‍ റൂമിനുള്ളിലേക്ക് കയറി ഞാനും പിന്നാലെ ചെന്നു
എന്തോ ആ ഒാമനത്തം തുളുമ്പുന്ന കുഞ്ഞുങ്ങളുടെ മുഖം കണ്ട ശേഷം എന്റെ ഉള്ളിലെ മൃഗം എന്നെ വിട്ട് പോയി......
കതകടച്ച അവള്‍ ഒരു പ്രദർശനത്തിനു തയ്യാറെടുക്കവേ ഞാന്‍ പെട്ടെന്ന് പറഞ്ഞു നമുക്ക് കുറച്ച് നേരം സംസാരിച്ചാലോ....
പെട്ടെന്ന് അമ്പരന്ന അവള്‍ എന്റെ മുഖത്തേക്ക് നോക്കി അതിനു ശേഷം പറഞ്ഞു ആവാം എനിക്കു മണിക്കൂറിനല്ല റേറ്റ് ......
പരിഹാസമോ പരാതിയോ എനിക്കൊന്നും മനസ്സിലായില്ല ....
അധികം വളച്ചു കെട്ടാനൊന്നും പോയില്ല നേരെ അങ്ങു ചോദിച്ചു .....
എന്താ ഈ തൊഴില്‍ തിരഞ്ഞെടുക്കാൻ കാരണമെന്ന്....
കുറച്ച് നേരം അവള്‍ എന്റെ മുഖത്തേക്ക് നോക്കി പിന്നെ മെല്ലെ പറഞ്ഞു നമുക്ക് വേറെന്തെങ്കിലും സംസാരിച്ചാലോ ......
പക്ഷേ എന്റെ ഉള്ളിൽ മഴ പെയ്യാത്തതോ യുദ്ധമോ പച്ചക്കറിക്കു വില കൂടിയതോ ഒന്നുമല്ല പ്രശ്നം എന്നതു കൊണ്ട് തന്നെ ഞാന്‍ വീണ്ടും ആ ചോദ്യം ചോദിച്ചു ....
തെല്ലു നേരത്തെ നിശ്ശബ്ദതക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി ....
മനസ്സിന്റെ ഭിത്തിയില്‍ എഴുതി വെച്ചതോരോന്നായി......
എല്ലാ കുട്ടികളെയും പോലെ ബാല്യം അച്ഛന്‍ മുഴുക്കുടിയൻ അമ്മക്ക് കൂലിപ്പണി കാര്യമായ സ്വത്തോ സമ്പാദ്യമോ ഒന്നുമില്ലാത്ത കുടുംബം ആദ്യം അച്ഛന്‍ വണ്ടി തട്ടി മരിച്ചു പിന്നെ ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി കല്ല്യാണം ....
കെട്ടിച്ചു കൊടുത്തതോ ലോകത്ത് സ്വന്തം എന്നു പറയാന്‍ വേറാരുമില്ലാത്ത ഒരുവന്‍ .....
എങ്കിലും സ്നേഹിക്കാൻ വേറാരുമില്ലാത്തതിനാൽ മുഴുവന്‍ സ്നേഹവും അവള്‍ക്കു തന്നെ കിട്ടി സന്തോഷകരമായ ജീവിതം ....
ആ സന്തോഷം അധികരിച്ചു രണ്ട് കുഞ്ഞുങ്ങളും.....
കുഞ്ഞുങ്ങൾ ജനിക്കുന്നതു വരെ കൂടെയുണ്ടായിരുന്ന അമ്മയും അച്ഛന്റെ . അടുത്തേക്കോ ദൈവത്തിന്റെ അടുത്തേക്കോ പോയി ........
വലിയ കുഴപ്പമില്ലാതെ തട്ടിയും തടഞ്ഞും ജീവിതം മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയായിരുന്നു.....
അപ്പോഴാണ് എന്നും പ്രാർത്ഥിക്കുന്ന ദൈവത്തിനു അസൂയ തോന്നിയത്.....
അത് അനുഭവത്തിൽ വന്നതോ കെട്ടിയവന്റെ ഹൃദയ വാൽവിന്റെ തകരാറിന്റെ രൂപത്തിലും..... .
പേരു കേട്ട ആൾദൈവത്തിന്റെ പേരിലുള്ള ആശുപത്രിയില്‍ ചികിത്സ .....
ഒറിജിനല്‍ ദൈവങ്ങൾക്കില്ലാത്ത കരുണ ആൾദൈവങ്ങൾക്കുണ്ടാകുമോ...
കൊച്ചു കൊച്ചു സ്വരുക്കൂട്ടലിൽ തുടങ്ങി വീടിന്റെയും സ്ഥലത്തിന്റെയും ആധാരം വരെ മരുന്നിന്റെയും ചികിത്സയുടെയും രൂപത്തില്‍ പോയി .......
നാളെയെന്ത് എന്നോർത്തു പകച്ചു നിൽക്കുന്ന അവസ്ഥ .......
അപ്പോളാണു കെട്ടിയവൻ പറഞ്ഞത് മുതലാളിയെ പോയി കണ്ട് കാര്യം പറഞ്ഞാല്‍ പുള്ളി സഹായിക്കുമെന്ന്....
നേരെ പോയി കണ്ടു കാര്യം പറഞ്ഞു സഹായിക്കണമെന്നപേക്ഷിച്ചു പക്ഷേ കണ്ണിലെ കണ്ണീരിനു പകരം മുതലാളി കണ്ടത് മേനിയഴകാണു......
വളരെ നല്ല മനുഷ്യന്‍ വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു കൂടെ കിടക്കണമെന്ന്......
ചെകിടടച്ചു ഒന്നു കൊടുക്കാനാണ് തോന്നിയത് ....
കലി മുഖത്ത് തെളിയിച്ചു ഇറങ്ങി പോന്നു .......
കെട്ടിയവനോട് പുള്ളിയെ കണ്ടില്ല എന്ന് പറഞ്ഞു ..........
കിട്ടാവുന്ന അയൽവക്കങ്ങളിൽ നിന്നെല്ലാം കടവും സഹായവുമെല്ലാം വാങ്ങി വീണ്ടും ഒരാഴ്ച കൂടെ പിടിച്ചു നിന്നു.......
അപ്പോളാണു മുതലാളിയുടെ എഴുന്നള്ളത്ത് ആശുപത്രയിലേക്ക് ഒരായിരം രൂപ കൊടുത്തു കെട്ടിയവന്റെ കയ്യില്‍........
പൈസ ബാങ്കില്‍ ആണെന്നും നാളെ വന്നാല്‍ തരാമെന്നും പറയുന്നത് കേട്ടു ......
പിന്നെ അവളെ വിളിച്ചു വരാന്തയിലേക്കു വന്നു നാളെ ബ്ളൂ ഡയമണ്ട് ഹോട്ടലില്‍ 302 ാം റൂമില്‍ വന്നാല്‍ കാഷ് തരാം ആവശ്യം നിന്റെ ആണു ആലോചിച്ചു തീരുമാനിക്ക്....
അഴുക്ക് ഒന്നു കുളിച്ചാൽ മാറും പക്ഷേ പണം കിട്ടില്ല എന്നും.......
മറുപടിക്കു കാത്തു നിൽക്കാതെ പുള്ളി നടന്നു പോയി ............
അല്ലെങ്കിലേ ഉറക്കമില്ല........
അന്ന് രാത്രി ചിന്തിച്ചു കുഞ്ഞുങ്ങളുടെയും കെട്ടിയവന്റെയും മുഖത്തിനു മുകളില്‍ പണം ഉയര്‍ന്നു നിന്നു......
ഒടുവില്‍ കുളിക്കാന്‍ തന്നെ തീരുമാനിച്ചു ........
മാനത്തിനേക്കാളും മുകളില്‍ ആവശ്യം കയറി നിന്നാല്‍ പിന്നെ മാനത്തിനെന്തു വില .......
പിറ്റേന്ന് രാവിലെ തന്നെ ഹോട്ടലിലേക്കു പോയി റൂം കണ്ട് പിടിച്ചു റൂമിലേക്ക് കയറി ........
സന്തോഷത്തോടെ പുള്ളി അവളെ ബെഡ്ഡിലേക്ക് ക്ഷണിച്ചു ബെഡ്ഡിൽ ചെന്നിരുന്ന നേരത്താണ് വാതിലില്‍ മുട്ട് കേട്ടത്......
നാശം എന്ന വാക്കിന്റകമ്പടിയോടെ പുള്ളി പോയി വാതില്‍ തുറന്നു പുറത്ത് പുതിയ കമ്മീഷണറും പരിവാരങ്ങളും ........
പുതുതായി ചാർജ്ജെടുത്ത അദ്ദേഹം തന്റെ വരവ് നഗരത്തെ അറിയിച്ചതാണ് റെയ്ഡിന്റെ രൂപത്തില്‍ ......
അതിനു കൊഴുപ്പു കൂട്ടാനോ തെളിവിനോ വേണ്ടി ഉള്ള ചാനലുകാർ മുഴുവനും ........
എന്തിനധികം പറയുന്നു അന്ന് അവിടെ വെച്ച് അവള്‍ക്കു പട്ടം ചാർത്തൽ നടന്നു .....
വേശ്യ എന്ന പട്ടം......
പറയുന്നത് കേൾക്കാൻ ആരും ക്ഷമ കാണിച്ചില്ല......
വേശ്യയുടെ ചാരിത്ര്യ പ്രസംഗം ആരു കേൾക്കാൻ .....
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പേ അവള്‍ ക്യാമറ കണ്ണുകൾക്കു മോഡലായി......
അറസ്റ്റിലായി ......
കാശിന്റെ ബലത്തില്‍ മുതലാളിയുടെ കെട്ടഴിഞ്ഞു.....
അവള്‍ റിമാൻഡിലുമായി.....
രണ്ടാഴ്ച കഴിഞ്ഞു പുറത്ത് വന്നപ്പോളേക്കും കെട്ടിയവന്റെ എല്ലാ അസുഖവും മാറി കെട്ടിയവൻ ചുമരിൽ തൂങ്ങി .......
ആരും അറിയിച്ചില്ല.....
കുഞ്ഞുങ്ങളെ നോക്കിയ പള്ളി വക മഠക്കാർ കുഞ്ഞുങ്ങളെ കൊണ്ട് വന്ന് നൽകി......
പിറ്റേന്ന് മുതല്‍ ജോലിയന്വഷിച്ച അവള്‍ക്ക് കിട്ടിയത് ആട്ടും തുപ്പും എത്രയാ റേറ്റ് എന്ന ചോദ്യവും മാത്രം ......
അന്നവൾ എടുത്തണിഞ്ഞു ആ പട്ടം അന്ന് തൊട്ട് ഇന്ന് വരെ പട്ടിണി ആ പടി കയറിയിട്ടില്ല......
കഥ പറഞ്ഞ് കരച്ചിലിൽ മുഴുകിയ അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നെനിക്കറിയാതെ ഞാന്‍ പകച്ചു .....
എങ്കിലും എല്ലാം ശരിയാകും എന്നാശ്വസിപ്പിച്ചു
ഞാന്‍ എഴുന്നേറ്റു കയ്യില്‍ കിട്ടിയ നോട്ടുകൾ എടുത്ത് മേശപ്പുറത്തു വെച്ചു.....
പോകുവാണോ എന്നൊരു മറുചോദ്യം കേട്ടു............
തലയാട്ടി കൊണ്ട് പുറത്തിറങ്ങി എങ്ങോട്ട് പോകണം എന്ന ചിന്തയില്‍ നിൽക്കുമ്പോൾ അതാ വരുന്നു മിസ്ഡ് കോൾ ഒാട്ടോ ......
അതിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരുന്നു ഒാരോ ജീവിതങ്ങളേ എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോളാണ് ഒാട്ടോ ഡ്രൈവറുടെ ചോദ്യം വന്നത് എങ്ങിനെ ഉണ്ടായിരുന്നു സാറേ....
കാലു പൊക്കി ഒരു ചവിട്ടു കൊടുത്താലോ എന്ന് ചിന്തിച്ചപ്പോളാണു തിരിഞ്ഞു മുഖത്ത്‌ നോക്കി അടുത്ത ചോദ്യം ഒന്നും നടന്നില്ലാല്ലേ......
അന്തം വിട്ടു പോയി ഇവനെങ്ങനെ... ഇനി വല്ല ഒളിഞ്ഞു നോട്ടവും.......
വീണ്ടും അവന്റെ ആത്മഗതം പാവം കൊച്ചായിരുന്നു ചതി പറ്റിയതാ അതിന്..... ഇവിടെ വരുന്ന എല്ലാവരോടും അതാ കഥ പറയും അത് കേട്ടു കഴിയുമ്പോള്‍ മനസ്സാക്ഷിയുള്ള ആരും ഇറങ്ങി പോരും.....
തിരിച്ചൊന്നും പറയാത്തതു കൊണ്ടോ അവന്റെ ക്വോട്ട കഴിഞ്ഞതു കൊണ്ടോ അവന്‍ പിന്നൊന്നും മിണ്ടിയില്ല ..
എന്തോ അത് കൂടി കേട്ടപ്പോള്‍ മനസ്സില്‍ അവളോട് ബഹുമാനം കൂടുകയാണ് ചെയ്തത്.......
കണ്ണിൽ കാമം നിറയുമ്പോൾ കാണുന്ന മുഖത്തിനും കാണും കണ്ണീരുള്ള മുഖം
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo