Slider

മരണമെത്തുന്ന നേരത്ത് .... ( ചെറുകഥ )

0

എഴുന്നേറ്റേ... ഒന്നെഴുന്നേറ്റേന്ന് ....
ഓഫിസിൽ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വീണുപോയതാണ് ....
ശ്ശോ ആരാ ഇത് ... കണ്ണുതുറന്നപ്പോൾ ഒരു പരിചയവുമില്ലാത്ത മുഖം .
നിങ്ങളാരാ .. എന്താ ഇവിടെ ? എന്തിനാ എന്നെ വിളിച്ചത് ? ഒരു പരിചയവുമില്ലാത്ത ഒരാൾ ശല്യം ചെയ്തപ്പോഴുള്ള നീരസം മറച്ചു വയ്ക്കാതെ ഞാൻ തിരക്കി .
ഇപ്പോ ഞാൻ ആരാണെന്നതാണോ പ്രശ്നം ? നിങ്ങൾ ഒന്ന് പുറത്തേക്ക് വന്നേ ഒരു കൂട്ടം കാട്ടിത്തരാം ... ഇതും പറഞ്ഞയാൾ എന്നെ പുറത്തേക്ക് വിളിച്ചു .
എന്തു കാട്ടിത്തരാമെന്ന് നിങ്ങളാരാന്ന് എനിക്കറിയില്ല പിന്നെ ഞാൻ എന്തിന് നിങ്ങടെ കൂടെ വരണം . ഞാൻ വരില്ല . അയാളുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
നിങ്ങൾക്ക് വന്നേ പറ്റൂ .. നിങ്ങളെ കാത്ത് പുറത്തൊരാൾ നിൽപ്പുണ്ട് ഒന്നു വേഗം വായോ ..
അയാൾ വീണ്ടും ധ്യതി കാട്ടി .
എന്നെ കാത്തോ ആരാ ? എവിടുന്നാ ? ഞാൻ തിരക്കി
നിങ്ങൾ തന്നെ വന്നു നോക്ക് അതും പറഞ്ഞയാൾ വേഗം പുറത്തേക്ക് നടന്നു ..
ആരാണ് വന്നതെന്നറിയാനുള്ള ധ്യതിയിൽ ഞാനും വേഗം അയാൾക്കൊപ്പം ഇറങ്ങി .
ലീഫ്റ്റിൽ കയറി Ground FIoor press ചെയ്തു.
അയ്യാൾ ആകട്ടേ ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചു നിൽക്കുന്നു . ലിഫ്റ്റ് Ground FIoor ൽ എത്തി പതിയെ ഞാൻ അയാൾക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി . ഫ്ലാറ്റിന് പുറത്ത് റോഡരികിൽ ഒരു ജനക്കൂട്ടം .
ദേ .. അങ്ങോട്ട് ചെല്ല് ആ കൂട്ടത്തിന് നടുവിൽ നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട് .. അവിടെക്ക് ചൂണ്ടി അയ്യാൾ പറഞ്ഞു.
ഞാൻ വേഗം ആ ജനക്കൂട്ടം ലക്ഷൃമാക്കി നടന്നു.
പടച്ചോനെ വല്ല ആക്സിഡൻറും ആണോ ? ആരായിരിക്കും ? പരിചയമുള്ള നൂറു മുഖങ്ങൾ മുന്നിലൂടെ കടന്നു പോയി .
ആളുകൾക്കിടയിലൂടെ ഞാൻ നടുവിലേക്ക് ചെന്നു . നിലത്തു ചോരയിൽ കുളിച്ചു കിടക്കുന്ന മുഖം കണ്ട് ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി.
റബ്ബേ .. ഇതു ഞാൻ തന്നെയല്ലേ ? എനിക്ക് എപ്പോ ഇത് സംഭവിച്ചു . അപ്പോ ഈ ഞാൻ ആരാണ് ?
ചുറ്റും കൂടിനിൽക്കുന്നവർ എന്നെ ശ്രദ്ധിക്കുന്നേയില്ല .
അപ്പോഴാണ് കൂട്ടത്തിൽ ഒരുവൻ പറയുന്നത് കേട്ടത് . ജീവനുണ്ട് . ഇനിയും മരിച്ചിട്ടില്ല .
എന്താ .. എനിക്ക് ജീവനുണ്ടെന്നോ? എന്നിട്ടെന്താ ഇവർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നത് ? ആരെങ്കിലും ഒന്ന് ആശുപത്രിയിൽ എത്തിച്ചൂടെ ?
ഞാൻ നിസ്സാഹയായി ചുറ്റുമുള്ളവരെ നോക്കി ..
പലരും Mobile ൽ ഫോട്ടോ പിടിക്കുന്നതിനും Selfi എടുക്കുന്ന തിരക്കിലാണ് .
ആരോ പറയുന്നത് കേട്ടു . ആക്സിഡന്റ് കേസാണ് തൊട്ടു പോയാൽ തലയിലാകുമത്രേ ..
എന്നു കരുതി ജീവൻ അവശേഷിക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കരുതെന്നാണോ ?
എനിക്ക് മരിക്കണ്ട ... ഇനിയും ജീവിക്കണം ..
ആരേലും എന്നെ ഒന്നു രക്ഷിക്കുമോ ???
ഞാൻ അവരോടായി കേണപേക്ഷിച്ചു ...
ആരു കേൾക്കാൻ ... ജീവനുള്ളവയുടെ നിലവിളി കേൾക്കാത്തവർ എങ്ങനെ ആത്മാവിന്റെ നിലവിളി കേൾക്കും??
ഇനി എന്തു ചെയ്യും ? അപ്പോഴാണ് എന്നെ വിളിച്ചു കൊണ്ടു വന്ന ആളിനെ കുറിച്ചോർത്തത്.
അയ്യാൾക്ക് എന്നെ കാണാൻ സാധിക്കുമല്ലോ . അയ്യാളോട് അപേക്ഷിക്കാം രക്ഷിക്കുമോ എന്ന് .
ഞാൻ ചുറ്റും നോക്കി കുറച്ചകലെയായ് അയാൾ എന്തോ ആലോചിച്ചു നിൽപ്പുണ്ട് ഞാൻ വേഗം അങ്ങോട്ട് ചെന്നു .
പ്ലീസ് ചേട്ടനെങ്കിലും എന്നെ രക്ഷിക്കണം എനിക്ക് ഇപ്പോ മരിക്കണ്ട . എന്നെ ഒന്ന് ആശുപത്രിയിൽ എത്തിക്കുമോ ???
എന്റെ അവസ്ഥ കണ്ട് അയ്യാൾ ഒന്നു പുഞ്ചിരിച്ചു ...
കഴിഞ്ഞ ആഴ്ച നിന്റെ സ്ഥാനത്ത് ഞാനായിരുന്നു . ഈ കണ്ട ജനക്കൂട്ടത്തോട് ഞാനും അഭ്യർത്ഥിച്ചതാ . പക്ഷേ ആരും കേട്ടില്ല. ഇന്നു നീ ആണെങ്കിൽ നാളെ മറ്റൊരാൾ .
ആരും ഉണ്ടാകില്ല സഹായത്തിന് ചോര വാർന്ന് ജീവൻ നിശ്ചലമാകുന്നത് വരെ ...
അത്രേം പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു ...
ഞാൻ പതിയെ ആൾക്കൂട്ടത്തിലേക്ക് പിന്തിരിഞ്ഞു നോക്കി ... അവിടെ എന്റെ ജീവൻ അതിന്റെ അവസാനതുടിപ്പിലേക്ക് ചെന്നെത്തുകയായിരുന്നു ...
ലിജിയ ഷാനവാസ് ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo