Slider

കോമരമോക്ഷം

0

അമ്പലപ്പറമ്പിലെ അൽമാവിലേക്ക് മരംവെട്ടുകാരൻ നാണു ആയാസപ്പെട്ട് കയറി. അയാളുടെ അരയിൽ കൊളുത്തിവെച്ചിരുന്ന വെട്ടുകത്തിയുടെ വായ്ത്തല സൂര്യപ്രകാശമേറ്റ് വെട്ടിത്തിളങ്ങി. സഹായികൾ കപ്പിയും കയറുമായി മുകളിലേക്കുനോക്കി അൽമാവിന്റെ ചുവട്ടിൽ നിലയുറപ്പിച്ചു. കുറച്ചകലെമാറി എല്ലാം വീക്ഷിച്ചുകൊണ്ട് കാൽമുട്ടുകളിൽ കൈകൾ നീട്ടിവെച് അയ്യപ്പൻകോമരം കുന്തിച്ചിരുന്നു .
അൽമാവിനെക്കുറിച്ചുള്ള കേൾവിക്ക് കുറഞ്ഞതൊരു രണ്ടുനൂറ്റാണ്ടിന്റെ പഴക്കം കാണും . പണ്ടെങ്ങോ അമ്പലപ്പറമ്പിലെ കിളിച്ചുണ്ടൻമാവിന്റെ കവരങ്ങൾക്കിടയിലിരുന്ന് ഏതോ കിളി കാഷ്ടിച്ച പേരാലിന്റെ കുരു മുളപൊട്ടി, വേരിറക്കി, വളർന്ന് ഒടുവിലൊരു വന്മരമായി മാറി .ഇന്നിപ്പോൾ രണ്ടോ മൂന്നോ ആളുകൾ ചേർന്നുപിടിച്ചാലും കൈയ്യെത്താത്തത്രയും വണ്ണമുള്ള പേരാലിന്റെ വേരുകൾക്കിടയിൽ ശ്വാസം മുട്ടിയ കിളിച്ചുണ്ടൻ രണ്ടു കവരങ്ങളെയും തെക്കോട്ടും വടക്കോട്ടും സഹായത്തിനെന്നവണ്ണം നീട്ടി മുരടിച്ചുനിൽകുന്നു .
കോമരം ചിന്തിച്ചിരിക്കെ അൽമാവിലെ മാവിന്റെ തെക്കോട്ടുകിടന്ന കൊമ്പ് നാണുവിന്റെ വെട്ടുകളേറ്റു മുറിഞ്ഞുവീണു . മാങ്കൊമ്പിന്റെ വീഴ്ച്ചയിൽ ചുവട്ടിലെ ആൽത്തറയിൽനിന്നും ഇളകിത്തെറിച്ച കരിങ്കൽച്ചീലൊരെണ്ണം കോമരത്തിന്റെ നെറ്റിക്കരികിലൂടെ പാഞ്ഞുപോയി .
"ഹോ " അയാൾ ചാടിയെഴുന്നേറ്റ് നെഞ്ചത്ത് കൈവെച്ചു .
"മാറിയിരുന്നോ ... ദേവിയാന്നോ കോമരമാന്നോ കല്ലെങ്ങെനറിയാനാ " അൽമാവേലിരുന്ന് നാണു വിളിച്ചുപറഞ്ഞു .
നാണുവിനെ ദേഷ്യപ്പെട്ടൊന്നു നോക്കിയിട്ട് കോമരം അമ്പലമതിൽക്കെട്ടിനു പുറത്തേയ്ക്കിറങ്ങി. ടാറിട്ട റോഡിലൂടെ അമ്പലക്കുളത്തിലേക്ക് ചെമ്മണ്ണുമായെത്തുന്ന ലോറികളെ ഒഴിഞ്ഞു അയാൾ നടന്നു .
കഴിഞ്ഞ മേടത്തിലെ താലപ്പൊലി മഹോത്സവം. കുരുത്തോലപ്പന്തലിൽ ചെമ്പട്ടുടുത്തു,അരമണി കിലുക്കി, വാൾ വായുവിൽ വിറപ്പിച്ചും ഇടയ്ക്കു നെറ്റിയിൽ തല്ലിയും കോമരം ഉറഞ്ഞു തുള്ളി . നാടും നാട്ടാരും ദേവിയുടെ അരുളുകൾക്കായി കാതോർത്തു. തൊണ്ണൂറുകഴിഞ്ഞ തറവാട്ടുകാരണവർ കോമരത്തിന് ദക്ഷിണകൊടുത്തു തൊഴുതുനിന്നു .കുനിഞ്ഞുനിന്ന് വാളുയർത്തി വിറപ്പിച് കോമരം കാരണവരെ അനുഗ്രഹിച്ചു.
അന്നുരാത്രി പെൺമക്കൾ ഉമ്മറത്തിരുന്ന് ദക്ഷിണ കിട്ടിയ ചില്ലറതുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ കോമരം ചാരുകസേരയിലിരുന്ന് നെറ്റിത്തടത്തിലെ മുറിവ് തീക്കൊള്ളികാട്ടി ഉണക്കുകയായിരുന്നു .
"ഭാഗം വെക്കണം " ഉത്സവപ്പിറ്റേന്ന് തറവാടിന്റെ ഉമ്മറക്കോലായിലിരുന്ന് മക്കളും മരുമക്കളും ആവശ്യം പറഞ്ഞു
"ഞാനിരിക്കെ വേണോ , കാലം കഴിഞ്ഞിട്ടുപോരേ " പക്ഷേ കണക്കുകൂട്ടലുകൾ പലതുണ്ടായിരുന്ന പുതുമുറക്കാർ കാരണവരുടെ അപേക്ഷ ചെവിക്കൊണ്ടില്ല.
" എന്റെ കാലശേഷം മാത്രം .... സുകൃതക്ഷയം കണ്ടുനിൽക്കാൻ വയ്യ " തറവാടും അമ്പലവും ഭാഗമായി കിട്ടിയവരോട് കാരണവർ ഒന്നേ പറഞ്ഞുള്ളൂ .
ഇളമുറക്കാർക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല, അക്കൊല്ലം ചിങ്ങമെത്താൻ കാത്തുനിൽക്കാതെ കാരണവർ യാത്രയായി .
ചാവടിയന്ത്രം കഴിഞ്ഞതിനുപിന്നാലെ അമ്പലത്തിൽ കർമങ്ങൾ തുടങ്ങി .
ശ്രീകോവിലിലിരുന്ന പ്രതിഷ്ഠയെ മൈലുകൾക്കപ്പുറമുള്ള മൂലക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു . കന്നിമൂലയിലും കാവിനുള്ളിലും കുടിയിരുത്തിയിരുന്ന ഭൂതഗണങ്ങളെയും ഉപദേവതമാരെയും തകിടുകളിലാവാഹിച്, ചെമ്പട്ടിൽ പൊതിഞ്ഞു പരികർമി കൂടെക്കൂട്ടി . കൈ നിറയെ കാശുമായി തിരിച്ചുപോകുംവഴി തെരുവിലെ നായ്ക്കൂട്ടത്തിനുമുന്നിലേക്ക് അയാൾ എ ചെമ്പട്ട് കുടഞ്ഞിട്ടു
വഴിയിലിറങ്ങി ഒന്നുവലം വെച്ച് കോമരം അമ്പലപ്പറമ്പിൽ തിരിച്ചെത്തി . മാവിന്റെ രണ്ടാമത്തെ കൊമ്പും മുറിച്ചിട്ട് നാണു പേരാലിന്റെ കൊമ്പ് മുറിക്കാൻ തുടങ്ങിയിരുന്നു .
ഭാര്യ മൂന്നാമത് പെറ്റതും പെണ്ണാണെന്ന് കണ്ട് കോമരം ശ്രീകോവിലിനുമുന്നിൽനിന്ന് ചങ്കുപൊട്ടി വിളിച്ചു "ദേവീ ...എന്റെ കാലം കഴിഞ്ഞാൽ നിന്റെ വാളെടുക്കാൻ എനിക്കൊരാണിനെ ......"
പക്ഷേ ദേവിയത് ചെവിക്കൊണ്ടില്ല . അയാളുടെ ഭാര്യ നാലാമത് പെറ്റതും പെണ്ണായിരുന്നു . ഇത്തവണ അയാൾ ദേവിയോട് സങ്കടം പറഞ്ഞില്ല. പായും തലയിണയുമെടുത്തു കിടപ്പ് ഉമ്മറത്തേക്ക് മാറ്റി.
സന്ധ്യയ്ക്കുമുന്നേ ആൽമാവിനെ കുറ്റിയൊഴിച് എല്ലാം മുറിച്ചിട്ട് നാണുവും കൂട്ടരും അമ്പലപ്പറമ്പ് വിട്ടു .
"എന്നെക്കൊണ്ടാവില്ല, കുറ്റി ഇളക്കണേൽ ജെസിബി വിളിക്കണം " നാണു പുതുകാരണവരെ ആവശ്യം അറിയിച്ചു .
"നാളേയ്ക്ക് ആക്കണ്ട ...ഇന്നുതന്നെ തീർത്തേരെ "
"ഓ അങ്ങനാട്ടെ " അന്നത്തെ കൂലിയും വാങ്ങി നാണു ജെസിബി തിരക്കിയിറങ്ങി.
ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ തകർന്നു കിടക്കുന്ന അൾത്താരയ്ക്കു മുന്നിൽ കോമരം വിഷണ്ണനായിരുന്നു . പണ്ടൊക്കെ വെയിലാറിക്കഴിഞ്ഞാൽ വെടിവെട്ടങ്ങളുമായി ആൽത്തറയിൽ അവരെത്തുമായിരുന്നു , കോമരത്തിന്റെ തലമുറ.
ഒരിക്കൽ ഒരാൾക്കൊരു സംശയം " ഈയിടെയായി അയ്യപ്പൻറെ വലിയിത്തിരി കൂടുന്നുണ്ടോന്ന് .."
"ആ സംശയം എനിക്കുമുണ്ട് " രണ്ടാമതൊരാളും ഏറ്റുപിടിച്ചതോടെ അയ്യപ്പൻകോമരം പരുങ്ങി . "മുണ്ടൊന്നഴിച്ചേ അയ്യപ്പാ" കാരണവരുടെ നിർബന്ധം കലശലായപ്പോൾ കോമരം മുണ്ടിന്റെ കോന്തലയഴിച്ചു കുടഞ്ഞു. തെറിച്ചുവീണ ബീഡിക്കുറ്റികൾ കണ്ട് ആൽത്തറയിലേ കൂട്ടർ വിഷണ്ണരായി .
വെട്ടം വീഴുംമുമ്പേ കോമരം വഴിയരികിലെ ബീഡിക്കുറ്റികൾ തിരക്കിയിറങ്ങും . മഞ്ഞുനനഞ്ഞു കിടക്കുന്ന മുറിബീഡികൾ പെറുക്കിയെടുത്തു വെയിലത്തുണക്കി അതുമായി കാവിന്റെ പിന്നിൽ പോയിരുന്ന് ആർത്തിയോടെ വലിക്കും.
"നാലിനേം വളർത്തണം , നാലാളറിയേ കെട്ടിച്ചും വിടണം എന്നെക്കൊണ്ട് കൂട്ടാനൊക്കില്ല " കൂട്ടുകാർക്കു മുന്നിലിരുന്നു കോമരം വിതുമ്പി .
" നീ ധൈര്യമായിട്ടിരി അയ്യപ്പാ ...ഞങ്ങളൊക്കെയിവിടില്ലേ "
അയ്യപ്പൻകോമരം കണ്ണുകൾ തുടച്ചു .
പക്ഷേ കോമരത്തെ ആശ്വസിപ്പിച്ച ആൽത്തറക്കൂട്ടം ഓരോരുത്തരായി കാലത്തിനു പിന്നിൽ മറഞ്ഞു . ഒരുനാൾ സന്ധ്യക്ക് " ഇനി നമ്മൾ രണ്ടാളുമേ ബാക്കിയുള്ളൂ അല്ലേ അയ്യപ്പാ " യെന്ന് നെടുവീർപ്പിട്ട അവസാനത്തെ ആളും പിറ്റേന്ന് വഴി പിരിഞ്ഞതോടെ അൽമാവിന്റെ ചുവട്ടിൽ കോമരം ഒറ്റയ്ക്കായി .
" ഇനീപ്പോ ഒന്നിരിക്കാനും ഇടമില്ലാണ്ടായി അല്ലേയ്യപ്പാ" അൽമാവ് നഷ്ടമായി തകർന്നു കിടക്കുന്ന അൽത്തറയിൽ നിഴലുകൾ അനങ്ങി . തന്നെ ഒറ്റയ്ക്കാക്കി പോയവരെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് അയാൾ കുളക്കരയിലേക്ക് നടന്നു .
തോർത്ത് കല്പടവിൽ വെച്ച് അയാൾ കുളത്തിലേക്കിറങ്ങി. രണ്ടുദിവസംകൊണ്ട് പാതിമുക്കാലും ചെമ്മണ്ണിട്ട് നികത്തിയിരിക്കുന്നു . നാളെയൊരു ദിവസംകൂടി കഴിഞ്ഞാൽ ബാക്കിയുള്ളതും ......... ചുവന്നു കലങ്ങിയ വെള്ളത്തിൽ അയാൾ മുങ്ങിനിവർന്നു.
" ദേവീ .." പ്രതിഷ്ഠയൊഴിഞ്ഞ കോവിലിനുമുന്നിലെത്തി അയാൾ കൈകൂപ്പി . ഇരുട്ട് വീണ വഴിയെ വീട്ടിലേക്ക് നടക്കുമ്പോൾ ഹൃദയത്തിലൊരു ശൂന്യത അയാളറിഞ്ഞു .
വീട്ടുമുറ്റത്തെ തുളസിത്തറയിലെ കത്തിനിൽക്കുന്ന തിരി അയാൾ വിരലുകൊണ്ട് നീട്ടിവെച്ചു. വീടിനുള്ളിൽ വിളക്കായി എരിഞ്ഞിരുന്നവൾ തുളസിത്തറയിലുമിരുന്ന് എരിയുന്നു. ഉമ്മറത്തെ ചാരുകസേരയിലേക്കു അയാൾ തളർന്നിരുന്നു . അയാളുടെ മുരടനക്കം കേട്ട് പെണ്മക്കൾ വാതിൽക്കൽ വന്നെത്തിനോക്കി.
"കഞ്ഞിയായി " തുളസിത്തറയിലെ വിളക്ക് കരിന്തിരികത്തി കെട്ടനേരത്തു ഇളയമകൾ വാതിൽക്കലെത്തി വിളിച്ചു.
"നിങ്ങള് കഴിച്ചുകിടന്നോ... അച്ഛനുവേണ്ടാ "
ഇരുട്ടുകനത്തുതുടങ്ങിയ നേരത്ത് അമ്പലപ്പറമ്പിൽ നിന്നും ജെസിബിയുടെ ശബ്ദമുയർന്നു .അതിന്റെ ഒറ്റക്കൈ പൊളിഞ്ഞു കിടന്ന ആൽത്തറയിലെ കരിങ്കല്ലുകളിൽ ആഞ്ഞുപതിച്ചപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന കോമരം ചെവികൾ പൊത്തി . ഒറ്റക്കല്ലില്ലാതെ ആൽത്തറ പൊളിച്ചു നീക്കിയ ജെസിബിയുടെ കൈ ആൽമാവിനെ കുറ്റിയിൽ പിടി മുറുക്കി. മണ്ണിൽ നിന്നും ആൽമാവിനെ വേരുകളെ പിഴുതെറിയാനുള്ള അതിന്റെ ഓരോ ശ്രമത്തിലും ഉയർന്ന ഘോര ശബ്ദത്തിൽ കോമരം തന്റെ കസേരയിലിരുന്നു ഞെളിപിരി കൊണ്ടു.
ആയാളുടെ കൈകാലുകൾ വിറച്ചു , പല്ലുകൾ ഞെരിഞ്ഞമർന്നു ,കണ്ണുകൾ തുറിച്ചു ,നെഞ്ചിൻകൂട് ശക്തിയായി ഉയർന്നുതാണു. ഒടുവിൽ വേരുകൾ ഇളകിമാറിയ ആൽമാവിനെ കുറ്റിയെ ജെസിബിയുടെ കൈ വന്യമായൊരാവേശത്തോടെ പിഴുതെറിയുമ്പോൾ അയാൾ തന്റെ കസേര വിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി .
"ദേവീ ..." അയാളുടെ നിലവിളി ജെസിബിയുടെ അലർച്ചയിൽ മുങ്ങിപ്പോയി .കെണിയിലകപ്പെട്ട പുലിയെപ്പോലെ അയാൾ വീടിന്റെ മുറ്റത്ത് തെക്കുവടക്കു പാഞ്ഞു . ക്രമേണ അയാളുടെ കാലടികൾക്ക് താളം തുടങ്ങി .
ആനയും അമ്പാരിയുമില്ലാതെ , കോട്ടും കുരവയുമില്ലാതെ,കോവിലും പ്രതിഷ്ഠയുമില്ലാതെ . ചെമ്പട്ടണിയാതെ , അരമണി കിലുക്കാതെ ,കാൽതളപ്പണിയാതെ , വാൾ ചുഴറ്റാതെ തന്റെ വീടിന്റെ മുറ്റത്ത് ദേവിയുടെ കോമരം തുള്ളാൻ തുടങ്ങി .
തുള്ളൽത്തറയിൽ ചില്ലറത്തുട്ടുകളുടെ കിലുക്കമുയർന്നില്ല , നാട്ടുകാരോ തറവാട്ടുകാരോ ആരും ദേവിയുടെ അരുളപ്പാടു ചോദിക്കാനെത്തിയില്ല . ഉറക്കം മുറിഞ്ഞെഴുന്നേറ്റ പെണ്മക്കൾ മാത്രം അമ്പരന്ന കണ്ണുകളും തൊഴുതുപിടിച്ച കൈകളുമായി മുറ്റത്തു നിരന്നുനിന്നു .
"ദേവീ ... മക്കൾക്കൊരു വഴി കാണിച്ചുതാ " വെളിച്ചമണഞ്ഞ തുളസിത്തറയിൽ കോമരം തലതല്ലി .
ആ രാത്രി കണക്കുവോളം അയ്യപ്പൻ കോമരം തന്റെ പെണ്മക്കൾക്കുമുന്നിൽ ആടിത്തിമിർത്തു.
അൽമാവിന്റെ കുറ്റിയെ പിഴുതെറിഞ്ഞ ജെസിബിയുടെ കൈ പ്രതിഷ്ഠയൊഴിഞ്ഞ കോവിലിന്റെ ഉത്തരത്തിൽ പിടിമുറുക്കി .
തുളസിത്തറയിൽ പലതവണ തല്ലിയ നെറ്റിയിൽ നിന്നും ചോര ചാലിട്ടു. കാലുകൾ തളർന്നുതുടങ്ങിയ നേരത്തു അയാൾ പെണ്മക്കളെ അടുത്തുവിളിച്ചു . രക്താഭിഷിക്തയായ ദേവിയുടെ മുന്നിൽ അവർ അനുഗ്രഹത്തിനായി തലകുനിച്ചു . തന്റെ പെണ്മക്കളെ ഓരോരുത്തരെയായി അയാൾ കൈവെച്ചനുഗ്രഹിച്ചു . തലയിൽ വെച്ച കൈകൾ കവിളിനെത്തഴുകി കഴുത്തിലേക്ക് ആഴ്ന്നിറങ്ങി .
"ദേവീ ..."
മോക്ഷം കൊടുപ്പാൻ താതനോളം യോഗ്യതയാർക്ക് ?
അമ്പലപ്പറമ്പിൽ നിന്നും ജെസിബിയുടെ ശബ്ദം നേർത്തുവന്നു . കോവിലിന്റെ അടിത്തറയുൾപ്പെടെ പൊളിഞ്ഞുവീണു .
"ഹ്റാ...ഹ് റോ..." നാടുമുഴുവൻ കേൾക്കുമാറ് അലറിവിളിച് , ചോരയൊലിക്കുന്ന മുഖവുമായി കോമരം തെരുവിലേക്ക് ഓടിയിറങ്ങി. ഭ്രഷ്ടരാക്കപ്പെട്ട ഭൂതഗണങ്ങളും ഉപദേവതകളും നായായും നരിയായും അലഞ്ഞുനടക്കുന്ന തെരുവിലേക്ക് അവരിലൊരാളായി ദേവിയുടെ കോമരവും

By
Jacob Thomas

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo