എന്റെ പ്രിയ ആയിഷ, നിന്നെക്കുറിച്ച് ഞാനെഴുതുമ്പോൾ, നിന്റെ ജീവിതം ഞാനെഴുതുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല നിനക്കു സമാനമായ ജീവിതമുള്ളവർ ഉണ്ടാവുമെന്ന്.
ആയിഷ നിന്നെ ഇഷ്ടപെട്ടവർ ആയിരങ്ങളാണ്. ചിലരൊക്കെ പറഞ്ഞു. ആയിഷ വെറും കഥയാണെന്ന്.
അതെ നിന്നെ വെറും കഥയായി മാത്രം കാണുന്നവർ കണ്ടോട്ടെ അല്ലെ. സാരമില്ല ആയിഷ , എനിക്കും നിനക്കും, നിന്നെ അറിയുന്നവർക്കും മാത്രമറിയുന്ന ചില സത്യങ്ങൾ. അതങ്ങനെ തന്നെ നിക്കട്ടെ അല്ലെ. പ്രൊഫൈലിൽ ഒരു പൂവായി ,ഒരു പൂമ്പാറ്റയായി നീയും എന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ, നിന്റെ കഥ ഞാനിടുമ്പോൾ.
എന്റെ ഏതോ ഒരു എഴുത്തു കണ്ടു ഇഷ്ടപെട്ട നീ എന്നോട് വന്ന് സംസാരിക്കുമ്പോൾ, നിന്റെ മനസ്സിൽ എരിഞ്ഞു തീർന്നൊരു കനലുണ്ടായിരുന്നെന് അറിയില്ലായിരുന്നു.
ഞാൻ ഫെയ്ക് അല്ല എന്റെ വ്യക്തിത്വം ഇതാണ് എന്ന് പറഞ്ഞ് ഞാൻ ചോദിക്കാതെ തന്നെ നീ നിന്റെ മുഖമെനിക്ക് കാണിച്ചു തരുമ്പോൾ, നിനക്ക് മൊഞ്ചില്ലെന്ന് പറഞ്ഞ് നിന്നെ അവഹേളിച്ച സബീർ കണ്ണ് പൊട്ടനോ എന്ന് പോലും തോന്നിപ്പോയി.
ഒരു പെണ്ണിന് ഇത്രക്കും മൊഞ്ചുണ്ടാവുമോ എന്ന് പോലും തോന്നിപ്പോയ നിമിഷം. പിന്നീട് നിന്റെ സ്വരം ഞാൻ കേൾക്കുമ്പോൾ, എന്തോ പറഞ്ഞറിയിക്കാൻ പാടില്ലാത്ത ഒരാത്മസുഖം, ഒരു ഭാവം എന്നിൽ നിറഞ്ഞു. എന്തൊരഴകാണ് നിനക്ക് എന്തൊരു മധുരമാണ് നിന്റെ സ്വരത്തിന്.
വീണ്ടും ഞാൻ ചോദിക്കാതെ തന്നെ അഞ്ചു മിനിറ്റ് നീളുന്ന വീഡിയോ കോളിൽ നീ വന്ന്, നീ ഫെയ്ക്കല്ലെന്നോട് വീണ്ടും പറയുമ്പോൾ, ആത്മാർത്ഥതയും നിഷ്കളങ്കത്വവുമുള്ള നിന്റെ മുഖവും, വാക്കുകളും എന്നെ അതിശയിപ്പിക്കുകയായിരുന്നു.
എന്തൊരു സ്ത്രീത്വ പക്വതയാണ് നിനക്ക്, അത് പോലെ തന്നെ മനോഹരമായി സന്ദർഭത്തിനനുസരിച്ചു പറയുന്ന തമാശകളും എന്നെ തെല്ലൊന്നുമല്ല നിന്നിലേക്ക് ആകർഷിപ്പിച്ചത്. പിന്നീട് നീയും നിന്റെ കുടുംബവും ഒരുമിച്ചു വീഡിയോ കോളിൽ വരികയും നമ്മളോരുമിച്ച് സൗഹൃദം പങ്കിട്ടതും മറക്കാനാവാത്ത ഒന്നാണ്.
ജിജോ ഏട്ടാ, എനിക്കെന്റെ ജീവിതം പറയണമെന്നുണ്ട്, സമയമുണ്ടോ എന്നെ കേൾക്കാൻ എന്ന് ചോദിച്ച നിന്റെ വിനയത്തിനു മുന്നിൽ, ഞാൻ എങ്ങനെ ഇല്ലാന്ന് പറയും. കുറച്ച് കഴിഞ്ഞു വരാമോ എന്ന് ചോദിച്ചപ്പോൾ , വീട്ടിൽ പണിയൊക്കെ തീർത്തു വേഗം വരാമെന്നു പറഞ്ഞ് നീ വന്നപ്പോൾ, നിന്നെ കുറിച്ച് എഴുതാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.
നീ നിന്റെ ജീവിതത്തിന്റെ ആദ്യ കാലം വിവരിച്ചപ്പോൾ മനസ്സിൽ സന്തോഷം തോന്നിയിരുന്നു. പിന്നീട് സബീറിക്കയുടെ ഭാവ മാറ്റം നീ വിവരിക്കുമ്പോൾ ഞാനതു നേരിൽ കാണുന്നപോലെയായിരുന്നു. നിന്റെ ശബ്ദം എത്ര മനോഹരമായി അതെനിക്ക് പറഞ്ഞ് തന്നു. മണിക്കൂറുകൾ നീണ്ട നമ്മുടെ സംസാരം കഴിഞ്ഞപ്പോൾ എനിക്കൊരു മരവിപ്പായിരുന്നു.
നിന്റെ കണ്ണുനീർ ഞാൻ കണ്ടില്ലെങ്കിലും നിന്റെ വാക്കുകളിൽ അതുണ്ടായിരുന്നു.
ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന കുടുംബപരമായും സാമൂഹികപരമായുള്ള അവഗണന , അർത്ഥം വെച്ചുള്ള നോട്ടം, കളിയാക്കലുകൾ, കഴുകൻ കണ്ണുകൾ, നീ നേരിട്ട ഹൃദയ ഭേദകമായ അനുഭവങ്ങൾ. എന്റെ ആയിഷ നീയെങ്ങനെ ഇതൊക്കെ സഹിച്ചു എന്നത് ഓർക്കുവാൻ സാധിക്കുന്നില്ല.
എങ്കിലും പ്രിയ ആയിഷ, നിന്നെ പോലത്തെ ഒരു സ്ത്രീ , പുണ്യമുള്ള സ്ത്രീ നല്ല മനസ്സിനുടമയായ സ്ത്രീ, ഈ അടുത്ത കാലത്തെങ്ങും ഞാൻ കണ്ടിട്ടില്ല. നീ എത്ര പാവമാണ്, അത് പോലെ തന്നെ നീയെത്ര ധൈര്യവതിയാണിപ്പോൾ.
ഇന്ന് നിനക്ക് നല്ലോരു ജീവിതമുണ്ട്, കുടുംബമുണ്ട്, നീ ജീവിച്ചു ജയിച്ച സ്ത്രീയാണ്.
പിന്നെ എന്റെ ആയിഷ നിന്റെ കഥയെനിക്ക് തന്ന സൗഹൃദങ്ങൾ ഒത്തിരിയാണ് കേട്ടോ. ഇപ്പോഴും ആയിഷയെ വായിച്ചു പലരും എന്നോട് വന്ന് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഞാൻ നീതി പുലർത്തി മറുപടിയും കൊടുക്കാറുണ്ട്.
സൗഹൃദങ്ങൾ എന്നും നല്ലതാണ്. എങ്കിലും എന്റെ ആയിഷ, നീ ആണ് എന്റെ പ്രിയ കൂട്ടുകാരി. ചുരുങ്ങിയ കാലം കൊണ്ട് വർഷങ്ങളുടെ പരിചയമുണ്ടാക്കിയ നീയാണ് എന്റെ സ്ത്രീ കൂട്ടുകാരിൽ എനിക്കേറ്റവും ഇഷ്ടപെട്ടവൾ.
നീയിപ്പോൾ ഒരു യാത്രയിലാണല്ലോ .അത് കഴിഞ്ഞാൽ യാത്രാവിവരണം നൽകാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. കാത്തിരിക്കുന്നു.
എന്ന് സ്വന്തം കൂട്ടുകാരൻ
.........................
ജിജോ പുത്തൻപുരയിൽ
.........................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക