Slider

മുത്തുമാലയും പെങ്ങള്കുട്ടീം

0

തിരിച്ചുകിട്ടാത്ത കുറേ നനുനനുത്ത ഓര്‍മ്മകളുടെ കലവറയാണ് ബാല്യകാലം. അതില്‍ ഓര്‍ക്കാന്‍ സുഖമുള്ളതും ഉണ്ടാകും ഓര്‍ത്താല്‍ അത്ര സുഖം തോന്നാത്തതും ഉണ്ടാകും.
അത് എല്ലാവരിലും അങ്ങനെതന്നെ പ്രത്യേകിച്ച് സ്കൂള്‍ കാലം.
അങ്ങനെ കുറേ അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് അതില്‍ ഓര്‍ത്താല്‍ അത്ര സുഖം അല്ലാത്തതും എന്നാല്‍ ഒരിക്കലും മറക്കാനാത്തതുമായ ഒരനുഭവം ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കാം.
ദയവുചെയ്ത് മറ്റാരോടും പറഞ്ഞ് നാറ്റിക്കരുത്.
ഞാന്‍ പത്താംതരം പഠിക്കുന്ന കാലം പ്രദീപ്‌,വേണു,മാത്യു പിന്നെ
ഞാനും ഞങ്ങള്‍ അടുത്ത കൂട്ടുകാര്‍ ആണ്.
എവിടെ പോയാലും ഞങ്ങള്‍ ഒന്നിച്ചാണ് അതിപ്പോള്‍ ക്ലാസ് കട്ട്
ചെയ്യാനാണ് എങ്കിലും,പഞ്ചാരയടിക്കാന്‍ ആണെങ്കിലും,
അടിവാങ്ങാന്‍ ആണേലും .
അന്നൊക്കെ പത്താംതരം പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഒരു ലൈന്‍ ഒക്കെയുണ്ട് എന്ന് പറയുന്നത് ഒരു വെയിറ്റ് ആണ് നല്പേര്‍ക്കിടയില്‍.
വെറുതെയാണെങ്കിലും ലോ.....ലവള്‍ എന്‍റെ ലൈന്‍ ആണ്
എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഗമയില്‍ നില്‍ക്കുന്നതിന്‍റെ സുഖം
ഒന്ന്‍ വേറേ തന്നെയാണ്. വെറുതേ ഒരാളാകാന്‍ അല്ലാണ്ടെന്ത്‌ ...??
വൃച്ഛികമാസം ഞങ്ങളുടെ പടനിലം അമ്പലത്തിലും മണ്ഡലകാലം
ആണ്.ഓച്ചിറ കഴിഞ്ഞാല്‍ വെച്ചുവാണിഭം ഏറ്റവും കൂടുതല്‍
അവിടെയാണ്. അമ്പലത്തിന്‍റെ തൊട്ട് പുറകില്‍ ആണ് സ്കൂള്‍.
വൃച്ഛികം ഒന്ന്‍ മുതല്‍ പന്ത്രണ്ട് വരെ ക്ലാസില്‍ ഇരിക്കുന്നതിലും
കൂടുതല്‍ സമയം അമ്പലപരിസരത്ത് ആയിരിക്കും ഞങ്ങള്‍.
"ഡാ ....എനിക്ക് ഒരു മുത്തുമാല വാങ്ങണം അവള്‍ക്ക് കൊടുക്കാനാ"
പ്രദീപ്‌ ആണ് ആദ്യം പറഞ്ഞത്."എനിക്കും വേണം ഒന്ന്‍ അവളും
ഇന്നലെ പറഞ്ഞിരുന്നു" മാത്യു ഏറ്റ്പിടിച്ചു.
അവര്‍ക്ക് രണ്ട്പേര്‍ക്കും ലൈന്‍ ഉണ്ടെന്ന് സ്കൂളില്‍ എല്ലാവര്‍ക്കും
അറിയാം.അവര്‍ക്ക് മുന്നില്‍ ചെറുതാകേണ്ടാ എന്ന് കരുതിയാകും
"എനിക്കും ഒന്ന്‍ വേണം" വേണു പറഞ്ഞു.
ഒട്ടും കുറച്ചില്ല മാല എടുത്തപ്പോള്‍ ഞാനും ഒന്നെടുത്തു ഗമയില്‍
നമ്മളെന്തിനാ ചെറുതാവുന്നത് നമ്മുടെ കോളറും ഒന്ന്‍ പൊങ്ങി
നില്‍ക്കട്ടെ.ഒരേ നിറത്തിലുള്ള നാല് മാല .പ്രദീപിനും മാത്യുവിനും
കാര്യം മനസ്സിലായി ഞങ്ങള്‍ വെറുതേ വാങ്ങിയത് ആണ് എന്ന്.
ഞങ്ങളേ കുടുക്കാനായി അവര്‍ ഒരു നിര്‍ദ്ദേശം വച്ചു.നമ്മള്‍ നാല്പേരില്‍ ഒരാളെങ്കിലും കാണ്‍കെയായിരിക്കണം മറ്റൊരാള്‍
മാല കൊടുക്കുന്നത്.
എനിക്കും വേണുവിനും എട്ടിന്‍റെ പണി കിട്ടിയെന്ന്‍ ഞങ്ങള്‍ക്കും
മനസ്സിലായി അവര്‍ക്കും മനസ്സിലായി.സമ്മതിക്കാതെ മറ്റ് മാര്‍ഗ്ഗം
ഇല്ലായിരുന്നു ഞങ്ങള്‍ക്ക്.
പ്രദീപും മാത്യുവും അവരുടെ ഭാഗം ക്ലിയര്‍ ആക്കി അവര്‍ക്ക്
അതൊരു പുത്തരിയല്ലല്ലോ രണ്ട് വര്‍ഷംകൊണ്ട് കൊടുക്കുന്നുണ്ട്
മലയും,വളയും,ചാന്തും,പൊട്ടും ഒക്കെ.
ഞങ്ങള്‍ നാളെ കൊടുക്കാം എന്നായി .അന്ന് ഞാന്‍ ഉറങ്ങിയില്ല
നാളെ ഇത് ആര്‍ക്ക് കൊടുക്കും എന്ന ചിന്തയില്‍ ആയിരുന്നു.
ഉറക്കം പോയത് മിച്ചം ഒരു ബുദ്ധിയും തെളിഞ്ഞില്ല.
അവസാനം വെളുപ്പിന് വെളിക്കിരിക്കുമ്പോള്‍ ആ തണുത്ത കാറ്റും
പ്രകൃതിഭംഗിയും ഒക്കെ കണ്ടിട്ടും കൊണ്ടിട്ടും ആയിരിക്കാം ഒരു
എമണ്ടന്‍ ബുദ്ധി തലയില്‍ തെളിഞ്ഞു അത് അപ്പോളേ ഉറപ്പിച്ചു.
പിറ്റേന്ന് കാലത്ത് പ്രദീപും,വേണുവും ഓടിക്കിതച്ചുവന്ന്‍ ആ
വെടിപൊട്ടിച്ചു."എടാ... ഇവനും കൊടുത്തു നമ്മള്‍ കരുതിയപോലെ
അല്ല കൊച്ചുകള്ളന്‍ നല്ല അടിപൊളി ഒരു ചരക്ക്"
നോക്കിയപ്പോള്‍ ഗമയില്‍ നില്‍ക്കുന്നു വേണു എന്നേ നോക്കി ഒരു
ആക്കിയ ചിരിയും.
പ്രദീപ്‌ എന്‍റെ നേര്‍ക്ക് തിരിഞ്ഞു "ഡാ ..നീ .ഇനി എപ്പോള്‍ ആണ്"
പോകുന്നതിന് മുന്‍പ് കൊടുക്കാം എന്ന് ഞാനും ഉറപ്പ് കൊടുത്തു
ഒരു നിബന്ധനയില്‍ എന്‍റെ കൂടെ മത്യും മാത്രമേ കാണാവു .
അവര്‍ക്ക് സമ്മതം.
ഉച്ചയായപ്പോള്‍ എട്ടാംക്ലാസിലെ പെണ്‍കുട്ടികളുടെ ക്ലാസ് വരാന്തയിലൂടെ ഞാന്‍ എന്‍റെ പ്ലാനുമായി അങ്ങോട്ടും ഇങ്ങോട്ടും
ചുറ്റിക്കറങ്ങി.അധികം ചുറ്റാന്‍ പറ്റില്ല എന്‍റെ അനുജത്തി ഈ ക്ലാസിലാ പഠിക്കുന്നത്. എന്‍റെ പ്ലാന്‍ മറ്റൊന്നുമല്ല ഞാന്‍ നിങ്ങളോട്
പറയാം പൊളിക്കരുത്.
എട്ടാംക്ലാസില്‍ പഠിക്കുന്ന വേണുവിന്‍റെ അനുജത്തിക്ക് വേണു വാങ്ങിതന്നതാണ് എന്നും പറഞ്ഞ് മാല കൊടുക്കുക .
മാത്യുവിനെ ദൂരെ നിര്‍ത്തുക അവന് അറിയില്ല വേണുവിന്‍റെ അനുജത്തിയെ അപ്പോള്‍ കര്യം എളുപ്പമായി.
എപ്പിടി എന്‍റെ പ്ലാന്‍ ..?ഞാനാരാ ..മോന്‍ ???
അന്ന് പ്രതീക്ഷിച്ച ആളേ കണ്ടില്ല നാളത്തേക്ക് മാറ്റിവച്ചു മാലകൊടുപ്പ്.
വൈകിട്ട് വീട്ടില്‍ ചെന്ന് തലപ്പന്ത്കളി കഴിഞ്ഞ് കുളത്തില്‍ ചാടിമറിഞ്ഞ് ഒരു കുളി ഒക്കെ പാസാക്കി വീട്ടില്‍ വന്നപ്പോള്‍
ദേ .... അനുജത്തിയുടെ കഴുത്തില്‍ ആ മാല കിടക്കുന്നു
ദൈവമേ ..നിക്കറിന്‍റെ പോക്കറ്റില്‍ ഇട്ടിരുന്ന മാല ഇവള്‍ ഇത് എങ്ങനെ തപ്പിയെടുത്തു ..?
ഡീ...നിനക്ക് എവിടുന്ന്‍ കിട്ടി ഈ മാല ...?
"അത് കൊള്ളാം അണ്ണന്‍ വാങ്ങിയ മാല അണ്ണന് അറിയില്ലേ ..?"
അവള്‍ തിരികെ എന്നോട് .അത് നിനക്ക് എവിടുന്ന്‍ കിട്ടീന്നാ ചോദിച്ചേ "അണ്ണന്‍ വാങ്ങി വേണുഅണ്ണന്‍റെ കയ്യില്‍ കൊടുത്ത് വിട്ടില്ലേ ആ മാലയാ ഇത്"
ഞാന്‍ വേണുവിന്‍റെ കയ്യില്‍ കൊടുത്തുവിട്ടോ ..?
"അണ്ണന്‍ വാങ്ങി തന്നതാണ് എന്നുംപറഞ്ഞാ വേണു അണ്ണന്‍ തന്നത്
വേണു അണ്ണന്‍റെ അനുജത്തിക്കും ഒരെണ്ണം ഉണ്ടായിരുന്നു അത് വേറേ
കളര്‍ ആയിരുന്നു നിങ്ങള്‍ ഒന്നിച്ച് വാങ്ങിയതാണ് എന്നും പറഞ്ഞു."
ഓഓ ..ആ...മാല ....ശെരിയാ ഞാന്‍ മറന്നുപോയി.
"നല്ല മാല അല്ലേ അമ്മേ...". അമ്മേ വിളിച്ചുകൊണ്ട് അവള്‍ അകത്തേക്ക് പോയി.പകച്ചുപോയി എന്നിലേ കൌമാരം.
ന്നാലും ഒന്ന്‍ പറയട്ടെ ആ വേണുനേത്തന്നെയാ ഞാന്‍ ഇന്നും അളിയാന്ന്‍ വിളിക്കുന്നത് അല്ല പിന്നെ ......
നൂറനാട് ജയപ്രകാശ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo