വിവാഹം കഴിഞ്ഞു ഭർതൃ വീട്ടിൽ എത്തിയപ്പോൾ ആരോ പറഞ്ഞു അമ്മായി അമ്മ ഭയങ്കരിയാണെന്ന്....
അമ്മയ്ക്കും അച്ഛനും ഒരു മകൻ.. അച്ഛൻ മരിച്ചു ഇപ്പോൾ അമ്മ മാത്രം, നല്ല ജോലി, സ്വഭാവം എല്ലാം നല്ലത്.. പിന്നെ എനിക്കും ഇഷ്ടമായി .. അങ്ങനെ ഈ വിവാഹം നടന്നു....
ആരോ പറഞ്ഞത് സത്യമാണെന്ന് തോന്നിപ്പോയ ദിനങ്ങൾ... കാലത്ത് 5 മണിക്ക് എഴുന്നേൽക്കണം കുളിക്കണം, മുറ്റം അടിക്കണം, വീടെല്ലാം തുടക്കണം, അടുക്കളയിൽ കയറണം.. അമ്മായി അമ്മയെ എല്ലാറ്റിനും സഹായിക്കണം... പണി എല്ലാം എനിക്ക് തന്നെ...
എന്റെ വീട്ടിൽ എനിക്ക് പരമ സുഖമായിരുന്നു.. ഇഷ്ടമുള്ളപ്പോൾ എഴുന്നേറ്റാൽ മതി.. അമ്മ പൊന്നു പോലെയാണ് നോക്കിയത്.. അമ്മ ഒരു പണി പോലും ചെയ്യിച്ചിട്ടില്ല... എന്നാൽ ഇപ്പോൾ...
ആദ്യത്തെ വീട്ടിൽ പോക്കിൽ ഭർത്താവിന്റെ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ ആ തള്ള പിടിയുടെ കാര്യം പറയരുത് എന്നായിരുന്നു മറുപടി....
പിന്നെ ഭർതൃ വീട്ടിലെ അടുക്കള പണി എല്ലാം എനിക്കായി... എത്രയൊക്കെ നല്ല പോലെ ചെയ്യാൻ ശ്രമിച്ചാലും എന്തെങ്കിലും കുറ്റം കണ്ടെത്തും.. ഇത് എല്ലാം കേട്ടു മടുത്തു... എന്നാൽ ഇപ്പോൾ എനിക്ക് ഒറ്റക്ക് തന്നെ ഒരു കുടുംബത്തിലെ എല്ലാ പണികളും ചെയ്യാം എന്നുള്ള ഒരു വിശ്വാസം വന്നു...
അങ്ങനെ അടുത്ത വീട്ടിൽ പോക്കിൽ തള്ള പിടി എന്നുള്ള വിളി മാറി അമ്മായി അമ്മ എന്നായി....
പിന്നെ ഞാൻ ഉണ്ടാക്കിയ ഭക്ഷണം ഭർത്താവ് നന്നായി എന്ന് പറഞ്ഞപ്പോഴും, ഒരിക്കൽ അമ്മയും അച്ഛനും ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും മനസിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി...
പിന്നെ അമ്മായി അമ്മ ഒരിക്കൽ അടുത്ത വീട്ടിലെ ചേച്ചിയോട് അടക്കം പറയുന്നത് കേട്ടു....
ഈ വീട്ടിൽ വന്നു കയറുമ്പോൾ ഒന്നും അറിയാത്ത പെണ്ണാ യിരുന്നു... ഇപ്പോൾ എത്ര വേഗത്തിലാ എല്ലാം പഠിച്ചെടുത്തത്... എന്നെക്കാളും നന്നായി ഭക്ഷണം ഉണ്ടാക്കും... സ്വഭാവവും പെരുമാറ്റവും എല്ലാം നല്ലതാണ്, എന്റെ മോനെയും അവൾക്ക് ജീവനാണ്... ഇന്നേ വരെ എന്നോട് മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല...
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു പെൺ കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്... ഒരു മരുമകളായിട്ട് ഞാൻ അവളെ കണ്ടിട്ടില്ല എപ്പോഴും എന്റെ മകളായാണ് കണ്ടിട്ടുള്ളത് അങ്ങനെയാ സ്നേഹിച്ചിട്ടുള്ളതും..
ഞാൻ കുറച്ചു കർക്കശക്കാരി ആയത് അവൾ എല്ലാ പണികളും പഠിക്കാനാണ്... ഞാൻ എല്ലാ പണികളും ചെയ്തിരുന്നെങ്കിൽ അവൾ ഒന്നും തന്നെ ചെയ്യാതെ മടി പിടിച്ച് ഇരുന്നേനെ.'' എനിക്ക് വയ്യാതെ ആയാലോ, എന്റെ കാലം തീർന്നാലോ അവൾക്ക് ഒരു കുടുംബം നോക്കാൻ ഭയങ്കര ബുദ്ധിമുട്ടാകും ജീവിക്കാൻ തന്നെ പാടുപെടും... ഇപ്പോൾ കുറച്ചു കഷ്ടപ്പെട്ടെങ്കിലും അവൾ നല്ല ഒരു ഭാര്യയായി നല്ല ഒരു കുടുംബിനിയായി...
ആ നിമിഷം മുതൽ എപ്പോഴും അമ്മേ എന്നെ വിളിച്ചിട്ടുള്ളൂ.. അങ്ങനെയേ സ്നേഹിച്ചിട്ടുള്ളൂ.. ആ മനസ്സ് അറിയാൻ വൈകി പോയല്ലോ എന്നൊരു സങ്കടം മാത്രം...
ജീവിതത്തിൽ ഒരു മാറ്റം ഉണ്ട് തള്ളപിടിയിൽ നിന്ന് അമ്മായി അമ്മ ആയി... അമ്മായി അമ്മയിൽ നിന്ന് അമ്മ ആയതും... അത് പരസ്പരം മനസിലാക്കുമ്പോഴും സ്നേഹിക്കുമ്പോഴും മാത്രമാണ്.....
Sajith_Vasudevan(ഉണ്ണി..)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക