1997 കാലഘട്ടം. അന്ന് ഞാൻ SAP (Special Armed Police)യിൽ കോട്ടയത്ത് ജോലി നോക്കുകയാണ്. ഇലെക്ഷൻ കാലമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിന്റെ പരിസരത്ത് സ്പെഷ്യൽ ഡ്യൂട്ടിക്കായി എന്നെയും ചിലരെയും അയച്ചിരിക്കുകയാണ്. തിക്കിത്തിരക്കുന്ന ജനം. തൊട്ടുമുൻപിലുള്ള ചെറിയ തട്ടുകടകളിലും ചായക്കടകളിലും ചായയും ഭക്ഷണവും വാങ്ങാൻ വരുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തിരക്ക്. 'ചൂടുള്ള വാർത്ത ' വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്ന പത്രവില്പനക്കാരും 'നാളത്തെ ഭാഗ്യം ' ചില്ലറയായി വിൽക്കുന്ന ലോട്ടറിക്കാരും അന്തരീക്ഷത്തെ കൂടുതൽ തിരക്കുള്ളതാക്കുന്നു. ചുറ്റുവട്ടത്തായി നിലയുറപ്പിച്ചിട്ടുള്ള പലരുടെയും മുഖം വാടിയനിലയിലാണ്. പലരുടെയും മുഖത്ത് പ്രതീക്ഷയുടെ നിഴൽ പോലും കാണാനില്ല. പലരും ജീവിതയുദ്ധത്തിൽ പരാജയം രുചിക്കുന്നവർ.. പ്രത്യാശകൾ നശിച്ചവർ.
രാവിലെ പതിനൊന്നു മണിയോടുകൂടി പോലീസ് എയ്ഡ് പോസ്റ്റിലെ ഫോണിൽ ആ സന്ദേശം എത്തി, കൂടെ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരൻ രമേശിന് ബൈക്ക് ആക്‌സിഡന്റിൽ സാരമായി മുറിവേറ്റു മെഡിക്കൽ കോളേജിലേക്ക് ഉടനേ കൊണ്ട് വരുന്നുണ്ടത്രേ. ഞാനും ചില സഹപ്രവർത്തകരും മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. അവിടെയെത്തിയപ്പോഴേക്കും രമേശിനെ കൊണ്ട് വന്നു കഴിഞ്ഞിരുന്നു. അത്യാഹിത വിഭാഗത്തിലെ പരിശോധനക്ക് ശേഷം ഓപ്പറേഷൻ തീയേറ്ററിലേക്ക് അടിയന്തിരമായി മാറ്റി, കാലിന് പൊട്ടലുണ്ടത്രെ. അപ്പോഴേക്കും AR ക്യാമ്പിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരെത്തി. അവർ രമേശിന്റെ വീട്ടിലും വിവരമറിയിച്ചു.
ഡ്യൂട്ടി പോസ്റ്റിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് കലശലായ മൂത്രശങ്ക തോന്നി. ആശുപത്രിയിലെ മൂത്രപ്പുരകളുടെ ഭാഗത്തേക്ക് നടന്നു. ദൂരെ നിന്നേ കാറ്റിലൂടെ ഒഴുകിയെത്തുന്ന മൂത്രത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും സമ്മിശ്ര രൂക്ഷ ഗന്ധം മൂക്കിലടിച്ചു. വൃത്തിയുള്ള ഒരൊറ്റ മൂത്രപ്പുര പോലുമില്ല. അഴുക്കുപിടിച്ച, പൈപ്പ് പൊട്ടിയൊലിച്ച രീതിയിലുള്ള മൂത്രപ്പുരകൾ. കതകുകളെല്ലാം പൊട്ടിത്തകർന്നു കിടക്കുന്നു. ഭിത്തികളിൽ ഏതോ ഞരമ്പ് രോഗികൾ വരച്ച അപൂർണ്ണമായ അശ്ലീലചിത്രങ്ങൾ, ഫോൺ നമ്പറുകൾ. അതിലൊന്നും മൂത്രമൊഴിക്കാൻ തോന്നിയില്ല. പകുതിമുക്കാലും അടഞ്ഞു കിടക്കുന്ന ഒരു കക്കൂസ് മുറി കണ്ടു. ആശങ്കയോടെ അതിൽ മുട്ടി. ആരും മറുപടി തരാത്തതു കൊണ്ട് തുറന്ന് അകത്തുകയറി. അതിൽ വൃത്തിഹീനമായ യൂറോപ്യൻ ക്ലോസറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ക്ലോസറ്റിന് ചുവട്ടിലായി കുറേയേറെ രക്തത്തുള്ളികൾ കിടക്കുന്നത് അപ്പോഴാണ് കണ്ടത്. ശങ്കയോടെ ഒരു കാലുകൊണ്ട് ക്ലോസറ്റിന്റെ അടപ്പ് മുകളിലേക്കുയർത്തി. ഞെട്ടിപ്പോയി.... !! അല്പം മുൻപ് മാത്രം പിറന്ന ഒരു ശിശുവിന്റെ മൃത ശരീരം ക്ലോസറ്റിലെ ഇത്തിരി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ആൺകുട്ടിയാണ്. പൊക്കിൾ കൊടി ശരിയായി മുറിച്ചിട്ടില്ല , അനുബന്ധ ഭാഗങ്ങൾ നീണ്ടുകിടക്കുന്നു. ശരീരം കരിനീലിച്ചിരിക്കുന്നു. ക്ലോസറ്റിനകം നിറയെ രക്തം.. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. ടോയ്ലറ്റിന്റെ വാതിൽപ്പിടിയിലും രക്തക്കറ പറ്റിയിട്ടുണ്ട്. ടോയ്‌ലെറ്റിൽ നിന്നും പുറത്തേക്ക് പോകുന്ന രീതിയിൽ അവ്യക്തമായ രക്തം പുരണ്ട കാൽപ്പാടുകൾ.... അത് ദൂരേക്ക് നീണ്ടു പോകുന്നുണ്ട്.
ഞാൻ പെട്ടെന്നു ടോയ്‌ലെറ്റിൽ നിന്നും പുറത്തിറങ്ങി, കതകടച്ചു കുറ്റിയിട്ടു. എന്നിട്ട് ആ രക്തം പുരണ്ട കാൽപ്പാടുകൾ പിന്തുടർന്നു. പെട്ടെന്ന് ഇടനാഴികൾ മുറിയുന്നിടത്ത് പ്രാഞ്ചി പ്രാഞ്ചി അവശതയോടെ നീങ്ങുന്ന ഒരു സ്ത്രീ രൂപം ശ്രദ്ധയിൽപ്പെട്ടു. ഞാൻ വയർലെസ്സ് സെറ്റിലൂടെ എയ്ഡ് പോസ്റ്റിലേക്ക് മെസ്സേജ് കൊടുത്ത ശേഷം അതിവേഗം ആ സ്ത്രീ രൂപത്തെ പിന്തുടർന്നു. അത് ഒരു റൂമിനുള്ളിലേക്ക് കയറുന്നത് ദൂരെ വച്ചേ ഞാൻ കണ്ടിരുന്നു.
ആ റൂമിന് മുന്നിലെത്തിയപ്പോൾ രക്തം പുരണ്ട കാലടി പാടുകൾ ഉള്ളിലേക്ക് കടന്നിരിക്കുന്നത് കണ്ടു. തിരിഞ്ഞു നിന്നിട്ട് ഷോൾഡർ കൊണ്ട് ഒറ്റയിടിക്ക് ഡോർ തുറന്നു. ഉള്ളിൽ കഷ്ടിച്ച് 17 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി. തടിച്ച പ്രകൃതം. അവൾ കട്ടിലിൽ ഇരുന്നുകൊണ്ട് കണങ്കാലിലൂടെ
ഒലിച്ചിറങ്ങുന്ന രക്തം ഒരു പഴയ തുണി കൊണ്ട് തുടക്കുന്നു . റൂമിൽ വേറെ ആരുമില്ല.അവളുടെ മുഖം വിളറി വെളുത്തിരുന്നു. എന്നെ കണ്ടു അവൾ പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. " നിങ്ങൾ എന്താ ഇവിടെ... ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല... " അവൾ പറഞ്ഞു. " നീ എന്തിനാ നിന്റെ കുഞ്ഞിനെ കൊന്നത്.. ?" ഞാൻ ചോദിച്ചു. " എന്റെ കുഞ്ഞല്ല അത്.. അസ്സത്താണ് .. എന്റെ ജീവിതം തകർക്കാൻ വന്ന അസ്സത്ത് ... " എന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് അവൾ പറഞ്ഞു. അപ്പോഴേക്കും വനിതാ പൊലീസുകാർ എത്തി . "നിനക്കും നിന്റെ പോലീസുകാർക്കും നിന്റെ ഭരണകൂടത്തിനും എനിക്കും എന്നെപ്പോലുള്ളവർക്കും സംരക്ഷണം തരാൻ കഴിയുമോ... അപമാനിക്കാനും ഒറ്റപ്പെടുത്താനുമല്ലാതെ... ഈ പാവപ്പെട്ട എന്നെ എന്തിന് അറസ്റ്റ് ചെയ്യുന്നു. എന്റെ അച്ഛനെ അറസ്റ്റ് ചെയ്യൂ. എന്റെ അമ്മയെയും അനുജത്തിയേയും ഞാൻ കൊലയ്ക്ക് കൊടുക്കണമാരുന്നോ... അവർക്ക് ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഞാനായിട്ട് ഇല്ലാതാക്കണമായിരുന്നോ... നീ പറയൂ.... " രോക്ഷവും സങ്കടവും കൊണ്ട് എന്റെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചിട്ട് അവൾ വനിതാ പോലീസുകാരിയുടെ ചുമലിലേക്ക് മോഹാലസ്യപ്പെട്ടു വീണു. പെൺകുട്ടിയെ ഉടനെത്തന്നെ പോലീസ് സംരക്ഷണയിൽ ICU വിലേക്ക് മാറ്റി.
നഗരത്തിലെ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സുകാരി ആയിരുന്നു അവൾ. ഒരു ആഘോഷരാവിൽ മദ്യ ലഹരിയിൽ സ്വന്തം പിതാവിനാൽ നശിപ്പിക്കപ്പെട്ടവൾ. ഗർഭിണി ആണെന്നറിഞ്ഞിട്ടും ആരോടും പറയാൻ കഴിഞ്ഞില്ല. അവസാനം അടുത്ത കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളാണ് അബോർഷന്റെ കാര്യം പറഞ്ഞത്. അങ്ങനെയാണ് ഈ ആശുപത്രിയിൽ എത്തിയത്.എന്നാൽ നോർമൽ അബോർഷനുള്ള ഘട്ടം കഴിഞ്ഞുപോയതിനാൽ അവരും കൈമലർത്തി. അങ്ങനെയാണ് ഹെഡ് നേഴ്സ് ശാന്തമ്മയുടെ സഹായം തേടിയത്. അവർ രണ്ടായിരം രൂപാ കൂലി വാങ്ങി ഒരു ഇൻജെക്ഷൻ കൊടുത്തു. ആളൊഴിഞ്ഞ ഒരു റൂമും നൽകി. ഇഞ്ചക്ഷന് ശേഷം ഗർഭത്തിൽ വച്ചു തന്നെ കുട്ടി മരിച്ചു, ശേഷം പ്രസവിച്ചു. പ്രസവവേദന തുടങ്ങിയപ്പോൾ കൂടെ ആരും ഇല്ലായിരുന്നു. അങ്ങനെയാണ് പരിഭ്രമത്തോടെ ടോയ്ലറ്റിലേക്ക് ഓടിയതും, അവിടെ വച്ചു പ്രസവിച്ചതും, മൃതശരീരം ക്ലോസറ്റിൽ താഴ്ത്തിയതും. അച്ഛനെയും നഴ്സിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Note: അബോർഷൻ കൊലപാതകം തന്നെയാണ്. ക്ഷമിക്കപ്പെടാത്ത പാപം. എന്നാൽ അതിന്റെ ഇരകൾ, പലപ്പോഴും തെറ്റുകാർ അല്ലെങ്കിൽപോലും, സമൂഹത്തിൽ ജീവിതകാലം മുഴുവൻ ക്രൂശിക്കപ്പെടുന്നു. ആ അവസ്ഥയിലേക്ക് അവരെ എത്തിച്ചവരാണ് ശിക്ഷിക്കപ്പെടേണ്ടത്. ജീവൻ നൽകാൻ കഴിയാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ല. കഥ തികച്ചും സാങ്കൽപ്പികം.
~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ ©
Copy rights protected. All the rights reserved to the author and നല്ലെഴുത്ത് പേജ്.
~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ ©
Copy rights protected. All the rights reserved to the author and നല്ലെഴുത്ത് പേജ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക