Slider

മഞ്ഞപ്പട - ഫുട്ബോൾ

0

കേട്ടോ നിങ്ങൾ ആ ആരവം...
മഞ്ഞപ്പടയുടെ ആവേശം.. കൊമ്പന്മാരുടെ ചിന്നം വിളി...
ഈ നെഞ്ചുറപ്പിനെ തകർക്കാനാവില്ല,
തോറ്റ്‌ മടങ്ങുമായിരുന്ന ഒരു ടീമിനെ ഈ കപ്പിനോളം അടുപ്പിച്ചൊരു ആശാനുണ്ട്‌, നിശബ്ദനായ്‌ അടവുകളുടെ ചാട്ടൂളി ഉഴിഞ്ഞെടുത്ത്‌ തല്ലി പതം വരുത്തി കൊടുത്തൊരു ആശാൻ.. ഈ കൊലകൊമ്പന്മാരുടെ പാപ്പാൻ .. സാക്ഷാൽ കോപ്പൽ...
നന്ദി, കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾക്ക്‌ മുന്നിൽ ഒരു കിരീട സ്വപ്നം പണിതതിന്ന്.... ആവേശം കൊണ്ട്‌ ഈ മഞ്ഞപ്പടയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്ന്...
പ്രിയപ്പെട്ട സച്ചിൻ ബാജി...
അങ്ങ്‌ ക്രിക്കറ്റിന്റെ ദൈവം മാത്രമല്ല,ഈ മഞ്ഞപ്പടയുടേത്‌ കൂടെയാണ്... ആദ്യ സീസണിൽ നമുക്ക്‌ നഷ്ടമായത്‌ , ഇതാ പൊരുതി നേടാനാവാതെ ഒരിക്കൽ കൂടെ ഈ ദൈവത്തിന് മുന്നിൽ ഞങ്ങൾ അടിയറവ്‌ വെച്ചിരിക്കുന്നു....
പ്രിയപ്പെട്ട വിനീത്‌... നന്ദി, പിന്നിലായിരുന്ന ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചതിന്ന്.. വിപ്ലവരക്തം സിരയിലോടുന്ന അങ്ങേക്ക്‌ ജയത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും തൃപ്തിയാവില്ലെന്നറിയാം...
ഗോൾ വല കാത്ത പ്രിയപ്പെട്ട നന്തി,നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്‌.. കാരണം അങ്ങ്‌ കാത്തത്‌ വെറുമൊരു ഗോൾ മുഖമായിരുന്നില്ല, ഞങ്ങളെന്ന മഞ്ഞപ്പടയുടെ ആവേശവും പ്രതീക്ഷയുമാണ്...
ആരാധകരുടെ ഹൃദയമിടിപ്പറിഞ്ഞ്‌ ഗോൾ വലക്കിപ്പുറം ഉരുക്ക്‌ കോട്ട തീർത്തൊരു ജേതാവുണ്ട്‌.. ചങ്കിടിപ്പുള്ള കാലം വരെ കാതൽ കരുത്തിന്റെ ഈ കോട്ടവാതിൽ തകർക്കാനാവില്ലെന്ന് ഈ മഞ്ഞക്കടൽ നോക്കി കൊമ്പ്‌ കുലുക്കി അലറിയ നമ്മുടെ സാക്ഷാൽ ജിങ്കൻ....
ഒരു വൻ മതിലായ്‌ കോട്ട കെട്ടിയ
ഹെങ്ങ്‌ ബെർട്ട്‌...
വേഗവും കൗശലവും കാലുകളിലൊളിപ്പിച്ച ഹോസുവും ബെൽഫോർട്ടും ജർമ്മനും...
ഈ മഞ്ഞപ്പടക്ക്‌ മുന്നിൽ ഇല്ലാതാകാനാകില്ല ഞങ്ങൾക്കെന്ന് സ്വയം തീരുമാനിച്ച്‌ കച്ച കെട്ടിയവർ..
റാഫിയും റഫീക്കും നമ്മെ നിരാശപ്പെടുത്തിയില്ല.. കപ്പില്ലാതെ നമ്മളീ കളിക്കളം വിടാനാകില്ലെന്ന്
ഈ ജനസാഗരത്തെ നോക്കി ശപഥം ചെയ്തവർ...
ഹേയ്‌... ആരോൺ ഹ്യൂജ്‌, ആവനാഴിയിലെ അവസാന അസ്ത്രവും അങ്ങ്‌ പുറത്തെടുത്തിരിക്കുന്നു... കളിജീവിതത്തിൽ ഒരു നേട്ടവും എടുത്തു പറയാനില്ലെന്ന അങ്ങയുടെ ധർമ്മസങ്കടത്തിന് ഇവിടെയും വിരാമമിടാനായില്ല..... ഈ മഞ്ഞക്കടൽ ഓർക്കും അങ്ങയെ എന്നും... ഈ സ്വർണ്ണക്കപ്പ് വാനിലേക്കുയർത്തിപ്പിടിക്കാൻ ‌ നിങ്ങൾക്കും നമുക്കുമായില്ല.. ജനസാഗരത്തിന്ന് മുന്നിൽ ഞങ്ങൾക്ക്‌ നിങ്ങളാരായിരുന്നെന്ന് പറയാൻ ഒരു കപ്പിന്റെ ആവശ്യമില്ല.....
നിങ്ങളാണ് റിയൽ ഹീറോ .. മിസ്റ്റർ ഹെങ്ങ്ബെർട്ട്‌...
നിങ്ങളെ ഞങ്ങൾക്ക്‌ വെറുക്കാനാകില്ല.. ആ ഒരു കിക്കിന്റെ വില ഞങ്ങളെക്കാൾ കൂടുതൽ അങ്ങേക്കറിയാം...
വിധി തട്ടിത്തെറിപ്പിച്ച ആ ഒരു നിമിഷത്തിന് വേണ്ടി നിങ്ങളെ തള്ളിപ്പറയാനാകില്ല.. കാരണം, ഞങ്ങളെ നയിച്ചത്‌ ഒരു ദൈവമാണ്... പൊറുക്കാൻ ദൈവത്തോളം വരില്ല ആരും...
ഈ മഞ്ഞ കടലിൽ ആവേശവും പ്രതീക്ഷയും കലക്കി ചേർത്തത്‌ നിങ്ങളാണ്... അങ്കത്തട്ടിൽ പൊരുതിവീണ യോദ്ധാക്കൾക്ക്‌ സാക്ഷിയായ മണ്ണാണ് കേരളം...
ഇതാണ് വിധി.. സമാധാനിക്കാം നമുക്ക്‌, പൊരുതി തന്നെയാണല്ലോ നാം കീഴടങ്ങിയത്‌...
ഈ ഇരട്ട ചങ്കുള്ള കൊമ്പന്മാർ ഈ മണ്ണിൽ തന്നെയുണ്ട്‌... വരും സീസണിലും നമുക്ക്‌ ഈ മഞ്ഞയിലാറാടണം... ചിന്നം വിളിച്ചലറാൻ ഇവിടെ ഈ കരയിൽ ഞങ്ങളുണ്ട്‌....
വരും സീസണിനായുള്ള‌ കാത്തിരിപ്പോടെ.......
ഇനിയൊന്ന് സംഘാടകരോട്....
നിങ്ങൾക്കിത്‌ വെറും കച്ചവടമായിരിക്കും...
പക്ഷെ, ഈ ജനതക്ക്‌ ഇത്‌ ജീവനാണ്, ജീവ വായുവാണ്... കരിഞ്ചന്തയിലും ഏമാന്മാരുടെ കാൽക്കീഴിലും നിങ്ങൾ വിറ്റത്‌ ടിക്കറ്റെല്ല.. മറിച്ച്‌ കാൽപന്ത്‌ കളിയെ ജീവനു തുല്ല്യം സ്നേഹിക്കുന്നവരുടെ അന്തസും അഭിമാനവുമാണ്..
പക്ഷെ, ഞങ്ങൾ ഈ മഞ്ഞപ്പട ഈ കലൂർ സ്റ്റേഡിയം വിടും മുന്നെ ഉറക്കെ പറയുന്നു...
"നിങ്ങൾക്ക്‌ ഞങ്ങളെ തകർക്കാനും തളർത്താനുമാവില്ല..
കാരണം, ഫുട്ബോൾ ഞങ്ങൾക്ക്‌ ജീവനാണ്....."

By
Najeeb Kolpadam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo