Slider

ചിത്രങ്ങൾ

0
Image may contain: 1 person, eyeglasses, selfie and closeup

ഭായ്ജാൻ ആപ് കിദർ ഹേ
മേം ഇദർ ഹൂനാ
ജഹാംഗീർ ഭായ് ക്യാ ഹോഗയ, ആപ് പഹ് ലേ മഹീനേം ക്യോം നഹീം ആയാ ?
ശരിയാണ്, കഴിഞ്ഞ മാസം വരാം എന്ന് പറഞ്ഞാണ് പോയത്. അനിയൻ്റെ കല്യാണം, ഭാര്യയുടെ രണ്ടാമത്തെ പ്രസവം എല്ലാം കഴിഞ്ഞ് ഇങ്ങോട്ട് പോരുന്നതിൻ്റെ തലേ ദിവസം ഒഴിവാക്കാൻ പറ്റാത്ത ഒരു മരണം.
എന്നിട്ട് എല്ലാം ഭംഗിയായി കഴിഞ്ഞോ? പുതിയ കുട്ടി ആണാണോ?
എല്ലാം ഭംഗിയായി കഴിഞ്ഞു.
ആൺക്കുട്ടി അല്ല, പെൺക്കുട്ടിയാണ്.
എല്ലാം ഊപർവാലാ കാ ബർക്കത്ത്. താങ്കൾക്ക് ഉള്ളതുപോലെ എനിക്കും ഇപ്പോൾ സ്നേഹവതിയായ രണ്ടു പെൺക്കുട്ടികൾ ആയി.
അതെല്ലാം നിൽക്കട്ടെ ഇവിടെ പണികൾ എല്ലാം എങ്ങിനെ പോകുന്നു.
പണിയുടെ കാര്യമൊന്നും പറയണ്ട, ജാങ്കിർ പോയതിനു ശേഷം നിങ്ങളുടെ അടുത്തു നിന്ന് കിട്ടുന്ന പണിയും വളരെ കുറഞ്ഞില്ലേ, പാവം ലുക്ക്മാൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണല്ലോ, വെള്ളത്തിൽ ഒഴുകുന്ന ഒരു പൊങ്ങുതടി പോലെയുള്ളതാണല്ലോ അവൻ്റെ പ്രകൃതം.
ശരിയാണ് നാലു വർഷമായിട്ടും അവന് ഭാഷയും അറിയില്ല, പണിയും അറിയില്ലല്ലോ. എങ്കിലും ഒരു സഹായി ആയിട്ട് നിൽക്കട്ടെ എന്നോർത്തു, എൻ്റെ വീടിൻ്റെ അടുത്തു തന്നേയാണ് അവൻ്റേയും വീട്, വലിയ കഷ്ടപ്പാടാണ് അവരുടെ വീട്ടിൽ.
അനിയൻ്റെ വിവാഹമെല്ലാം ഗംഭീരമായി നടന്നോ?
ദൈവം സഹായിച്ച് അതും നന്നായി നടന്നു, രണ്ടു വർഷം മുമ്പ് അവനെ ഇവിടെ കൊണ്ടുവന്ന് പണിയെല്ലാം പഠിപ്പിച്ച് ഇപ്പോൾ കല്യാണത്തിന് നാട്ടിൽ വിട്ടു, അവൻ തന്നേ പോയി കണ്ടിഷ്ടപ്പെട്ട പെണ്ണിനെ വിവാഹവും ചെയ്തു, അടുത്ത മാസം തിരിച്ചു വരും.
എഴുത്തെല്ലാം എങ്ങിനെ പോകുന്നു, പുസ്തകം ഇറക്കിയോ? താങ്കൾ ഇനി എന്നാണ് എൻ്റെ കഥ എഴുതുന്നത്.
നന്നായി പോകുന്നു. അതിന് ഞാൻ എഴുതുന്ന കഥ നീയെങ്ങിനെ വായിയ്ക്കും?
നിന്നെ ഞാൻ മലയാളം പഠിപ്പിക്കട്ടെ.
തമ്മിൽ അറിയാൻ എന്തി നാണ് ഭാഷ പഠിക്കുന്നത്. മലയാളമറിയില്ല എന്നാലും എനിക്കറിയാമല്ലോ
എൻ്റെ കഥയാണന്ന് നേരത്തെ ചെയ്യുന്ന പോലെ
നിങ്ങളുടെ അറിയാവുന്ന എല്ലാ ഫോട്ടോകൾക്കും എല്ലാ കഥകൾക്കും എൻ്റെ ലൈക്കുണ്ടാവും.
ശരിയാണ് എന്തെഴുതുമ്പോഴും എന്നും ജഹാംഗീർ ചോദിക്കും അതിൻ്റെ ഉള്ളടക്കം, ടി വി യിൽ കാണുന്ന മലയാളം ന്യൂസുകൾ കൂടി വിവരിച്ചു കൊടുക്കാറുള്ളതിനാൽ സരിതയേയും, ഉമ്മൻ ചാണ്ടിയേയും, ദിലീപിനേയും, മോഹൻലാലിനേയും എന്തിനു പറയുന്നു ലക്ഷ്മീ നായരെ വരേ അവന് നന്നായറിയാം.
തൊട്ടടുത്ത കടയിൽ ആയതിനാൽ മിക്ക സമയത്തും വീട്ടുകാര്യങ്ങളും
നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കുന്നതിന് ഇപ്പോൾ രണ്ടു മാസത്തെ
ചെറിയൊരിടവേള ആയിരുന്നു. പറയാതിരുന്ന വിശേഷങ്ങൾ അണമുറിയാതെ പറഞ്ഞു തുടങ്ങി.
എന്നിട്ട് നേരത്തെ പറഞ്ഞു നിർത്തിയത് മുഴുവനാക്കിയില്ലല്ലോ, എന്താണ് ഒരു മാസം കൂടെ വരാൻ താമസിച്ചത്.
അതു ശരിയാണല്ലോ പറഞ്ഞു മുഴുമിപ്പിച്ചില്ല, ഭാര്യയുടെ പ്രസവം കഴിഞ്ഞ്
രാത്രിയിൽ ഞാനും കൂട്ടുകാരനും കൂടെ എൻ്റെ ബൈക്കിൽ വീട്ടിലേയ്ക്ക് പോരുകയായിരുന്നു, അവനാണ് ബൈക്കോടിച്ചിരുന്നത് ഏതോ കല്ലിൽത്തട്ടി ബൈക്ക് മറിഞ്ഞു വീണു, തല ചെന്ന്
നിലത്തടിച്ചതേ ഓർമ്മയുള്ളു.
പിന്നെയൊന്നും ഓർമ്മയില്ല.
ഫിർ ക്യാ ഹോഗയ?
ഇൻത ശൂഫീ കെലാം, ഏന മാന്തില്ല ഹിന്ദി, ഇൻത മാ അറഫ്.
(നീ എന്താണ് പറയുന്നത്, എനിക്ക് ഹിന്ദി അറിയില്ലെന്ന് നിനക്കറിയില്ലേ?)
എൻ്റെയും ജഹാംഗീറിൻ്റേയും കൂട്ടുകാരനായ റാഷിദ് എന്ന ഒമാനിപ്പയ്യൻ അവൻ്റെ വാട്ട്സപ്പിലുള്ള ഒരു മാസം മുമ്പുള്ള ജഹാംഗീറിൻ്റെ ബൈക്കപകടത്തിൻ്റെ ചിത്രങ്ങൾ കാണിയ്ക്കുന്ന തിരക്കിലാണ്. ഇതുവരേ പലരും കാണിച്ചിട്ടും ഞാൻ
കാണാതെ ഒഴിഞ്ഞുമാറിനടന്ന ചിത്രങ്ങൾ, നിശ്ചലമായ ചിത്രങ്ങൾ. എനിക്കെപ്പോഴും അവൻ്റെ ചിരിയ്ക്കുന്ന, വാതോരാതേ സംസാരിക്കുന്ന ചിത്രങ്ങൾ മതി.

BY PS Anilkumar 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo