നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 5


ദേവൻ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച അയാളെ അമ്പരപ്പിച്ചു.
കുറെ പത്രക്കാർക്കൊപ്പം പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ ആളുകൾ സ്റ്റേഷനുമുന്പിൽ സ്ഥാനംപിടിച്ചിരിക്കുന്നു!!!
അവരിൽ പലരെയും കല്യാണത്തിന് കണ്ടതായി ദേവൻ ഓർത്തു. അക്കൂട്ടത്തിൽ പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് ജിഷ്ണു ചന്ദ്രനെ ദേവന് നല്ല പരിചയമുണ്ട്.
ദേവനെ കണ്ടതോടെ ജിഷ്ണുചന്ദ്രൻ മുന്നോട്ട് വന്നു.
"ദേവേട്ടാ...ഇത് വെറും കല്യാണ റാഗിങ്ങായി കാണുവാൻ സാധിക്കില്ല. ഞങ്ങളുടെ കരുത്തനായ നേതാവാണ് രാഹുൽ....അവനെ തട്ടിക്കൊണ്ടുപോയി കൊല്ലുവാനായിരുന്നു അവരുടെ പ്ലാൻ" ജിഷ്ണു പറഞ്ഞു.
"ആരുടെ പ്ലാൻ?" ദേവൻ ചോദിച്ചു
അയാൾക്ക് ഒന്നും മനസ്സിലായില്ല..
"ജിഷ്ണു എന്താണ് പറയുന്നത്?എനിക്കൊന്നും മനസ്സിലാകുന്നില്ല" പോലീസ് സ്റ്റേഷനകത്തേക്ക് കണ്ണോടിച്ചുകൊണ്ട് ദേവൻ പറഞ്ഞു.
"അപ്പോൾ ദേവട്ടൻ ഒന്നും അറിഞ്ഞില്ല അല്ലേ? ഇന്നലെ സിറ്റിയിൽ പോയ രാഹുലിനെ മൂന്നുപേർ തട്ടിക്കൊണ്ടു പോയി. അന്യായമായി ബീച്ചിൽ ആറു മണിക്കൂറോളം തടങ്കലിൽ വെച്ചു. അവസാനം പിടിക്കപ്പെടുമെന്നായപ്പോൾ ബീച്ചിൽ ഉപേക്ഷിച്ചു പോയി.ഒന്ന്‌ ഫോൺ ചെയ്യുവാൻ പോലും അവർ രാഹുലിനെ അനുവദിച്ചില്ല"
"ഇന്നലെ രാഹുലിനെ കാണാതായിരുന്നു...രാത്രിയിൽ ഞാൻ അവന്റെ വീട്ടിൽത്തന്നെയായിരുന്നു...രാഹുൽ എവിടെ?"
ദേവൻ പോലീസ് സ്റ്റേഷന് അകത്തേക്ക് പ്രവേശിച്ചു.
രാഹുൽ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.
"രാഹുൽ...നീ ഇന്നലെ എവിടെയായിരുന്നു? എന്താണ് നിനക്ക് പറ്റിയത്?"
രാഹുൽ അതിന് മറുപടിയൊന്നും പറഞ്ഞില്ല
ദേവനെ കണ്ടതോടെ അവൻ കരയുവാൻ തുടങ്ങി.
ആ സമയം ദേവനെ ഫോൺ ചെയ്ത പോലീസുകാരൻ അജിത് അവിടെ എത്തിച്ചേർന്നു.
"ഇന്നലെ ദേവൻ എന്നെ വിളിച്ചപ്പോൾതന്നെ ഞാൻ പെട്രോളിങ്ങിനുപോകുന്ന എ.എസ്.ഐ
ജോണിസാറിനെ വിവരം അറിയിച്ചിരുന്നു.
രാവിലെ അഞ്ചുമണിക്കാണ് രാഹുലിനെ ബീച്ചിൽ ഒറ്റക്ക് അവർ കണ്ടത്....കാറിൽ രാഹുലിനെ തട്ടിക്കൊണ്ടുപോയവർ ബീച്ചിൽ ഉപേക്ഷിച്ചിട്ട് പോവുകയായിരുന്നു"
ദേവൻ രാഹുലിന്റെ അടുക്കൽ ചെന്നു തോളിൽ കൈവെച്ചുകൊണ്ട് ചോദിച്ചു.
"ആരാണ് നിന്നെ തട്ടിക്കൊണ്ടു പോയത്?"
"എനിക്കറിയില്ല ഡാഡി.. അവർ മൂന്നുപേരുണ്ടായിരുന്നു.... ആരെയും എനിക്ക് പരിചയമില്ല" രാഹുൽ ദയനീയമായി ദേവനെ നോക്കികൊണ്ട്‌ പറഞ്ഞു.
"നിനക്ക് കാറിന്റെ നമ്പർ ഓർമ്മയുണ്ടോ?"
ദേവൻ ചോദിച്ചു.
'കാറിന്റെ നമ്പർ രാഹുൽ തന്നിട്ടുണ്ട്...
മെസ്സേജ് ഞങ്ങൾ പാസ്സ് ചെയ്തിട്ടുമുണ്ട്..
കാറിന്റെ നമ്പർ പരിശോധിച്ചു ഉടമസ്ഥനെ ഉടനെ കണ്ടുപിടിക്കുവാൻ പറ്റുമെന്നാണ് കരുതുന്നത്"
അജിത് രാഹുലിനെ സൂക്ഷിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.
ആരായിരിക്കും അത്? രാഹുലിന് കാണത്തക്ക പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആദ്യരാത്രി കുളമാക്കുവാൻ ചിലപ്പോൾ കൂട്ടുകാർ ആരെങ്കിലും രാഹുലിനെ തടഞ്ഞതാണോ? പക്ഷെ രാഹുലിന് ആരെയും അറിയില്ല എന്നാണ് പറയുന്നത്....ഇനി അച്ചുവെങ്ങാനും ആളെവിട്ട് ചെയ്യിച്ചതാണോ? ആയിരിക്കില്ല..
അവളുടെ കൂട്ടുകാരെ രാഹുലിനറിയാം..
അച്ചുവിനെഭയന്ന് രാഹുൽ രാത്രിയിൽ മാറിയതാണോ? അങ്ങിനെ ഒളിച്ചോടുന്ന ആളാണോ രാഹുൽ? ദേവന്റെ മനസ്സിൽ പലവിധ ചിന്തകൾ കയറിയിറങ്ങി.
"പിന്നെ ആ കല്യാണ റാഗിങ്ങുകാരെ പോക്കുവാൻ എസ്.ഐ. പറഞ്ഞിട്ടുണ്ട്...ചിലപ്പോൾ അവന്മാർ അറിഞ്ഞു കൊണ്ടായിരിക്കും ഇതെല്ലാം നടന്നത്" അജിത്ത് പറഞ്ഞു
"ഈ പത്രക്കാരെയും രാഷ്ട്രീയക്കാരെയും ആരാണ് അറിയിച്ചത്?" ദേവൻ ചോദിച്ചു.
"ഞാൻ തന്നെ...പത്രക്കാർക്ക് ഇത് ചൂടുള്ള വാർത്തയാണ്‌ മാത്രമല്ല രാഹുൽ ഭരണകക്ഷിയുടെ ചെറിയൊരു നേതാവാണുതാനും" അജിത് ആവേശത്തോടെ പറഞ്ഞു.
"അതിന്റെ ആവശ്യമില്ലായിരുന്നു...ചിലപ്പോൾ ആരെങ്കിലും വെറുതെ നേരം പോക്കിന് ചെയ്തതായിരിക്കും. മാത്രമല്ല രാഹുലിന് പരിക്കുകളൊന്നും ഇല്ലല്ലോ?
ദേവൻ പറഞ്ഞു.
"ഇതാണോ തമാശ്ശ്‌....പന്തലുകാരന്റെ പണം കൊടുക്കുവാൻ സിറ്റിയിൽ വന്ന കല്യാണച്ചെറുക്കനെ ആദ്യരാത്രിയിൽ അന്യയായി തടങ്കലിൽ വെക്കുന്നതാണോ തമാശ്ശ്‌?" അജിത് രോക്ഷാകുലനായി.
"സാർ എനിക്ക് പരാതിയില്ല....ഞാൻ വീട്ടിൽ പൊയ്ക്കോട്ടേ" രാഹുൽ ചോദിച്ചു.
"ഇനി പരാതിയില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല.
എസ്.ഐ ഇപ്പോൾ വരും..." അജിത് പറഞ്ഞു.
പത്രക്കാർ പലപ്രാവശ്യം രാഹുലിനെ പുറത്തേക്ക് വിളിച്ചുവെങ്കിലും അയാൾ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല.
എസ്.ഐ വന്നപ്പോൾ സമയം എട്ട് മുപ്പത്..
"രാഹുലിന് വേണമെങ്കിൽ ഒരു പരാതി എഴുതിതന്നിട്ട് വീട്ടിൽ പോകാം.ഞങ്ങൾ ഒന്നന്വേഷിക്കട്ടെ " എസ്.ഐ പറഞ്ഞു.
"ഞങ്ങളുടെ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയവരെ ഉടനെ കണ്ടുപിടിക്കണം സാർ" ജിഷ്ണുചന്ദ്രൻ പറഞ്ഞു.
"തീർച്ചയായും...ഞങ്ങൾ കുറ്റവാളികളെ ഉടനെ പിടിച്ചിരിക്കും"എസ്.ഐ പറഞ്ഞു.
"രാഹുൽ വണ്ടിയുടെ നമ്പർ പറഞ്ഞു തന്നില്ലേ? വണ്ടി കണ്ടു പിടിച്ചാൽ കുറ്റവാളികളെ കണ്ടത്തുവാൻ എളുപ്പമല്ലേ?" ജിഷ്ണു ചോദിച്ചു.
"മിസ്റ്റർ ജിഷ്ണു... നമ്പർ വെച്ചു ഞങ്ങൾ അന്വേഷണം നടത്തി നോക്കി. വണ്ടി ഐഡെന്റിഫൈ ചെയ്യുകയും ചെയ്തു .....പക്ഷെ...." എസ്.ഐ ഒന്ന് നിർത്തി.
"എന്താണ് സാർ പക്ഷെ...? ദേവൻ ചോദിച്ചു.
"അത് ദേവന്റെ കാറിന്റെ നമ്പർ ആയിരുന്നു."
അതുകേട്ട് ദേവനും രാഹുലും ഞെട്ടി..!!!
"സാർ ഞാൻ ഇന്നലെ എന്റെ കാറുമായി രാത്രി മുഴുവനും റാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്നു"ദേവൻ പറഞ്ഞു.
"എനിക്കറിയാം ദേവൻ...ഞാൻ രാഹുലിന്റെ വീട്ടിൽ രാവിലെ പോയിരുന്നു...എങ്കിലും രാഹുൽ പറഞ്ഞസ്ഥിതിക്ക് നമുക്ക് ദേവന്റെ കാർ ഒന്ന്‌ ചെക്ക് ചെയ്യേണ്ടി വരും." എസ്.ഐ പറഞ്ഞു.
"സാർ അവർ ചിലപ്പോൾ ഡാഡിയുടെ കാറിന്റെ ഫേക്ക് നമ്പർ വെച്ചു വന്നതായിരിക്കും ....അത് ഡാഡിയുടെ കാർ അല്ലായിരുന്നു...ഡാഡിയുടെ കാർ ഹോണ്ട സിറ്റി ആണ്...അവർ ഒരു വാഗണറിൽ ആണ് വന്നത്" രാഹുൽ പറഞ്ഞു.
"ഉം...ചിലപ്പോൾ അങ്ങിനെയാകാം....രാഹുൽ ഒരു വണ്ടി പ്രിയനാണ് അല്ലേ?"എസ്.ഐ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അതേ സാർ...."രാഹുലും ചിരിച്ചു.
പത്തുമണിയോടെ അപ്പുവും പ്രാഞ്ചിയും സ്റ്റേഷനിൽ എത്തിച്ചേർന്നു...അവർക്കിതിൽ പങ്കില്ലെന്ന് അവർ ആണയിട്ടു പറഞ്ഞു.
ഉച്ചയോടുകൂടി രാഹുൽ വീട്ടിൽ തിരിച്ചെത്തി. അശ്വതിയടക്കം എല്ലാവർക്കും വലിയ സന്തോഷമായി.
പക്ഷെ എല്ലാവരുടെയും മനസ്സിൽ ഒരു സംശയം ബാക്കി നിന്നു.....ആരായിരിക്കും രാഹുലിനെ ആദ്യരാത്രിയിൽ തന്നെ തട്ടിക്കൊണ്ടു പോയത്?
വീണ്ടും അശ്വതിയുടെയും രാഹുലിന്റെയും ആദ്യരാത്രി......
"നമ്മുടെ ആദ്യ രാത്രിയാണല്ലേ? രാഹുൽ ചോദിച്ചു.
'ആദ്യരാത്രി ഇന്നലെ കഴിഞ്ഞില്ലേ? ഇത് രണ്ടാമത്തെ രാത്രിയാണ് " അശ്വതി പറഞ്ഞു.
"അച്ചു...നമ്മൾ പരസ്പരം അറിഞ്ഞു വേണം ഇനി മുന്നോട്ട് ജീവിതം ആരംഭിക്കുവാൻ.."രാഹുൽ അവളുടെ കൈകൾ കവർന്നുകൊണ്ട് പറഞ്ഞു.
അശ്വതിക്ക് അയാൾ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയില്ല....എങ്കിലും അയാൾ 'അച്ചു' എന്ന് വിളിച്ചത് അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
"ഞാൻ എന്നെപ്പറ്റി പറയാം..ജീവിതത്തിൽ ഇന്നുവരെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല" രാഹുൽ പറഞ്ഞു.
"ആരെയും?അപ്പോൾ അച്ഛനും അമ്മയും? അശ്വതി അത്ഭുതത്തോടെ ചോദിച്ചു.
"യു നോട്ടി ...അതല്ല ഞാൻ ഉദ്ദേശിച്ചത്...ഞാൻ ഒരു പെൺകുട്ടിയെയും പ്രേമിച്ചിട്ടില്ല എന്നാണ്" രാഹുൽ പറഞ്ഞു.
"അപ്പോൾ എന്നെ പ്രേമിക്കുന്നില്ലേ?"അശ്വതി ചിരിച്ചുകൊണ്ട് ചോദിച്ചു.
'അത് ഇപ്പൊഴല്ലേ?..,അച്ഛനും അമ്മയും ചൂണ്ടിക്കാണിച്ചു തരുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഞാൻ തീരുമാനം എടുത്തിരുന്നു" രാഹുൽ അയാളുടെ ഗുണഗണങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
അശ്വതി വലിയ താല്പര്യമില്ലാതെ വെറുതെ മൂളിക്കൊണ്ടിരുന്നു.
"എന്നോട് രാഹുലനെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുണ്ട്" അയാൾക്ക് ബോറടിക്കാതിരിക്കുവാൻ അവൾ പറഞ്ഞു.
"അച്ചു ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?ഐ മീൻ ഏതെങ്കിലും ബോയ് ഫ്രണ്ട്‌സ്? രാഹുൽ ചോദിച്ചു.
"ഉണ്ടെങ്കിൽ? അവൾ അവനെ സൂക്ഷിച്ചു നോക്കികൊണ്ട്‌ ചോദിച്ചു.
"ഇല്ല...ഒന്നുമില്ല...."രാഹുൽ പതറി...അയാളുടെ മുഖം വിളറിയതു കണ്ട് അവൾ പൊട്ടിച്ചിരിച്ചു.
അയാൾക്ക് ചിരി വന്നില്ല....
"ലുക്ക് രാഹുൽ...എന്റെ ബോയ് ഫ്രണ്ട്‌സ് ആണ് കീരുവും, ചളിയനും, അപ്പുവും..." അശ്വതി പറഞ്ഞു.
രാഹുൽ നിരാശ്ശയോടെ തലയാട്ടി...അവൾ ചിരിച്ചുകൊണ്ട് തുടർന്നു.
"എനിക്ക് ഗേൾ ഫ്രണ്ടും ഉണ്ട്...
അതാണ് മീനു" അത് കേട്ടപ്പോൾ രാഹുലിന് ചെറിയൊരാശ്വാസം തോന്നി..
എങ്കിലും അയാൾ ചോദിച്ചു.
"അപ്പു അച്ചുവിനെ കല്യാണം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നു എന്നാണല്ലോ പറഞ്ഞത്.."
അവൾ വീണ്ടും ചിരിച്ചു..
"രാഹുൽ....എന്റെ അച്ഛൻ എന്റെ ഏതാഗ്രഹവും സാധിച്ചു തരുമായിരുന്നു....അതുകൊണ്ടു തന്നെ അച്ഛന്റെ ഏതുഗ്രഹവും ഞാനും സാധിച്ചു കൊടുക്കും...."അവൾ പറഞ്ഞു.
"എങ്കിലും....ഇന്നത്തെ ന്യുജെൻപിള്ളേർ ആണ് അവർ .....ആരെയും വിശ്വസിക്കുവാൻ നമുക്ക് സാധിക്കുകയില്ല"
രാഹുൽ പറഞ്ഞു.
"നോക്കൂ രാഹുൽ....ഞങ്ങൾ വിവാഹം അടിപൊളിയാക്കിയത് കണ്ടിട്ടാണോ രാഹുൽ ഇങ്ങിനെ പറയുന്നത്? അതൊക്കെ ഒരു ബെറ്റിന്റെ പുറത്ത് നടന്നതാണ്." അശ്വതി പറഞ്ഞു.
"അത് എനിക്ക് വിശ്വസിക്കുവാൻ സാധിക്കില്ല...വീഡിയോ എടുത്തില്ലെങ്കിൽ വിവാഹം നടക്കില്ല എന്ന് അച്ചു പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട് "
"അത് ഞാൻ രാഹുലിനെ ഒന്നു വളക്കുവാൻ നോക്കിയതാണ്....രാഹുൽ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിച്ചത്....പക്ഷെ ഞാൻ പറഞ്ഞതിൽ രാഹുൽ വീണു" അശ്വതി പറഞ്ഞു.
"ആ ചളിയനും പ്രാഞ്ചിയും അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല" രാഹുൽ അശ്വതിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
"അവരൊക്കെ നല്ല കുട്ടികളാണ് രാഹുൽ...എന്റെ ബ്രോസ് ആണ് അവർ."
രാഹുൽ വിശ്വാസം വരാത്തതുപോലെ അവളെ നോക്കി.
"വിഷമിക്കേണ്ട രാഹുൽ...ഞാൻ കന്യകയാണ്.."
അശ്വതി കട്ടിലിൽ നിന്നും എഴുനേറ്റു.
"ഞാൻ അതൊന്നും അല്ലല്ലോ പറഞ്ഞത്...'
രാഹുൽ ചമ്മൽ മറച്ചുകൊണ്ട് പറഞ്ഞു. അവൾ രാഹുലിന്റെ തോളിൽ കൈ വെച്ചുകൊണ്ട് തുടർന്നു.
"ഞങ്ങളുടെ തലമുറക്ക് ഓൾഡ് ജനറേഷന്റെ ചിന്തഗതികൾ അല്ല...ജീവിതം പരമാവധി എൻജോയ് ചെയ്യുക....അതാണ് ഞങ്ങളുടെ ലക്ഷ്യം....അതിന് തടസ്സം വരുത്തുന്ന കാര്യങ്ങൾ ഞങ്ങൾ തന്നെ ഒരിക്കലും ചെയ്യുകയില്ല"
രാഹുൽ ഒന്നും മിണ്ടിയില്ല
"ഇന്നലെമുതൽ ഞാൻ രാഹുലിന്റെ പാർട്ണർ ആണ്...രാഹുലിനിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുവാൻ ഞാൻ പരമാവധി ശ്രമിക്കാം..പക്ഷെ എനിക്ക് കുറച്ചു സമയം തരണം അവൾ അയാളോട് ചേർന്നിരുന്നു.
രാഹുലിന്റെ ഭാവനപോലെ തന്നെ അവരുടെ ആദ്യരാത്രി സംഭവബഹുലമായി കടന്നുപോയി.
പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളിലും പ്രമുഖ യുവനേതാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച വാർത്ത മുൻപേജിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot