--------------------------
പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് സൂസി സിറ്റ് ഔട്ടിലേക്കിറങ്ങി.
ബൈക്കിൽ
വന്ന മനുവിനെ കണ്ടപ്പോൾ സൂസി പറഞ്ഞു ,"സാജൻ ഒരുങ്ങുകയാണ്, ഞാൻ ചായ എടുക്കാം, മോൻ
അകത്തോട്ടു ചെല്ല്".
ബൈക്ക് സ്റ്റാൻഡിൽ
വെച്ചിട്ട് മനു അകത്തെ മുറിയിലേക്ക് കയറി .
ചുമപ്പിൽ
കറുത്ത ചെറിയ കള്ളികളുള്ള ഷർട്ടും കറുത്ത പാൻറ്റ്സും
ഇട്ടു ,മുഖത്തു കുറച്ചു പൌഡർ വാരി പൂശി കൊണ്ടിരിക്കുകയായിരുന്നു സാജൻ .
സാജനും മനുവും
ബാല്യകാല സുഹൃത്തുക്കൾ ആണ് .സാജൻ കുവൈറ്റിൽ എഞ്ചിനീയർ ആണ് രണ്ടു മാസത്തെ അവധിക്കു ഇപ്പോൾ നാട്ടിൽ എത്തിയതാണ്
.കഴിഞ്ഞ രണ്ടു വർഷമായി എല്ലാ അവധിക്കും നടത്തുന്ന
കലാപരിപാടിയായ പെണ്ണ് കാണൽ ചടങ്ങിന് പോകാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്
.
"എടാ
സാജാ, മുടി ഒക്കെ ഒക്കെ നരച്ചു തുടങ്ങി, നിനക്ക് പെണ്ണ് കാണാൻ പോകുമ്പോഴെങ്കിലും ഒന്ന് ഡൈ ചെയ്തിട്ട് പോകരുതോ ?" മനു ചോദിച്ചു.
"ഓ
പിന്നെ, ഇ നര ഒക്കെ കണ്ടു ഇഷ്ടപ്പെടുന്നവര് ഇങ്ങോട്ട് വന്നാൽ മതി."നീ ബൈക്ക് സ്റ്റാർട്ട് ചെയ്യ്,
ഞാൻ പപ്പയോടു പറഞ്ഞിട്ട് വരാം" എന്നും പറഞ്ഞു സാജൻ അകത്തെ മുറിയിലേക്ക് പോയി.
സാജനെ കാണാൻ
നല്ല സുന്ദരനാണ്, നല്ല പൊക്കവും നല്ല നിറവും. പണ്ടൊക്കെ കൂട്ടുകാർ കളിയാക്കി അരവിന്ദ് സ്വാമി എന്നായിരുന്നു വിളിച്ചിരുന്നത് .
അപ്പോഴേക്കും സൂസി ചായയും ആയി വന്നു ,മനു ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും സാജൻ അകത്തെ മുറിയിൽ
നിന്നും എത്തി .അമ്മയോട് യാത്ര പറഞ്ഞു മനുവിന്റെ ബൈക്കിന്റെ പുറകിൽ
കയറി പെൺകുട്ടിയുടെ
വീട്ടിലേക്കു യാത്ര തിരിച്ചു.
വീടിനടുത്തുള്ള
ഇടവക പള്ളിയുടെ മുൻപിൽ വന്നപ്പോൾ മനു ബൈക്ക് ഒന്ന് നിർത്തിയിട്ടു പറഞ്ഞു, "സൂസി
ആന്റി കുരിശടിയിൽ കയറി പ്രാര്ഥിച്ചിട്ടു പോകണം എന്ന് പറഞ്ഞിരുന്നു"
.
"കഴിഞ്ഞ
ഞായറാഴ്ച ഞാൻ വന്നു പ്രാർത്ഥിച്ചതല്ലേ? അമ്മയുടെ ഒരു കാര്യം" എന്ന് പറഞ്ഞു സാജൻ
കുരിശടിയിൽ കയറി, അവിടെയിരുന്ന ഒരു മെഴുകുതിരിയും കത്തിച്ചു പ്രാര്ഥിച്ചിട്ടു വീണ്ടും
ബൈക്കിൽ കയറി യാത്ര തുടർന്നു. പത്തു വർഷം പഠിച്ചു വളർന്ന സ്കൂളിന് മുൻപിലെ ആല്മരത്തിനടുത്തെത്തിയപ്പോൾ
സാജൻ പറഞ്ഞു
"നമുക്കിത്തിരി നേരം ഇവിടിരുന്നിട്ടു പോകാമെടാ.
ഇവിടെ ഇരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ തോന്നും"
"രാഹുകാലം
കഴിയില്ലേ ?" മനു ചോദിച്ചു.
"ക്രിസ്ത്യാനികൾക്കെന്തു
രാഹു കാലം, കഴിഞ്ഞ രണ്ടു വർഷം രാഹു കാലം അല്ലാത്ത
സമയത്തു കണ്ടിട്ട് ഒന്നും നടന്നില്ലല്ലോ? നീ കുറച്ചു സമയം ഇവിടിരിക്കു" എന്നായി
സാജൻ .
"അതെ,അതെ
രാഹുകാലം ഇല്ല എന്നൊക്കെ പറയും എങ്കിലും കല്യാണം,വീട് പണി എല്ലാത്തിനും ഹിന്ദുക്കളേക്കാൾ
കണിശക്കാരാണ് മിക്ക ക്രിസ്താനികളും" എന്നും പറഞ്ഞു മനു തങ്ങളുടെ പഴയ
സ്ഥിരം താവളമായിരുന്ന
സ്കൂളിന്റെ മുൻപിലുള്ള ആൽമരത്തിന്റെ ചുവട്ടിൽ
ഇരുന്നു.
"പഴയ
കൂട്ടുകാരെ ഒക്കെ നീ കാണാറുണ്ടോ?" സാജൻ ചോദിച്ചു.
"കഴിഞ്ഞ
വർഷം ഗെറ്റുഗതർ നടത്തിയപ്പോൾ വിദേശത്തുള്ള നമ്മളുടെ മിക്ക കൂട്ടുകാരും എത്തിയിരുന്നു
.പിന്നെ നാട്ടിലുള്ളവരെ മിക്കപ്പോഴും കാണാറുണ്ട്.നീനയുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു,അവൾ
പഴയ സ്കൂളിൽ തന്നെ ടീച്ചറായി ജോലി ചെയ്യുന്നു.
ജീന അവളുടെ കുട്ടിയുടെ മാമ്മോദീസക്ക് വന്നപ്പോൾ ഞാൻ കണ്ടിരുന്നു. നിന്നെ കുവൈറ്റിൽ
വെച്ച് കാണാറുണ്ടെന്നു പറഞ്ഞു.രാജി ഇപ്പോൾ
ടീച്ചറാണ് അവളുടെ രണ്ടാമത്തെ കുട്ടിയും എന്റെ മോളും അഗൻവാടിയിൽ ഒന്നിച്ചാണ് പഠിക്കുന്നത്"
.
മനു പറഞ്ഞു
മുഴുമിപ്പിക്കുന്നതിനു മുൻപേ സാജൻ ഇടയിൽ കേറി പറഞ്ഞു "എടാ നിന്റെ ദുർഗ മോൾക്ക്
ഞാൻ കുറച്ചു കളിപ്പാട്ടങ്ങളും ഉടുപ്പുകളും
കൊണ്ട് വന്നിട്ടുണ്ട് നീ എന്നെ തിരികെ കൊണ്ട് വിടുമ്പോൾ എടുക്കാൻ മറക്കേണ്ട. മീനാക്ഷി
എന്ത് പറയുന്നു ?"
"അവൾ
സുഖമായിരിക്കുന്നു. പുതിയ ഒരാളും കൂടി വലിയ താമസമില്ലാതെ തന്നെ എത്തും" .
"മനുവേ,
ചിലവുണ്ട്, എന്നിട്ടു നീ ഒന്ന് സൂചിപ്പിച്ചു പോലും ഇല്ലല്ലോടാ?"
"ടെസ്റ്റ്
ചെയ്തിട്ട് പറയാം എന്ന് കരുതിയാണെടാ സാജാ, കഴിഞ്ഞ തവണ കുറച്ചു കോംപ്ലിക്കേഷൻസ് ഒക്കെ
ഉണ്ടായതല്ലേ അത് കൊണ്ട് ആരോടും പറഞ്ഞില്ല" .
പ്രീഡിഗ്രി
വരെ മനു, നീന, സാജൻ ഇവരൊന്നിച്ചായിരുന്നു പഠിച്ചിരുന്നത് .നീനയും ജീനയും ബിനുവും ഒക്കെ
ഒരേ പള്ളിക്കാരും ക്വയർ ഗ്രൂപ്പിലെ അംഗങ്ങളും ആയിരുന്നു. പ്രീ ഡിഗ്രിക്കു ശേഷം മനുവും നീനയും ഡിഗ്രിക്കു കണക്കു ഐച്ഛിക വിഷയമാക്കിയെടുത്തപ്പോൾ
ജീന നഴ്സിങ്ങിനും സാജൻ എഞ്ചിനീറിങ്ങിനും പോയി.
“പിന്നെ
നിന്റെ കുവൈറ്റ് ജീവിതം എങ്ങനെ പോകുന്നു സാജാ ?”
“എല്ലാ പ്രവാസിയുടെയും
ജീവിതം ഒരു പോലെയാണെടാ മനു, ഒരേ ലിപികൾ പല
കൈപ്പടയിൽ എഴുതുന്നു എന്ന് മാത്രം .ഓരോ നിമിഷവും
നാട്ടിലേക്കു വരാനുള്ള പ്രതീക്ഷയുമായി കഴിയുന്നു”.
"പപ്പക്ക്
പുതിയ ചികിത്സയെന്തെങ്കിലും നോക്കുന്നുണ്ടോ?" സൂസി ആന്റി പുതിയ ഒരു ആയുർവേദ ചികിത്സയെ
പറ്റി പറയുകയുണ്ടായി .
"നോക്കണം
തിരികെ പോകുന്നതിനു മുൻപ്,കോതമംഗലത്തു ഒരു ആയുർവേദ വൈദ്യൻ ഉണ്ടെന്നു പറയുന്നത് കേട്ടു
"
" ജിൻസി
വിളിക്കാറുണ്ടോ?" മനു ചോദിച്ചു .
"വല്ലപ്പോഴും
മെസ്സേജ് അയക്കാറുണ്ട് .അവൾക്കെപ്പോഴും പരിഭവമാണ്
,അവളുടെ ഭർത്താവു വളരെ സ്നേഹമുള്ള ഒരു മനുഷ്യനാണ് ,ഓസ്ട്രേലിയൻ ജീവിതം അവൾ നന്നായി
ആസ്വദിക്കുന്നുണ്ട്, പക്ഷെ ഭർത്താവിന്റെ വീട്ടുകാരോട് വലിയ പഥ്യം ഇല്ല, എപ്പോഴും അവരുടെ
കുറ്റം പറയും." ഇതു പറയുമ്പോൾ സാജന്റെ മുഖത്തു നിരാശാഭാവമായിരുന്നു, കൂടുതൽ ചോദ്യങ്ങൾക്കു
കാത്തു നില്കാതെ സാജൻ ബൈക്കിന്റെ പുറകിൽ കയറി .
സാജൻ ഒരു
സുന്ദരനായായിരുന്നത് കൊണ്ട് തന്നെ ഒരു പാട് പെൺകുട്ടികൾക്ക് സാജനോട് പ്രേമമായിരുന്നു, സാജനാകട്ടെ ആരെയും നിരാശപ്പെടുത്തിയും
ഇല്ല. സ്കൂളിൽ ലക്ഷ്മി ,കോളേജിൽ രൂപ
എഞ്ചിനീറിങ്ങിനു
പോയപ്പോൾ ജിൻസി. ജിൻസിയുമായുള്ള പ്രണയം വളരെ
ശക്തമായിരുന്നു.സാമ്പത്തികമായി സാജൻ വളരെ ഉയർന്ന നിലയിലായിരുന്നു, സാജന്റെ പപ്പക്ക്
ഗൾഫിൽ ആയിരുന്നു ജോലി. രണ്ടു നില വീടും കാറും
ഒക്കെ അന്ന് കൂട്ടുകാരിൽ സാജന് മാത്രമേ ഉണ്ടായിരുന്നുള്ളു
.
പപ്പക്ക്
ജോലികിടക്കുണ്ടായ ഒരു ആക്സിഡന്റിൽ അരക്കു താഴെ
തളർന്നു പോയി .പപ്പ നാട്ടിൽ എത്തിയപ്പോഴേക്കും ഉത്തരവാദിത്വ ങ്ങൾ സാജന്റെ തലയിലായി .ചേച്ചി അപ്പോഴേക്കും നഴ്സിംഗ് കഴിഞ്ഞു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കു കയറിയിരുന്നു .ചേച്ചിയുടെ വിവാഹത്തിന് വേണ്ട സ്വർണം പപ്പ പലപ്പോഴായി കൊണ്ട് വന്നു വെച്ചിരുന്നു. ബാങ്കിൽ നല്ല ഒരു തുക
നിക്ഷേപിച്ചിട്ടും ഉണ്ടായിരുന്നു. പപ്പയുടെ ഒരു കുറവും അറിയിക്കാതെ
സാജൻ ഓടി നടന്നു വിവാഹം നന്നായി നടത്തി .എത്ര ബാങ്ക് ബാലസ് ഉണ്ടായാലും ക്രെഡിറ്റിന്
പകരം എപ്പോഴും
ബാങ്ക് അക്കൗണ്ടിൽ
ഡെബിറ്റ് മാത്രമാകുമ്പോൾ ബാലൻസ് കുറയും. എഞ്ചിനീയറിംഗ് ഫീസ്, പപ്പയുടെ ചികിത്സ അങ്ങനെ
പപ്പ സമ്പാദിച്ച തുകയുടെ ബഹു ഭൂരിഭാഗം തീർന്നു.
കോഴ്സ് കഴിഞ്ഞപ്പോൾ
തന്നെ ജിൻസിയുടെ വീട്ടുകാർ കല്യാണം ആലോചിച്ചു തുടങ്ങി. ഒരു ജോലി സ്വന്തമായിട്ടില്ല,
വീട്ടുകാരുടെ മുഴുവൻ ഉത്തരവാദിത്തവും തന്റെ ചുമലിൽ, മറ്റൊരു മാർഗവുംഇല്ലാത്തതിനാൽ അവൻ ഹൃദയം കൂറിമുറിക്കുന്ന വേദനയിൽ അവളോട് പറഞ്ഞു. നിന്റെ
വീട്ടുകാർ പറയുന്നത് പോലെ ചെയ്യൂ, കുറഞ്ഞത്
ഒരു അഞ്ചു വര്ഷം എങ്കിലും കഴിയാതെ എനിക്ക്
വിവാഹത്തെ
പറ്റി ചിന്തിക്കാൻ പറ്റില്ല, അങ്ങനെ അവർ വേർപിരിഞ്ഞു
.
പോകുന്ന
വഴിയിൽ ലക്ഷ്മിയുടെ വീടിനു മുൻപിൽ എത്തിയപ്പോൾ
സാജൻ ഓർത്തു, പണ്ട് ക്രിക്കറ്റ് കളിയെന്നും
പറഞ്ഞു എത്ര തവണ ഇ വയലിൽ വന്നിട്ടുണ്ട് .കളിക്കുക എന്നതിനേക്കാൾ ലക്ഷ്മിയെ ഒന്ന്
കാണുക എന്നതായിരുന്നു ലക്ഷ്യം .
"ലക്ഷ്മിയെ
കാണാറുണ്ടോ അവൾ എന്ത് പറയുന്നു?"നല്ല കാറ്റുള്ളത് കൊണ്ട് മനു അത് കേട്ടില്ല,കുറച്ചു
കൂടി ഉച്ചത്തിൽ സാജൻ വീണ്ടും ചോദിച്ചു.
"സുഖമായിരിക്കുന്നു,
അവളുടെ ഭർത്താവ് എന്റെ അതെ ബാങ്കിലാണ് ജോലി ചെയ്യുന്നത്, ഇടക്കൊക്കെ അവളെ കാണാറുണ്ട്.രണ്ടു
കുട്ടികൾ, സ്വസ്ഥം ഗ്രഹ ഭരണം".
തങ്ങളുടെ
പാതക്ക് സമാന്തരമായി ഒഴുകുന്ന പുഴ കണ്ടപ്പോൾ സാജനിൽ ഗതകാലസ്മരണകൾ വീണ്ടും തളിർത്തു.
“നിനക്കോർമയുണ്ടോ
മനു, എത്ര തവണ നമ്മൾ ഇ പുഴയിൽ വന്നു കളിച്ചിട്ടുണ്ട്. നീനയുടെ വീട്ടിൽ നിന്നും കുപ്പിയും
എടുത്തു എത്ര ചെറിയ മീനുകളെ നമ്മൾ തോർത്തിട്ടു പിടിച്ചിട്ടുണ്ട്”.
"എല്ലാം
ഓര്മയുണ്ടെടാ സാജാ. പണ്ട് നീ നീനയുടെ വീട്ടിലെ ടാങ്കിൽ നിന്നും നല്ല ഓറഞ്ച് നിറമുള്ള ഒരു മീനിനെ അടിച്ചു മാറ്റിയതും
എനിക്കോര്മയുണ്ട്".
"നല്ല
പരിചയം ഉള്ള വഴി ,നീ ഇതെവിടെക്കാ ഇ പോകുന്നത്?" എന്ന് സാജൻ ചോദിച്ചെങ്കിലും അത് കേട്ടതായി മനു ഭാവിച്ചതേ
ഇല്ല.
നീനയുടെ
വീടിനു മുൻപിൽ വന്നതും മനു ബ്രേക്കിട്ടു.ബൈക്കിന്റെ ഒച്ച കേട്ട് രാജി പുറത്തേക്കു വന്നു".
ആ നിങ്ങലെത്തിയോ? അമ്മെ ദേ അവരെത്തി ."
ഒന്ന് മനസിലാകാതെ
സാജൻ മുറ്റത്തു തന്നെ നിന്നു, "നാലു കിലോമീറ്റര്
അകലെ ഏതോ ടീച്ചറിന് കാണിക്കാൻ കൊണ്ട് പോവുകയാണെന്ന്
പറഞ്ഞിട്ട് നീയെന്തിനാ ഇങ്ങോട്ടു വന്നത്?"
സാജൻ ചോദിച്ചു.
"ടീച്ചറിനെ
കാണാൻ തന്നെയാണ് വന്നത്, നമുക്കെല്ലാം അറിയാവുന്ന നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരി
നീന. നിനക്ക് അച്ഛന്റെ തളർച്ചയായിരുന്നു പ്രശ്നമെങ്കിൽ നീനയ്ക്ക് കാല് തളർന്ന ചേച്ചിയായിരുന്നു വിവാഹ തടസം. കഴിഞ്ഞ മാസം ഭാര്യ മരിച്ച ഒരാൾ ചേച്ചിയെ കല്യാണം
കഴിച്ചു. സത്യം പറയാമെല്ലോ ഒന്നാം വിവാഹത്തെക്കാൾ നന്നായി ആ വിവാഹം നടന്നു, ഒരു നല്ല മനുഷ്യൻ .ചേച്ചിയെ കെട്ടിക്കാതെ കല്യാണം കഴിക്കില്ല
എന്ന് നീന പണ്ടേ പ്രതിജ്ഞ എടുത്തിരുന്നു .വയസു അവൾക്കും മുപ്പതായി അത് കൊണ്ട് ഞങ്ങൾ
കൂട്ടുകാർ എല്ലാം കൂടി എടുത്ത തീരുമാനമാണിത്”.
"അവൾ
നല്ല കുട്ടിയാണ്,സുന്ദരിയാണ്,മിടുക്കിയാണ് പക്ഷെ അവളെ ഒരു നല്ല സുഹൃത്തായി മാത്രമേ
ഞാൻ കണ്ടിട്ടുള്ളു, പെട്ടെന്ന് ഭാര്യ എന്നൊക്കെ പറഞ്ഞാൽ" സാജൻ പറഞ്ഞു തീരുന്നതിനു
മുൻപേ മനു കുറച്ചു കടുപ്പത്തിൽ പറഞ്ഞു
"ഒരു
പരിചയം ഇല്ലാത്തവളെ കെട്ടാൻ അവനൊരു പ്രശ്നവും ഇല്ല, നിന്നെയും നിന്റെ എല്ലാ ചുറ്റി
കളികളും അറിയാവുന്ന അവളെ കെട്ടാനാണ് പ്രയാസം".
"അതൊക്കെ
ശരി ഇതറിഞ്ഞാൽ എന്റേം അവളുടെയും അമ്മമാർ എന്ത് വിചാരിക്കും ,അവർ ഞങ്ങളുടെ സൗഹൃദത്തെ
സംശയിക്കത്തില്ലേ ? "
സാജൻ അവന്റെ
ആശങ്കകളുടെ ഭണ്ഡാരം തുറന്നു.
"അതോർത്തു
നീ വിഷമിക്കേണ്ട നിന്റെ അമ്മയും അവളുടെ അമ്മയും കൂടിയാണ് ഇതു ഞങ്ങളോട് പറഞ്ഞത്.നിന്റെ
പപ്പാ കിടപ്പായിട്ടു ഇപ്പോൾ പത്തു വർഷം. കഴിഞ്ഞ പത്തു വർഷവും പള്ളി കഴിഞ്ഞു വരുമ്പോൾ നിന്റെ വീട്ടിൽ കയറി പപ്പയെകണ്ടിട്ടേ അവൾ ഇങ്ങോട്ടു പോരാറുള്ളു,
നമ്മുടെ സഹൃദം കൊണ്ടാണ് അവളതു ചെയ്യുന്നതെങ്കിലും, അവളിലെ നന്മയെ നിന്റെ പപ്പയും അമ്മയും
എന്നേ തിരിച്ചറിഞ്ഞു, അവര് വല്ലാതെ മോഹിച്ചു പോയി അവളെ മരുമകളായി കിട്ടാൻ" മനു
ഇതു പറഞ്ഞു സാജനെയും കൊണ്ട് നീനയുടെ വീട്ടിലേക്കു കയറി.
മുറിയിൽ
കയറി ഇരുന്നപ്പോൾ അകത്തു രാജിയും നീനയും തമ്മിൽ
എന്തൊക്കെയോ പറയുന്നു. അവിടെയും ഏതോ ഒരു ഗൾഫുകാരനെ
പ്രതീക്ഷിച്ചിരുന്ന നീനയെ കൺവിൻസ് ചെയ്യാനുള്ള
ശ്രമത്തിലാണെന്നു മനസിലായി .
മോൻ അകത്തോട്ടു
ചെന്ന് എന്തെങ്കിലും സംസാരിക്കു, നീനയുടെ അമ്മ
സാജനോട് പറഞ്ഞു .
എത്രയോ തവണ
ഓടി കളിച്ചിട്ടുള്ള വീടാണിത്, പക്ഷെ ഇപ്പോൾ
മുൻപോട്ടു ഒരടി പോലും വെയ്ക്കാൻ പറ്റുന്നില്ല കാലുകൾ മരവിച്ചതു പോലെ തോന്നുന്നു,
സർവ ധൈര്യവും സംഭരിച്ചു സാജൻ നീനയുടെ മുറിക്കുള്ളിലേക്ക്
പ്രവേശിച്ചു .
ജനലഴിയിലൂടെ
പുറത്തു ഒഴുകുന്ന പുഴയിലെ ചെറിയ ഓളങ്ങളിലേക്കു കണ്ണിമ നട്ട് നോക്കി നിൽക്കുന്ന തന്റെ
പ്രിയ കൂട്ടുകാരി, തന്റെ കളി കൂട്ടുകാരിയാണെങ്കിലും കാലും കൈയും അകെ വിറക്കുന്നു .
നീന എന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. എത്രയോ പെൺകുട്ടികളെ
പോയി കണ്ടു വളരെ കൂൾ ആയിട്ടു ഇന്റർവ്യൂ ചെയ്തിരിക്കുന്നു. പക്ഷെ ഇപ്പോൾ ശരീരം മുഴുവൻ
തളർന്നു പോകുന്നത് പോലെ തോന്നി സാജന് .ജനലിനരികിലേക്കു നീങ്ങി നിന്ന് ഒരിക്കൽ കൂടി
അവൻ വിളിച്ചു "നീന" , സാജന്റെ ശബ്ദം കേട്ടപ്പോൾ അവൾ പെട്ടന്ന് തലതിരിച്ചു
നോക്കി . പച്ചയിൽ ചുവന്ന പൂക്കൾ ഉള്ള സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു .അവളെന്നും സുന്ദരിയായിരുന്നു ,പക്ഷെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നത്
കൊണ്ട് അവളുടെ സ്വഭാവ സൗന്ദര്യം മാത്രമേ തനിക്കു
കാണാൻ കഴിഞ്ഞിട്ടുള്ളൂ .എത്രയോ പേർ കോളേജിൽ
അവളുടെ പുറകെ പ്രേമഭാർത്ഥനയുമായി നടന്നിട്ടുണ്ട്
പക്ഷെ അവൾക്കു അതിലൊന്നും താത്പര്യം
ഉണ്ടായിരുന്നില്ല .
ഒരു കണക്കിന്
താൻ ഭാഗ്യവനാണ്.ജിൻസി യെ വിവാഹം കഴിച്ചിരുന്നു എങ്കിൽ കോടിശ്വരിയായ അവൾക്കു ആദ്യ കാലത്തേ
പ്രണയത്തിനപ്പുറം ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥങ്ങളിലേക്കെത്തുമ്പോൾ തന്നെ ഉൾകൊള്ളാൻ
കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല .പപ്പാ അവൾക്കൊരു ബാധ്യതയും ആകുമായിരുന്നു .
"നീനാ", ഇതു വരെ നമ്മൾ പ്രണയിച്ചിരുന്നില്ല, എല്ലാവരും ഭാര്യയെ
ഒരു നല്ല സുഹൃത്താക്കുകയാണ് ചെയ്യുന്നത് ഇവിടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ തന്നെ ഞാൻ എന്റെ
നല്ല പകുതിയാക്കുകയാണ്, നിനക്ക് സമ്മതമല്ലേ ? " സാജന്റെ ചോദ്യത്തിന് പെട്ടന്ന്
തന്നെ നീനയിൽ നിന്നും മറുപടിയും വന്നു.
"സാജാ,
എനിക്കിതുൾക്കൊള്ളാൻ കഴിയുന്നില്ല".
"അത്
സാരമില്ല ,കുറച്ചു സമയം നമ്മൾക്ക് രണ്ടാൾക്കും വേണ്ടി വരും, പക്ഷെ എന്നേക്കാൾ നിന്നെ
മനസിലാക്കിയത് എന്റെ അമ്മയായിരിക്കും .ബാക്കി
കാര്യങ്ങളും അവര് തന്നെ തീരുമാനിക്കട്ടെ”. നീനയുടെ മുഖത്തു സന്തോഷത്തിന്റെ അലകൾ
തിരതല്ലി.
തിരികെ പോകാനായി
തിരിഞ്ഞപ്പോൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന അവളുടെ പുസ്തകശേഖരത്തിൽ ഒരു വശത്തു അല്പം
ചരിഞ്ഞിരുന്ന ഒരു പുസ്തകത്തിൽ സാജന്റെ കണ്ണൊന്നുടക്കി പൗലോ കൊയ്‌ലോയുടെ 'ദി ആൽക്കെമിസ്റ്റ്',
സ്വന്തം കാൽകീഴിൽ നിധി ഉണ്ടായിട്ടും ലോകം
മുഴുവനും അത് അന്വേഷിച്ചു നടന്ന ആട്ടിടയനായ സാന്റിയാഗോയുടെ കഥ .കൈയെത്തും ദൂരത്തു ഇത്ര വലിയ നിധിയുണ്ടായിട്ടും സാന്റിയാഗോ പോലെ താനും എത്രയോ അലഞ്ഞു . എല്ലാവരോടും യാത്ര പറഞ്ഞു ബൈക്കിലേക്കു കയറിയപ്പോൾ മനു സാജനോട് പറഞ്ഞു രാഹുകാലം
കഴിയാൻ പത്തു മിനിട്ടു കൂടി .
സാജൻ അത്
കേട്ടു ഉച്ചത്തിൽ ചിരിച്ചു.
തിരികെ പോകുമ്പോൾ അവനൊരു സ്വപ്ന ലോകത്തായിരുന്നു ,
പുഴയുടെ ചെറിയ ഓളങ്ങളിൽ
തട്ടി വന്ന തണുത്ത മന്ദമാരുതൻ മുടിയിഴകളെ തഴുകി
കടന്നു പോയപ്പോൾ അതിനേക്കാൾ വലിയ കുളിരിലായിരുന്നു സാജന്റെ ഉള്ളം .
നീനയുമായുള്ള പുതിയ
ജീവിതത്തെ പറ്റിയുള്ള സ്വപ്നങ്ങൾ നെയ്തുകൊണ്ടവൻ യാത്ര തുടർന്നു.
Written by: Cini Thomas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക