നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 4


മിസ്സിസ് മേനോൻ അശ്വതിയുടെ മുഖം നന്നായി കഴുകികൊടുത്തു. അവർ രാഹുലിനെ രൂക്ഷമായി നോക്കി.
"കണ്ണിലെ നീറ്റൽ കുറവുണ്ടോ മോളെ?" മിസ്സിസ് മേനോൻ ചോദിച്ചു.
"സാരമില്ല... രാഹുലിന് ചമ്മന്തി വലിയ ഇഷ്ടമാണെന്നല്ലേ പറഞ്ഞത്....ഇതൊക്ക എന്നായാലും ഞാൻ പഠിക്കണ്ടേ,?" അശ്വതി വളരെ കഷ്ടപ്പെട്ട് ചുണ്ടിൽ പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.
അരകല്ല് കഴുകുവാൻ തുടങ്ങിയ മിസ്സിസ് മേനോനോട് അശ്വതി പറഞ്ഞു.
"ഞാൻ രാഹുലുനുവേണ്ടി പ്രത്യേകം തയാറാക്കിയ ആ ചമ്മന്തി രാഹുലിന് മാത്രം അവകാശപ്പെട്ടതാണ്..."
ഇത്തവണ ഞെട്ടിയത് രാഹുൽ ആണ്...അയാൾ ദയനീയമായി രാജേഷിനെ നോക്കി. അശ്വതി തുടർന്നു.
"അത് മുഴുവൻ രാഹുൽ കഴിക്കണം...ഇപ്പോൾ വേണ്ട...വൈകുന്നേരം മതി..
ഞാൻ ഇവിടെ ആദ്യമായിട്ടാണ് ഒരു ചമ്മന്തി ഉണ്ടാക്കുന്നത്.. അതെന്റെ ഭർത്താവ് കഴിച്ചില്ലെങ്കിൽ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാകും.രാജേഷ് എന്തുപറയുന്നു?"
"അത് ശരിയാണ്" രാജേഷ് പറഞ്ഞു.
'വൈകുന്നേരം രാജേഷ് ഇവിടെ ഉണ്ടാകുമെല്ലോ അല്ലേ?" അശ്വതി ചോദിച്ചു.
"ഇല്ല...എനിക്ക്.. എനിക്ക് അത്യാവശ്യമായി..
ഒരിടം വരെ പോകുവാനുണ്ട്" രാജേഷ് പറഞ്ഞു.
"അത് പറ്റില്ല...രാജേഷ് ഇവിടെ ഇല്ലെങ്കിൽ ഒരു രസവും ഇല്ല....എന്തായാലും സ്പെഷ്യൽ ചമ്മന്തി കൂട്ടി ഊണ് കഴിച്ചിട്ട് പോകാം..." അശ്വതി രാജേഷിനെ നോക്കി ചിരിച്ചു.
പുതിയ പെണ്ണും അവളുടെ ബൈക്കും, ചമ്മന്തിയും എല്ലാം ഇതിനകം അയല്പക്കത്തുള്ളവരുടെ ചർച്ചാവിഷയം ആയിരുന്നു.
"ആ ചേച്ചി കരാട്ടെ ആണ്...." അയൽപക്കത്തുള്ള മോനു പറഞ്ഞു...
"നിനെക്കെങ്ങിനെ അറിയാം?" മോനുവിന്റെ കൂട്ടുകാരൻ സഞ്ജു ചോദിച്ചു.
"സിറ്റിയിൽ പെട്ടിക്കട നടത്തുന്ന രാജു ചേട്ടൻ പറഞ്ഞതാണ്....ആ ചേച്ചിയെ കളിയാക്കിയ മൂന്നുപേരെ നിലം പരിശാക്കുന്നതു രാജുച്ചേട്ടൻ ഒരിക്കൽ കണ്ടുവെത്രെ" മോനു വെച്ചു കാച്ചി.
"സ്വഭാവം അത്ര നല്ലതൊന്നും അല്ല എന്നാണ് കേട്ടത്....പെണ്ണുങ്ങളുടെ പേര് കളയുവാൻ ആരെങ്കിലും വേണമെല്ലോ?"മോനുവിന്റെ അമ്മ കുസുമം സഞ്ജുവിന്റെ അമ്മ റാണിയോട് അടക്കം പറഞ്ഞു.
"തന്റേടിയായതുകൊണ്ടു സ്വഭാവം മോശമാകണമെന്നില്ലല്ലോ?" റാണി പറഞ്ഞു.
വൈകുന്നേരം മൂക്കറ്റം കുടിച്ചുട്ടു വന്ന്‌ തന്നെ തെറി പറയുന്ന ഭർത്താവിനെ ഭയന്നു ജീവിക്കുന്ന റാണിക്ക് അശ്വതിയോട് ഉള്ളിൽ ഒരു ബഹുമാനമാണ് തോന്നിയത്.
"ആ രാഹുലിന്റെ കാര്യം ഇനി കഷ്ടത്തിലായി"
കുസുമം അങ്ങിനെയാണ് പറഞ്ഞതെങ്കിലും
മിസ്സിസ് മേനോൻ ഇനി അനുഭവിക്കുവാൻ പോകുവാണെല്ലോ എന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിവിരിഞ്ഞു.
ഏതായാലും പെണ്ണിനെകാണുവാൻ ചുറ്റുപാടുനിന്നും ആരും എത്തിയില്ല...റോഡിലൂടെ നടന്നു പോകുന്നവരിൽ പലരും മുറ്റത്ത്‌ വിശ്രമിക്കുന്ന അലങ്കരിച്ച ബൈക്കിൽ നോക്കി അടക്കം പറഞ്ഞു.
ഒളിഞ്ഞുനോട്ടക്കാർ ആ വീട്ടിലേക്ക് നോക്കുവാൻ തന്നെ ഭയപ്പെട്ടു.
അശ്വതിയുടെയും രാഹുലിന്റെയും ആദ്യരാത്രി!!!
സമയം ഒൻപതു മണിയായിരുന്നു!!! പന്തലുകാരന്റെ പണം കൊടുത്തിട്ട് വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയ രാഹുൽ ഇനിയും മടങ്ങിയെത്തിയിട്ടില്ല.മിസ്സിസ് മേനോൻ അവനെ മൊബൈലിൽ വിളിച്ചു. രാഹുലിന്റെ മൊബൈൽ ഫോൺ അവന്റെ മുറിയിൽ ഭദ്രമായി ഇരുന്നു ശബ്ദമുണ്ടാക്കുന്നതാണ് അവർ കണ്ടത്!!!
"അവൻ താമസിക്കുമെന്ന് അശ്വതിയോടു പറഞ്ഞിരുന്നോ?" മിസ്സിസ് മേനോൻ ചോദിച്ചു.
"ഇല്ല..."ഫോൺ തോണ്ടിക്കൊണ്ടിരുന്ന അവൾ മുഖമുയർത്താതെ തന്നെ പറഞ്ഞു.
വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ ഫോൺ തോണ്ടലാണെല്ലോ എന്ന് മിസ്സിസ് മേനോൻ മനസ്സിലോർത്തു.
കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് എന്തോ കഴിക്കുന്നതാണ് മിസ്സിസ് മേനോൻ കണ്ടത്....
ഭക്ഷണത്തിനു ശേഷം അവൾ മണിയറയിൽ കയറി വീണ്ടും ആർക്കോ ഫോൺ ചെയ്യുവാൻ തുടങ്ങി.
"രാഹുൽ ഇതുവരെ എത്തിയിട്ടില്ല" ഉറക്കം തൂങ്ങിയിരുന്ന ഭർത്താവിനോട് മിസ്സിസ് മേനോൻ പറഞ്ഞു.
"അശ്വതിയുടെ ചമ്മന്തി പേടിച്ച് അവൻ മുങ്ങിയതായിരിക്കും."
മുത്തച്ഛൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
മേനോൻ തന്റെ വാച്ചിൽ നോക്കി...സമയം പത്തു മുപ്പത്...അവൻ എവിടെപ്പോയി? മേനോൻ ആലോചിച്ചു.
സാധാരണയായി രാത്രി ഒൻപതു മണി കഴിഞ്ഞാൽ രാഹുൽ വീടിനു പുറത്തിറങ്ങാറില്ല.
മിസ്സിസ് മേനോൻ അശ്വതിയുടെ മുറിയിലേക്ക് എത്തിനോക്കി.അശ്വതി ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു.!!!
സമയം രാത്രി പതിനൊന്നായിട്ടും രാഹുൽ വീട്ടിൽ മടങ്ങിയെത്തിയില്ല........
"ഭഗവാനെ കൃഷ്ണസ്വാമീ....എന്റെ മോന് ആപത്തൊന്നും വരുത്തരുതേ..."മിസ്സിസ് മേനോൻ ഉറക്കെ പ്രാർത്ഥിക്കുവാൻ തുടങ്ങി.
കാര്യം പന്തിയല്ലെന്ന് മേനോനും തോന്നിത്തുടങ്ങി.
അയാൾ ഫോൺ എടുത്ത് ദേവനെ വിളിച്ചു.
"രാജേഷിന്റെ കൂടെ എവിടെയെങ്കിലും കറങ്ങി നടപ്പുണ്ടാകും .മൊബൈലിൽ ഒന്ന്‌ വിളിച്ചു നോക്ക്" ദേവൻ മേനോനെ ആശ്വസിപ്പിച്ചു.
"രാജേഷ് അഞ്ചുമണിയായപ്പോൾ പിരിഞ്ഞതാണ്....രാഹുൽ തനിച്ചാണ് പുറത്തുപോയത്. അവൻ മൊബൈൽ എടുക്കുവാൻ മറന്നിട്ടാണ് പോയത് .........ദേവൻ, എനിക്കാകെ പേടിയാകുന്നു." മേനോന്റെ ശബ്ദത്തിൽവിറയൽ വ്യാപിച്ചിരുന്നു.
"സാർ വിഷമിക്കാതിരിക്ക്....ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം" ദേവൻ പറഞ്ഞു.
"മകളെ വല്ലാതെ കൊഞ്ചിച്ചപ്പോൾ ഓർക്കണമായിരിന്നു..."പ്രേമം മകനെ നോക്കി പറഞ്ഞു.
"അവൾ എന്തു ചെയ്‌തെന്നാണ് അമ്മ പറയുന്നത്?" ദേവൻ ചോദിച്ചു.
"ചില്ലറ ശോഭകെടാണോ ആ ചെറുക്കനോട് അവൾ കാട്ടിക്കൂട്ടിയത്? അവൻ വല്ല കടുംകയ്യും ചെയ്തിട്ടുണ്ടാവുമോ എന്നാണ് എനിക്ക് സംശയം" പ്രേമം പറഞ്ഞു.
കാറിനടുത്തേക്ക് നടന്ന ദേവൻ അമ്മയെ രൂക്ഷമായി ഒന്ന്‌ നോക്കി...
മകളെ താൻ കൊഞ്ചിച്ചു വഷളാക്കിയിട്ടുണ്ടോ? കാറോടിക്കുമ്പോൾ ദേവൻ ആലോചിച്ചു നോക്കി.
അയാൾ മകളെ അമിതമായി സ്നേഹിച്ചതിനുപിന്നിൽ മറ്റു കാരണങ്ങളും ഉണ്ടായിരുന്നു.
മകൾക്ക് വലിയ പണക്കാരുടെ മക്കളുടെയും, വിദേശജോലിക്കാരുടെയും കല്യാണാലോചനകൾ വന്നുവെങ്കിലും ഇടത്തരം കുടുംബത്തിലെ സർക്കാർജോലിക്കാരനായ രാഹുലിനെ തന്നെ അയാൾ തിരഞ്ഞെടുത്തതിന് അയാളുടേതായ ന്യായങ്ങളുണ്ട്. അടുത്തറിയാവുന്ന ആളുകളോട് അയാൾ പറഞ്ഞതിങ്ങനെയാണ്.
"എന്റെ മോളെ എനിക്ക് എന്റെ കണ്മുൻപിൽ എപ്പോഴും കാണണം. രാഹുൽ എനിക്ക് നന്നായി അറിയാവുന്ന പയ്യനാണ്. പോരാത്തതിന് അവൻ എന്റെ നാട്ടുകാരനും"
ദേവൻ സിറ്റിയിൽ ചെറിയൊരു മുറക്കാൻ കടയിൽ തുടങ്ങിയ കച്ചവടമാണ്,
അയാൾ ഇന്ന് വലിയ ഒരു സൂപ്പെർമാർക്കെറ്റിന്റെ ഉമസ്ഥനാണ്. അത് അശ്വതിയുടെ ഭാഗ്യമാണെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
ഒരു പരിധിവരെ ദേവന്റെ ചിന്തകൾ ശരിയാണെന്നു പറയേണ്ടി വരും.അശ്വതി ജനിച്ചതോടുകൂടി അയാൾക്ക്‌ ഉയർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ.
ആൺകുട്ടികൾ ഇല്ലാതിരുന്ന ദേവനും ശാലിനിക്കും അച്ചുവിന്റെ സുഹൃത്തുക്കളായ അപ്പു, പ്രാഞ്ചി, കീരു എന്നിവരെ ആദ്യമാദ്യം വലിയ താല്പര്യമായിരുന്നു.
എന്നാൽ മകൾ പ്രായപൂർത്തിയായതോടു കൂടി അവർ വീട്ടിൽ വരുന്നത് അവർ വിലക്കി.
അശ്വതി മാതാപിതാക്കൾ പറയുന്നത് ചെവിക്കൊണ്ടില്ല.
"എനിക്ക് വിവാഹപ്രായമായതുകൊണ്ട് എന്റെ സുഹൃത്തുക്കളെ ഞാൻ ഉപേക്ഷിക്കുകയില്ല"
"മോളെ അവർ ഇവിടെ കയറി ഇറങ്ങിയാൽ നിന്റെ ഭാവിക്ക് ദോഷം വരും"ശാലിനി ഉപദേശിച്ചു.
"എന്റെ ഭാവിക്ക് ദോഷം വരുമെന്നോ?" അതെങ്ങിനെ?"അശ്വതി അത്ഭുതത്തോടെ ചോദിച്ചു.
"നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാകുകയില്ല...എന്റെ മോൾ അമ്മ പറയുന്നത് കേൾക്കണം...നിനക്ക് ആ കൂട്ടുകെട്ട് വേണ്ട" ശാലിനി സ്നേഹത്തോടെ അശ്വതിയുടെ അടുത്തുകൂടി.
"ആ ബ്രോസ് എന്നോടൊപ്പം പ്ലസ് ടു മുതൽ നീണ്ട അഞ്ചുവർഷം പഠിച്ചതാണ്. അവരെ ഞാൻ ഒഴിവാക്കണമെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ വേണം." അശ്വതി പറഞ്ഞു.
"പ്രായം തികഞ്ഞ പെണ്ണാണ്...
നാട്ടുകാർ അതുമിതും പറയുവാൻ തുടങ്ങിയിട്ടുണ്ട്" ശാലിനി പിറു പിറുത്തു.
എന്നാൽ അശ്വതി അത് കേട്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
'നാട്ടുകാർ എന്തു പറയുമെന്നാണ്? എന്തു പറഞ്ഞാലും എനിക്ക് ഒന്നുമില്ല....ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം" അവൾ ഒരു കൊടുങ്കാറ്റുപോലെ അവളുടെ മുറിയിലേക്ക് കയറിപ്പോയി.
"മോനെ...അച്ചുവായിരുന്നു എന്റെ ഐശ്വര്യം...ഞാൻ അവളെ നിന്നെ ഏൽപ്പിക്കുകയാണ്"
കല്യാണനിശ്ചയത്തിന്റെ അന്ന് ദേവൻ രാഹുലിന്റെ കൈകൾ പിടിച്ചുകൊണ്ട് പറഞ്ഞു.
രാഹുലിന്റെ ജാതകം പരിശോധിച്ച ജോത്സ്യൻ ദേവനോട് ചോദിച്ചു.
"പയ്യന് എന്താണ് ജോലി?"
"സർവേയർ ആണ്" ദേവൻ പറഞ്ഞു.
"പോരല്ലോ....അതിലും കൂടുതൽ ആണെല്ലോ ഇവിടെ കാണുന്നത്" ജോത്സ്യൻ പറഞ്ഞു.
"അവന്‌ ഉടനെ പ്രൊമോഷൻ ലഭിക്കുമായിരിക്കും." ദേവൻ പറഞ്ഞു.
"ഉംഹും...."ജോത്സ്യൻ തലയാട്ടി..പിന്നെ കാവടിയിൽ വീണ്ടും നോക്കികൊണ്ട്‌ പറഞ്ഞു.
"അപൂർവ്വമായ ജാതകപ്പൊരുത്തമാണ് ഞാനിവിടെ കണ്ടത് ....ഈ വിവാഹശേഷം രാഹുലിന് അത്ഭുതകരമായ ഉയർച്ചയാണ് ലഭിക്കുവാൻ പോകുന്നത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്"
ദേവൻ ആകാംഷയോടെ ജ്യോത്സ്യനെ നോക്കി.
മോളുടെ സ്ഥാനത്ത് വൈദേഹിയുടെ അതായത് സീതയുടെ രൂപവും....രാഹുലിന്റെ സ്ഥാനത്ത് ദേവേന്ദ്രന്റെ രൂപവുമാണ് എന്റെ പൊൻകവടിയിൽ തെളിയുന്നത്....ഇതെങ്ങിനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല"
പിന്നീട് ജോത്സ്യൻ ഏതാനും സംസ്കൃതശ്ലോകങ്ങൾ ഉറക്കെ ചൊല്ലി.
ദേവന് ഒന്നും മനസ്സിലായില്ല.....
കല്യാണം നടത്തുവാനുള്ള ജാതകപ്പൊരുത്തം ഉണ്ടോ എന്ന് മാത്രം അയാൾക്കറിഞ്ഞാൽ മതിയായിരുന്നു.
ജോത്സ്യൻ എന്തൊക്കെയോ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവന്റെ മുഖഭാവം കണ്ട അയാൾ പറയുവാൻ വന്നതെല്ലാം സ്വയം വിഴുങ്ങികളഞ്ഞു.
നല്ല ദക്ഷിണ കൊടുക്കേണ്ടി വന്നെങ്കിലും വിവാഹത്തിന് പച്ചക്കൊടി ലഭിച്ച സന്തോഷത്തിലാണ് ദേവൻ അന്ന് വീട്ടിലേക്ക് മടങ്ങിയത്.
"ആദ്യരാത്രിയിൽ തന്നെ രാഹുൽ എവിടെ പോയതായിരിക്കും?" മേനോന്റെ വീട്ടിലേക്ക് കാറോടിക്കുമ്പോൾ ദേവന്റെ മനസ്സ് വല്ലാതെ കലങ്ങി മറിഞ്ഞിരുന്നു.
ദേവൻ രാഹുലിന്റെ വീട്ടിൽ ചെന്നപ്പോൾ മിസ്സിസ് മേനോൻ കരച്ചിൽ തുടങ്ങിയിരുന്നു.
"അച്ചു എവിടെ?" ദേവൻ ചോദിച്ചു.അയാൾ വാച്ചിൽ നോക്കി...സമയം പന്ത്രണ്ട് മുപ്പത്.
"ഉറക്കമാണ്..." മേനോൻ പറഞ്ഞു.
എന്തോ ഓർത്ത് സംശയിച്ചു നിന്ന ദേവൻ അശ്വതിയുടെ മുറിയിൽ കയറി അവളെ തട്ടി വിളിച്ചു.
ദേവന്റെ ഏറെനേരത്തെ ശ്രമഫലമായിട്ടാണ് അവൾ ഉണർന്നത്!!!
ഗാഢനിദ്രയിൽ നിന്നും കണ്ണുതുറന്നു വന്ന അശ്വതി ദേവനെ കണ്ട് അമ്പരന്നു...
അവൾക്ക് സ്ഥലകാലബോധം ലഭിക്കുവാൻ കുറച്ചു സമയം എടുത്തു.
"എന്താണ് ഡാഡി....എന്താണ് പ്രശ്‍നം.?"
അവൾ ഉറക്കച്ചടവോടെ ചോദിച്ചു.
"മോളെ രാഹുലിനെ കാണ്മാനില്ല...സമയം രാത്രി പന്ത്രണ്ടര ആയി" ദേവൻ പറഞ്ഞു.
"ഫ്രണ്ട്സിന്റെ കൂടെ എവിടെയെങ്കിലും കറങ്ങി നടക്കുകയായിരിക്കും" അശ്വതി കൂളായി പറഞ്ഞു.
"അവന്‌ അങ്ങിനെയുള്ള ശീലങ്ങൾ ഒന്നും ഇല്ല "
മിസ്സിസ് മേനോൻ ദേവനെ നോക്കി പറഞ്ഞു.
ദേവൻ ഒരു നിമിഷം മകളെ സൂക്ഷിച്ചു നോക്കി.
അയാൾ അവളോട് ചോദിച്ചു.
"അച്ചൂ സത്യം പറയണം....നീയോ നിന്റെ കൂട്ടുകാരോ എന്തെങ്കിലും കുസൃതി ഒപ്പിച്ചിട്ടുണ്ടോ?"
"ഡാഡി എന്താണ് പറയുന്നത്? ഈ രാത്രിയിൽ ഞാൻ എന്തു കുസൃതി ഒപ്പിക്കാനാണ്?എന്റെ ഫ്രണ്ട്‌സ് നല്ല ഉറക്കത്തിലായിരിക്കും"
ദേവന് മകളെ വിശ്വാസമാണ്...അവൾ തന്നോട് ഇതുവരെ നുണ പറഞ്ഞിട്ടില്ല...മേനോനും ഭാര്യക്കും അശ്വതിയെ അത്രക്കങ്ങു വിശ്വാസമായില്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി.
"പോലീസിൽ അറിയിച്ചാലോ?" മേനോൻ ചോദിച്ചു.
ദേവൻ തന്റെ ഒരു പൊലീസുകാരനായ സുഹൃത്തിനെ വിളിച്ചു. അയാൾ ദേവനോട് പറഞ്ഞു.
"ഏതായാലും രാവിലെ വരെ കാത്തിരിക്കാം..ഇപ്പോൾ
കേസുകൊടുത്താൽ വിവാഹ റാഗിംഗിന് തന്റെ മകൾ ചിലപ്പോൾ സമാധാനം പറയേണ്ടി വരും"
മേനോൻ രാജേഷിനെ വിളിച്ചു..അര മണിക്കൂറിനുള്ളിൽ അവൻ അവിടെ എത്തിച്ചേർന്നു.
"അശ്വതീ....നിന്റെ കൂട്ടുകാർ രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചിരുന്നത്?" രാജേഷ് അശ്വതിയോടു ചോദിച്ചു.
അവൾ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
മിസ്സിസ് മേനോൻ കരഞ്ഞുകൊണ്ട് അശ്വതിയെ സമീപിച്ചു.അവർ രണ്ടു കൈകളും കൂപ്പിക്കൊണ്ട് അശ്വതിയോടു പറഞ്ഞു.
"എന്റെ മോൻ നിന്നോട് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കാം....അവനെ ദ്രോഹിക്കരുത്"
"അമ്മെ ഞാൻ ഒന്നും ചെയ്തിട്ടില്ല...അമ്മ സമാധാനമായിട്ടിരിക്ക്....രാഹുൽ ഉടനെ വരും'
അശ്വതി അവരെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.
"എന്റെ മോന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഒന്നിനെയും വെറുതെ വിടുകയില്ല"
മേനോൻ അശ്വതിയെ ചൂണ്ടി പറഞ്ഞു.
രാജേഷും ദേവനും സിറ്റിയിൽ മുഴുവനും അരിച്ചു പെറുക്കിയെങ്കിലും രാഹുലിനെ കണ്ടുപിടിക്കുവാനായില്ല.
രാത്രി മുഴുവനും മേനോനും ഭാര്യയും അശ്വതിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
പിറ്റേ ദിവസം അതിരാവിലെ ദേവന്റെ പരിചയക്കാരനായ പോലീസുകാരൻ ദേവനെ ഫോണിൽ വിളിച്ചു.
"ഒരു ചെറിയ പ്രശ്നമുണ്ട്....താൻ ഉടനെ പോലീസ്‌സ്റ്റേഷനിലേക്കു ചെല്ലണം...ഞാൻ ഉടനെ അവിടെ എത്തിക്കൊള്ളാം" പോലീസുകാരൻ പറഞ്ഞു.
"താൻ എന്താണ് പറയുന്നത്? രാഹുൽ...
രാഹുൽ എവിടെ?" ദേവൻ ചോദിച്ചു.
"രാഹുലിന് കുഴപ്പം ഒന്നും ഇല്ല...ഇപ്പോൾ അതൊന്നും അല്ല പ്രശ്‍നം.നേരിട്ടുകാണുമ്പോൾ വിവരം പറയാം....താൻ ഉടനെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ല്" പോലുസുകാരൻ ഫോൺ കട്ട് ചെയ്തു.
"രാഹുലിന്റെ വിവരം വല്ലതും കിട്ടിയോ?"മേനോൻ ദേവനോട് ചോദിച്ചു.
മേനോനെ നോക്കി തലയാട്ടി....
"എന്നിട്ടവനെവിടെ?"മേനോൻ ചോദിച്ചു.
ദേവൻ അയാളെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"ഡാഡി....എന്തെങ്കിലും പറയൂ..
രാഹുൽ എവിടെ?' അശ്വതി ചോദിച്ചു.
"ഞാൻ സിറ്റി വരെ ഒന്ന്‌ പോവുകയാണ്....നിങ്ങൾ സമാധാനമായിട്ട് ഇരിക്ക്. രാഹുലിന് കുഴപ്പമൊന്നും ഇല്ലെന്നാണ് ഞാൻ അറിഞ്ഞത്"
മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ദേവൻ തന്റെ കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോയി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot