നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലവ് ഡെയിൽ ഇൻ - Part 6- ഭാഗം 6
വൈദ്യർ പറഞ്ഞ കാര്യങ്ങൾ കേട്ട അരവിന്ദിന് അവന്റെ തൊണ്ട വരളും പോലെ തോന്നി... അറിഞ്ഞ സത്യങ്ങളോട് പൊരുത്തപ്പെടാനാവാതെ അവന്റെ മനസ്സും, ശരീരവും തളർന്നിരുന്നു... തന്റെ പിതാവിനെ കുറിച്ചറിയാൻ അവൻ വല്ലാതെ വെമ്പൽ കൊണ്ടു ... വൈദ്യരുടെ കൈയ്യിൽ നിന്നും ആ ഗ്ലാസ്സ് വാങ്ങി, അതിലെ സംഭാരം തിടുക്കത്തിൽ, കുടിച്ച് തീർത്ത അവൻ മറുപടിക്ക് കാതോർത്ത് തവാരണയുടെ പന്തലിന്റെ തൂണും ചാരി വൈദ്യരുടെ മുഖത്തേക്ക് ഉറ്റു നോക്കിനിന്നു.
തവാരണയുടെ അരികിലായ് ഉണ്ടായിരുന്ന വേപ്പുമരത്തിന്റെ, കല്ലടുക്കിയുണ്ടാക്കിയ തറയിൽ ചെന്നിരുന്ന വൈദ്യർ, സംഭാരം കുടിച്ച് തീർത്തശേഷം ആ മരത്തിന്റെ ശിഖരത്തിൽ മുറം പോലെ തൂങ്ങി നിന്നിരുന്ന പെരും തേനീച്ചകളുടെ കൂട്ടിലേക്ക് നോക്കിയിരുന്ന് അവനോട് ആ കഥ പറയാൻ ആരംഭിച്ചു...
"വർഷങ്ങൾക്ക് മുൻപ്... ഈ ഹിൽവാലിയെ മിക്ക പ്രദേശങ്ങളും കോവിലകം വകയായിരുന്നു… മഞ്ഞയിൽ, ചെറുവള്ളി, ഒറ്റക്കല്ല് ഇങ്ങനെ പല പേരിലായി എസ്റ്റേറ്റുകൾ... വ്യു പോയിന്റിനരികിലും, കരടിപ്പാറയിലും ഒക്കെയായി കോവിലകത്തിന് ഉണ്ടായിരുന്നു... വലിയ തമ്പുരാന്റെ മരണശേഷം, ഈ കാണായ സ്വത്തുക്കളുടെ എല്ലാം അവകാശികൾ… മീരയും, അവരുടെ സഹോദരൻ രവിവർമ്മയും ആയിരുന്നു .”
“ അന്ന് ഇവിടുത്തെ എസ്‌റ്റേറ്റും മറ്റ് വസ്തു വകകളുമെല്ലാം നോക്കി നടത്തിയിരുന്നത് രവിവർമ്മ ആയിരുന്നു... രൂപത്തിലും, ഭാവത്തിലും ഒരജാനു ബാഹുവും തന്റേടിയുമായിരുന്ന വർമ്മ... ദുഷ്ടനും, ദുഃസ്വഭാവിയുമായിരുന്നു…! എസ്‌റ്റേറ്റിലെ തൊഴിലാളികളെ എല്ലാം, അടിമയെപ്പോലെ കണക്കാക്കിയിരുന്ന അയാൾ...എതിർത്തവരിൽ പലരെയും കൊന്ന് കൊക്കയിൽ തള്ളുകയും, ബാക്കിയുള്ളവരെ ഗുണ്ടകള ഉപയോഗിച്ച് അംഗഭംഗം വരുത്തി നാവടക്കുകയും ചെയ്തു… അങ്ങനെ തൊഴിലാളികളെല്ലാം അന്ന് അയാളെ ഭയന്നായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്.'’
തെല്ല് നിർത്തിയിട്ട് വൈദ്യർ തുടർന്നു:
“മീരക്കന്ന് പത്തിരുപത് വയസ്സ് പ്രായം കാണണം, കോളേജ് പഠനം ഒക്കെ കഴിഞ്ഞ് നിൽക്കുന്ന കാലം.
അങ്ങനെ ഇരിക്കെ മീരയുടെ ശുപാർശ പ്രകാരം ഈ എസ്റ്റേറ്റിലേക്ക് പുതുതായി ഒരു മാനേജര് വന്നു ... ''ക്രിസ്റ്റിസാറ് "...
ആ പേര് പറഞ്ഞപ്പോൾ വൈദ്യരുടെ സ്വരത്തിൽ വല്ലാത്തൊരു ആദരവ് കലർന്നിരുന്നു... “
എന്നിട്ട് അരവിന്ദിനെ നോക്കി അയാൾ തുടർന്നു:
'’ഏകദേശം നിന്റെ അത്ര ഉയരവും, ശരീരപ്രകൃതവും ഒക്കെ ഉള്ള ഒരു സമർത്ഥൻ... അനാഥനായിരുന്ന സാറ്, കോളേജിൽ മീരയുടെ സഹപാഠിയായിരുന്നു. അവിടെ വച്ച് അവർ തമ്മിൽ പ്രണയത്തിലുമായിരുന്നു... ബിരുദ പഠന ശേഷം താൻ വളർന്ന അനാഥാലയത്തിലെ ബെർണാഡച്ചന്റ സഹായി ആയി സാറ് കഴിഞ്ഞ് വരവെ ആണ്, മീരയുടെ നിർബന്ധപ്രകാരം ഇവിടെ മാനേജരുടെ ജോലിക്ക് വരുന്നത്…”
“ എല്ലാവരോടും സ്നേഹത്തോടെയും, ലാളിത്യത്തോടെയും പെരുമാറിയ പുതിയ മാനേജർ പെട്ടെന്ന് തന്നെ തൊഴിലാളികൾക്കൊക്കെ പ്രിയങ്കരനായ് മാറി...തൊഴിൽ പ്രശ്നത്തിലൊക്കെ ഇടപെട്ട അയാൾ അവർക്ക് ന്യായമായ വേതനം ലഭിക്കുന്നതിലൊക്കെ തൊഴിലാളികളുടെ കൂടെ നിന്നു... ഇത് രവിവർമ്മയെ കുപിതനാക്കി... പക്ഷെ പാതി സ്വത്തിന്റെ അവകാശി മീര ആയതിനാൽ വർമ്മക്ക് അവരെ പിണക്കി, എതിർത്തൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല...
അങ്ങനെ മീരയുടെ സമ്മതത്തോടെ ക്രിസ്റ്റിസാറ് തൊഴിലാളികൾക്കനുകൂലമായി കുറെ തീരുമാനങ്ങളൊക്കെ അന്ന് എടുപ്പിച്ചു. “
“ആദ്യമൊന്നും സാറും, മീരയും തമ്മിലുള്ള പ്രണയ ബന്ധത്തേക്കുറിച്ച് രവിവർമ്മ അറിഞ്ഞിരുന്നില്ല...പക്ഷെ താമസ്സിയാതെ ഇത് അയാളുടെ ചെവിയിലുമെത്തി...വർമ്മക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ബന്ധമായിരുന്നില്ല ഇത്.... ഭാരിച്ച സ്വത്തിന്റെ അവകാശിയായ മീര കോവിലകത്തിന്റെ അന്തസ്സ് കളഞ്ഞ് കുളിച്ച്... അനാഥനും, അന്യമതസ്തനുമായ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ അയാൾ എതിർത്തു... ഈ എതിർപ്പ് ശക്തമായി അവൾ വീട്ട് തടങ്കലിലാവും എന്ന ഘട്ടം വന്നപ്പോൾ ഒരു ദിവസം മീര കോവിലകത്ത് നിന്നും ഇറങ്ങി പോന്നു... നിയമ പരമായി വിവാഹിതരായില്ലെങ്കിലും അവർ മഞ്ഞയിൽ എസ്റ്റേറ്റിലുള്ള ലയത്തിനടുത്ത ഒരു ബംഗ്ലാവിൽ സാറിനൊപ്പം താമസം ആരംഭിച്ചു... “
ഒന്ന് നിർത്തിയ വൈദ്യർ... പിന്നെ എന്തോ ചിന്തിച്ചിട്ട് തുടർന്നു ... എവിടെ നിന്നോ വീശിയെത്തിയ കാട്ടു പൂക്കളുടെ ഗന്ധമുള്ള ഇളം കാറ്റ് അപ്പോൾ അവർക്കിടയിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.
“വളരെ സന്തോഷത്തോടെയാണ് അവർ ജീവിതം ആരംഭിച്ചത് ... അക്കാലമൊക്കെ എന്റെ ഓർമ്മയിൽ നല്ലതു പോലെ ഉണ്ട് ... അന്നിവിടെ പ്ലാന്റേഷന്റെ പണികൾ ആരംഭിക്കുന്നതേയുള്ളൂ... വൈകുന്നേരങ്ങളിൽ ഒരു വെളുത്ത കുതിരപ്പുറത്ത് സ്വെറ്ററൊക്കെ ധരിച്ച മീരയേയും ഇരുത്തി, കൈയ്യിൽ അതിന്റെ കടിഞ്ഞാണുമായി പ്ലാന്റേഷനിലെ വഴിയിലെ പുകമഞ്ഞിലൂടെ നടന്ന് വരുന്ന ക്രിസ്റ്റി സാറിന്റെ രൂപം ഇപ്പോഴും എന്റെ കൺ മുൻപിലുണ്ട്.”
വൈദ്യർ ആ രംഗം മുന്നിൽ കാണുന്ന ഭാവത്തോടെ അവനോട് വിവരിച്ചു... അരവിന്ദിനും ആ കാഴ്ചകളൊക്കെ തന്റെ മുന്നിൽ തെളിഞ്ഞ് വരുന്നതായ് തോന്നി…!
'’ അങ്ങനെ കുറച്ച് കാലം പിന്നിട്ടു... ഇതിനിടയിൽ മീരഗർഭിണിയായി ... ആ അവസരത്തിൽ രവിവർമ്മ പതിയെ അവരോടടുത്തു... അയാൾ അവരെ കാണാൻ സമ്മാനങ്ങളുമായി ആ ബംഗ്ലാവിൽ വരാൻ തുടങ്ങി...മീര കരുതിയത് താൻ ഗർഭിണിയായ വിവരം അറിഞ്ഞ സന്തോഷം കൊണ്ടാവും, അയാൾ അടുപ്പം കാണിക്കുന്നതെന്നായിരുന്നു ...പക്ഷെ വർമ്മ അവരോട് കാണിച്ച ആ അടുപ്പം ഒരു ചതിക്ക് വേണ്ടി ആയിരുന്നു... അയാളുടെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.... അത് നടപ്പാക്കാൻ വേണ്ടി ആയിരുന്നു, അയാൾ അവരോട് അന്ന് അടുത്ത് കൂടിയത്... “
വൈദ്യർ പറഞ്ഞ കാര്യങ്ങൾ കേട്ട അരവിന്ദിന് അവൻ മറ്റേതോ ലോകത്തെത്തിയത് പോലെ തോന്നി....ചലനം നഷ്ടപ്പെട്ട് ഒരു പാവയെപ്പോലെ അവൻ, അയാളുടെ വാക്കുകൾ കേട്ട് ആ തൂണിൽ ചാരി നിന്നു...
ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയ വൈദ്യർ, സ്പ്രിംഗ്ളറിലേക്കുള്ള ജലപ്രവാഹം നിർത്തിയിട്ട്, വീണ്ടും ആ കൽക്കെട്ടിൽ തന്നെ വന്നിരുന്നു... എന്നിട്ട് തന്റെ ചിന്തയിൽ നിന്നും അടർത്തിയെടുത്ത ചിത്രങ്ങളെ വാക്കുകളാക്കി മാറ്റി അയാൾ ആ സംഭാഷണം തുടർന്നു:
" അക്കാലത്ത് ഈ എസ്റ്റേറ്റിലെ രവിവർമ്മയുടെ വിശ്വസ്തനായിരുന്നു നിന്റെ അപ്പാ പിള്ള... പിള്ളയായിരുന്നു അന്നിവിടുത്തെ തൊഴിലാളികളുടെ കങ്കാണിയും... പിള്ളയും,കുടുംബവും അന്ന് കഴിഞ്ഞിരുന്നത് മീരയും, സാറും താമസിച്ചിരുന്ന എസ്റ്റേറ്റ് ബംഗ്ലാവിനടുത്തുള്ള ലയത്തിൽ തന്നെ ആയിരുന്നു."
" വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും പിള്ളക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല... ഇതിൽ പിള്ളയും, നിന്റെ വളർത്തമ്മ സരസ്വതിയും അതീവ ദു:ഖിതരുമായിരുന്നു... അന്ന് അവരോടൊപ്പം ആ ലയത്തിൽ പിള്ളയുടെ ഇളയ സഹോദരിയും താമസിച്ചിരുന്നു... അതീവ സുന്ദരിയായിരുന്ന അവളുടെ പേര് ... ഭാനുമതി എന്നോ മറ്റോ ആയിരുന്നെന്നാണ് എന്റെ ഓർമ്മ"
" പക ഉള്ളിലടക്കിയ രവിവർമ്മ... മീരയും, സാറും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ അവസരം പാർത്തിരുന്നു ... അതിന് പിറകിൽ അയാൾക്ക് വേറൊരു ലക്ഷ്യവുമുണ്ടായിരുന്നു.. അങ്ങനെ അയാളുടെ കുടില ബുദ്ധിയിൽ അതിന് വേണ്ടി അന്നൊരു പദ്ധതി തെളിഞ്ഞു വന്നു...പിള്ളയെ അയാൾ അതിന് കൂട്ട് ചേർത്തു... ഇതിന് പ്രത്യുപകാരമായി പിള്ളക്ക്, വർമ്മ ഒരു വാഗ്ദാനവും നല്കി... ആ പ്രലോഭനത്തിൽ പിള്ള വീണു.
" അങ്ങനെ വർമ്മയുടെ നിർദ്ദേശ പ്രകാരം പിള്ള... ക്രിസ്റ്റിസാറിന് തന്റെ സഹോദരിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് വരുത്തി തീർത്തു... എന്നിട്ട് അത് അയാൾ മീരയെ അറിയിക്കുകയും ചെയ്തു... മീര അത് വിശ്വസിച്ചില്ലെന്ന് മാത്രമല്ലാ പിള്ളയോട് ബംഗ്ലാവിലേക്ക് വരരുതെന്ന് വിലക്കുകയും ചെയ്തു.
പക്ഷെ ഒരു ദിവസം, പിള്ളയുടെ പ്രേരണയാൻ ഭാനുമതി തന്നെ ക്രിസ്റ്റിസാറ് അവളെ മാനഭംഗപ്പെടുത്തിയതായി മീരയോട് പറഞ്ഞു ... അങ്ങനെ മീര സാറിനെ സംശയിക്കാനും, രഹസ്യമായി വീക്ഷിക്കാനും തുടങ്ങി... അവളുടെ സംശയങ്ങൾ ബലപ്പെടുത്തുവാൻ വേണ്ട സാഹചര്യങ്ങളെല്ലാം വർമ്മയും, പിള്ളയും ചേർന്നൊരുക്കി ... അങ്ങനെ അവരുടെ ദാമ്പത്യത്തിൽ പതിയെ അസ്വാരസ്യങ്ങൾ തലപൊക്കാൻ തുടങ്ങി.''
" പക്ഷെ ക്രിസ്റ്റിസാറ് ഇതൊന്നും അറിഞ്ഞിരുന്നില്ല... ഈ അണിയറ നീക്കങ്ങളൊന്നും മനസ്സിലാക്കാൻ സാറിനൊട്ട് കഴിഞ്ഞതുമില്ല... സാറ് പ്ലാന്റേഷൻ ജോലികളിലും, തൊഴിലാളികളുടെ കാര്യങ്ങളിലും ഒക്കെ മുഴുകിയിരുന്നു…
അങ്ങനെ ഇരിക്കെ ഹിൽ വാലിയെ അമ്പരപ്പിൽ ആഴ്ത്തിക്കൊണ്ട് ഒരു സംഭവം ഉണ്ടായി…
ഒരിക്കൽ എസ്റ്റേറ്റ് കാര്യങ്ങൾക്കായി ടൗണിലേക്ക് ജീപ്പിൽ പോയ ക്രിസ്റ്റിസാറ് പിന്നെ മടങ്ങി വന്നതേ ഇല്ല ... അന്ന് മുതൽ പിള്ളയുടെ സഹോദരിയേയും ആ ലയത്തിൽ നിന്നും കാണാതായി... "
ഒരു വട്ടം ദീർഘനിശ്വാസമെടുത്ത് വൈദ്യർ തുടർന്നു
'' അതൊരു കെണിയായിരുന്നു ... അന്ന് സാറിനെ കൊലപ്പെടുത്തിയ ശേഷം രവിവർമ്മ ജീപ്പടക്കം മൃതദേഹം കൊക്കയിലേക്ക് തള്ളി... എന്നിട്ട് പിള്ളയുടെ സഹോദരിയെ തന്ത്രപൂർവ്വം അവിടെ നിന്നും മാറ്റുകയും ചെയ്തു... അങ്ങനെ സാറും ഭാനുമതിയും ഒളിച്ചോടിയതായി അയാളും, പിള്ളയും ഹിൽ വാലിയിൽ പ്രചരിപ്പിച്ചു... ഞാനടക്കം എല്ലാവരും അന്നത് വിശ്വസിച്ചു."
ഇതിനെല്ലാം കൂട്ട് നിന്ന മറ്റൊരാൾ കൂടി അന്ന് വർമ്മക്കൊപ്പമുണ്ടായിരുന്നു ... മീരയുടെ ഇപ്പോഴത്തെ ഭർത്താവ് ദേവവർമ്മ... രവിവർമ്മയുടെ ഭാര്യാ സഹോദരൻ. ക്രിസ്റ്റിസാറിനെയും, കുഞ്ഞിനേയും ഇല്ലായ്മപ്പെടുത്തിയാൽ മീരയെ വിവാഹം കഴിക്കാമെന്ന് രവിവർമ്മക്ക് അയാൾ വാക്ക് നൽകിയിരുന്നു ... ദുഷ്ടനും, ക്രൂരനുമായ ദേവന് മീരയുടെ പേരിലുണ്ടായിരുന്ന അളവറ്റ സ്വത്തിലായിരുന്നു നോട്ടം മുഴുവനും ... അന്ന് ടൗണിൽ നിന്നും സാറ് മടങ്ങി വരും വഴി ജീപ്പിൽ കയറിയ ആ ചതിയനായിരുന്നു ക്രിസ്റ്റി സാറിനെ കൊലപ്പെടുത്തിയത്... ഇത് പറയുമ്പോൾ വൈദ്യരുടെ കണ്ണുകൾ കോപം കൊണ്ട് വല്ലാതെ ചുവന്നിരുന്നു.
അല്പനേരം നിശബ്ദനായിരുന്ന വൈദ്യർ ആത്മസംയമനം പാലിച്ചിട്ട് തുടർന്നു ...
" ഈ ചതിക്ക് കൂട്ടുനിന്നതിന് പകരമായ് രവിവർമ്മ നിന്റെ അപ്പാക്ക് കൊടുത്ത വാക്കായിരുന്നു... പ്രസവശേഷം മീരയുടെ കുഞ്ഞായ, നിന്നെ പിള്ളക്ക് കൈമാറാമെന്ന്... ഒരു കുഞ്ഞ് വേണമെന്ന അതിയായ മോഹം പിള്ളയെയും, ഭാര്യയേയും അന്ന് ഈ ചതിക്ക് കൂട്ടുനിൽക്കാൻ പ്രേരിപ്പിച്ചു... പക്ഷെ ദേവനോട് രവിവർമ്മ പറഞ്ഞത് പിള്ള മുഖാന്തിരം ആ കുഞ്ഞിനേയും ഇല്ലായ്മ ചെയ്തു എന്നായിരുന്നു...
" ഈ സംഭവത്തോടെ മീരയാകെ തകർന്ന് പോയി... ഭാനുമതിയോടൊപ്പം സാറ് ഒളിച്ചോടിയതായി അവളും വിശ്വസിച്ചു... അവളുടെ ദു:ഖത്തിൽ പങ്ക് ചേരാനും, അവളെ ആശ്വസിപ്പിക്കാനും രവിവർമ്മ തന്നെ അന്ന് മുൻപന്തിയിൽ നിന്നു... ചതി അറിയാതെ അവൾ സ്വന്തം സഹോദരനെ വിശ്വസിച്ചു. "
"പിന്നെ വർമ്മ ശ്രമിച്ചത്ത് മീരയുടെ മനസ്സ് മാറ്റാനായിരുന്നു ...അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ...അവളെ ചതിച്ചിട്ട് മറ്റൊരു സ്ത്രീയോടൊപ്പം കടന്ന് കളഞ്ഞവന്റെ കുഞ്ഞായി ചിത്രീകരിച്ച് അയാൾ... കുഞ്ഞിനെ ഉപേക്ഷിക്കാൻ മീരയിൽ നിരന്തര സമ്മർദ്ദം ചെലുത്തി...അങ്ങനെ പതിയെ അവളും ആ കുഞ്ഞിനെ വെറുക്കാൻ തുടങ്ങി... പക്വതയില്ലാത്ത ആ പ്രായത്തിൽ തന്റെ വിധിക്ക് മുൻപിൽ പകച്ച് പോയ മീര രവിവർമ്മയുടെ ഉപദേശ പ്രകാരം, പ്രസവശേഷം നിന്നെ പിള്ളയുടെ കൈകളിൽ ഏൽപ്പിച്ച് കോവിലകത്തേക്ക് തന്നെ തിരിച്ച് പോയി. "
ഇത്രയും പറഞ്ഞ ശേഷം ആ കൽക്കെട്ടിൽ നിന്നും എഴുന്നേറ്റ വൈദ്യർ സാവധാനം നടന്ന് അരവിന്ദിന്റെ അരികിലെത്തി... എന്നിട്ട് അവന്റെ ചുമലിൽ കൈവെച്ചിട്ട് പറഞ്ഞു:
" ഞാൻ പറഞ്ഞ ഈ കാര്യങ്ങളെല്ലാം ഏറെക്കാലത്തിന് ശേഷം പിള്ള തന്നെ എന്നെ അറിയിച്ചതാണ്... ഭാര്യ സരസ്വതിയുടെ അകാല മരണം നിന്റെ അപ്പായെ ആകെ തളർത്തി... അത് താൻ ചെയ്ത പാപത്തിന്റെ ഫലമായ് വന്നു ചേർന്നതാണെന്ന് അയാൾ വിശ്വസിച്ചു... എങ്കിലും നിന്റെ ജീവന് ദേവൻ മൂലം അപകടം ഉണ്ടാകും എന്ന് കരുതി ഇതൊന്നും പിള്ള നിന്നെ അറിയിക്കാതിരുന്നത്...
പക്ഷെ, എന്നെങ്കിലും മീര നിന്നെ തേടി വന്നാൽ നീ അവരുടെ കൂടെപ്പോകണമെന്ന് പിള്ള ആഗ്രഹിച്ചിരുന്നു... “
പിള്ള ഈ കാര്യങ്ങളൊക്കെ എന്നെ അറിയിച്ചില്ലായിരുന്നുവെങ്കിൽ ഇതെല്ലാം ആരുമറിയാത്ത സത്യങ്ങളായ് തന്നെ നിലനിന്നേനെ... ഇപ്പോളിതാ പിള്ള ആഗ്രഹിച്ചത് പോലെ അവർ നിന്നെ തേടി വന്നിരിക്കുന്നു... നീ അവരോടൊപ്പം പോകണം ഇനിയുള്ള കാലമെങ്കിലും നീ ബന്ധുക്കളോടൊപ്പം കഴിയണം."
വൈദ്യർ ഇങ്ങനെപറഞ്ഞ് നിർത്തി.
പക്ഷെ അരവിന്ദ് അപ്പോൾ ചിന്തിച്ചിരുന്നത് മറ്റൊന്നായിരുന്നു...
തനിക്ക് ജന്മം നല്കിയവനെ ക്രൂരമായ് ചതിച്ച് കൊന്ന കഥ കേട്ടപ്പോൾ അവന്റെ രക്തം വല്ലാതെ തിളച്ചു ... ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും... തനിക്ക് ജീവന്റെ തുടിപ്പ് നൽകിയ സ്വന്തം പിതാവിന് നേരിട്ട കൊടും ചതി അവനെ കോപാകുലനാക്കിയിരുന്നു... രക്തം ഇരച്ച് കയറിയ മുഖത്ത് കോപത്താൽ ചുവന കണ്ണുകളുമായ്, അവൻ വൈദ്യരെ നോക്കിപറഞ്ഞു ...
" സ്വാമി ഇത് ദൈവ നിയോഗമാണ്... എന്റെ ജീവിതത്തിലെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ ദൈവമായി എനിക്കൊരുക്കിത്തന്ന അവസരം ... നഷ്ടങ്ങളുടെ വേദന എല്ലാവരും അറിയണം... ദേവനും, വർമ്മയും മൂലം എനിക്ക് നഷ്ടപ്പെട്ടത് എന്റെ മാതാപിതാക്കളായിരുന്നെങ്കിൽ ... അവർക്ക് ഞാൻ മൂലം നഷ്ടപ്പെടാൻ പോകുന്നത് മകനും, അനന്തിരവനുമായിരിക്കും ... എന്ത് കാരണം കൊണ്ടായാലും ഒരിക്കൽ എന്നെ ഉപേക്ഷിച്ചിട്ട് ഇപ്പോൾ വിലക്ക് വാങ്ങാൻ വന്ന എന്റെ അമ്മയെന്ന ആ പണക്കാരി സ്ത്രീയും അറിയണം... അരവിന്ദിന് നഷ്ടപ്പെട്ടതൊന്നും പണം കൊടുത്താൽ വാങ്ങാൻ പറ്റാത്തതായിരുന്നുവെന്ന് ."
അവൻ പറഞ്ഞ ആ മറുപടിയുടെ പൊരുൾ വൈദ്യർക്ക് മനസ്സിലായില്ല ... സംശയം നിഴലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി നിന്ന വൈദ്യർക്കരികിലൂടെ... ഉറച്ച കാൽ വെപ്പുകളുമായ് അരവിന്ദ് ജീപ്പിനരികിലേക്ക് നടന്നു…
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot