Slider

നിരാസം

0


നിരാസം
എന്റെ ശവകുടീരത്തിന് ചുറ്റും 
മുളച്ച മാതളത്തൈകളെല്ലാം
ഒരുമിച്ച് പൂക്കുന്ന ദിവസം
മറ്റുള്ളവരെപ്പോലെ
നീയും എന്നെ തേടിവരും.
മണൽക്കാടിന് നടുവിലുള്ള
മരിച്ചവരുടെ ഗ്രാമത്തിൽ,
നിശ്ശബ്ദതയുടെ ശവക്കച്ച പുതച്ച്,
തിരസ്കാരത്തിന്റെ ഇരുമ്പാണികളാൽ
തീർത്ത കിരീടമണിഞ്ഞ്
ഞാൻ ഉറങ്ങുമ്പോൾ,
എന്റെ ഹൃദയത്തിൽ
വേരുകളാഴ്ത്തിയ മുൾച്ചെടിയിൽ
സൂര്യോദയം പോലെ മനോഹരമായ
ഒരു പുഷ്പം വിരിയുകയും,
അത് കാണാൻ ജനാവലി
വർഷകാലത്തെ നൈൽനദിപോലെ,
വേലിയേറ്റസമയത്തെ സമുദ്രംപോലെ,
ഒഴുകി വരികയും ചെയ്യും.
അവർ, പാപിയും ശപിക്കപ്പെട്ടവളും
ആയ ഒരുവളുടേതെന്ന്‌
അനേകഭാഷകളിൽ കൊത്തിവച്ചിട്ടുള്ള
എന്റെ കല്ലറ തിരയും.
ഞാനപ്പോൾ നമ്മളാദ്യം കണ്ടുമുട്ടിയ
ഗോതമ്പ് പാടങ്ങൾക്കരികെയുള്ള
ഓക്കുമരച്ചുവട്ടിൽ,
വസന്തത്തിലെ ആ സന്ധ്യയിൽ
നിന്റെ പ്രണയസർപ്പം എന്നെ
ദംശിച്ച അതേ പുഴയോരത്ത്,
വീണ്ടുമൊരു വസന്തം
കാത്തിരിക്കുകയായിരിക്കും.
രശ്‌മി കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo