
മീനച്ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നു. സൂര്യൻ തലക്ക് മുകളിൽ തിളച്ചു മറിയുകയാണോ എന്നയാൾക്ക് തോന്നി. വല്ലാതെ തളർന്നു പോയിരിക്കുന്നു. വിയർപ്പ് കണികകൾ ശരീരത്തിൽ അവിടവിടെ അരിച്ചിറങ്ങി. ഇനിയും നടക്കാൻ വയ്യ. തലക്കുമുകളിൽ പതിവിൽ കൂടുതൽ ഭാരമുണ്ട്. കഴുത്തിലെ ഞരമ്പുകൾ അത് താങ്ങാനാവാതെ പ്രതിരോധിക്കുവാൻ തുടങ്ങിയിരിക്കുന്നു. വീണുപോകുമോ എന്ന് ഭയം തോന്നിയതുകൊണ്ട് അയാൾ അടുത്തുള്ള മരത്തണലിലേക്ക് നടന്നു.
തലയിലെ കുട്ട മെല്ലെ താഴെയിറക്കി. നാളെ വിഷുവാണ്. കച്ചവടം കൂടുതൽ നടന്നേക്കും എന്ന പ്രതീക്ഷയിലാണ് പതിവിൽ കൂടുതൽ പപ്പടക്കെട്ടുകൾ കരുതിയത്. വളരെ നേരത്തെ ഇറങ്ങിയതാണ് വീട്ടിൽ നിന്നും. പക്ഷെ പ്രതീക്ഷിച്ചത്ര കച്ചവടം ഉണ്ടായില്ല. അതിന്റെ നിരാശ അയാളെ ഒന്നുകൂടി തളർത്തി.
"എന്താ തങ്കപ്പേട്ടാ.. കച്ചവടമൊക്കെ കഴിഞ്ഞോ?"
അയാൾ മുഖമുയർത്തി നോക്കി. ഒരു പരിചയക്കാരനാണ് കുശലം ചോദിക്കുന്നത്. തന്റെ ഉള്ളിലെ ആധി പുറത്ത് കാണിക്കാതെ അയാൾ പുഞ്ചിരിച്ചു.
"ഇല്ല. വെയിലിന്റെ ചൂടൊണ്ട് നടക്കാൻ വയ്യാണ്ട് ഇരുന്നതാ..."
"ഹാ... എന്താ ചൂട് ലെ..?"
അത്രയും പറഞ്ഞ് കൊണ്ട് കുടയുടെ തണലിൽ അയാൾ നടന്നു നീങ്ങി. തങ്കപ്പൻ വീണ്ടും ചിന്തയിലാണ്ടു. കുട്ടയിൽ പപ്പടം ഇനിയും ധാരാളം ബാക്കിയാണ്. ഇത് വിറ്റിട്ട് വേണം നാളെ വിഷു ആഘോഷിക്കാൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ. ഇന്നത്തെ നല്ല കച്ചവടം പ്രതീക്ഷിച്ച് താനും കുടുംബവും രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലമാണ് ഈ കുട്ടയിലുള്ളത്. ഒന്നും നടന്നില്ല. ആളുകൾ സദ്യയും പപ്പടവും കഴിക്കുന്നതെല്ലാം ഒഴിവാക്കിയിരിക്കുന്നു. വിശേഷദിവസങ്ങളിൽ പോലും ഇലയിൽ ഇറച്ചിയും മീനും സ്ഥാനം പിടിച്ചിരിക്കുന്നു. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരു രൂപവും കിട്ടിയില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ തുടർന്ന് പരിശ്രമിക്കാൻ വീണ്ടും കുട്ട തലയിലേറ്റി യാത്ര ആരംഭിച്ചു.
******
******
തങ്കപ്പന്റെ അഞ്ചു സെന്റ് പുരയിടത്തിന്റെ മുറ്റത്ത് പൊരിവെയിലത്ത് ഉപ്പുചാക്കിൽ പപ്പടം ചിക്കിയിടുകയായിരുന്നു സീത. വെയിലേറ്റ് വാടിയ പൂവ് പോലെ അവളും വാടിപ്പോയിരിക്കുന്നു. തുടുത്തിരുന്ന മുഖത്ത് പ്രാരാബ്ധത്തിന്റെ കരിവാളിപ്പുകൾ വീണിരിക്കുന്നു. എങ്കിലും ഭർത്താവ് തങ്കപ്പനോടൊപ്പം മൂന്ന് പെൺകുട്ടികൾ അടങ്ങിയ കുടുംബം നന്നായി പരിപാലിക്കാൻ അവൾ ആവുന്നത്ര ശ്രമിക്കുന്നുണ്ട്.
"എടി സീതേ... പലഹാരപ്പണിയൊക്കെ കഴിഞ്ഞോ?"
സീത ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി. അടുത്ത വീട്ടിലെ ഭാർഗ്ഗവിയേടത്തിയാണ്. കസവിന്റെ സെറ്റ് മുണ്ടുടുത്ത് കഴുത്തിൽ മിന്നുന്ന ചന്ദ്രമിന്നി മാലയുമിട്ട് അണിഞ്ഞൊരുങ്ങി നിൽക്കുകയാണവർ. സീതയുടെ ഉള്ളിന്റെ ഉള്ളിലെ പെണ്ണ് അല്പം അസൂയയോടെ അവരെ നോക്കി.
"ഇല്ല ഏടത്തീ... ഈപണി കഴിഞ്ഞിട്ട് വേണം."
"തങ്കപ്പൻ കച്ചോടത്തിന് പോയതാവുംലെ...?"
"ആ..."
അവൾ തിരിഞ്ഞ് തന്റെ ജോലികൾ തുടർന്നു. 'താൻ രാവിലെ മുതൽ എന്ത് പലഹാരമാ ഉണ്ടാക്കുന്നതെന്ന് ആ തള്ളക്ക് കണ്ടൂടെ' എന്ന് മനസ്സിൽ പിറുപിറുക്കുകയും ചെയ്തു. പരിചയമില്ലാത്ത രണ്ടു സ്ത്രീകൾ ഇടവഴിയിലൂടെ കടന്ന് പോകുന്നത് അവൾ കണ്ടു. അവരെ ശ്രദ്ധിക്കാതെ എത്രയും വേഗം ജോലികൾ തീർത്ത് മുറ്റത്ത് നിന്നും അകത്തേക്ക് കയറി സീത. അടുക്കളയിൽ രാവിലെ തിളപ്പിച്ച കട്ടൻചായ ആ പാത്രത്തോടെ തന്നെ ഒരിറക്ക് മോന്തി. കത്തുന്ന വിശപ്പിന് ഒരല്പം ശമനം കിട്ടാൻ ഒരു കവിൾ കൂടി അവൾ വായിലേക്കെടുത്തു.
"ഇവിടാരുമില്ലേ.."
കട്ടൻചായ ധൃതിയിൽ ഇറക്കിക്കൊണ്ട് സീത ഇറയത്തേക്ക് ചെന്നു. നേരത്തെ കണ്ട അപരിചിതരായ സ്ത്രീകൾ ആണ് മുൻപിൽ. സംശയത്തോടെ അവൾ അവരെ നോക്കി.
"എന്തെ...?"
സ്ത്രീകൾ നിന്ന് പരുങ്ങി. സീതക്ക് സംശയം കൂടി വന്നു. വീട്ടിൽ താൻ തനിച്ചേ ഉള്ളു. മക്കൾ മൂന്നുപേരും കുളത്തിൽ അലക്കാനും കുളിക്കാനും പോയതാണ്. ചെറിയ ഉൾഭയത്തോടെ അവൾ അവരെ ഉറ്റുനോക്കി.
"നിങ്ങൾ... നിങ്ങൾ പപ്പടം ഉണ്ടാക്കുന്ന ജാതിയിൽപ്പെട്ടവർ തന്നെയാണോ?"
സീതക്ക് അത്ഭുതമാണ് തോന്നിയത്. അത് പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു.
"അതെ. നിങ്ങളാരാ...?"
"ഞങ്ങൾ... ഇവിടെ വിവാഹപ്രായമായ പെൺകുട്ടികൾ ഉണ്ടോ...?"
അവൾക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി. ആ സ്ത്രീകൾ വിവാഹ ദല്ലാൾമാർ ആണെന്നവൾ ഊഹിച്ചു.
"ഉണ്ട്."
"എന്റെ മകന് വേണ്ടിയിട്ടാണ്. അവന് ഗൾഫിൽ ജോലിയാണ്. ഇപ്പോൾ നാട്ടിലുണ്ട്. നിങ്ങൾക്ക് ഒരു മാസത്തിനകം വിവാഹം നടത്തിത്തരാൻ കഴിയുമോ?"
സീതക്ക് ശരിക്കും ഞെട്ടലുണ്ടായി. പെൺകുട്ടിയെ ഒന്ന് കാണുക പോലും ചെയ്യാതെയുള്ള ആ ചോദ്യം അവൾക്ക് അത്ര രസിച്ചില്ല. എങ്കിലും അവളത് പുറത്ത് കാണിച്ചില്ല.
"അകത്തേക്ക് കയറി വരൂ.. എന്നിട്ട് സംസാരിക്കാം."
പൊടിപിടിച്ച കസേരകൾ അവൾ തുടച്ച് അവർക്കിരിക്കാനായി ഇട്ടുകൊടുത്തു. സീതയുടെ മകളെപ്പറ്റിയും അവരുടെ മകനെപ്പറ്റിയും ഉള്ള വിവരങ്ങൾ രണ്ട് കൂട്ടരും പങ്കുവച്ചു.
അതിനിടയിൽ കൊണ്ട് പോയതിലേറെ ഭാരവും പേറി തങ്കപ്പൻ കേറി വന്നു. കച്ചവടം നടന്നതിൽ കഴിച്ച് ബാക്കി പപ്പടവും, വിറ്റു കിട്ടിയ തുക കൊണ്ട് വാങ്ങിയ വീട്ടു സാധനങ്ങളും ആയിരുന്നു ആ കുട്ടയിൽ. അതിഥികളെ കണ്ട് ആരാണ് എന്നയാൾ സീതയോട് കണ്ണുകൾകൊണ്ട് ആരാഞ്ഞു.
"നമ്മുടെ സുമക്കൊരു ആലോചനയുമായി വന്നതാ..."
ഹൃദ്യമായ പുഞ്ചിരിയോടെ അയാൾ അവരെ സ്വീകരിച്ചു. അയാൾ കൊണ്ട് വന്ന കുട്ടയിലെ ബാക്കി വന്ന പപ്പടം കണ്ട് സീതക്ക് സങ്കടവും നിരാശയും തോന്നി. അതെല്ലാം ഒരു നെടുവീർപ്പിൽ ഒതുക്കി അവൾ അവർക്കുള്ള ചായ തിളപ്പിക്കാൻ തുടങ്ങി.
ചായയുമായി അവൾ എത്തുമ്പോഴേക്കും അവരുടെ പെണ്മക്കൾ കുളി കഴിഞ്ഞെത്തിയിരുന്നു. പെണ്ണുകാണലിന് നിന്ന് കൊടുത്ത് മടുത്ത സുമക്ക് അവരെ കണ്ടപ്പോൾ ഒരു സന്തോഷവും തോന്നിയില്ല. ഹൃദയത്തിൽ നിന്നും വരാത്ത ഒരു പുഞ്ചിരി വാരിത്തേച്ച് അവൾ അവർക്ക് മുൻപിൽ നിന്നു കൊടുത്തു.
വന്നവർക്ക് സുന്ദരിയായ സുമയെ ഇഷ്ടപ്പെട്ടു. ജാതകപ്പൊരുത്തം നോക്കുന്നതിനായി കുറിപ്പുകൾ പരസ്പരം കൈമാറി. സന്തോഷത്തോടെ അവർ യാത്രയായി. അതിന് മുൻപ് ജാതകം ചേർന്നാൽ മകനുമായി അടുത്ത ദിവസം തന്നെ വരാം എന്നവർ ഉറപ്പുകൊടുത്തിരുന്നു. ആ മീനച്ചൂടിന്റെ ഉഷ്ണക്കാറ്റിലും തങ്കപ്പന്റെയും സീതയുടെയും മനസ്സിൽ ഒരു കുളിരു വീണു.
സുമയുടെ മംഗല്യ ഭാഗ്യം തെളിഞ്ഞ സമയം ആയതുകൊണ്ട് ജാതകം ചേർന്ന്. സൂര്യനും ചന്ദ്രനും ബുധനും ശുക്രനുമൊക്കെ അവളെ അനുഗ്രഹിച്ചു. വാക്കുപറഞ്ഞു പോയവർ അത് തെറ്റിക്കാതെ തന്നെ സുമയെ കാണാൻ മകനുമായി എത്തി.
സുമുഖനായ ആ യുവാവിനെ സീതക്കും തങ്കപ്പനും സുമക്കും വേണ്ടുവോളം ഇഷ്ടപ്പെട്ടു. അവർക്കും സുമയെ നന്നായി ബോധിച്ചിരുന്നു. ആ താല്പര്യം അറിയിച്ച് തന്നെയാണ് അവർ മടങ്ങിയത്. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം സുന്ദരസുരഭിലമായ ദാമ്പത്യം സുമ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു.
******
******
രാത്രി ഏറെ വളർന്നു കഴിഞ്ഞിരിക്കുന്നു. ജോലിഭാരത്തിന്റെ തളർച്ചയിൽ സീത നല്ല മയക്കത്തിൽ ആയിരുന്നു. എന്തോ ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്നു. അടുത്ത് ഭർത്താവിനെ കാണാതെ അവൾക്ക് ആധിയായി. അവൾ അധികം ശബ്ദമില്ലാതെ അയാളെ വിളിച്ചു. അയാൾ വിളി കേട്ടില്ല. മക്കൾ ഉണർന്നാലോ എന്ന് ഭയന്ന് അവൾ ഉറക്കെ വിളിക്കാൻ മടിച്ചു. മെല്ലെ എഴുന്നേറ്റു.
ഉമ്മറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുന്ന കണ്ട് അവൾ അങ്ങോട്ടേക്ക് ചെന്നു. എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്ന തങ്കപ്പൻ, സീത വന്നത് അറിഞ്ഞില്ല. അവൾ തൊട്ട് വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ അവളെ നോക്കി.
"എന്താ ഈ നേരത്ത് ഇവിടെ വന്നിരിക്കുന്നെ...?"
"ഒന്നൂല്യ..."
അവൾ അയാൾക്കരികിൽ ഇരുന്നു.
"എന്താ കാര്യം എന്ന് പറയൂ തങ്കപ്പേട്ടാ.."
നിസ്സഹായമായ മുഖത്തോടെ അയാൾ ഭാര്യയെ നോക്കി.
"നമ്മടെ സുമേടെ കാര്യം എങ്ങനെയാ നടത്തുക എന്ന് ആലോചിക്കുവായിരുന്നു."
"അതിപ്പോ നടത്താണ്ട് പറ്റില്ലല്ലോ..."
"ഇല്ല... നടത്തണം. എന്താ മാർഗം?"
"ഉള്ള പൊട്ടും പൊടിയും എടുക്കാം. ബാക്കി കടം വാങ്ങാം. ആരെങ്കിലും സഹായിക്കും."
"എന്നാലും..."
സീത ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ച് വന്നപ്പോൾ അവളുടെ കൈയിൽ ഒന്ന് രണ്ട് കുറി പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവൾ അതെല്ലാം അയാൾക്ക് നേരെ നീട്ടി.
"കല്ല്യാണ ചിലവിനുള്ള കാശൊക്കെ ഇതിലുണ്ട് തങ്കപ്പേട്ടാ.. കിട്ടിയ തരീം പൊടീം കളയാതെ ഞാൻ കുറി കൂടി വച്ചിരുന്നതാ... ഇതൊക്കെ ലേലം വിളിക്കാം. കാര്യങ്ങൾ ഒക്കെ നടക്കും. നിങ്ങൾ സമാധാനിക്ക്..."
തങ്കപ്പന് തന്റെ ഭാര്യയിൽ അഭിമാനം തോന്നി. താനറിയാതെ ചെയ്തതാണെകിലും അത് കുടുംബത്തിന് ഉപകാരപ്പെട്ടതിൽ അയാൾക്ക് സന്തോഷവും ആശ്വാസവും തോന്നി. പിറ്റേന്ന് തന്നെ പയ്യന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
നാട്ടുകാർക്കിടയിൽ പയ്യനെപ്പറ്റി നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിൽ അയാൾ സമാധാനിച്ചു. തങ്ങളേക്കാൾ അല്പം കൂടി മെച്ചപ്പെട്ട സ്ഥിതിയിലുള്ള വീടും സൗകര്യങ്ങളും കണ്ടപ്പോൾ തന്റെ മകൾ ഭാഗ്യവതിയാണ് എന്നയാൾക്ക് തോന്നി. തികഞ്ഞ ആതിഥ്യമര്യാദയോടെ അവർ അയാളെ സ്വീകരിച്ചിരുത്തി.
"വളച്ചുകെട്ടില്ലാതെ ഞാൻ കാര്യത്തിലേക്ക് കടക്കാം. എനിക്ക് ഈ ബന്ധം ഇഷ്ട്പെട്ടു. ഇനിയറിയേണ്ടത് നിങ്ങളുടെ ഡിമാൻഡ് എന്താണ് എന്നാണ്."
അയാൾ പറഞ്ഞു. പയ്യന്റെ അമ്മ ഉടൻ തന്നെ അതിന് മറുപടിയും പറഞ്ഞു.
"ഡിമാൻഡ് ഒന്നുമില്ല. കല്ല്യാണം വേഗം നടത്തണം. ഇവന് ലീവ് തീരാറായി."
ആ വാക്കുകളിൽ തങ്കപ്പൻ തൃപ്തനായെങ്കിലും അയാൾ ഇത്രകൂടി കൂട്ടിച്ചേർത്തു.
"ഞാൻ എന്റെ മകൾക്ക് എന്നാലാവുന്നത് കൊടുക്കും. ഇത്ര എന്ന് കണക്കൊന്നും പറയുന്നില്ല. അതും സ്വർണമായിട്ടേ കൊടുക്കൂ. അധികം ആർഭാടമില്ലാതെ കല്യാണവും നടത്തും. അത്രയേ കഴിയു. ഇതിന്റെ പേരിൽ നാളെ എന്റെ മകൾ കണ്ണീരുകുടിക്കാൻ ഇടവരരുത്. സമ്മതമെങ്കിൽ നമുക്ക് മുഹൂർത്തം കുറിപ്പിക്കാം."
നാല് പെൺകുട്ടികളുടെ അമ്മയായ അവർക്ക് ആ മറുപടിയിൽ ഒട്ടും സമ്മതക്കുറവ് ഉണ്ടായില്ല. ഉടൻ തന്നെ മകനെയും കൂട്ടി തങ്കപ്പൻ മുഹൂർത്തം കുറിക്കാൻ പുറപ്പെട്ടു.
******
******
ഇന്നാണ് ആ കല്ല്യാണ ദിവസം. മേടവെയിൽ കത്തി നിൽക്കുന്നുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സുമ. സർവ്വാഭരണ വിഭൂഷിതയല്ലെങ്കിലും, കൈയും കാതും കഴുത്തും ഒന്നും ഒഴിഞ്ഞ് കിടന്നില്ല.
താലികെട്ട് തടസ്സങ്ങൾ ഏതുമില്ലാതെ ഭംഗിയായി കഴിഞ്ഞു. മകളെ കൈപിടിച്ച് കൊടുക്കുമ്പോൾ അയാൾ ഒരു നിമിഷം പിന്തിരിഞ്ഞ് സീതയെ നോക്കി. പിന്നെ ആണൊരുത്തന്റെ കൈകളിലേക്ക് തന്റെ മകളുടെ വലംകൈ വച്ച് കൊടുത്തു. കണ്ണ് നിറഞ്ഞ് ആ കാഴ്ച മങ്ങുന്നുവെങ്കിലും അയാൾ മനമുരുകി ദേവിയെ വിളിച്ചു.
"ദേവീ... എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും കാത്തോളണേ..."
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക