Slider

കഴുതപ്പുലികൾ ( ചെറുകഥ)

0
Image may contain: 2 people, people smiling, people sitting and outdoor

"അപ്പൂപ്പാ, മനുഷ്യനെ പോലെ ചിരിക്കുന്ന പുലികളുണ്ടോ? ഉണ്ടെന്ന് വിനൂട്ടൻ പറയുന്നു. ഉണ്ടോ?"
ഒരു മാസികക്കു വേണ്ടി എഴുതി കൊണ്ടിരുന്ന ലേഖനം മുഴുവനക്കാതെ മാഷ് എഴുത്തുമേശക്കരികിൽ നിന്നെഴുന്നേറ്റു. കൊച്ചു കാന്താരിക്ക് സംശയം തുടങ്ങിയാൽ അതു തീരുന്നത് വരെ ശല്യപ്പെടുത്തികൊണ്ടിരിക്കും. ഉത്തരം പറഞ്ഞു കൊടുക്കുന്നതു തന്നെയാണ് നല്ലത്.
" പുലിയല്ല ചിന്നൂട്ടി, കഴുതപ്പുലി. കഴുതപ്പുലിയുണ്ടാക്കുന്ന സ്വരത്തിന് മനുഷ്യരുടെ ചിരിയുമായി സാമ്യമുണ്ട്."
മാഷ് ടി വി യിലെ വാർത്താ ചാനൽ ഓണാക്കി സോഫായിലിരുന്നപ്പോഴേക്കും ചിന്നു വീണ്ടുമെത്തി.
''അപ്പൂപ്പാ..."
" ഉം"
" ഈ കഴുതപ്പുലീന്ന് വച്ചാലെന്താ?"
എന്നത്തേയും പോലെ പീഡനമാണ് ചൂടുള്ള വാർത്ത. ഇന്നത്തെ ഇര എട്ടു വയസ്സുള്ള പെൺകുട്ടിയാണ്. കോടതി മുറിയിൽ വിചാരണ നടക്കുന്നു. സംഭവത്തെക്കുറിച്ചും പ്രതിയെ കുറിച്ചും പുറത്ത് റിപ്പോർട്ടർ വാചാലനാകി.
മാഷ് കൊച്ചുമകളെ പിടിച്ചടുത്തിരുത്തി.
''കഴുതപ്പുലി ചില കാടുകളിൽ കാണുന്ന ഒരു ജീവിയാണ്. സ്വന്തമായി ഇരയെ പിടിച്ചു തിന്നാനുള്ള കഴിവുണ്ട്. പക്ഷെ മറ്റു മൃഗങ്ങൾ കഴിച്ചുപേക്ഷിച്ച ഉച്ഛിഷ്ടം കിട്ടിയാൽ അതും സന്തോഷത്തോടെ കഴിച്ചോളും. സ്കാവഞ്ചർ എന്നു പറയും ഇംഗ്ലീഷിൽ "
"കഴുകന്റെ പോലെ?''
"അതെ. അതുപോലെ പല ജീവികളുമുണ്ട്. നമ്മുടെ കാക്കയുൾപ്പെടെ ."
പ്രതിക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ ചിരിക്കുന്ന മുഖം ടി വി യിൽ.
" എന്റെ പ്രതി കൃത്യം ചെയ്തില്ലെന്നു പറയുന്നില്ല. പക്ഷെ അതിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടെ കണക്കിലെടുക്കണം. ഉദാഹരണത്തിന് സംഭവസമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രം; കയ്യില്ലാത്ത തോളിൽ ചെറിയ സ്ട്രാപ്പുകൾ മാത്രമുള്ള മുട്ടൊപ്പമെത്താത്ത ഒരുടുപ്പായിരുന്നു. അതായത് കുട്ടിയുടെ ചുമലും കാലുകളും നഗ്നമായിരുന്നു."
അപ്പൂപ്പൻ പെട്ടെന്ന് തന്നെ ടി വി ഓഫ് ചെയ്തു. ചിന്നു മാഷിനടുത്തിരുന്നു തന്റെ പാവക്കുട്ടിയുമായി കളിക്കുകയായിരുന്നു. അവൾ വാർത്ത ശ്രദ്ധിച്ചില്ലെന്നത് അദ്ദേഹത്തിന് ആശ്വാസമായി. ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ് അദ്ദേഹം എഴുത്തുമേശയിലേക്ക് മടങ്ങി. അതു വരെ എഴുതിയിരുന്നത് ചുരുട്ടിയെറിഞ്ഞ് പുതിയ കടലാസിൽ തൂലിക ചലിപ്പിച്ചു.
"കഴുതപ്പുലി മനുഷ്യരെപ്പോലെ ശബ്ദിക്കുന്നത്, അവയുടെ സ്വനതന്തുക്കളുടെ പ്രത്യേകത മൂലമാണ്. പക്ഷെ മനുഷ്യൻ കഴുതപ്പുലിയെപ്പോലെ വർത്തിക്കുന്നത് ഏത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്? ഒരിക്കൽ ആക്രമിക്കപ്പെട്ടവരെ വീണ്ടും വീണ്ടും വേട്ടയാടുന്ന സമൂഹമേ, എട്ടു വയസ്സുകാരിയുടെ കുഞ്ഞുടുപ്പിലും കാമം തിരയുന്ന സാംസ്കാരിക കേരളമേ, ലജ്ജിച്ചു തലതാഴ്ത്തൂ. ഇതോ ദൈവത്തിന്റെ സ്വന്തം നാട്?"
മാഷ് എഴുതി നിറുത്തി.
ഒരു ചുമരിനപ്പുറം തന്റെ ഉടുപ്പ് കാൽമുട്ടിനു താഴേക്ക് വലിച്ചെത്തിക്കാൻ ശ്രമിക്കുന്ന എട്ടു വയസ്സുകാരിയെ മാഷ് കണ്ടില്ല. അവളുടെ പാവക്കുട്ടിയുടെ കുഞ്ഞിപ്പാവാട മാറ്റി അവൾ നീളമുള്ള ഉടുപ്പ് ധരിപ്പിച്ചിരുന്നു.
അകലെ കാട്ടിലും അരികെ നാട്ടിലും കഴുതപ്പുലികൾ പുതിയ ഇരകൾക്കായി കാത്തിരിക്കുന്നു.
ഹൈഡി റോസ് വേങ്ങാലിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo