Slider

ശ്രേഷ്ഠമായ ക്രിസ്തുമസ് സമ്മാനം

0
Image may contain: 1 person, smiling, indoor

ക്രിസ്തുമസ് അവധി ഇട്ടിട്ട് ഇന്ന് രണ്ടു ദിവസമായി. എട്ടു വയസുകാരൻ ഉണ്ണികുട്ടനും നാലു വയസുകാരി മീനൂട്ടിയും അച്ഛൻ വരുന്നുണ്ടോന്ന് നോക്കി വാതിൽക്കൽ തന്നെയുണ്ട്. മറ്റന്നാളാണ് ക്രിസ്തുമസ്. ഈ പ്രാവശ്യം അച്ഛൻ ഉറപ്പ് പറഞ്ഞതാ ഓണത്തിന് വരാത്തതുകൊണ്ട് ക്രിസ്തുമസിന് വരുമെന്ന്.
ഒളിച്ചോടി കല്യാണം കഴിച്ച ശിവനും റോസയും അതാണ് അവരുടെ അച്ഛനേം അമ്മേം നാട്ടുകാര് വിളിക്കുന്നത്. സ്വന്തം നാട്ടിൽ വീട്ടുകാരുടെ ഇഷ്ടക്കേട് കാരണം നിക്കക്കള്ളി ഇല്ലാതെ അവർ വന്നതാണ് ഈ നാട്ടിൽ. ഇവിടെയും മതത്തിന്റെ പേരിൽ ഇഷ്ടക്കേട് ഉണ്ടാവാതിരിക്കാനായി അവർ നാട്ടുകാരോട് പേരു മാറ്റിയാണ് പറഞ്ഞിരുന്നത്. ശിവനും രാധയും. ആദ്യമൊക്കെ ആ നാട്ടിൽ എല്ലാർക്കും വലിയ ഇഷ്ടമാരുന്നു അവരെ. റോസയുടെ വീടിന്റെ അടുത്തുള്ള അന്നമ്മച്ചേട്ടത്തി ഒരിക്കൽ ഒരു ബന്ധുവിന്റെ കല്യാണത്തിന് വന്നതാ റോസ താമസിക്കുന്ന സ്ഥലത്തേക്ക്. യാദൃശ്ചികമായി അവരെ കണ്ട അന്നമ്മച്ചേട്ടത്തി നാട്ടിലെ പ്രമാണിമാരായ വീട്ടുകാരെ പറ്റിച്ച കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ് അവരെ ഇവിടെയും ഒറ്റപ്പെടുത്തി.
നാട്ടിൽ നല്ല ജോലിയൊന്നും കിട്ടാതെ വിഷമിച്ച സമയത്താണ് ശിവന്റെ കൂടെ പണ്ട് ജോലി ചെയ്ത ഒരു കൂട്ടുകാരൻ വഴി ഗൾഫിലേക്ക് ഒരു ഡ്രൈവറുടെ വേക്കൻസിയിലേക്ക് വിസ ശരിയാകുന്നത്. തട്ടീം മുട്ടീം കഴിഞ്ഞു പോകാണുള്ളത് മാസം അയച്ചു കൊടുക്കും. ശിവനും വളരെ അരിഷ്ടിച്ചാണ് അവിടെ ജീവിക്കുന്നത്.
കുട്ടികളോട് വെറുതെ പറയുന്നതാണ് ഓരോ ക്രിസ്തുമസിനും ഓണത്തിനും വരുമെന്ന്. പോയിട്ടിപ്പൊ മൂന്നു വർഷം കഴിഞ്ഞു. മീനുട്ടിക്കു അച്ഛനെ കണ്ട ഓർമയില്ല.
റോസ എത്ര വിളിച്ചിട്ടും കുട്ടികൾ ഉറങ്ങാൻ കൂട്ടാക്കിയില്ല. രാത്രി കരോൾകാർ വരുന്നത് കുട്ടികൾ കണ്ടു. അടുത്ത വീട്ടിലെത്തി. കുട്ടികൾ ആവേശത്തിൽ മുറ്റത്തിറങ്ങി.
‘അമ്മേ… ഇപ്പൊ അവരിങ്ങോട്ടു വരുമല്ലോ..’
മീനൂട്ടി സന്തോഷത്തിലാണ്.
കരോൾ സംഘം അവരുടെ വീട്ടിൽ കയറാതെ അടുത്ത വീട്ടിലേക്ക് പോയി.
കുട്ടികൾ കരഞ്ഞു കരഞ്ഞ് ഉറങ്ങി.
അടുത്ത ദിവസം.. കുട്ടികൾ രാവിലെ മുതൽ അച്ഛനെ കാത്തിരുന്നു. പക്ഷെ വന്നില്ല. ഗത്യന്തരമില്ലാതെ റോസ അവരോടു പറഞ്ഞു. അച്ഛന് വരാൻ പറ്റില്ലെന്ന് ഇന്നലെ വന്ന കത്തിൽ പറഞ്ഞിട്ടുണ്ടെന്ന്.
പിറ്റേ ദിവസം ക്രിസ്തുമസിന് കുട്ടികൾക്ക് കൊടുക്കാൻ അവൾ ചിക്കനും ബിരിയാണി അരിയും ഒക്കെ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. ഒരു ചെറിയ കേക്കും.
അന്നും രാത്രി ക്രിസ്തുമസ് കരോളിന്റെ ശബ്ദം കേട്ടു. റോസ കുട്ടികളെ പുരത്തിറക്കിയില്ല. വീണ്ടും അവരുടെ സങ്കടം കാണാനുള്ള കരുത്ത് അവൾക്കില്ലായിരുന്നു.
പക്ഷെ പതിവിനു വിപരീതമായി കരോൾ സംഘം അവരുടെ കതകിൽ മുട്ടി. റോസ വാതിൽ തുറന്നു. കരോൾ സംഘം പാട്ടും നൃത്തവുമായി കുട്ടികളെ സന്തോഷിപ്പിച്ചു. ഉണ്ണിക്കുട്ടന് സമ്മാനം കൊടുത്തു. മീനൂട്ടിയെ എടുത്തു പൊക്കി ക്രിസ്തുമസ് പപ്പ അവളെ കൊഞ്ചിച്ചു.
പക്ഷേ കരോൾ സംഘം പോയപ്പോൾ മീനൂട്ടിയെയും ഉണ്ണികുട്ടനെയും അവിടെ കണ്ടില്ല. റോസയുടെ കണ്ണിൽ ഇരുട്ടു കയറി. അവൾ മോഹലസ്യപ്പെട്ടു നിലംപതിച്ചു.
******************
കണ്ണിൽ വെള്ളത്തിന്റെ തണുപ്പ് തോന്നിയപ്പോളാണ് റോസ ഉണർന്നത്. കണ്മുന്നിൽ ഉണ്ണികുട്ടനും മീനൂട്ടിയും പുതിയ ഉടുപ്പൊക്കെയിട്ട്. അവൾക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നോക്കിയപ്പോൾ കൂടെ ക്രിസ്തുമസ് പപ്പയുമുണ്ട്. പെട്ടെന്ന് അദ്ദേഹം മുഖംമൂടി മാറ്റി. താൻ സ്വപ്നം കാണുകയാണോ. ശിവേട്ടൻ തന്റെ കണ്മുന്നിൽ. അവൾ തുറിച്ചു നോക്കി. കണ്ണു തിരുമ്മി നോക്കി.
‘റോസാകുട്ടി നമ്മുടെ കഷ്ടപ്പാടൊക്കെ തീർന്നെടി. നാളെ നമുക്ക് ഒരിടം വരെ പോകണം. അവിടെ വച്ച് ഞാൻ എല്ലാം പറയാം.
******************
പിറ്റേന്ന് അവർ രാവിലെ തന്നെ ഒരു ടാക്സി വിളിച്ച് യാത്ര പുറപ്പെട്ടു.വഴിയിൽ ബേക്കറിയിൽ നിന്നും കുറെയേറെ മിട്ടായികളും കേക്കും വാങ്ങി. ലിറ്റിൽ ഫ്‌ളവർ ഓർഫനേജ് എന്ന പേരുള്ള ഗേറ്റ് കടന്ന് കാർ അകത്തേക്കു പോയി. അന്നത്തെ ആഹാരത്തിനുള്ള പൈസ കൊടുത്തു.
റോസ അന്തം വിട്ടു ശിവനെ നോക്കി. അവർ ഒരു മരത്തണലിൽ പോയി ഇരുന്നു. കുട്ടികൾ അവിടത്തെ കുട്ടികളുടെ കൂടെ കളിക്കാൻ തുടങ്ങി.
‘ റോസാകുട്ടി. കഴിഞ്ഞാഴ്ച വരെ ഞാൻ ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ പൈസ മാറ്റി വെക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയാടി നമ്മുടെ ജീവിതം മാറുന്ന സംഭവം ഉണ്ടായത്. അറബിയുടെ വണ്ടി ഓടിച്ചു വന്ന എനിക്ക് മുന്നിലേക്ക് ഒരു അറബി കുഴഞ്ഞു വീണു. ആദ്യം ഒന്നു ശങ്കിച്ചെങ്കിലും ഒരു മനുഷ്യനല്ലേന്നു കരുതി വണ്ടിയിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടുന്നു പോരാൻ തോന്നിയില്ല. ആ മനുഷ്യന് ബോധം വന്നപ്പോളാണറിയുന്നത് അദ്ദേഹം അവിടുത്തെ ഏറ്റവും ധനികനായ ഒരാളാണെന്നു. അയാളുടെ ജീവൻ രക്ഷിച്ചതിനു പകരമായി കുറെ കാശ് തന്നു. ഞാൻ വാങ്ങിയില്ല. എന്നോട് എന്താ വേണ്ടതെന്നു ചോദിച്ചു. ഞാൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ചോദിച്ചപ്പോൾ എന്റെ വിദ്യാഭ്യാസത്തിനനുസരി ച്ചുള്ള ഒരു ജോലി മതിയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ കാർഡ് തന്നു. പിറ്റേ ദിവസം ഞാൻ അദ്ദേഹം തന്ന വിലാസത്തിൽ ചെന്നു. എന്റെ സർട്ടിഫിക്കറ്റ് കണ്ട് ചോദിച്ചു. ഡിഗ്രി ഉള്ള ആൾ എന്തിനാ ഡ്രൈവറിന്റെ ജോലി ചെയ്യുന്നതെന്ന്. ഞാൻ നമ്മുടെ കഥകൾ പറഞ്ഞു. അദ്ദേഹം എനിക്കു നല്ലൊരു പോസ്റ്റിൽ ജോലി തന്നു. നാട്ടിലേക്കുള്ള ടിക്കറ്റും തന്നു. നിങ്ങളുടെ വിസയും ടിക്കറ്റും ശ രിയായിട് ഒന്നിച്ചു ചെന്നാൽ മതി എന്നു പറഞ്ഞു. താമസവും കുട്ടികളുടെ പഠിപ്പും എല്ലാം സ്പോണ്സർ ചെയ്യാം എന്ന് പറഞ്ഞു. വരാൻ നേരം നമുക്ക്‌ സ്വപ്നം കാണാൻ പറ്റാത്തത്ര തുക കയ്യിൽ തന്നു. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങാൻ പറഞ്ഞു. ഞാൻ ആദ്യം വാങ്ങിയില്ല. കുട്ടികൾക്കുള്ള സാധനങ്ങളൊക്കെ അദ്ദേഹത്തിന്റെ കടയിൽ നിന്നും തന്നതാണ്. നീ വളരെ നല്ലൊരു മനുഷ്യനാണ്. അന്യ നാടായിട്ടും ഒരാളെ സഹായിക്കാൻ കാണിച്ച മനസ് എനിക്കിഷ്ടമായി എന്നു പറഞ്ഞു.
നമ്മൾ ആരാധനാലയങ്ങളിൽ കൊടുക്കുന്നതിലും പുണ്യം ഇവിടെ കിട്ടും. അതാണ് ദൈവത്തിനും ഇഷ്ടം.’
റോസക്കു നിറകണ്ണുകളോടെ അയാളുടെ മാറിൽച്ചായാനേ കഴിഞ്ഞുള്ളൂ..
***********
ദീപാ ഷാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo