Slider

എൻ്റെ ഗുരുനാഥൻ

0


ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ ദി ന്യൂസ് റെഡ് ബൈ"..
വായും പൊളിച്ചു കൈയിൽ പെൻസിലും പിടിച്ചു ഇരുന്ന ഞാൻ പെട്ടന്ന് എഴുതിത്തുടങ്ങി.. ഈശ്വരാ കേട്ടിട്ടൊന്നും മനസ്സിലാവണില്ലല്ലോ.. കിട്ടിയവാക്കുകളൊക്കെ എഴുതിവെച്ചു.. മിനിറ്റുകൾകഴിഞ്ഞു..വാർത്ത കഴിഞ്ഞു. "നിനക്കാ ടി.വി യില്നോക്കി എഴുതിക്കൂടെ പെണ്ണെ? സ്കൂളിൽ വായിക്കുമ്പോ പിള്ളേരെല്ലാം കൂടി കളിയാക്കിച്ചിരിക്കും".
"അമ്മമ്മേ, ഇത് ഹോം വർക്കാണ്. ടി.വി യിലെ ന്യൂസ് എഴുതണ്ടാന്ന് സാർ പറഞ്ഞിട്ടുണ്ട്"... "ഓരോരോ പുതുമകൾ!!" എന്നും പറഞ്ഞു അമ്മമ്മ അടുക്കളയിലേക്കും. ഞാൻ വരാന്തയിലേക്കും.
എഴുതിയവാക്കുകൾ കൂട്ടിവായിച്ചു നോക്കി. ചില വാക്യങ്ങൾക്കു അർഥമുണ്ട്. ചിലതിനു എന്തോ ഒരു പൊരുത്തക്കേട്. അപ്പുറത്തെ വീട്ടിലെ ഒന്നാംക്ലാസ്സിലെ അപ്പൂട്ടൻ അവന്റെ അച്ഛനോട് ഫോണിൽ മണിമണിയായി ഇംഗ്ലീഷ് സംസാരിക്കും..
ഞാനാണെങ്കിൽ ഏഴാം ക്ലാസിലെത്തി. പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾ വായിക്കാനറിയാമെന്നല്ലാതെ വേറൊരു ചുക്കും അറിയില്ല. ചോദ്യോത്തരങ്ങൾ കാണാപാഠം പഠിക്കലാണ് വല്യകാര്യമെന്നു കരുതിയിരുന്ന കാലം.. അക്കാലത്താണ് വെള്ള മുണ്ടും, വെള്ള ഷർട്ടും, വെളുത്ത താടിയുമുള്ള നല്ല ഉയരമുള്ള ഒരു മാഷ് ഇംഗ്ലീഷ് അധ്യാപകനായി സ്കൂളിലേക്ക് വന്നത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന പാവം ഞങ്ങളോട് നാല്പത്തഞ്ചു മിനിറ്റ് ഒരക്ഷരം പോലും അദ്ദേഹം മലയാളത്തിൽ സംസാരിക്കില്ല.
ബെല്ലടിച്ചു കഴിഞ്ഞാലോ പിന്നെ മലയാളം മാത്രം!. രസകരമായ ക്ലാസ് വർക്കുകൾ.. വെള്ളിയാഴ്ചകളിൽ മാത്രം കിട്ടുന്ന ഹോം വർക്കുകൾ..
പെട്ടന്ന് തന്നെ ഞങ്ങളുടെ പെൺപള്ളിക്കൂടത്തിൽ ബാലകൃഷ്ണൻസാർ ഒരു ഹീറോആയി. അങ്ങനെ ഒരു വെള്ളിയാഴ്ച കിട്ടിയ ഹോം വർക്കാണ് ന്യൂസ് കേട്ട് അത്ഒരു പേപ്പറിലേക്കു എഴുതുക എന്നത്. തിങ്കളാഴ്ച മൂന്നാമത്തെ പീരീഡ് ആയി. സാർ വന്നു. കൈയിൽ ഒരു ടേപ്പ് റെക്കോർഡറും ഉണ്ട്.സാർ അത് ഓൺ ചെയ്തു. ഞായറാഴ്ച കേട്ട അതെ വാർത്ത. എത്രപേർ എഴുതി എന്ന് ചോദിച്ചതും ഞാനുൾപ്പെടെ പത്തുപന്ത്രണ്ട് കുട്ടികൾ ചാടിയെണീറ്റു..സാർ എല്ലാരുടേം പേപ്പർ വാങ്ങി.. രണ്ടെണ്ണം കൈയിൽ വെച്ചിട്ടു ബാക്കിയൊക്കെ മേശപ്പുറത്തേക്കിട്ടു. സ്മിതയുടെയും എന്റെയും പേരുകൾ വിളിച്ചു.ഞങ്ങളെണീറ്റു നിന്നു. സ്മിത എഴുതിയത് മുഴുവനും ശരിയായിരുന്നു.
"Who helped you?"ന്ന ചോദ്യത്തിന് "father" എന്നവൾ മറുപടി കൊടുത്തു..
"What is your father?"
"An officer in Secretariat"
അദ്ദേഹം അവളെ അഭിനന്ദിച്ചു.. ഇരുന്നോളാൻപറഞ്ഞു..
എന്റെ നേരെ തിരിഞ്ഞ സർ തെറ്റുകൾ പറഞ്ഞു തന്നു. "Who helped you?" എന്ന ചോദ്യത്തിനു മുന്നിൽ പതറിയെങ്കിലും ഞാനും പറഞ്ഞു "father"..
അഞ്ചു വയസ്സിനു ശേഷം അങ്ങനൊരാളെ കണ്ട ഓര്മ ഇല്ലെങ്കിലും തട്ടി വിട്ടു.. സാർ ഒരു സംശയത്തോടെ നോക്കിയോ?
ഏയ് ഇല്ല..
രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു.. കള്ളം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല സാറിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. വരുന്നത് വരട്ടെ എന്ന് കരുതി.. ഉച്ചയൂണ് കഴിഞ്ഞ് സ്കൂൾ മൈതാനത്തിനരികിൽ നിൽക്കുന്ന സാറിനടുത്തേക്ക്ഞാൻ ചെന്നു.
"സാർ, ഞാൻ സാറിനോട് ഒരു കള്ളം പറഞ്ഞു.
എന്നെ അച്ഛൻ സഹായിച്ചിട്ടില്ല,.. ആരും സഹായിച്ചിട്ടില്ല.. എനിക്കച്ഛനില്ല"..
എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടാകാം അദ്ദേഹം എന്നെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് പോയി. അവിടെ തങ്കംടീച്ചറും ഓമന ടീച്ചറും ഗോപി സാറും ഒക്കെയുണ്ട്.. ഊണ് കഴിഞ്ഞു സൊറ പറഞ്ഞിരിക്കുന്നു.. അവരാരും ഞങ്ങളെ ശ്രദ്ധിച്ചില്ല..
"മോൾടെ അച്ഛനെവിടെയാ?"
"എനിക്കറിയില്ല,.. എനിക്കറിയാവുന്ന അച്ഛന് ഛർദിലിന്റെ മണവും രുചിയുമാണ്.. ഒരിക്കൽ, നാലുവയസ്സുള്ളപ്പോൾ ഞാൻ ഛർദിച്ച ഭക്ഷണം തല്ലി വീണ്ടും എന്നെക്കൊണ്ടു തീറ്റിച്ച അച്ഛനെ മാത്രേ എനിക്കറിയൂ.. മുറ്റത്തിരുന്നു കളിക്കുന്ന എന്നെ മുറിക്കുള്ളിലേക്ക് എടുത്തെറിയുന്ന അച്ഛനെയും ഓർമയുണ്ട്".
ഒന്നും പറയാതെ എന്റെ മുന്നിലിരിക്കുന്ന സാർ.. അദ്ദേഹത്തിൻ്റെ ചുണ്ടുകൾ വിതുമ്പുന്നു.. മേശപ്പുറത്തിരുന്ന എന്റെ കൈകൾ ഇരു കൈകൾക്കുമുള്ളിലാക്കി സാർ എന്നെ നോക്കി.. കണ്ണീർ നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു.. "ഇന്ന് ഊണ് കഴിക്കും മുൻപുവരെ എനിക്ക് മൂന്നു പെണ്മക്കളായിരുന്നു.. ഉണ്ട് കഴിഞ്ഞപ്പോൾ അത് നാലായി.. മോൾ വേണമെങ്കിൽ എന്നെ അച്ഛാന്ന് വിളിച്ചോ".. അത് പറയുമ്പോൾ സ്റ്റാഫ്‌റൂമിലെ മിക്ക അധ്യാപകരും ഞങ്ങളുടെ ചുറ്റിലുമുണ്ടായിരുന്നു. പക്ഷെ സാറിനെ ഞാനൊരിക്കലും അച്ഛാന്ന് വിളിച്ചില്ല..എന്റെ നാവിൻ തുമ്പിലെ കയ്പായിരുന്നു ആ പദം.. പക്ഷെ ജന്മം തരാതെ എനിക്കൊരു പിതാവിനെ ഈശ്വരൻ തന്നു.. അധ്യാപകന്റെ രൂപത്തിൽ.. ഈ ലോകത്തു ഇന്നില്ലങ്കിലും അച്ഛനെന്ന വാക്കിനു എന്റെ മനസ്സിൽ ഒരു രൂപമേയുള്ളൂ.. അതെന്റെ ബാലകൃഷ്ണൻ സാറാണ്. നല്ല അച്ഛന്മാരുള്ള കൂട്ടുകാരോട് ഉണ്ടായിരുന്നഎന്റെ അസൂയയും അതോടെ ഇല്ലാതായി. എപ്പോഴൊക്കെയോ ആ കൈകൾ എന്റെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചിരുന്നു.. ആ അനുഗ്രഹങ്ങൾ, എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹങ്ങൾ അത് മാത്രമാണെന്റെ സ്വത്ത്.. ആർക്കും തട്ടിപ്പറിക്കാനാകാത്ത സ്വത്ത്..

By: UmaPradeep Puthukkattil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo