Slider

ഒറ്റ മന്ദാരം...

0


'ഗ ഗ പാപാ.. ധ പസസ സാ...... രിസ..ധ ധപാ.... ധപ..ഗഗരീ........"
പതിവുപോലെ പുലർകാലത്തെ അഗ്രഹാരം വരവേറ്റത് ശ്രുതിമധുരമായ ആ സംഗീതം കേട്ടാണ്.... ഇനിയാ... സ്വരം നിലയ്ക്കുന്ന സമയമാണ് അവിടത്തെ പ്രഭാതകർമ്മങ്ങളുടെ അവസാനവും...പട്ടുചുറ്റിയ പെൺകൊടികൾ ആസ്വരത്തിൽ ലയിച്ച് മുറ്റത്ത് വർണ്ണങ്ങൾ തീർത്തു, പൂക്കാരിപ്പെണ്ണുങ്ങളുടെ ശബ്ദവും പാൽക്കാരന്റെ സൈക്കിൾ മണിയുമെല്ലാം ആ പാട്ടിനനുസരിച്ച് നിരത്തിലൂടെ നീങ്ങി... അപ്പോഴും ഇടമുറിയാതെ കേട്ടുകൊണ്ടിരുന്നു ശുദ്ധസംഗീതത്തിന്റെ വീചികൾ....
." ആനലേ.... കര...വുന്നി... വോ ...'"...
"കൃഷ്ണനുണ്ണി ''.. സംഗീതമെന്ന മണിമുത്തുകൾ ഒന്നായി തന്റെ ഗളത്തിൽ ചാർത്തിയവൻ, വീശുന്ന കാറ്റിനെ പോലും തന്റെ സ്വരമാധുരി കൊണ്ട് നിശ്ചലമാക്കി നിർത്താൻ സാധ്യമായവൻ ... അനാഥൻ... ചെറുപ്പത്തിലേ ഉറ്റവരെ നഷ്ടപ്പെട്ട് എത്തിച്ചേർന്നതാണീ അഗ്രഹാരത്തിൽ.. അന്നിവിടെ പ്രശസ്തനായിരുന്നു, സോമനാഥ ശാസ്ത്രികൾ, എപ്പഴോ കേട്ട ആ ബാലന്റെ സ്വര ശുദ്ധിയെ തിരച്ചറിഞ്ഞപ്പോൾ കൂടെ കൂട്ടി, പിന്നീടങ്ങോട്ട് താങ്ങായും തണലായും നിഴലായും ശാസ്ത്രികൾക്കൊപ്പം കൃഷ്ണനുണ്ണി വളർന്നു... ഒപ്പം തന്റെ സംഗീതത്തെ അവനിലേക്ക് പകർന്ന് നൽകി ശാസ്ത്രികൾ....
ഇന്ന്, കൃഷ്ണനുണ്ണി, അറിയപ്പെടുന്ന സംഗീതജ്ഞനാണ്.. ദൂരെ ദിക്കുകളിൽ നിന്നു പോലും തന്നെ തേടിയെത്തുന്നവരെ മടിയില്ലാതെ സ്വീകരിച്ച് സംഗീതം പകർന്ന് നൽകി എല്ലാവരുടേയും ഹൃദയത്തിൽ ഇടം കണ്ടെത്തിയവൻ... ആ സ്വരമാണ് അഗ്രഹാരത്തെ ഉണർത്തുന്നതും, ഉറക്കുന്നതുമെല്ലാം... എല്ലാവർക്കും അയാൾ തങ്ങളുടെ കുടുംബാംഗം തന്നെയായിരുന്നു. ലാഭേച്ഛയില്ലാതെ, പ്രായഭേദമന്യേ സംഗീതത്തെ അറിയാൻ വരുന്നവരെ നിരാശരാക്കി വിടാറില്ലകൃഷ്ണനുണ്ണി. അതു കൊണ്ട് തന്നെ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അയാൾക്കരികിൽ എത്തുന്നു.
അങ്ങനെയാണ് അവളും അയാൾക്കരികിൽ എത്തിപ്പെട്ടത്, അഗ്രഹാരത്തിലെ മൂന്നാമത്തെ തെരുവിലെ പൂജാരിയുടെ മകൾ " ശിവരജ്ഞിനി"... ചെറുപ്പം മുതലേ കൃഷ്ണനുണ്ണിയുടെ പാട്ടുകൾ കേട്ട് ആരാധനയോടെ അതിലേറെ ഭക്തിയോടെ നോക്കി നിൽക്കുമായിരുന്നു അവൾ.... ഒരിയ്ക്കൽ അയാൾക്കരികിൽ സംഗീതത്തിനായി എത്തിയതുമാണ്... പക്ഷേ... സ്വരമുറച്ചില്ല എന്ന കാരണത്താൽ അവൾക്ക് മടങ്ങേണ്ടി വന്നു.. ആ ദിവസം മുഴുവൻ അവൾ മുറിയിൽ തളർന്നു കിടന്നു... പിന്നീടങ്ങോട്ട് പരിശ്രമത്തിന്റെ നാളുകൾ... സ്വരസ്ഥാനങ്ങളും സപ്തസ്വരങ്ങളും വർണ്ണങ്ങളും മുറപോലെ സാധകം ചെയ്തു...സ്വരസ്ഥാനമുറപ്പിച്ചു .. ഇന്നവൾ വീണ്ടും അയാൾക്കരികിലേക്ക് എത്തിയിരിക്കുകയാണ്...
ശരി.... കുട്ടി, ആദ്യം ഒരു കീർത്തനം പാടൂ... എന്നിട്ടാവാം സംഗീതം തനിക്ക് സിദ്ധിക്കുമോ എന്ന് തീരുമാനിക്കുന്നത്.. കൃഷ്ണനുണ്ണി പറഞ്ഞു....
അതു കേട്ടതും അത്രയും നേരം സംഭരിച്ചിരുന്ന ധൈര്യവും,സ്വരങ്ങളും തന്നിൽ നിന്ന് ചോർന്നു പോകുന്നതായി അവൾക്ക് തോന്നി... പക്ഷേ മുന്നിൽ നിൽക്കുന്ന മുഖത്തെ പ്രകാശവും സാമീപ്യവും അവളിൽ വീണ്ടുമൊരു ഉയിർ നൽകി. പതിയെ താളമിട്ട് അവൾ പാടാൻ തുടങ്ങി.....
" അംബ... മാ'..മവസധ.... ജനനീ.... "..
മറ്റൊന്നിനേയും ശ്രദ്ധിക്കാതെ സ്വയമലിഞ്ഞവൾ പാടി... അൽപ്പനേരം കഴിഞ്ഞാണ് പാടി തീർന്നിട്ടും അവൾ കണ്ണുകൾ തുറന്നത്.... തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകൾ....
" ഗംഭീരം.... ശിവേ ... ഇപ്പോഴാണ് ശരിക്കും, കുട്ടി സംഗീതത്തെ തന്നിൽ ചേർക്കാൻ അർഹയായത്....... ആ വാക്കുകൾ അവളിൽ കുളിർ മഴയായി പെയ്തിറങ്ങി... ആ കാൽക്കൽ തൊട്ട് നമസ്കരിച്ച്, കൈയ്യിൽ കരുതിയിരുന്ന ഒരു പിടി മന്ദാരപ്പൂക്കൾ സമർപ്പിച്ച് തൊഴുത് നിന്നു അവൾ....
പിന്നീടുള്ള ദിവസങ്ങൾ, അഗ്രഹാരത്തിൽ മഴയായിരുന്നു... ശ്രുതിമധുരമായ സംഗീതമഴ..... കൃഷ്ണനുണ്ണി തന്റെ സ്വരങ്ങളും, സംഗീതവും അവൾക്കായി പകർന്നു നൽകി... ആ സംഗീതത്തെ ഹൃദയത്തിലൂടെ തന്റെ കണ്ഠത്തിലേക്കാവാഹിച്ച് അവളും തന്നെ അതിലേക്ക് അർപ്പിച്ചു..
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞ് വീണു.. കൃഷ്ണനുണ്ണിയും, ശിവയും തമ്മിൽ ശക്തമായൊരു ആത്മബന്ധം ഉടലെടുത്തു... ഗുരുശിഷ്യബന്ധത്തേക്കാൾ വലിയ നിർവചിക്കാൻ കഴിയാത്ത എന്തോ ഒന്ന്.... പക്ഷേ പുറമേയുള്ള കണ്ണുകളും, നാവും അതിന് കൊടുത്ത പേര് മറ്റൊന്നായിരുന്നു. ആദ്യമൊക്കെ അത്തരം സംസാരത്തിന് ചെവികൊടുക്കാതെ നടന്നവർ പിന്നീട് അറിയാതെ തന്നെ അതിലേക്ക് വീണു, തീനാളം പ്രാണികളെ ആകർഷിക്കുന്നപോലെ...
കൃഷ്ണനുണ്ണി അതിനെ ശക്തമായി എതിർത്തു.. താനും, ശിവയും തമ്മിൽ അത്തരമൊരു ബന്ധമല്ല, സംഗീതമെന്ന ദിവ്യമായ കണ്ണിയാണ് ആ ബന്ധത്തിന് അടിസ്ഥാനം... അല്ലാതെയൊരു കാഴ്ചപ്പാടോ ചിന്തകളോ ഇന്നേ വരെ ഞങ്ങളിൽ ഉടലെടുത്തിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല... അയാളുടെ വാക്കുകൾ ദൃഢമായിരുന്നു.
ശിവയ്ക്കും അതിലപ്പുറമൊരു മറുപടിയില്ലായിരുന്നു.. അദ്ദേഹം എന്റെ പ്രാണനാണ്, ഗുരുവാണ്, മറ്റാരൊക്കെയോ ആണ്.. ഞാനാ പാദത്തിൽ വീണടിയാൻ ആഗ്രഹിക്കുന്ന വെറുമൊരു പൂവ് മാത്രമാണ്, ഒരിയ്ക്കലുമീ പൂവ് ആശിരസ്സിന് അലങ്കാരമാവാൻ ആഗ്രഹിക്കുന്നില്ല....
എന്നാൽ അതൊന്നും മറ്റുള്ളവരുടെ വായടപ്പിച്ചില്ല...... അന്നാ അഗ്രഹാരം മുഴുവൻ അവർക്ക് മുന്നിൽ തടിച്ചുകൂടി....
"നിങ്ങൾ തമ്മിലുള്ള ബന്ധത്തെ ഞങ്ങൾ സംശയിക്കുന്നില്ല, കാരണം ഈ തെരുവിന്റെ ഓരോ ചലനവും നിങ്ങളുടെ സംഗീതമാണ്.. പക്ഷേ വിമർശിക്കുന്നവർക്ക് മുൻപിൽ ഞങ്ങൾക്ക് തെളിയിക്കണം നിങ്ങളുടെ ബന്ധം അന്ധതയുടെ വികാരാവേശമല്ല മറിച്ച് പവിത്രമായതാണെന്ന്.. നിങ്ങൾക്കതിനാകും..മാറാവ്യാധിയെപ്പോലും മാറ്റാനുള്ള കഴിവ് സംഗീതത്തിനുണ്ട് അതേ സംഗീതം കൊണ്ട് തന്നെ നിങ്ങളിൽ ആരോപിക്കപ്പെട്ടതും ശരിയല്ലെന്ന് തെളിയിക്കേണ്ടത് ഈ അഗ്രഹാരത്തിന്റെ മുഴുവൻ ആവശ്യമാണ്....
അതേ.... ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു, ആരോപണങ്ങളുടെ വായ് മൂടിക്കെട്ടാൻ നിങ്ങൾ രണ്ടാളും പാടണം.. ആ സംഗീതത്തിലൂടെ ചലിക്കുന്ന പ്രകൃതി നിശ്ചലമാവണം, അതിലൂടെ അറിയണമെല്ലാവരും നിങ്ങളിലെ പവിത്രത..... ".. അവർ മറുപടിയ്ക്കായി അയാളെ നോക്കി.
"മര്യാദാ പുരുഷോത്തമനായ രാമൻ പോലും കേവലമൊരു അലക്കുകാരന്റെ വാക്കിൽ സീതയെ സംശയിച്ചപ്പോൾ അഗ്നിശുദ്ധിയിലൂടെ തന്റെ പരിശുദ്ധി തെളിയിച്ചവളാണ് സീത... അതുപോലെയാവട്ടെ ഇതും.... ഞങ്ങൾ സമ്മതിക്കുന്നു.... കൃഷ്ണനുണ്ണിയുടേയും ശിവരജ്ഞിനിയുടേയും വാക്കുകൾ ഒരു പോലെ ദൃഢമായിരുന്നു...
തെരുവ് മുഴുവൻ ആകാംക്ഷാഭരിതരായി കാത്തു നിന്നു, അറിഞ്ഞവരും പറഞ്ഞു കേട്ടവരുമെല്ലാം തിക്കിതിരക്കി.. ആദ്യമായാണ് സംഗീതം കൊണ്ടൊരു തീർപ്പ്.... അതവരിൽ അത്ഭുതമാണുണ്ടാക്കിയത്... അന്തരീക്ഷം പോലും ആ സ്വരത്തിനായി തെളിഞ്ഞമാനമൊരുക്കി സ്വയം സജ്ജമായ പോലെ തോന്നിച്ചു .
അഗ്രഹാരത്തിലെ കൽമണ്ഡപത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.. കാത്തിരുന്നവരുടെ കണ്ണുകൾക്ക് വിശ്രമം നൽകി അവർ മണ്ഡപത്തിൽ ഉപവിഷ്ടരായി... ശിവയും, കൃഷ്ണനുണ്ണിയും..
എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നമസ്കാരം... എല്ലാവരുടേയും അനുവാദത്തോടെ ഞങ്ങൾ ആരംഭിക്കുകയാണ്.... ആ വാക്കുകൾ കേട്ടതും അവിടമാകെ നിശബ്ദമായി.. ആയിരക്കണക്കിന് കാതുകൾ ശ്രുതിമധുരമായ ഗാനധാരയ്ക്കായി കാതുകൂർപ്പിച്ചു നിന്നു...
"മാ... മതിമുഖം തര വേണ്ടും......."
കാംബോജിപാടി
ശിവയാണ് തുടക്കമിട്ടത്... അതേറ്റു പിടിച്ച് കൃഷ്ണനുണ്ണിയും..സ്വരങ്ങൾ കീർത്തനങ്ങൾ കഴിഞ്ഞ് രാഗങ്ങളിലേക്ക് ചേക്കേറി.... സ്വയമലിഞ്ഞ് ചുറ്റുമുള്ളതൊന്നുമറിയാതെ ജനക്കൂട്ടവും...... ആരഭിയും, തോടിയും, ഹിന്ദോളവുമെല്ലാം ഒരു മഴയായി അവരിലേക്ക് പെയ്തിറങ്ങി.......
"ശിവരജ്ഞിനി"രാഗം പാടിയാണ് ശിവ തന്റെ സംഗീതം അവസാനിപ്പിച്ചത്.... എന്നാൽ കൃഷ്ണനുണ്ണി അതിനു തുടർച്ചയായി "മേഘമൽഹാർ'' പാടാൻ തുടങ്ങി, അത്രയും നേരം കേട്ടതിനേക്കാൾ ഗാംഭീര്യമാർന്ന ആ സ്വരത്തിൽ അന്തരീക്ഷമൊന്നുലഞ്ഞു..
"ആനന്ദാമൃതാകർഷിണീ.. അമൃതവർഷിണീ..... " അമൃതവർഷിണി പാടാൻ തുടങ്ങിയതോടെ തെളിഞ്ഞമാനം പൊടുന്നുടനെ ഇരുൾ പടരാൻ തുടങ്ങി.... കൂടി നിൽക്കുന്നവർ ആശ്ചര്യഭരിതരായി... കാർമേഘങ്ങൾ ഉരുണ്ടുകൂടിയ മാനം ആർത്തലച്ച് എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന മഴയുടെ സൂചന നൽകി......
അവസാന വരികളും പാടി കൃഷ്ണനുണ്ണി ആ സംഗീതധാരയ്ക്ക് വിരാമമിട്ടു.... പതിയെ അയാൾ എഴുന്നേറ്റു, കൂടി നിൽക്കുന്നവർക്ക് മുൻപാകെ കൈകൾ കൂപ്പി.....
"സംഗീതം കൊണ്ട് ഞാനെന്റെ ശുദ്ധി തെളിയിച്ചിരിക്കുന്നു,ഇവൾ, എന്റെ പ്രിയപ്പെട്ട ശിഷ്യയാണ്.... ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം അതിലുമുപരിയാണ്, കേവല വികാരത്തിന് അടിമപ്പെട്ടതല്ല...." മാതാപിതാ ഗുരു ദൈവം" എന്ന വാക്കുകൾ സത്യമാണെങ്കിൽ, ഒരു ഗുരുവിനും തന്റെ ശിഷ്യയെ ജീവിത പങ്കാളിയാക്കാൻ കഴിയില്ല.... എനിക്ക് പിൻഗാമിയായി സംഗീതത്തെ പൂജിക്കേണ്ടവളാണിവൾ "...അയാളുടെ വാക്കുകൾ തല കുനിച്ച് നിന്ന് കേൾക്കാനേ ചുരുക്കം ചിലർക്ക് കഴിഞ്ഞുള്ളൂ...
" ഇനി മതിയാക്കാം.... സംഗീതത്തിന്റെ പവിത്രത ഞാനീ പരീക്ഷയിലൂടെ കളങ്കപ്പെടുത്തി, അതിനുള്ള ശിക്ഷ സ്വയം ഞാനേറ്റു വാങ്ങുന്നു... ശിവേ..... ഇനി, നീ വേണം എന്റെ പാതയെ പൂർണ്ണമാക്കാൻ.... അയാൾ വാത്സല്യത്തോടെ അവളെയൊന്ന് നോക്കി..... പിന്നെയൊരു നിമിഷം കണ്ണുകൾ അടച്ച് മുട്ടുകുത്തി കൈകൂപ്പി നിന്നു.... പൊടുന്നുടനെ അന്തരീക്ഷത്തെ കീറി മുറിച്ചൊരു മിന്നൽ അയാളിലേക്ക് പടർന്നു കയറി... ഒരു പുഞ്ചിരിയോടെ ആ മണ്ഡപത്തിലേക്ക് അയാൾ നിലം പതിച്ചു....
ഒരു നിലവിളിയോടെ ശിവരജ്ഞിനിയും അഗ്രഹാരവുമൊന്നാകെ ഓടിയെത്തി... കണ്ണടച്ച് ശാന്തനായി കിടക്കുന്ന അയാളുടെ ചുണ്ടുകളിൽ നിന്നും അപ്പോഴും സ്വരങ്ങൾ ഒഴുകിയെത്തുന്നുണ്ടെന്നവൾക്ക് തോന്നി..... ഒരു കുടന്ന മന്ദാരപ്പൂക്കൾ അയാളുടെ കാൽച്ചുവട്ടിൽ സമർപ്പിച്ച് അവൾ ഗുരുദക്ഷിണ നൽകി.... തന്റെ രണ്ടു തുള്ളി കണ്ണുനീരിലൂടെ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo