Slider

കൊച്ചു പിണക്കങ്ങൾ

0


മീൻ മുറിച്ചോണ്ടിരുന്നപ്പോളാണ് ഫോണിന്റെ നിലവിളി കേട്ടത്, കുട്ടികളുടെ അച്ഛനാവും എന്നോർത്തു കൈകഴുകി ഓടിപ്പോയി ഫോണെടുത്തു. മൂത്ത സന്താനമാണ്. "എന്താ മോളെ വിളിച്ചേ? "
"അമ്മേ സാറു പണിപറ്റിച്ചു. ഈ ആഴ്ച വീട്ടിൽ വരാൻ പറ്റൂല്ലാന്നാ തോന്നുന്നെ",
ഇന്നത്തെ പരിഭവത്തിനുള്ളതായി എന്ന് പത്മിനി ഓർത്തു." അതെന്താ അങ്ങനെ? കോളേജ് അടക്കുന്നാന്ന് അല്ലെ നീ പറഞ്ഞെ?"
"സാറിനെ സ്പെഷ്യൽ ക്ലാസ്സ് വെക്കണംപോലും. എന്തിന്നു പറയാനാ? അതുമാത്രാണേൽ സഹിക്കേനു, ഇതിപ്പോ ക്ലാസ് എങ്ങനാന്ന് അറിയോ? മൂന്നു ദിവസം ഇടവിട്ടിറ്റ്. ഞമ്മളെപോലെ ദൂരെയിള്ള കുട്ടികൾ വീട്ടിൽ പോകാണ്ട് നീക്കാനാന്ന് തോന്നുന്നു. എന്തോരു ദ്രോഹമായ ഓര് ചെയ്യുന്നേ, സാറായി പോയി അല്ലേൽ ...."
മോള് നല്ല ചൂടിലാണ്, എങ്ങനേലും തണുപ്പിച്ചേ പറ്റൂ. " മോളേ നീ ഒന്നടങ്ങ്, ക്ലാസ് കയിഞ്ഞാ ഇങ്ങു ബരാലോ. അത് നിന്റെ അദ്ധ്യാപകനാണ്, മോശമായിട്ടൊന്നും പറയറേ..".
"ഹും 'അമ്മ പറഞ്ഞ ഓർമയിള്ളോണ്ടാ ഒന്നും പറയാത്തെ. എനിക്ക് വീട്ടിൽ വരണേനു, എത്രനാളായി വന്നിറ്റ്." മോൾ കരയാനുള്ള ഒരുക്കാണ് എന്ന് മനസിലായപ്പൊ പത്മിനി വിഷയം മാറ്റി.
"ഞമ്മളു കനാലിൽ നട്ട വാഴയൊക്കെ കൊലാക്കാറായി. പക്ഷെ കനാല്കാര് വന്ന് കൊഴപ്പോണ്ടാക്കി വാഴയൊക്കെ വെട്ടി നിരത്താൻ പറഞ്ഞു. പിന്നെ മെമ്പറും പാർട്ടിക്കാരും ഇടപെട്ട് ഒതുക്കിന്. പക്ഷെ ഇനി ഒന്നും നടരുതെന്ന് പറഞ്ഞു."
" ആഹാ അമ്മക്ക് നല്ല സമയമാണല്ലോ. പിന്നെ പൂതലൊക്കെ ഇണ്ടായിനാ ? ഞാൻ വരുമ്പോളേക്ക് തീർക്കറെ, ഓർമയുണ്ടല്ലോ കഴിഞ്ഞപ്രാവിശ്യത്തെ അനുഭവം."
"ഇപ്രാവശ്യം ഒരു പൂതല് പോലും പൊടിച്ചിട്ടില്ല. പ്ലാവ്‌ എന്നോട് പിണങ്ങിന്നാ തോന്നുന്നേ. എനക്കിപ്പോ സമയേ കിട്ടുന്നില്ല. പോയി മിണ്ടണം അവളെ പരിഭവം തീർക്കണം. ഞാൻ ഫോൺ വെക്കുന്നാന്നെ, ഇല്ലേൽ മീൻ പൂച്ച കൊണ്ടോകും".
.....................................................................................................................................................................................
എന്നെ ആർക്കും വേണ്ട. അതല്ലേലും അങ്ങനെതന്നെ വരൂ. പണ്ടൊക്കെ എന്നോട് എത്ര നേരം വർത്താനം പറയുന്നതാ. ഇപ്പൊ പത്മിനിയമ്മക്ക് ഒന്ന് മിണ്ടാൻ പോലും നേരമില്ല. ചക്ക കായ്ക്കാത്ത കാണുമ്പോ, ഇങ്ങോട്ടു കിന്നരിച്ചോണ്ട് വരുമല്ലോ. ഇപ്രാവശ്യം ഒരെണ്ണം പോലും കൊടുക്കൂല. ആ കനാലിലെ വാഴയെ നോക്കാൻ നേരമുണ്ട്. എന്റെടുത്തു വരാനല്ലേ നേരം കിട്ടാണ്ടുള്ളൂ. ദേ വരുന്നുണ്ട്, ഇപ്രാവശ്യം എന്ത് പറഞ്ഞാലും എന്റെ പിണക്കം മാറൂല. ഞാൻ കായ്ക്കുകയുമില്ല.
.......................................................................................................................................................................................
പത്മിനിയമ്മ സങ്കടത്തോടെ വരിക്കപ്ലാവിന്റെ അടുത്ത് ചെന്ന് ചെറുതായ് ഒന്ന് തഴുകി. മനസ്സല്പം തണുത്തെങ്കിലും വരിക്കപാവ് വിട്ടുകൊടുക്കില്ലെന്ന് മന്ത്രിച്ചു.
"എന്തുചെയ്യാനാ എന്റെ പ്ലാവേ, നീ കാണുന്നയല്ലേ എന്റെ തിരക്ക് നേരത്തും കാലത്തും ഉണ്ണാൻ പോലും നേരമില്ലാണ്ടായി. കഷ്ടകാലത്തിനാ വാഴ നട്ടെ. ഞാൻ പോയില്ലേൽ അവരൊന്നും ഉത്സാഹം കാണിക്കൂല. അതോണ്ട് നെട്ടോട്ടം അല്ലേനാ. അല്ലാതെ ഇന്നെ ഞാൻ മറക്കുമോ. എന്നോട് നീ പെണങ്ങിനും അതോണ്ടാ കായ്‌ക്കാത്തെന്നും എനക്ക് നല്ലോണം അറിയാം. നീ കായ്ച്ചില്ലേലും സാരമില്ല എന്നോടുള്ള ദേഷ്യം മാറ്റിയാമതിയപ്പ. ഇനി ഞാൻ ശ്രദ്ധിച്ചോളെ... ഞാൻ പോന്നെ മീൻകറി അടുപ്പത്താ ഉള്ളെ ...". പ്ലാവിനെ ഒന്നുകൂടി തഴുകി പത്മിനി അടുക്കളയിലേക്ക് നടന്നു. ആ കണ്ണുകൾ ഈറനണിഞ്ഞുവോ?. വരിക്കപ്ലാവിനും സങ്കടായി. ഞാൻ ഇത്രക്ക് വാശി കാണിക്കേണ്ടിയിരുന്നില്ല. പാവത്തിന് വിഷമമായല്ലോ.നേരമില്ലാത്തോണ്ടായിരിക്കും മിണ്ടാഞ്ഞത്. ഞാനല്ലേ അത് മനസിലാക്കണ്ടേ.....
............................................................................................................................................................................................
അമ്മേ ഈടെ വന്നാട്ടെ, ഇത് നോക്കിയാ. മകളുടെ വിളികേട്ട് പത്മിനിയമ്മ ഓടി വന്നു. "അമ്മേടെ വരിക്കപ്ലാവ് നിറയെ പൂതൽ മുളച്ചിന്. പിണക്കം മാറിയോ ഇത്രപെട്ടെന്ന് ?".പത്മിനി പ്ലാവിനെ കെട്ടിപിടിച്ചു. ആ അമ്മ മനം നിറഞ്ഞു തുളുമ്പി. അത് കണ്ടു വരിക്കപ്ലാവും മനസ്സും നിറഞ്ഞു .

By: Nayana Prabha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo