Slider

സ്വപ്നം പോലെ അനുമേരി

0
Image may contain: 1 person, standing and outdoor

പൊന്തക്കാടുകളും കൊങ്ങിണി പടര്‍പ്പുകളും നിറഞ്ഞ ഒരിടത്തുകൂടി ഞാന്‍ ഉറക്കം തൂങ്ങി നടന്നു പോകുകയായിരുന്നു. ചുറ്റും നിറഞ്ഞു നിന്ന കിളികളുടെ ചിലപ്പും വെയിലിന്‍റെ കിലുക്കവും ഇലയുടെ കുളിരുമൊന്നും ഞാന്‍ അറിഞ്ഞതേയില്ല. ഒന്നര മൈല്‍ അകലത്തുള്ള പള്ളിയില്‍ നിന്നും മുഴങ്ങിക്കൊണ്ടിരുന്ന മണിയൊച്ചയും അകലത്തേക്കാള്‍ അവ്യക്തമായേ ഞാന്‍ കേട്ടൊള്ളൂ...
വെളുപ്പാന്‍കാലത്ത് വന്ന് കിടന്നിട്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല, വെയില് മൂത്തപ്പോള്‍ നീണ്ടൊരുറക്കവും സ്വപ്നങ്ങളും എന്‍റെ തലക്ക് ചുറ്റും ചേക്കേറാന്‍ ചിലച്ച് പറക്കുന്നതായി തോന്നി.
ഞാനെവിടെങ്കിലും കിടന്നുറങ്ങിപ്പോയിരുന്നേലും ഈ വഴിതന്നെയിങ്ങനെ നടന്നു വന്നേനെ, അപ്പോഴുമിങ്ങനെ വെയിലും തണലും കിളികളുമെല്ലാം മങ്ങിക്കണ്ടേനെ. കാരണം ഞാനതുവഴി വരണ്ടതെന്തോ വിധി നിശ്ചയം പോലാരുന്നു. അതുകൊണ്ട് സ്വപ്നത്തിലായാലും ആ അവ്യക്തമായ പള്ളിമണി ഒച്ചപോലും ഒരു വ്യത്യാസോമില്ലാതങ്ങനെ കേട്ടേനേ...
ഞാന്‍ നടന്നു പോകുന്നതിന് താഴെ വെള്ളം നിറഞ്ഞ് കിടക്കുന്ന ഒരു പാറമട ഉണ്ടായിരുന്നു. അതില്‍ നിന്നും "ഗ്ള് ഗ്ള് ഗ്ള് ഗ്ള്..." എന്ന് കുമിള കുത്തുന്ന ശബ്ദം എന്നെ നടത്തത്തില്‍ നിന്നുമുണര്‍ത്തി. മയക്കം മാറ്റിയെറിഞ്ഞിട്ട് ഞാനവിടേക്ക് ചാടിയിറങ്ങി ചെന്നു, ഒരു കൂര്‍ത്ത ചീളില്‍ കൊണ്ടെന്‍റെ കാലും മുറിഞ്ഞു. തള്ള വിരലിന്‍ററ്റത്തൊരു പൂ വിരിഞ്ഞ് വന്നത് കണ്ട് ഞാന്‍ വേദനയെക്കാളുച്ചത്തില്‍ കലി്ച്ചു പോയി.
,"മുടിയാന്‍ "
എന്ന് പ്രാകിക്കൊണ്ടാണ് ഞാന്‍ പാറമടേലോട്ടെത്തിനോക്കീത്. മനസ്സില്‍ കണ്ടപോലെ തന്നെ പച്ച നിറമുള്ള ജലോപരിതലത്തിലേയ്ക്ക് വെള്ളിപോലുള്ള കുമിള കുത്തുന്നു.
ആരേലും ചാടീതാണോന്ന് ഉള്ളൊന്ന് കിടുങ്ങി. അങ്ങനെയുള്ള ചാടി ചാകലുകളിപ്പോള്‍ പതിവായിരുന്നു. കുറച്ച് പേടിയോടെ ഞാന്‍ ചുറ്റുമൊന്ന് നോക്കി. പക്ഷെ അതിനുള്ള വെള്ളവും ആഴവുമൊന്നുമീ കുഴിക്കില്ല. അങ്ങനെയുള്ള ആള്‍ക്കാരും....!! അതങ്ങോട്ട് തീര്‍ത്ത് പറയാനും പറ്റില്ല, ആര്‍ക്ക് ഏത് നേരത്താണത് തോന്നാന്‍ മേലാത്തത്,?
ഞാനവിടെ കിടന്ന കൈകൊണ്ട് പൊക്കാവുന്നൊരു കല്ലെടുത്ത് കുമിള കുത്തുന്നിടത്തേക്കിട്ടു. വെള്ളത്തിനുമേളില്‍ "പ്തും "എന്ന ശബ്ദത്തില്‍ വലിയ തിരയിളക്കമുണ്ടായി.. 
അതിന്‍റെ ഓളമടങ്ങിയപ്പോഴേക്കും കുമിളകളും നേര്‍ത്ത് വരുന്നതായി കണ്ടു. കുമിളകള്‍ക്കിടയിലൊരു ചുവന്ന മഷിനിറം പടരുന്നു ..അത് ചോരയായി മാറിയപ്പോഴേക്കും ഞാന്‍ ഞടുങ്ങി നിലവിളിച്ചുപോയി, "ദൈവമേ ആരെയേലും തല്ലിക്കൊന്ന് കെട്ടിത്താത്തിയേക്കുവാണോ? "

പെട്ടന്നൊരുനിമിഷം ഭയമെന്നെ പുറകീന്ന് തള്ളിവിടും പോലെ ഞാനതിലേക്കെടുത്ത് ചാടി. എന്‍റെ തലേം ,കാലും ,കൂര്‍ത്തകല്ലിലൊന്നും പോയിടിക്കാതെ രക്ഷപെട്ടന്ന് തോന്നി. 
വെള്ളത്തില്‍ കൈയും കാലും ഇട്ടടിക്കുന്നതിനിടെ ഞാനെന്‍റെ മുണ്ട് പറിച്ചെടുത്ത് കരക്കോട്ടെറിഞ്ഞു. ഭയമെന്നെ വീണ്ടും വെള്ളത്തിനുള്ളിലോട്ട് വലിച്ച് താക്കുന്നപോലെ ഞാന്‍ മുങ്ങി.

വെള്ളത്തിനുള്ളിലോട്ടും വെയിലിന്‍റെ തെളിച്ചമുണ്ടായിരുന്നു., ഇളം പച്ച നിറം. 
ഒന്നൊന്നരയാള്‍ താഴ്ചയില്‍ ആ കുഴീല്‍ വെള്ളമൊണ്ടാരുന്നു. അടിത്തട്ടില്‍ നിന്നുമിളകി പൊങ്ങിയ ചെളിയും കരിയിലയും അടങ്ങിയപ്പോള്‍ ഞാനാ പേടിപ്പെടുത്തുന്ന കാഴ്ച കണ്ടു. ഒറ്റക്കുതിപ്പിന് ഞാന്‍ വെള്ളത്തിന് മുകളിലെത്തി. ഭയമെന്നെ പിടിച്ച് വലിക്കുവാരുന്നു. കൈ കാലിട്ടടിച്ചലറിക്കൊണ്ട് ഞാനവിടെ കിടന്ന് കിതച്ചു. കുറച്ച് വെള്ളോം കുടിച്ചു. പുറം ലോകമപ്പോള്‍ ചെകുത്താന്‍റെ കണ്ണുപോലാണെനിക്ക് തോന്നീത്. അത്രക്ക് ശൂന്യമായി, വെള്ളത്തിനടീല്‍ കണ്ടതിലും ഭയാനകമായിരുന്നു അത്.

അടിയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു. അവളുടെ മുടിയിഴകള്‍ മുകളിലേയ്ക്ക് പറന്നു നില്‍ക്കുന്നു. നിശ്ചലമായി(?)
മുഖത്തെവിടെയോ നിന്ന്-മൂക്കില്‍ നിന്നാണെന്ന് തോന്നുന്നു, ചുവന്ന പുകച്ചുരുള്‍ പോലെ ചോര വെള്ളത്തിലേയ്ക്ക് പടരുന്നു. കണ്ണടച്ചു പിടിച്ച് ഞാന്‍ ഒന്നൂടെ മുങ്ങി. അവളില്‍ നിന്നും കാലുകളെ പരമാവധി അകറ്റി പിടിച്ചാരുന്നു അത്. അവളുടെ ഒഴുകി പടര്‍ന്ന മുടിയിഴകള്‍ ലക്ഷ്യം വെച്ച് ഞാന്‍ കൈനീട്ടി പരതിയെങ്കിലും ഒന്നും കൈയില്‍ തടഞ്ഞില്ല.

കണ്ണ് തുറന്ന് ഞാന്‍ അവളെ നോക്കാതെ കുമിളകുത്തുന്നത് തിരഞ്ഞു. ചെളികാരണം വെള്ളത്തിന്‍റെ തെളിമ കെട്ടിരുന്നു. ചെളിയടങ്ങിയപ്പം അവടെ വിങ്ങിപ്പൊട്ടാറായ മുഖവും, തുറിച്ച കണ്ണുകളും കണ്ടു, വെള്ളപോലൊരു വസ്ത്രമായിരുന്നു അവളുടേത്. വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍, അവടെ മുടിയിഴകള്‍ ചുറ്റിപ്പിടിച്ച് ഭയപ്പെടുത്തുന്ന ആ കാഴ്ചയില്‍ നിന്നും എന്നെയും അവളെയും മുകളിലേക്കുയര്‍ത്തി.
കരക്കടിഞ്ഞപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു ബോധോം എനിക്കില്ലാരുന്നു. ശ്വാസം കിട്ടാതെ ഞാൻ വെള്ളംകുടിച്ച് കിടന്ന് ചുമച്ചു. എന്‍റെ കാലുകള്‍ കൂര്‍ത്ത കല്ലുകളില്‍ കൊണ്ട് വീണ്ടും മുറിഞ്ഞു. ചെകുത്താന്‍റൊരു കൈ മാഞ്ഞില്ലാതാകാന്‍ കുറേ നേരമെടുത്തു. അപ്പോഴവളുടെ മുഖം കരയോടടുത്ത് വെള്ളത്തില്‍ തന്നെ മുങ്ങിക്കിടക്കുകയാണ്. പെട്ടന്ന് ബോധമുണ്ടായ ഞാന്‍ കൈയിലിരുന്ന മുടിയിഴകള്‍ പിടിച്ച് വലിച്ചവളുടെ മുഖം ഭൂമിയിലേക്കുയര്‍ത്തി അവളുടെ മൂക്കിലൂടെ രണ്ട് ചോരപ്പാടുകള്‍ കണ്ടു. അവളുടെ മുഖം മരിച്ചതുപോലെ കാണപ്പെട്ടു. 
അവളുടെ വസ്ത്രത്തില്‍ ഇറുകെ പിടിച്ച് വലിച്ച് ഞാന്‍ കരയിലേക്ക് കയറ്റിയിട്ടു. ഇടതു കാലപ്പോഴും കുഴഞ്ഞുപോയതുപോലെ വെള്ളത്തിലേയ്ക്ക് കിടക്കുന്നു. അവളുടെ ജീവനതുവഴി വെള്ളത്തിലേക്കിറങ്ങി പോകാതിരിക്കാനുള്ള തിടുക്കത്തോടെ ഞാനാ കാലുകൂടി കരക്കെടുത്ത് വെച്ചു.

‍ ശ്വാസമൊന്ന് വലിച്ചുവിട്ടിട്ട് അവളെ നോക്കിയപ്പോഴാണ് എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനാകാഞ്ഞത്. അത് അനുമേരിയായിരുന്നു. ഞാനെന്‍റെ ഗുഡുസ് മുറിയിലേയ്ക്ക് പോയി സ്വയമെത്ര കുലുക്കിയുണര്‍ത്താന്‍ ശ്രമിച്ചിട്ടും മറ്റൊരു യാഥാര്‍ത്ഥ്യത്തിലേയ്ക്കെനിക്ക് കണ്ണ് തുറക്കാനായില്ല. ഞാന്‍ രണ്ട് മൂന്ന് വട്ടം കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്ന് നോക്കി. അടുത്ത കാട്ടുപൊന്തയിലെ ഒരു പഴുത്തില അടയാളം വെച്ചായിരുന്നു അത്. എല്ലാ തവണവയുമത് പുഴുക്കുത്തേറ്റ് കൊഴിയാറായി കാണപ്പെട്ടു. കഴിഞ്ഞ രാത്രിയുടെ ഉറക്കച്ചടവിനെ സംശയിച്ചായിരുന്ന ഞാനത് ചെയ്തത്.
ഒരു ചെന്നായെപോലെ ഓരിയിട്ട് ഞാന്‍
അപായം കൂവിയറിയിച്ചു. അവള്‍ക്കൊന്നും സംഭവിക്കില്ലെന്നെനിക്കുറപ്പായിരുന്നു. അരുതാത്തതൊന്ന് സംഭവിക്കാനുള്ള ധൈര്യമോ ദൗർ ഭാഗ്യമോ ആ സ്ഥലത്തിനില്ല. 
കാട്ട് റോസകളും കൊങ്ങിണി പൂക്കളും വിരിഞ്ഞു നില്‍ക്കുന്ന നിര്‍മലമായൊരിടമായിരുന്നു അത്.

കഴപ്പ് മൂത്തുള്ള കൂക്കുവിളിയായി തോന്നാമായിരുന്നെങ്കിലും അതിൽ ജീവനുവേണ്ടിയുള്ളതെന്തോ വേറിട്ട് കേട്ടതുകൊണ്ടാകാം ചുമട് പിടിച്ചുയര്‍ത്തിക്കൊണ്ടിരുന്നവരും, വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നവരും ഏലച്ചെടി നനച്ചുകൊണ്ടിരുന്നവരുമെല്ലാം
"എന്നാ, എന്നാ എന്നാന്നേ ? "
എന്ന് ചോതിച്ചോണ്ട് എന്‍റെ കൂകിവിളി കേട്ട ഭാഗത്തേക്ക് ഓടിവന്നു. ഒട്ടും താമസിയാതെ അടുക്കളപ്പണിചെയ്തോണ്ടിരുന്ന പെണ്ണുങ്ങളും സ്കൂളില്‍ പോകാത്ത പിള്ളേരും രണ്ട് മൂന്ന് കടകളിലെ കച്ചവടക്കാരും, കുറച്ച് ദൂരെ റോഡിലൂടെ പൊയ്ക്കൊണ്ടിരുന്ന ബൈക്ക് കാരുമെല്ലാം ഓടിവന്നു.
കാര്യ വിവരമുള്ള നാലഞ്ച് പേര്‍ ചേര്‍ന്നവളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തിരിച്ചു കിടത്തി വയറിലമര്‍ത്തുകയും കാലിന്‍റെ വെള്ള തിരുമി ചൂടാക്കുകയുമൊക്കെ ചെയ്തു.
വെള്ളത്തുള്ളികളിറ്റ് വീണുകൊണ്ട് കുറച്ച് മാറി നിന്ന എന്നെ ആളുകള്‍ ചോദ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഞാനപ്പോള്‍ നിക്കറ് മാത്രമിട്ടുകൊണ്ടാണ് നിന്നത്. അവളെ കണ്ടു ഭയന്ന കണ്ണുകളോടെ തന്നെയാണ് പെണ്ണുങ്ങളും പിള്ളാരും എന്നേം നോക്കുന്നത്. അവരുടെയൊക്കെ ചുണ്ടുകള്‍ എന്‍റെ പേരിന്‍റെയാകൃതിയില്‍ ചലിക്കുന്നതും ,അവരുടെ കുശുകുശുപ്പുകളില്‍ ഞാന്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നതായും കണ്ടു.
നാക്കിട്ടടിക്കുന്നതിലുമധികം മിണ്ടാതെ നിന്നാല്‍ കിട്ടും എന്നുള്ളതുകൊണ്ട് ഞാന്‍ കൂടുതലൊന്നും ആരോടും പറഞ്ഞില്ല.
അവളുടെ കുടുംബത്തിന്‍റെ സത്പേരും മാന്യതയുമൊക്കെ മുക്കുറ്റിക്കും, തൊട്ടാവാടിക്കും, കാട്ട് കൂര്‍ക്കകള്‍ക്കുമൊപ്പം ചവിട്ടിയരക്കപ്പെട്ടു. അവളാണതെന്ന് അധികമാര്‍ക്കുമങ്ങനെ അറിയില്ലായിരുന്നു. കാരണം അവളുടെ വീട് ഒരു മൈൽ ല്‍ അകലത്തുള്ള മറ്റൊരു സ്ഥലത്തായിരുന്നു.
പിന്നെ പതുക്കെ പതുക്കെ ഓരോരുത്തരും അവടപ്പന്‍റെ പേരും കുടുംബപ്പേരും സംശയത്തോടെ അടക്കം പറഞ്ഞു. ഒരുറപ്പിനായി എന്നോട് തന്നെ ചോദിച്ചു ഞാനത് ശരിവെച്ച് തലയാട്ടി.

." ഇതിവിടെ വന്ന് ചാടണ്ട കാര്യമാ പിടികിട്ടാത്തെ..?"
മറ്റുള്ളവരെപോലെ എനിക്കുമത് മനസിലായില്ല. അവളിവിടെ വരണ്ട ഒരു കാര്യവുമില്ല, എന്‍റെ ബാല്യകാലം ഞാനൊളിച്ചു കളിച്ച കുറ്റിക്കാടുകളും വള്ളിപ്പടര്‍പ്പുകളും മാത്രമാണവിടം.
പെണ്‍കുട്ടികള്‍ വീടിന് തൊട്ടടുത്ത്- അഞ്ഞൂറ് മീറ്റര്‍ മാത്രമകലെയുള്ള ചില പ്രദേശങ്ങള്‍ പൊലും-ഒരിക്കലും കാണാതെ മരിച്ചു പോകുകയാണ് പതിവ്.അനുമരിയക്കും ഇതു് അതുപോലൊരിടമായിരുന്നു. 
ഒരു പക്ഷെ അവള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തൊരിടം.

ഒട്ടും താമസിക്കാതെ തന്നെ അവളുടെ ഇടവകക്കാര്‍ ആരൊക്കയോ ചേര്‍ന്നവളെ ആശുപത്രിയിലേക്കെടുത്തു. നാലഞ്ചു പേരുടെ ഉയര്‍ന്ന ശബ്ദവും ആള്‍ക്കൂട്ടത്തിന്‍റെ അടക്കിപ്പിടിച്ച പിറുപിറുപ്പുകളും കേള്‍ക്കാനായി.
അവളുടെ അപ്പനിപ്പോള്‍ ഇതൊന്നുമറിയാതെ കുടുംബ മഹിമയാല്‍ ഉയര്‍ന്ന ശിരസൊടെ ആരോടെങ്കിലും ഉച്ചത്തില്‍ വാചകമടിക്കുകയായിരുക്കുമെന്നോര്‍ത്തുകൊണ്ട് ഞാനും വീട്ടിലേയ്ക്ക് നടന്നു. നാലുദിക്കിലേക്കും പിരിഞ്ഞുപോകുന്ന ആള്‍ക്കൂട്ടത്തിനൊപ്പം.
ആള്‍ക്കൂട്ടവും കുറ്റിക്കാടുകളുമൊക്കെ നടന്ന് കഴിഞ്ഞതും മുന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഇടവഴിമാത്രമായപ്പം എനിക്കൊന്ന് കുതിച്ചോടാന്‍തോന്നി.. ചെറുപ്പകാലം വിട്ടകന്നെ പിന്നെ സന്തോഷമൊന്നും ഞാന്‍ ഓടിച്ചാടിയോ, തലകുത്തിമറിഞ്ഞോ, കൂകിവിളിച്ചോ ആഘൊഷിച്ചിരുന്നില്ല.
അനുമേരിക്ക് എന്നെക്കുറിച്ചറിയാമായിരുന്നത് എനിക്കവളെ ഇഷ്ടമായിരുന്നു എന്ന് മാത്രമാണ്. ഇഷ്ടം എന്ന് പറഞ്ഞാല്‍ അവള്‍ കണ്ണാടിനോക്കുമ്പോള്‍ കാണുന്ന വിടര്‍ന്ന്, വെണ്‍മയുള്ള കണ്ണുകളും ചുവപ്പുകലര്‍ന്ന ചുണ്ടുകളും ഇളം നിറമുള്ള മുഖവും കാണാവുന്നത്ര വ്യക്തമായി, പ്രണയം കൊണ്ട് വഴിവക്കില്‍ ഞാനൊരു കൊങ്ങിണിച്ചെടിപോലെ പൂത്തു നില്‍ക്കുന്നതവള്‍ കണ്ടിട്ടുണ്ട്.
ഞായറാഴ്ചയവള്‍ പള്ളിയില്‍ പോകുമ്പോഴും വരുമ്പോഴും, വളരെ രഹസ്യമായവള്‍ അനിയത്തിയുമായി ഒരു നോട്ടം കൈമാറും. ഒരു ചെറുചിരിയോടെ, പിന്നെ മുന്നില്‍ നടക്കുന്ന അമ്മ കാണാതെ എന്നെയൊന്ന് നോക്കും. അത് പ്രണയംകൊണ്ടല്ലെന്ന വേദനയോര്‍ത്ത് ഞാന്‍ കരഞ്ഞില്ല. അവളുടെ മുടിയുടെ തഴപ്പും ചന്തിയുടെ ഇളക്കവും കണ്‍ നിറയെ കണ്ട് ഞാനങ്ങനെ നില്‍ക്കും. അതിനപ്പുറം അവളുടെ സ്വരമെന്താണെന്ന് ഞാന്‍ കേട്ടിട്ടില്ല. എന്‍റെ പേരെന്താണെന്നവള്‍ക്കും, അവളുടെ ഉള്ളിലെന്താണെന്ന് എനിക്കും അറിയാനാകാത്തവിധം ഞങ്ങള്‍ രണ്ട് പേരും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരും അതുകൊണ്ടുതന്നെ അപരിചിതരുമായിരുന്നു.

അവളുടെ കുടുംബ പാരമ്പര്യത്തിന്‍റെയും മതത്തിന്‍റെയും മതില്‍ കെട്ടുകള്‍ കൊണ്ടാവാം അവളെ സംബന്ധിക്കുന്നതെല്ലാമെനിക്ക് വിശുദ്ധമായി തോന്നിച്ചു. പ്രണയവും സ്വപ്നങ്ങളുമായി പരിണമിച്ചു.
എന്തെങ്കിലുമൊന്ന് അവളോട് മിണ്ടണം മിണ്ടണം എന്ന് മനസ് വെമ്പല്‍ കൊണ്ടിരുന്നൊരു സമയത്ത് അവള് തുടര്‍ന്ന് പഠിക്കാനായി ഡെല്ലിക്ക് പോയി.
അവളോടൊപ്പമൊരു ജീവിതം സ്വപ്നം കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് എന്‍റെ ഏറ്റവും വല്യ ആഗ്രഹം നല്ല മഴയുള്ള ഒരു സന്ധ്യയ്ക്ക് ഞാനും അവളും ഒരു കുടക്കീഴില്‍ പള്ളി മുതൽ വീടോളം നടന്നു വരുന്നതാരുന്നു. മഴയുടെ കുളിരിനെ അന്യോന്യമുള്ള ചൂടുകൊണ്ടതിജീവിച്ച് കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്, വഴിവക്കിലും കടകളിലും നിന്ന് നോക്കുന്ന അവളുടെ മതത്തിന്റെ കണ്ണുകളെല്ലാം അരുതായ്മകളൊന്നുമില്ലാതെ പുഞ്ചിരിക്കണം അവളുടെ മതത്തിന്റെ വിശുദ്ധിയങ്ങനെ എന്നെയും ആസ്ലേഷിക്കണം.

പക്ഷെ അവള് പോയി. ഞാന്‍ രണ്ട് മൂന്ന് ഞായറാഴ്ചകളില്‍ അതറിയാതെ പള്ളീലോട്ടുള്ള പോക്ക് വരവു നേരങ്ങളിൽ വഴീപോയി നോക്കി നിന്നു. 
പാവം അനിയത്തിക്കൊച്ച് മാത്രം എന്നെ അനുകമ്പയോടെ നോക്കുന്ന കണ്ടു. പള്ളി പിരിഞ്ഞ് പോകുന്ന അവസാനത്തെ ചേടത്തീടെ പുറകെ ഞാനും നിരാശപ്പെട്ട് വീട്ടിലേക്ക് പോന്നു.
പിന്നാരോ പറഞ്ഞറിഞ്ഞു അനു മേരി പഠനത്തിനായി ഡല്ലിക്ക് പോയെന്ന്, എന്നിട്ടും ഇന്നലത്തെ ഞായറാഴ്ച വരെ, അവളൊരവധിക്കെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഞാനാ വഴീ പോയി നോക്കി നിക്കുവാരുന്നു. 
പക്ഷെ ഇന്ന് തിങ്കളാഴ്ചയാണ്, രണ്ട് വര്‍ഷത്തിന് ശേഷം അവളെ കാണുന്നത്.

ഞാന്‍ കൂക്കുവിളിക്കുകയോ ചാടിമറിയുകയോ ഒന്നും ചെയ്യാതെ വീടെത്തി. ചെറുപ്പകാലം പൂര്‍ണമായുമെന്നെ വിട്ടൊഴിഞ്ഞ് പോയതിന്‍റെ സൂചനയാകാം കുട്ടിക്കളികളുടെയൊക്കെ സ്ഥാനത്ത് വലിയ ചിന്തകളും ഭാരമുള്ള ഓര്‍മ്മകളും വന്ന് നിറയുന്നത്.
എന്‍റെ ഗുഡുസ് മുറിയുടെ വാതില്‍ക്കല്‍ ചെന്ന് ഞാന്‍ ഉറങ്ങിക്കിടപ്പുണ്ടോന്ന് എത്തിനോക്കി. എന്‍റെ ഉറക്കത്തിന്‍റെയും സ്വപ്നങ്ങളുടെയും എണ്ണമെഴുക്ക് പുരണ്ട് മുഷിഞ്ഞ തലയിണ മാത്രമേ കിടക്കയില്‍ കണ്ടൊള്ളൂ. 
എന്‍റെ ദേഹത്തെ വെള്ളം മുഴുവനും തോര്‍ന്നിരുന്നു. കുട്ടിക്കാലം ഒരോര്‍മയായി വന്നതുകൊണ്ടായിരിക്കും നനഞ്ഞ നിക്കറ് മാത്രമിട്ടോണ്ട് ഞാന്‍ കിടക്കയിലേക്കൊരു മാക്രിയെപ്പോലെ ചാടിവീണു.
ഉറക്കത്തിന് പകരം ഓരോരോ ചിന്തകളാണ് പൊങ്ങിവരുന്നത് വെള്ളത്തിനടീന്നെന്നപോലെ..

ജീവിതത്തിലിന്ന് വരെ ദൈവംതമ്പുരാനെനിക്ക് ഞെട്ടിക്കുന്ന ഭാഗ്യങ്ങളോ ദൗര്‍ഭാഗ്യങ്ങളോ തന്നിട്ടില്ല. ഞാനായുണ്ടാക്കിയ മുറിവുകളും വേദനകളുമേയുള്ളൂ, അത് സഹിച്ചേന് ഇത്രേം വല്യ പ്രതിഫലമാണോ... ദൈവത്തേക്കാള്‍ ഞാനിതിന് കടപ്പെട്ടിരിക്കേണ്ടത് കഴിഞ്ഞ രാത്രിയുടെ ഉറക്കച്ചടവിനോടാണെന്ന് തോന്നി. അതുകൊണ്ടാണ് സ്വപ്നസമാനമായ ഈ ഭാഗ്യം എന്നെത്തേടിവന്നത്.
എന്‍റെ പകലുറക്കം ഭാരമില്ലാത്ത പഞ്ഞിക്കെട്ട് പോലെ വന്ന് നെറ്റിയില്‍ മുട്ടി മുട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ സംഭവത്തിന്റെ നനവ് ഒരു ദുശാട്യം പോലെ എന്‍റെയുറക്കത്തെ ഉന്തിയകറ്റുന്നു
ഒടുവില്‍ ഉറക്കം മറന്ന് ഞാന്‍ മനസ്സിനെ പാറമടയുടെ വക്കിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോയി ഞാനാവെള്ളക്കുളത്തിന്‍റെ കരയിലൂടെ ഉറക്കം തൂങ്ങി നടന്നു പോവുകയും "ഗ്ള് ഗ്ള് ഗ്ള് ഗ്ള് "എന്ന് വെള്ളം കുമിള കുത്തുന്ന ശബ്ദം ചെവിയില്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ രാത്രി പത്ത് മണിക്ക് ശേഷം കോടാനുകോടി ജീവജാലങ്ങളുടെ കണ്ണിലേയ്ക്ക് പറന്നിറങ്ങി വരുന്ന ഉറക്കം നട്ടുച്ചക്കെന്‍റെ കണ്ണുകളിലേക്ക് താണിറങ്ങി വന്നു.
കൊങ്ങിണി പൂക്കള്‍ കൊണ്ട് മൂടിയ ജലോപരിതലത്തിലേക്ക് ഞാന്‍ എടുത്തു ചാടിയതും വെള്ളം കരകവിഞ്ഞൊഴുകി.
വെള്ളത്തിനാകെ കാട്ടുകൂര്‍ക്കയുടെയും കൊങ്ങിണിയുടെയും മണമായിരുന്നു. അനുമേരിയെ കാണാന്‍ തിങ്ങികൂടിയ ആള്‍ക്കൂട്ടം ചവിട്ടി മെതിച്ചിട്ട പച്ചിലകലുടെ മണം. വെള്ളത്തിലേയ്ക്ക് മുങ്ങി പൊങ്ങി ഞാന്‍ മുടിക്ക് ചുറ്റിപ്പിടിച്ചവളെ കരക്കെത്തിച്ചു. ഭയവും ഭാരവും, ശൂന്യതയുടയത്രയേ തോന്നിയുള്ളൂ.

ഞാനുറങ്ങാതിരുന്ന കഴിഞ്ഞ രാത്രിയുടെ നക്ഷത്രങ്ങളെല്ലാമപ്പോള്‍ ഞങ്ങളുടെ തലക്കു മീതെയുള്ള ആകാശത്ത് പ്രകാശിക്കുന്നത് കണ്ടു.
അത്ര നേരവും കള്ളത്തരം നടിച്ചുകിടന്നതുപോലവള്‍- ചിരിച്ചുകൊണ്ടെന്‍റെ നേര്‍ക്ക് കണ്ണുകള്‍ തുറന്നു. ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ ഉന്‍മേഷവതിയായവള്‍ നിവര്‍ന്നിരുന്നു.
അവളുടെ ദേഹത്തോ വസ്ത്രങ്ങളിലോ നനവിന്‍റെ ഒരു തുള്ളിപോലും ഇല്ലാതിരുന്നതുപോലെ അവടെ മുഖത്തു നിന്നും കുളത്തില്‍ ചാടിയതിന്‍റെ കാരണങ്ങളും മാഞ്ഞ് പോയിരുന്നു.

ചിരപരിചിതരെപോലെ ഞങ്ങള്‍ ചിരിച്ച് സംസാരിച്ചു. വെള്ളം കരക്കടിച്ച് കയറിയപ്പോള്‍ കരക്ക് പെട്ടുപോയ ഒരു മീന്‍- കടലില്‍ മാത്രം കാണുന്ന ചുവന്ന കിളിമീന്‍ അതവിടെ കിടന്ന് പുളച്ച് ചാടിക്കൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതിനെത്തന്നെ നോക്കി. അവളുടെ ചിരിമായുന്നത് കണ്ട് ഞാന്‍ കണ്ണ് തുറന്നു.
പിന്നെയെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ ഞാന്‍ പോയികുളിച്ചതും, ഒരുങ്ങി ബസില്‍ കയറി ടൗണിലേക്ക് പോയതുമെല്ലാം ഒരുറക്കത്തിലോ സ്വപ്നത്തിലോ എന്നപോലെയായിരുന്നു. ചിന്തകളും ചെയ്തികളുമെല്ലാം കനമില്ലാത്തൊരൊഴുക്കുപോലെ..
കുളിക്കിടയില്‍ ഒരു കാര്യോമില്ലാതെ പുറത്ത് വന്ന് ഞാന്‍ ശൂന്യത വിഴുങ്ങിയ പോലെ കണ്ണ് തുറന്ന് പിടിച്ചു നിന്നു, ഓര്‍മ്മയുടെ ചെറിയൊരു കാറ്റോ വിളിയോ വന്നപ്പോള്‍ ദേഹത്തെല്ലാം സോപ്പു പത ഉണങ്ങി തുടങ്ങിയിരുന്നു. പൈപ്പില്‍ നിന്നും പാത്രം നിറഞ്ഞ് വെള്ളം പോകുന്ന ഒച്ചയും കേട്ടു.
ടൗണിലേക്കുളള ദൂരമത്രയും പതിവുപോലെനിക്ക് മുഷിച്ചില്‍ തോന്നിയില്ല. ഏലക്കാടുകളുടെ തണുപ്പോ ഉച്ചകഴിഞ്ഞുളള ചീവീടുകളുടെ കൂട്ടക്കരച്ചിലോ ഒന്നും ഉള്ളിലേക്ക് കടന്ന് വന്നില്ല.
നനഞ്ഞൊട്ടി നിശ്ചലമായി കിടന്ന അനു മേരിയുടെ രൂപവും എനിക്കപ്പോള്‍ ഒരു പഴങ്കതപോലെ അവ്യക്തമായി തോന്നിച്ചു.

അനു ‍മേരി പുതുജന്‍മത്തിലേക്ക് കണ്ണുകള്‍ തുറക്കുന്ന നിമിഷത്തെക്കുറിച്ച് ഞാന്‍ വളരെ മധുരകരമായി ആലോചിച്ചു. അപ്പോഴൊക്കെ പുറത്തെ ഏതെങ്കിലും കാഴ്ചയോ വര്‍ത്തമാനങ്ങളോ എന്‍റെ ചിന്തയെ മുറിക്കുകയും കൂടുതല്‍ താല്‍പര്യത്തോടെ ഞാന്‍ വീണ്ടും വീണ്ടുമത് എത്തി പിടിക്കാനും നോക്കി.
മഴയില്‍ നനഞ്ഞു വിറച്ചവന് ഒരു നെരിപ്പോടിന്‍റെ അടുത്തെത്തുന്ന സുഖമായിരുന്നു എനിക്കത്. (ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ ഞാന്‍ വെള്ളത്തില്‍ ചാടിയപ്പോള്‍ മുതലുള്ള തണുപ്പ് പിന്നെ വിട്ട് മാറിയതേയില്ല, ഞാന്‍ കരപറ്റിയതും വെയില്‍ മങ്ങിയിരുന്നു. മഴക്കാര്‍ വന്ന് മൂടി അന്തരീക്ഷം തണുത്തു)
തൊടുന്നതെല്ലാം പൊന്നാകുന്ന ദിവസമായിരുന്നു. കാണുന്നതും ചിന്തിക്കുന്നതും അനുഭവിക്കുന്നതുമെല്ലാം സൗഭാഗ്യത്തിന്‍റെ തിളക്കമുള്ള കാര്യങ്ങള്‍.
തണുത്ത് വിറച്ച് ചെന്ന് ബസ്സിറങ്ങിയതേ മനസ്സില്‍ വന്ന കാര്യം ഒരു ചിക്കന്‍ ബിരിയാണി കഴിക്കാം എന്നായിരുന്നു. നല്ല ചൂടുള്ള ചിക്കന്‍ ബിരിയാണി പോക്കറ്റിലാവശ്യത്തിന് കാശുണ്ട്. ബസ് ടൗണിലേക്ക് കയറിയതേ ഞാന്‍ കണ്ടിരുന്നു കുറച്ചു ദിവസങ്ങളായി കാണാന്‍ ആഗ്രഹിച്ചിരുന്ന രണ്ട് സിനിമകളാണ് തിയേറ്ററില്‍ ഓടുന്നത്, ഒന്നൊരു തമിഴ് പടം. അങ്ങനെ സൗഭാഗ്യങ്ങള്‍ മാത്രം നിറഞ്ഞൊരു ദിവസം എപ്പോഴത്തെപ്പോലെയും ദൈവമില്ല എന്നു വിശ്വസിക്കാന്‍ എനിക്ക് തോന്നിയില്ല. 
നമ്മള്‍ അത്ര തീവ്രമായി ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങലിലായിരിക്കില്ല ദൈവത്തിന്‍റെ കാരുണ്യവും സാന്നിദ്ധ്യവും നമ്മുടെ ജീവിതത്തിലുണ്ടാവുക. നമ്മളേക്കാള്‍ എത്ര വിദഗ്ദ്ദമായാണങ്ങേര്‍ നമ്മുടെ ജീവിതം മെനഞ്ഞിരിക്കുന്നത്. നമ്മള്‍ ജീവന് വേണ്ടി പിടഞ്ഞ് നിലവിളിച്ചാലും, ദൈവമേ.. എന്ന് വിളിച്ച്‌ ജീവന്‍ തന്നെ പോയാലും അങ്ങേര് വരില്ല.

ചത്തവന്‍റെ ജീവിതം ജീവിച്ചിരിക്കുന്നവനേക്കാള്‍ പാപരഹിതവും കളങ്കരഹിതവും ആയിരിക്കെ ചിലപ്പോള്‍ സാധുക്കളെ കൈവെടിഞ്ഞ് പാപികളിലൂടെ അദ്ദേഹം ഈ ലോകത്തെ നിലനിര്‍ത്തുന്നു.
രണ്ട് സിനിമകള്‍ കണ്ടിറങ്ങിയപ്പോള്‍ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. ചാറ്റല്‍ മഴയാണ് ,കിടുങ്ങി വിറക്കുന്ന തണുപ്പും. 
ബസ്റ്റാന്‍റില്‍ അവിടവിടെയായി ചില വെളിച്ചങ്ങളേയുള്ളൂ, എന്‍റെ ഈ ഭാഗ്യത്തിനും അനുമേരിയക്കും വേണ്ടി -രണ്ടും ഒന്നാണെങ്കിലും- എന്തെങ്കിലുമൊരു ത്യാഗം സഹിക്കണമെന്ന് എനിക്ക് തോന്നി.

ഇനി വീട്ടിലേയ്ക്ക് പോകണമെങ്കില്‍ വെളുപ്പാന്‍ കാലത്തേ ബസുള്ളൂ. ഞാന്‍ മെയിന്‍ റോഡില്‍ പോയിനിന്ന് ഉറക്കം തൂങ്ങി വരുന്ന ഏതെങ്കിലും പാണ്ടി ലോറിക്കോ കാറിനോ കൈകാണിക്കാതെ ബസ്റ്റാന്‍റിന്‍റെ ഒരു മൂലക്ക് പോയി കുത്തിയിരുന്നു.
ഈര്‍പ്പവും ഇരുട്ടും നിറഞ്ഞ ഒരിടം. എല്ലും പല്ലും കോച്ചിപ്പോകുന്ന തണുപ്പാണവിടെ.
കുറച്ച് മാറി പിച്ചക്കാരും പഴയ ഭാണ്ഡക്കെട്ടുകള്‍ പോലെ തോന്നിക്കുന്ന ഭ്രാന്തന്‍മാരും, ചാക്കും തുണിയുമൊക്കെ പുതച്ചുറങ്ങുന്നു.ഞാനവരെയൊക്കെ നോക്കിക്കൊണ്ട് ഭിത്തിചാരി കുത്തിയിരുന്നു. എന്‍റെ ഭാഗ്യത്തെ ഊട്ടിയുറപ്പിക്കാനെന്നപോലെ.

വെള്ളിവെളിച്ചത്തിലെല്ലാം മഴതുള്ളികള്‍ ഇറ്റ് വീഴുന്നത് കാണാമായിരുന്നു. അവിടെ ഒരു പോലീസ് വണ്ടി റോന്ത് ചുറ്റുന്നു. ഞാന്‍ അനു മരിയെക്കുറിച്ചുള്ള ചിന്തകളുടെ സുഖകരമായ ചൂടിലേയ്ക്ക് മടങ്ങാനാഗ്രഹിച്ചു.
അവളിനി കണ്ണ് തുറക്കുമ്പോള്‍ കാണുന്ന പുതിയ ലോകത്തിന് കാരണക്കാരനായ ദൈവം ഞാനായിരിക്കുമല്ലോ...
അങ്ങനെയല്ല, അതവളുടെ ജാതിയിലും മതത്തിലും പെട്ട സ്വന്തം ദൈവമാണെന്ന് കരുതിയാലും ആ ദൈവത്തെയവള്‍ പ്രണയിക്കില്ല, ഇറുകെ പുണര്‍ന്ന് ചുണ്ടില്‍ ചുമ്പിക്കാന്‍ മോഹിക്കില്ല. എന്‍റെ കുറവുകള്‍ അവളുടെ മനസില്‍ നിന്നും മാഞ്ഞ് തുടങ്ങുന്നതിനെക്കുറിച്ച് ഞാനോർത്തു.

ഒച്ചയും ബഹളങ്ങളുമൊന്നുമില്ലാത്ത വീടിന്‍റെ അന്തരീക്ഷവും, സ്നേഹവും കരുതലുമുള്ള പപ്പയും മമ്മിയും, ജനലിന് പുറത്തെ നിര്‍മ്മലമായ പുലരികളും, നാളുകള്‍ക്ക് ശേഷം കേള്‍ക്കുന്ന കിളിയൊച്ചകളും ശാന്ത സുന്ദരമായ സന്ധ്യകളുമൊക്കെ കാണുമ്പോഴവള്‍ തിരിച്ചറിയും താൻ വലിച്ചെറിഞ്ഞ് കളയാന്‍ ശ്രമിച്ചതല്ല യതാര്‍ത്ഥ ലോകമെന്ന്. 
അപ്പോള്‍ മാത്രമേ ഞാനവളെപോയികാണൂ. അവളപ്പോള്‍ ഒരു മാസത്തോളമായി എന്‍റെ മുഖമൊന്ന് കാണാന്‍ കാത്തിരിക്കുമ്പോള്‍, അപ്പോഴവളെന്നെ സകലതും മറന്ന് കെട്ടിപ്പിടിച്ച് കരഞ്ഞേക്കും

സുഖകരമായ ചിന്തകളാൽ ഞാന്‍ കുത്തിപ്പിടിച്ചിരുന്നുറങ്ങിപോയി, തണുപ്പുകൊണ്ട് കൈവിരലുകള്‍ ചുരുട്ടി കഴുത്തിലെ ചൂടിലേക്കണച്ചിരുന്നു.
വലിയ ഒച്ചയും ബഹളവും കേട്ടാണുണര്‍ന്നത്, ഒരു പോലീസ് കാരന്‍ തന്‍റെ കൈയ്യിലെ നീളമുള്ള ചൂരല്‍ വടികൊണ്ട് ഉറങ്ങിക്കിടന്ന ഒരാളുടെ പുറത്തും തോളത്തുമായി നാലഞ്ചടി... അയാള്‍ കഴുത്തിലൊരു ഷാളോ മഫ്ലറോ ചുറ്റിയിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. "മൈരന്‍ നാലഞ്ചടി "
എന്ന് ഉറക്കപ്പിച്ചോടെ പറഞ്ഞുകൊണ്ട് ഞാന്‍ നിവര്‍ന്നിരുന്നു. 
തൊട്ടടുത്തൊരു തട്ടുകടയില്‍ നിന്നുമപ്പോള്‍ പത്തോളം വരുന്ന പയ്യന്‍മാരുടെ ഉച്ചത്തിലുള്ള ചിരിയും സംസാരവുമുയര്‍ന്നു. പോലീസ്കാരനപ്പോള്‍ സ്വല്‍പം തടിയും കുടവയറുമുള്ള ഒരു മാന്യദ്ദേഹമായി രൂപാന്തരം പ്രാപിക്കുന്നത് ഞാന്‍ കണ്ടു. ചൂരവടിയുമായി യാതൊരു ബന്ധവുമില്ലാത്തൊരു ബാഗ് അയാള്‍ കൈയ്യില്‍ പിടിച്ചിരുന്നു. ബസ് വരാന്‍ വൈകുന്നത് കൊണ്ടാകാം അയാള്‍ അക്ഷമയോടെ ഇടക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു.

കൊതുക് കുത്തി എന്‍റെ കൈത്തണ്ടയും കാല്‍ വിരലുകലും ചൊറിഞ്ഞ് തടിച്ചിരിക്കുന്നു. വല്ലാത്ത ചൊറിച്ചിലും നീറ്റലും, അസ്വസ്ഥത തോന്നിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ചകളെ സ്ഥിരപ്പെടുത്തി കണ്ണുകളടച്ച് വീണ്ടുമൊന്നുകൂടി ചുരുണ്ട് കൂടി.
നേരം പുലര്‍ന്നിട്ടും മഴ ചാറിക്കൊണ്ടിരുന്നു ഒരു തൂപ്പുകാരി വന്ന് വടികെട്ടി നീളമുള്ള ചൂലുകൊണ്ട് ബസ്റ്റാന്‍റിലെ ചപ്പ് ചവറുകള്‍ തൂത്ത് വാരുന്നു. പിച്ചക്കാരും ഭ്രാന്തന്‍ ഭാണ്ഡക്കെട്ടുകളും നല്ല ഉറക്കത്തിലാണെന്ന് കണ്ട ഞാനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു. എട്ട് മണിക്ക് ശേഷം ഒരു ജനസമുദ്രത്തിലേക്കായിരുന്നു കണ്ണ് തുറന്നിരുന്നതെങ്കില്‍ എന്ന ചിന്ത എന്നെ ഞെട്ടിച്ചു.
വെളുപ്പിനെ ആദ്യത്തെ ബസിന് കയറി ഞാന്‍ ഒന്നര മണിക്കൂറിനുള്ളില്‍ വീടെത്തി. 
എന്‍റെ ഗുഡ്സു മുറിയില്‍ കടന്ന് ഒരു സ്വപ്നങ്ങളുടെയും അലോസരമില്ലാതെ പന്ത്രണ്ട് മണിവരെ കിടന്നുറങ്ങി.
അതിന് ശേഷം ഞാനെഴുന്നേറ്റ് അകാരണമായൊരു തിടുക്കത്തോടെ കുളിച്ച്, വെറുമൊരു പുല്‍ കൊടിപോലെ സാധാരണമായി തോന്നിക്കുന്ന ഒരുടുപ്പും കൈലിമുണ്ടും മനസുമായി ,ഞങ്ങളുടെ ചെറിയ കവലയിലേക്ക് പോയി.

കവലയില്‍ നിന്നും തൊട്ടടുത്ത പള്ളിവരെ നീളുന്ന ആളുകളുടെ നിര കണ്ടതും ഇന്നലെ ഉച്ചമുതല്‍ എന്നില്‍ നിന്നും ഞാന്‍ തന്നെ മറച്ച് പിടിച്ചിരുന്ന ആ ഭയാശങ്ക എന്നെ പിടികൂടി. എഴുപതിലെത്തി മരിക്കുന്നവരുടേതിനേക്കാള്‍ നാലിരട്ടി നീളവും ശോകമൂകവുമായിരുന്നു ആ നീണ്ട നിര. ശവമഞ്ചവും പ്രാര്‍ത്ഥനയും ഏറ്റവും മുന്നിലായിരുന്നു.
ഇന്നലെ ഉച്ചനേരത്ത് അവളുടെ നെഞ്ചിലെ ഉയര്‍ച്ച താഴ്ച്ചകള്‍ സൂക്ഷ്മതയോടെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാനാ നീണ്ട നിരയുടെ ഏറ്റവും പിന്നിലായി നടന്നു. എന്‍റെ നെഞ്ച് പടപടാന്നിടിക്കാന്‍ തുടങ്ങി എന്‍റെ പിന്നിൽ ആരുമുണ്ടായിരുന്നില്ല..
(തെരേസയെയും മറ്റ് ചിലരേയും കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നുമെടുത്തത് , ജീവിതത്തിൽ നിന്നും)
14/3/2012

Sunu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo