Slider

എഫ്

0
Image may contain: 1 person

പച്ച നിറത്തിലുള്ള ഷീറ്റ് വിരിച്ച ബെഡിൽ കിടക്കുന്ന പെൺകുട്ടിയെ അയാൾ കാരുണ്യത്തോടെ നോക്കി.. തീർച്ചയായും ഒരു ഡോക്ടർ അയാളുടെ പെരുമാറ്റത്തിലെങ്കിലും കാരുണ്യവാനായിരിക്കണമല്ലോ..
മെഡിക്കൽ റെക്കോർഡ്സിൽ നിന്നും അയാൾ അവളുടെ പേര് മനസ്സിലാക്കിയിരുന്നു.. രേണു രാജൻ. രക്തമൊട്ടുമില്ലാത്ത വണ്ണം വിളറിയ അവളുടെ മുഖത്തെ ചത്ത മീനിനെ ഓർമ്മിപ്പിക്കുന്ന കണ്ണുകൾ ഒരു പ്രത്യേക ബിന്ധുവിൽ കേന്ദ്രീകരിച്ചിരുന്നു.. നീണ്ട് മെലിഞ്ഞ കൈകൾ വാടിയ ചേമ്പിൻ താളുകളെ പോലെ ബെഡിൽ വിശ്രമിച്ചു.
തിരിച്ച് സീറ്റിൽ വന്നിരിക്കുമ്പോൾ ഡോ.ഹാഷിം ചിന്താകുലനായിരുന്നു.. ഇനി കുറേ ദിവസം അയാൾ അങ്ങനെ തന്നെയായിരിക്കും.. കാരണം അയാൾക്ക് പുതിയൊരു പേഷ്യന്റിനെ ലഭിച്ചിരിക്കുന്നു...
രേണു രാജൻ.. 24 years old. മെറൂൺ കളറുള്ള ഫയലിന് മുകളിൽ എഴുതിയ പേര് ഹാഷിം വായിച്ച് നോക്കി.. ഒരു ആത്മാഹ്ത്യ ശ്രമത്തിന്റെ ഫലമായി സൈക്കാട്രി സെക്ഷനിലേക്ക് ട്രാൻസ്ഫർ ആയി വന്നിരിക്കുകയാണ് ഈ പെൺകുട്ടി. ശരീരത്തിന്റെ പ്രവർത്തനങ്ങൾ നോർമ്മൽ ആയിരിക്കുന്നു.. ഇനി ശരിയാവേണ്ടത് മനസ്സാണ്..
Provisional diagonisis at the time of admission: Thyronom posoning.
Summary of presenting illness:
24 year old female presented with alleged hystory of intake of 100 Thyronorm of 50 mcg tablets of her sister by diluting its in water at 7.45 am.She was came to the casualty and admitted in MICU.
ചികിത്സയുടെ കാര്യത്തിൽ ഹാഷിം ചില വ്യത്യസ്ഥതകൾ ഇഷ്ടപ്പെടുന്നുണ്ട്... മരുന്നുകൾപ്പുറം അയാൾ മനസ്സിനെ കാണാൻ ശ്രമിക്കുന്നു..വിഷാദ രോഗവും ആത്മഹത്യ ശ്രമവും അയാൾക്ക് പുതുമയുള്ള കാര്യമല്ല.. എങ്കിലും അതിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും വേണ്ട കൗൺസലിംഗ് നൽകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. അത് കൊണ്ട് തന്നെയാണ് രേണുവിനോട് ഏറെ നേരം ഇടപഴകാൻ ഡോ.ഹാഷിം ശ്രമിച്ചത്.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ രേണു തികച്ചും സാധാരണ നിലയിലെത്തിയിരുന്നു.. പച്ച കർട്ടനു ഇടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിനെ നോക്കി അവൾ കിടന്നു.. താൻ മരിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമായല്ല.. ഓരോ തവണയും ഓരോ കാരണങ്ങളാണ്.. ഇത്തവണ അവനാണ് കാരണം..
തനിക്കവനോട് ഭ്രാന്തമായ പ്രണയം തോന്നി.. അവന് തിരിച്ചതില്ലായിരുന്നു... അവന് വേണ്ടിയിരുന്നത് മറ്റ് ചിലതാണ് ' എഫ് ' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന ചിലത്... സത്യം ഞാൻ 'F ' എന്ന അക്ഷരത്തെ വെറുക്കുന്നു... പക്ഷേ... അതിനെന്തിനാണ് താൻ മരിക്കാൻ പോയത്? നല്ല തമാശ തന്നെ !
ഡോ.ഹാഷിമിനെ എന്ത് കൊണ്ടോ രേണുവിന് ഏറെ ഇഷ്ടമായി.. സൗമ്യമായ സംസാരം ... തിളങ്ങുന്ന... മനസ്സിലേക്ക് തുളച്ച് കയറുന്ന കണ്ണുകൾ... അത് കൊണ്ടാവാം ആരെയും കാണിക്കാതെ പലപ്പോഴായി കുത്തിക്കുറിക്കുന്ന ഡയറി അവൾ ഹാഷിമിന് നൽകാൻ തയ്യാറായത്..
നീല കർട്ടനിട്ട തന്റെ മുറിലിരുന്ന് കറുത്ത ചട്ടയുള്ള ആ ഡയറി ഹാഷിം തുറന്ന് നോക്കി...
Date 1
"
ഉറക്കത്തെ തടസ്സപ്പെടുത്തി അച്ഛമ്മയുടെ ദേഷ്യം കലർന്ന സ്വരം വീണ്ടും കനക്കുകയാണ്... പുതപ്പിനുള്ളിൽ നിന്നും മൂരി നിവർന്നു എഴുന്നേറ്റു കിടക്ക വിട്ട് അവൾ
ഇടനാഴിയിലൂടെ അടുക്കള പുറത്തേക്കു നടന്നു...
അടുക്കള വാതിൽക്കൽ കാലുകൾ നീട്ടി മുറുക്കാൻ പെട്ടിയും മുന്നിൽ വച്ചു നീട്ടി മുറുക്കി കൊണ്ട് അച്ഛമ്മ ഇരിക്കുന്നുണ്ട്....എന്നത്തേയും പോലെ തന്നെ അമ്മയെ ഇന്നും എന്തിനോ വഴക്ക് പറയുകയാണ്..അന്യ നാട്ടിൽ കിടന്ന് കുടുംബം പുലർത്താൻ കഷ്ട്ടപെടുന്നവന്റെ ദണ്ണം പെണ്ണുങ്ങൾക്കറിയോ... കേട്ടു കേട്ടു തഴകിയ വിഷയം തന്നെ ആണ് ഇന്നത്തെയും..
മെല്ലെ നടന്ന് കയ്യാല പുറത്ത് തൂക്കിയിട്ടിരിക്കുന്ന സഞ്ചിയിൽ നിന്നും ഉമിക്കരി എടുത്ത് പല്ല് തേച്ചു ..അടുക്കള വാതിലും കടന്ന്.. അമ്മക്ക് അടുത്തേക്ക് നടന്നു.. നല്ല വിശപ്പ്....
Date.2
"വർഷത്തിൽ ഒരിക്കൽ വല്ലപ്പോഴും വരുന്ന പാപ്പനും കുട്ടികളും വീട്ടിൽ എത്തിയാൽ പിന്നെ അച്ഛമ്മ ക്ക് അവരെ ഊട്ടാനും ഉറക്കാനും മാത്രമേ സമയം കാണുകയുള്ളൂ...
എന്നും കാണുന്നവരേക്കാൾ കൊറച്ചു കൂടുതൽ പ്രിയം വല്ലപ്പോഴും വരുന്ന വിരുന്നുകാരോട് ആണ്..."
Date 3.
" പഠിക്കാനുള്ളപുസ്തകവും ആയി കോലായിൽ ഇരുന്ന് എഴുതി പഠിക്കുവാൻ തുടങ്ങി...
A, B, C...... F?.. എഫ് എങ്ങനെ എഴുതാ.... കേട്ടെഴുത്ത് എടുത്ത് ഒന്നാം ബഞ്ചിൽ തന്നെ ഇരിക്കണം എന്ന് ഉറപ്പിച്ചപ്പോൾ അമ്മയോട് ചോദിക്കാം എന്നായി....
മടിയിൽ ഉള്ള പുസ്തകം എല്ലാം താഴെ വച്ചു.... ഇടനാഴിയും കടന്ന് അകത്തേക്ക് ഓടി..
അമ്മേ... അടുക്കളയിൽ കാണുന്നില്ലല്ലോ... മുറി എല്ലാം തിരഞ്ഞു കാണാതെ തിരിഞ്ഞു നടക്കുന്നതിനിടയിൽ....പാതി ചാരിയ വാതിലിൽ അവളുടെ കണ്ണ് പതിഞ്ഞു.... വാതിൽ പാതി തുറന്നു അകത്തേക്ക് നോക്കിയപ്പോൾ... അമ്മ കിടക്കുകയാണ് ...അമ്മക്ക് അരികിൽ പാപ്പൻ... പാപ്പന്റെ കൈകൾ അമ്മയെ ചുറ്റി പിടിച്ചിരിക്കുന്നു... ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച കാണേണ്ടി വന്ന ഞെട്ടലിൽ
കൈ പിടിയിൽ ഒതുക്കിയ പുസ്തകം നെഞ്ചോട് ചേർത്ത് ഇടനാഴിയും കടന്ന് അവൾ കോലായിൽ വന്നിരുന്നു....
നോട്ട് പുസ്തകത്തിൽ കുറിച്ച് വച്ച "എഫ് "എന്ന അക്ഷരത്തിനുചുറ്റും കയ്യിൽ പിടിച്ചിരിക്കുന്ന പേന ആഴ്ന്നിറങ്ങി..... കണ്ണിൽ നിറഞ്ഞ കണ്ണ് നീർ കവിൾ തടത്തിലൂടെ ഒലിച്ചറങ്ങി .....കണ്ണുനീരിൽ കുതിർന്ന താളുകൾ...അടച്ചു വച്ച് നെഞ്ചോട് ചേർത്ത്..അവൾ ഇരുന്നു... "
ഡയറി അടച്ച് വെച്ച ശേഷം ഹാഷിം രേണുവിനെ ഡിസ്ചാർജ് ചെയ്യാൻ ആവശ്യമായ നിർദേശങ്ങൾ കൊടുത്തു.. പിന്നീട് തുടർന്ന് കഴിക്കാനുള്ള മരുന്നുകൾ എഴുതി..
അപ്പോഴേക്കും അയാളുടെ ഫോണിൽ ഒരു സന്ദേശം വന്നിരുന്നു...
"അനിയൻ കുട്ടാ... ഇക്കയോ ഒരു വിചാരവുമില്ലാതെ അന്യ നാട്ടിൽ.. ഇപ്പോൾ അനിയനും വേണ്ടാതായോ..."...
വായിച്ച് കൊണ്ടിരിക്കുമ്പോൾ അയാൾ യാന്ത്രികമായി പ്രിസ്ക്രിപ്ഷൻ ഷീറ്റിൽ തന്നെ ഒരക്ഷരം വരച്ച് വെച്ചു.. 'F' പിന്നെ കാറിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു.
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo