
എടീ പെണ്ണേ നിനക്ക് മീൻ മുളക് ചാറ് വെക്കാനറിയാമോ.
ഇല്ല..!
ചമ്മന്തി അരക്കാനറിയാമോ?
ഇല്ല..!
അത് ഒക്കെ പോട്ടെ ഒരു കട്ടൻ ചായ ഉണ്ടാക്കാനറിയാമോ?
അതും ഇല്ല, ഇതൊന്നും എനിക്കറിയത്തില്ല നിനക്ക് സൗകര്യമുണ്ടേൽ എന്നെ പ്രേമിച്ചാൽ മതി. ഇഷ്ടപ്പെട്ട ചെക്കനോട് ഇഷ്ടാന്ന് പറഞ്ഞപ്പോളവന്റെയൊരു ചോദ്യം.
ഇതൊന്നും എനിക്കറിയത്തില്ലാ കെട്ടോ എന്നാലും ചോദിക്കുവാ നിനക്കെന്ന കെട്ടാൻ പട്ടുമോ ഇല്ലയോ?
അപ്പോ നിന്നെ കെട്ടി മൂക്കിപ്പനി പിടിച്ച് കിടന്നാൽ, ഒരു ഗ്ലാസ് ചുക്ക് കാപ്പി കിട്ടില്ലെന്ന് ചുരുക്കം.
ചുക്ക് കാപ്പി കിട്ടിയെന്ന് വരില്ല, എന്നാൽ നല്ല അമ്യതാഞ്ചനിട്ട് നിന്റെ നെഞ്ചും പുറവും തിരുമ്മി ചൂട് പിടിച്ച് തരും. എന്നിട്ട് വീണ്ടും ചൂടിനായി നിന്റെ നെഞ്ചത്ത് കേറിക്കിടക്കും. നിന്റെ മൂക്കിപ്പനി ഞാൻ ഏറ്റ് വാങ്ങി കിടക്കും.
അത്രേം പോരേടാ കള്ള ചെക്കാ..?
നീയാളു കൊള്ളാടി കാന്താരി.
ങാ , അത് പറഞ്ഞപ്പോഴാ ഓർത്തേ, നല്ല കാന്താരി അരക്കാനും കപ്പ മുറിച്ച് പുഴുങ്ങാനും, ഉണക്കച്ചാള കനലിലിട്ട് ചുട്ടെടുക്കാനും നിന്റെ ഈ കാന്താരി പെണ്ണിന് അറിയാം.
എടാ ചെറുക്കാ, നിന്നെ ഞാൻ പട്ടിണിക്കിടില്ല, അത് പോരെ. നിന്നെ കെട്ടി നിന്റെ തോളിൽ തൂങ്ങി എനിക്ക് നടക്കണം.
പിന്നെ നീ പറഞ്ഞ മീൻ കറി, ചമ്മന്തി, കട്ടൻ ചായ. ഇതൊക്കെ പത്തിൽ പഠിക്കുന്ന എന്റെ അനിയത്തി ഉണ്ടാക്കും. ഞാനാ അവളെ ഇതെല്ലാം പഠിപ്പിച്ചേ. അത്രേം ഗുണങ്ങൾ പോരേടാ ചെക്കാ നിന്നെ പ്രേമിക്കാൻ.
ഈ കാതറിന്റെ പത്രാസ്സുള്ള ഉടുപ്പും ചെരുപ്പും കണ്ണടയും കണ്ടാൽ ആരും പറഞ്ഞു പോകും അടുക്കള കാണാത്തവളാണെന്ന്. എന്നാൽ ഈ കാതറിൻ അങ്ങനെയല്ലാട്ടോടാ ചെക്കാ.
ഇനി നീ പറ എന്നെ ഇഷ്ടമാണോ എന്ന്. ഇനി നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഈ കാതറിൻ കരയാനൊന്നും പോകില്ല, നല്ല ഒന്നാം തരം അച്ചായൻ ചെക്കനെ തപ്പിയിറങ്ങുവേ, എന്നിട്ട് അവനെ കെട്ടി അവന്റെ തോളിൽ തൂങ്ങി നിന്റെ മുന്നിൽ വരും. അത് കാണണ്ടായെങ്കിൽ ഇപ്പോ പറഞ്ഞോണം ഇഷ്ടമാണോ അല്ലയോന്ന്.
എന്റെ കർത്താവേ, ഇവൾ ഇത്ര മിടുക്കിയാണോ. ഇവൾ എന്നെ തോൽപ്പിച്ച് കളഞ്ഞല്ലോ... എന്നാ കർത്താവേ നിന്നെ സാക്ഷി നിർത്തി ഞാൻ ഇവളോട് പറയുവാ...
എടി കാന്താരി പെണ്ണേ ഇങ്ങോട്ട് നോക്കടി,
നിന്റെ നാക്കിൽ ഞാൻ വീണു. അല്ല നീ വീഴ്ത്തി.
അടുത്ത വർഷം എന്റപ്പൻ ആന്റപ്പനും നിന്റപ്പൻ തോമായും നിശ്ചയിക്കുന്ന ദിവസം, സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് നിന്റെ കഴുത്തിൽ താലി കെട്ടി നിന്നെ എന്റെ കൂടെ, എന്റെ മൂക്കിലെ ശ്വാസം പോകുന്ന വരെ ഏന്റെ കാന്താരി പെണ്ണായി കൂടെ കൂട്ടിക്കോളാമെന്ന് ഞാൻ വാക്ക് തരുന്നു.
പോരേടി വായാടി പെണ്ണേ...
ഉം
എന്താടി തന്റേടിപ്പെണ്ണിന് ഇത് പറഞ്ഞപ്പോഴൊരു നാണം.
മുഖമൊന്നുയർത്തടി കാണട്ടെ എന്റെ പെണ്ണിന്റെ മുഖം.
മുഖമൊന്നുയർത്തടി കാണട്ടെ എന്റെ പെണ്ണിന്റെ മുഖം.
ഞാനൊരു പെണ്ണല്ലേടാ, നാണം വരാതിരിക്കുവോ. അന്തസ്സുള്ള ഇഷ്ടമുള്ള പുരുഷന്റെ മുന്നിൽ ഏതു പെണ്ണും ഇത്തരം സന്ദർഭങ്ങളിൽ നാണിക്കുമെടാ. അല്ലെങ്കിൽ പെണ്ണെന്ന് പറഞ്ഞിട്ടെന്താടാ കാര്യം
പിന്നെ നിന്റെ ഈ മുഖത്ത് നോക്കിയുള്ള ഇത്തരം നാടൻ വർത്താമാനമുണ്ടല്ലോ, അതാടാ എനിക്ക് നിന്നോട് തോന്നിയ ആദ്യ ഇഷ്ടം.
അതൊക്കെ സമ്മതിച്ചു. എപ്പോളാടി ആദ്യ ചുംബനം?
അയ്യടാ, കെട്ടിന് മുന്നേ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. വേണേൽ എന്റെ കയ്യേലൊന്ന് പിടിച്ചോ.
അതൊക്കെ ഞാൻ ശരിയാക്കാം. പിന്നെ വാ ഒരു ചായയും പഴം പൊരിയും തിന്നാം.
ഞങ്ങൾക്കും വേണം പഴം പൊരി....
അവർ നോക്കിയപ്പോൾ കോളേജിലെ അവരുടെ കൂട്ടുകാർ മരത്തിന്റെ മറവിൽ നിന്ന് ആണും പെണ്ണുമായി ചാടി വീണു.
അവൻ അവളുടെ കൈ പിടിച്ച് ഓടി. പിന്നാലെ അവരും.
By: JijoPuthanpurayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക