അജു ഫ്രാൻസിസ് - ചീഫ് എമിഗ്രെഷൻ ഓഫീസർ , കൊച്ചിൻ. ആനി അജു ഫ്രാൻസിസിനെ വിളിച്ച് ഒന്ന് നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ തന്റെ കൊച്ചിയിലുള്ള ഓഫീസിലേക്ക് ചെല്ലുവാൻ പറഞ്ഞു. അവർ കസിൻസ് ആയത് കൊണ്ട് കൂടുതൽ ഫോർമാലിറ്റി ഒന്നും വേണ്ടി വന്നില്ല.
കൊച്ചിയിലേക്ക് പോകുവാൻ തയ്യാറാവുമ്പോഴാണ് ജെറോമിന്റെ മൊബൈൽ ശബ്ദിച്ചത്. ഷർട്ടിന്റെ ബട്ടനിട്ടുകൊണ്ട് ജെറോം ഫോൺ എടുത്ത് നോക്കിയപ്പോൾ ദർശന കോളിംഗ് ....
ഹലോ ദർശന ,
"ഹെലോ , ജെറോം സർ അല്ലേ?"
"അതെ, എന്തൊക്കെ വിശേഷങ്ങൾ"
"നല്ല വിശേഷം"
സർ ഞാനൊരു കാര്യം പറയുവാനാണ് വിളിച്ചത്. അന്ന് പറയുവാൻ വിട്ട് പോയിരുന്നു. മിഥുൻ സർ നെ വിളിച്ചപ്പോൾ സർ നെ വിളിച്ച് പറയുവാൻ പറഞ്ഞു. അതാണ് വിളിച്ചത്.
എന്താണ് ദർശന, പറഞ്ഞോളൂ.
"സർ അന്ന് മീനുവിനെ ഞാൻ അവസാനമായി കണ്ട ദിവസം, അവളെന്നോട് ഒരു കാര്യം പറഞ്ഞിരുന്നു"
"ആഹ് ! അതെന്താണ് ദർശന?
"മീനു, അമ്മ ദിവ്യ നമ്പൂതിരിക്ക് ഫോൺ വിളിച്ച് സംസാരിച്ചതിന് ശേഷം പല ദിവസങ്ങളിലും പാതിരാത്രിക്ക് ആരോ അകത്തളത്തിലൂടെ നടക്കുന്ന ശബ്ദവും, ഒരിക്കൽ ജനലരികിൽ ഒരു മനുഷ്യരൂപം പെട്ടെന്ന് ഓടിപ്പോകുന്നതായി കണ്ടെന്നും, പേടിച്ച് പോയെന്നും പറഞ്ഞതായി ഓർക്കുന്നു. അത് മാത്രമല്ല, ആ ദിവസങ്ങളിൽ മുത്തശ്ശനും മുത്തശ്ശിയും വല്ല്യ കാര്യമായി തന്നോട് സംസാരിച്ചില്ലെന്നും അവൾ പറഞ്ഞിരുന്നു. ഞാൻ നിന്റെ തോന്നലായിരിക്കുമെന്ന് പറഞ്ഞെങ്കിലും, തോന്നലും യാഥാർഥ്യവും തിരിച്ചറിയുവാനുള്ള കഴിവുണ്ടെന്ന് അവൾ അതിന് മറുപടി പറഞ്ഞിരുന്നു.
അവൾ എന്തിനേയോ പേടിക്കുന്നതായി എനിക്ക് തോന്നിയിരുന്നു, അവൾ ഒരു കാര്യവും കൂടി പറഞ്ഞിരുന്നു. അവളുടെ വീട്ടിൽ യാത്രാ ആവശ്യങ്ങൾക്ക് സ്ഥിരം വന്ന് കൊണ്ടിരുന്ന ഡ്രൈവർ അവളെ പലപ്പോഴായി പിന്തുടരുന്നതായി തോന്നിയെന്നും , ചിലയിടങ്ങളിൽ വെച്ച് അവരെ കാണുകയും ചെയ്തതായും പറഞ്ഞിരുന്നു. അവൾ പറഞ്ഞിരുന്നു , എന്താണെന്നറിയില്ല എന്തോ ആപത്ത് വരുവാൻ പോകുന്നുവെന്ന് അന്ന് പറഞ്ഞതോർക്കുന്നു.
ഇതാണ് സർ എനിക്ക് പറയുവാനുണ്ടായിരുന്നത്"
"ദർശന, എന്റെ അന്യോഷണത്തിലേക്കുള്ള വലിയൊരു വഴിത്തിരിവാണ് ഇപ്പോൾ എനിക്ക് കിട്ടിയത്. കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായിരിക്കുന്നു. വളരെ നന്ദി"
"ശരി സർ എന്നാൽ!"
"ശരി !"
"ആരാ ഇച്ചായ വിളിച്ചെ"? ആനി ചോദിച്ചു.
"ദർശന, അന്നാമ്മേ കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെയല്ല നടന്നതെന്ന് ഇപ്പോൾ തോന്നുന്നു. ഒരു പക്ഷെ അങ്ങനേയും ആവാം" ദർശന പറഞ്ഞതെല്ലാം ജെറോം ആനിയോട് വിവരിച്ച് പറഞ്ഞു.
എന്നിട്ട് മിഥുനെ ഫോണിൽ വിളിച്ച് ദർശന പറഞ്ഞ ഡ്രൈവറെക്കുറിച്ച് ചോദിച്ചതോടൊപ്പം ദർശന പറഞ്ഞതെല്ലാം മിഥുനോടും വിവരിച്ച് പറഞ്ഞു.
"ഇത് വല്ലാത്തൊരു വഴിത്തിരിവിലേക്ക് പോകുന്നല്ലോ ജെറോം!"
"അതെ മിഥുൻ, നമ്മൾ ഏറെ അടുത്തെത്തി കഴിഞ്ഞു. നീയിനി ആ ഡ്രൈവറെക്കുറിച്ച് പറ"
"ജെറോം, ആ ഡ്രൈവർ ഇപ്പോഴും ഇല്ലത്ത് വറാറുണ്ട്. മനോജെന്നാണ് പേര്, ഞാൻ നാട്ടിൽ വരാൻ നേരം ഷൊർണൂരിൽ നിന്ന് ടാക്സി വിളിച്ച് വന്നത് മനോജേട്ടന്റെ ടാക്സിയിലാണ്. അങ്ങനെ പരിചയപ്പെട്ടപ്പോഴാണ് ഇല്ലത്ത് മുത്തശ്ശന്റെ ഇപ്പോഴത്തെ സ്ഥിരം ഡ്രൈവറാണെന്ന് മനസ്സിലായത്. പിന്നീട് മുത്തശ്ശൻ പറഞ്ഞിരുന്നു പത്തിരുപത്തഞ്ച് വർഷങ്ങൾ മുന്നയാണ് മനോജിനെ പരിചയപ്പെടുന്നതെന്നും, അന്ന് അഞ്ചാറ് വർഷങ്ങൾ ഇല്ലത്തെ സ്ഥിരം ഡ്രൈവറായിരുന്നെന്നും, പിന്നീട് കുറച്ച് വർഷങ്ങൾ വേറെ എന്തോ തൊഴിലിൽ ഏർപ്പെട്ടെന്നും പിന്നെ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി വീണ്ടും ഇല്ലത്ത് വന്നെന്നും അറിഞ്ഞത്
അന്ന് ഷൊർണൂരിൽ നിന്നുള്ള യാത്രയിൽ ഞാൻ ഇല്ലത്തെ മുത്തശ്ശന്റെ ചെറുമകനാണെന്ന് പറഞ്ഞപ്പോൾ ചെറിയൊരു ഞെട്ടൽ ആ മുഖത്ത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇന്നോവ വണ്ടിയുടെ ഇന്നർ റിയർ വ്യൂ മിററിലൂടെയാൻ കണ്ടത്. അന്ന് ഞാനത് വല്ല്യ കാര്യമായി ശ്രദ്ധിച്ചില്ല. എന്നാൽ ഇപ്പോൾ ദർശന പറഞ്ഞ ഈ കഥ കേട്ടപ്പോൾ ആ ഞെട്ടലിൽ എന്തോ ഉണ്ടെന്ന് തോന്നിപ്പോകുന്നു"
"അപ്പോൾ, നമുക്ക് ഇനി നേരിട്ട് കണ്ട് ചില കാര്യങ്ങൾ തീരുമാനിക്കുവാനുണ്ട് മിഥുൻ"
"നാളെ നമുക്ക് ഒരുമിച്ച് കാണാം" എന്ന് പറഞ്ഞ് ജെറോം ഫോൺ വെച്ചു.
കൊച്ചിയിലേക്ക് കസിൻ അജു ഫ്രാൻസിസിനെ കാണുവാനുള്ള പരിപാടി അവർ തൽക്കാലം വേണ്ടായെന്ന് വെച്ച് പിന്നീടൊരു ദിവസം വന്ന് കാണാമെന്ന് അദ്ദേഹത്തോട് ആനി വിളിച്ച് പറഞ്ഞു.
പിറ്റേന്ന് മിഥുൻ വടക്കാഞ്ചേരിക്ക് ജെറോമിന്റെ വീട്ടിൽ വന്നു. കഴിഞ്ഞ ദിവസം അവർ ഫോണിലൂടെ സംസാരിച്ച കാര്യം വിശദമായി ചർച്ച ചെയ്തു.
മിഥുൻ ഇനി നമ്മൾ അല്പം സാരമായി തന്നെ മുന്നോട്ട് പോകുന്നു! അതായത് , ഡ്രൈവർ മനോജിനെ നമ്മൾ ഓട്ടത്തിന് വിളിക്കുന്നു. ഡോക്ടർ എബ്രഹാം കോശി വീണ്ടും ക്രൈംബ്രാഞ്ച് ഓഫീസറായി വേഷമിടുന്നു. കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് ശരിയാക്കാം. ഇനി നമ്മൾ ഡ്രൈവറിൽ നിന്ന് തുടങ്ങുന്നു.
മിഥുൻ മനോജിന്റെ ഫോൺ നമ്പർ ജെറോമിന് കൊടുത്തു.
അന്ന് തന്നെ ജെറോം ഡോ. എബ്രഹാം കോശിയുമായി അടുത്തൊരു പദ്ധതിക്കുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്‌തു. എബ്രഹാം കോശിക്ക് എല്ലാം സമ്മതമായിരുന്നു. ഒരു കേസന്യോഷണം സിനിമയിൽ കണ്ടിട്ടേയുള്ളു , പിന്നെ നോവലുകളിൽ വായിച്ചും. അത് യഥാർത്ഥമായി ചെയ്യുവാനുള്ള അവസരം എബ്രഹാമിനെ കൂടുതൽ സന്തോഷവാനാക്കി.
..................
..................
"ഹലോ.."
"ഹലോ മനോജ് അല്ലേ?"
"അതെ"
"ഞാൻ, വിൻസന്റ് ( ജെറോം പേര് മാറ്റി ഡ്രൈവർ മനോജിനെ വിളിച്ചു) ഒരു ടാക്സിക്കാരനാണ് ഈ നമ്പർ തന്നത്. ഞങ്ങൾക്ക് തിരുവില്വാമല പുനർജ്ജനി ഗുഹയും ഒറ്റപ്പാലം വരിക്കാശ്ശേരി മനയും കാണണമെന്നുണ്ട്. ടാക്സിയുമായി നാളെ വടക്കാഞ്ചേരിക്ക് രാവിലെ ഏഴിന് വരാമോ"
"ഓ, വരാമല്ലോ സർ"
"അപ്പോൾ ശരി നാളെ ഏഴിന് കാണാം"
പിറ്റേന്ന് ജെറോമും എബ്രഹാം കോശിയും ആനിയും ഏഴിന് വടക്കാഞ്ചേരി കാത്തിരുന്നു. മനോജ് സമയത്തിന് തന്നെ എത്തിയിരുന്നു. അവർ ടാക്സിയിൽ കയറി യാത്ര തിരിച്ചു.
കുറച്ച് ദൂരം പോയപ്പോൾ എബ്രഹാം കോശി മനോജിനോട് സംസാരിക്കാൻ തുടങ്ങി
"മനോജ് ആണല്ലേ പേര് ?"
"അതെ സർ !"
"എങ്ങനെയുണ്ട് ടാക്സി ജോലി?"
"ഇപ്പോൾ എല്ലാവർക്കും നാല് ചക്ര വാഹനം ഉള്ളത് കൊണ്ട് പണ്ടത്തെ പോലെ അത്ര പോരാ.എന്നാലും കുഴപ്പമില്ല സർ , ജീവിച്ച് പോകാം"
"മനോജ് തിരുവില്വാമലയിൽ എത്ര വർഷമായി ടാക്സി ഓടിക്കുന്നു"
"അത് കുറേ വർഷമായി സാറേ!"
എബ്രഹാം കോശി തുടർന്നു. "മനോജ് അപ്പോൾ കുറേ വർഷങ്ങളായി തിരുവില്വാമലയിൽ ഉണ്ട് അല്ലേ?"
"അതെ സർ"
"അപ്പോൾ ഏകദേശം ഒരു 21 വർഷം മുന്നേ നടന്ന ഒരു കാര്യം ചോദിച്ചാൽ മനോജിന് പറയുവാൻ സാധിക്കുമോ?"
"സർ അങ്ങനെ ചോദിച്ചാൽ , എനിക്കോർത്തെടുക്കുവാൻ പറ്റുന്നതാണേൽ പറയാം!"
"മുല്ലിശ്ശേരി പത്മനാഭൻ നമ്പൂതിരിയുടെ വീട്ടിൽ മീനാക്ഷി എന്ന പെൺകുട്ടിയെ അറിയില്ലേ?"
മനോജ് തെല്ലൊന്ന് ഞെട്ടിയ പോലെ തോന്നി.
"അറിയാം സാർ, ആ കുട്ടി മരിച്ചു പോയില്ലേ!"
"എങ്ങനെയാ മരിച്ചതെന്ന് മനോജിന് അറിയാമോ?"
വീണ്ടും മനോജ് ഞെട്ടിയ പോലെ, കൈ വിരൽ ചെറുതായി വിറയ്ക്കുന്ന പോലെ വീണ്ടും അവർക്ക് തോന്നിച്ചു.
"അത് , ഏതോ ഗന്ധർവ്വ ബാധ കൂടിയിട്ടാണെന്നാ കേട്ടത്. രാത്രി കുളത്തിൽ ചാടി മരിച്ചത്രേ"!
"എന്താണ് സാർ , നിങ്ങളൊക്കെ ആരാണ് ?" മനോജ് അല്പം പരിഭ്രമത്തോടെ ചോദിച്ചു.
"അതൊക്കെ പറയാം, ഇപ്പോൾ നമുക്ക് പുനർജ്ജനി കാണാൻ പോകാം" തിരുവില്വാമല പുനർജ്ജനി ഗുഹയിലേക്ക് പോകാൻ വണ്ടി പാർക്ക് ചെയ്തവർ ഇറങ്ങി.
"മനോജിന് ഞങ്ങളെയൊന്ന് സഹായിക്കാമോ , പുനർജ്ജനി ഗുഹയിലേക്കുള്ള വഴിയൊന്ന് കാണിക്കുവാൻ കൂടെ വരാമോ!"
"ഓ , അതിനെന്താ സർ , വരാലോ!"
ചെറിയൊരു കാട്ട് വഴിയിലൂടെ അവർ മുന്നോട്ട് പോയി. അവിടെങ്ങും ആരുമില്ല. അവർ പോകുമ്പോൾ കുറേ മയിലുകൾ അവർക്ക് മുന്നിലൂടെ നടന്ന് പോയി. മിഥുൻ ചെറിയൊരു ശബ്ദമുണ്ടാക്കിയപ്പോൾ മയിലുകളെല്ലാം തെല്ല് ദൂരത്തേക്ക് പറന്ന് പോയി.
"ഹോ ഇത്രയും മയിലുകളെ ഞാൻ കാണുന്നത് ആദ്യമായാണ്" !!! ആനി അത്ഭുതത്തോടെ പറഞ്ഞു.
"ഇപ്പോൾ മയിലുകളെല്ലാം മിക്കയിടത്തും ഉണ്ട്" ജെറോം അതിന് മറുപടിയെന്നവണ്ണം പറഞ്ഞു.
കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോൾ പുനർജ്ജനി ഗുഹയുടെ താഴെയെത്തി. സാധാരണ അവിടെ കണ്ട ഗുഹയുടെ ചെറിയ വിടവിലൂടെയാണ് ആളുകൾ നുഴഞ്ഞ് കയറുന്നത്. ആനി അന്തം വിട്ട് പോയി.
മനോജ് അവരോട് കാര്യങ്ങളൊക്കെ വിവരിച്ച് കൊടുത്തു.
അവർ വീണ്ടും പാറ കയറി മുകളിലെത്തി. അവിടെയിരുന്നു കൊണ്ട് വന്ന കൂൾ ഡ്രിങ്ക്സ് കുടിക്കുവാൻ നേരം എബ്രഹാം കോശി തന്റെ പോക്കറ്റിൽ നിന്ന് ഒരു ഐഡി കാർഡെടുത്ത് കാണിച്ചിട്ട് പറഞ്ഞു. മനോജ് ഒട്ടും പരിഭ്രമിക്കരുത് ഞാൻ ജോർജ്ജ് വർഗ്ഗീസ് , ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. ഇത് വിൻസന്റ് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ , ഇത് മൃദുല ദക്ഷിണമൂർത്തി , അസിസ്റ്റന്റ് ഓഫീസർ ക്രൈം ബ്രാഞ്ച് ( അവരെല്ലാവരും ഒരു സുരക്ഷക്ക് വേണ്ടി പേരുകൾ മാറ്റിയാണ് പറഞ്ഞത്)
മനോജ് വിരണ്ട് പോയി, മുഖത്താകെ വിയർപ്പ് പൊടിഞ്ഞു.
"മനോജ് ഒന്ന് കൊണ്ടും പേടിക്കണ്ട. ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി സത്യം സത്യമായി തന്നെ പറയണം. എബ്രഹാം കോശി ചോദിച്ചു"
"മീനു മരിച്ചത് എങ്ങനെയാണെന്ന് മനോജിന് അറിയില്ലേ?"
"സർ, ഞാൻ പറഞ്ഞില്ലേ, ഗന്ധർവ്വ ബാധ കൂടിയിട്ടാണെന്ന്. അതിൽ കൂടുതൽ എനിക്കറിയില്ല"
"മനോജ് ഒന്നും ഒളിക്കുവാൻ നോക്കണ്ട. ഞങ്ങൾ മീനു മരിച്ചതാണോ അല്ലയോ എന്ന അന്യോഷണത്തിലാണ് ഞങ്ങൾ. ഇതുവരെയുള്ള അന്യോഷണത്തിൽ നിന്ന് മീനു ഗന്ധർവ്വ ബാധയേറ്റ് ബോധമില്ലാതെ സ്വയം കുളത്തിൽ പോയി ചാടി മരിച്ചതല്ല. അതൊരു കൊലപാതകമാണ്. അതായത് മീനുവിനെ ആരോ കൊന്ന് കുളത്തിൽ കൊണ്ട് ചെന്ന് തള്ളി. പലരേയും ചോദ്യം ചെയ്തതിൽ നിന്ന്തെളിവുകൾ പലതും ലഭിച്ച് കഴിഞ്ഞു"
"മീനു മരിക്കുന്ന സമയം ഏകദേശം 21 വർഷങ്ങൾക്ക് മുന്നേ മനോജ് ഇല്ലത്തെ പല ആവശ്യങ്ങൾക്കും ഡ്രൈവറായി ജോലി നോക്കിയിരുന്നു. ആ സമയത്താണ് മീനു മരിക്കുന്നതും"
"സർ, ഞാൻ ഡ്രൈവറായി ജോലി ചെയ്തു എന്നത് നേരാണ്, എന്നാൽ എനിക്ക് ഒന്നും അറിയില്ല. മീനുക്കൊച്ച് മരിച്ചത് എനിക്കും ഒരു ഷോക്കായിരുന്നു"
"ശരിയാണ് മനോജ് , ഏത് മരണവും ആർക്കും ഒരു ഷോക്കായിരിക്കും. പ്രത്യേകിച്ച് അതൊരു കൊലപാതകമായിരിക്കുമ്പോൾ , അതും കൊലയാളികൾക്കായിരിക്കും കൂടുതൽ ഷോക്ക്"
"പറയണം മിസ്റ്റർ മനോജ് - മീനുവിന്റെ മരണവുമായി താങ്കൾക്കെന്താണ് ബന്ധം , ഒഴിഞ്ഞ് മാറുവാൻ നോക്കണ്ട, മിസ്റ്റർ മനോജിനെ ഞങ്ങൾ വന്ന് ചോദ്യം ചെയ്യണമെങ്കിൽ അതിനുള്ള തക്ക കാരണവും ഉണ്ടാവും. അത് കൊണ്ട് കൂടുതൽ ചിന്തിക്കേണ്ട ആവശ്യമില്ല. പറയൂ മീനു മരിക്കുന്നതിന് മുന്നേ ആരുടെ നിർദ്ദേശപ്രകാരമാണ് താങ്കൾ അവളെ പിന്തുടർന്നത്? അവൾ പോകുന്നിടത്തെല്ലാം താങ്കളും പിന്തുടർന്നിരുന്നു എന്ന രേഖകൾ ഞങ്ങൾക്ക് കിട്ടിക്കഴിഞ്ഞു"
മനോജ് കൂടുതൽ വിയർത്തു. ചുണ്ടുകൾ കോടി. അവരുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.
തുടരും....
By: Jijo Puthanpurayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക