Slider

അന്നം!!

1
അന്നം!!
" നിങ്ങൾക്കിങ്ങനെ ചെയ്യാൻ ആരാണ് അധികാരം തന്നത് ?? എത്ര നിസ്സാരമായി നിങ്ങളത് എറിഞ്ഞു കളയുന്നു ?? ഇതിലും വലിയ ഒരു പാപമില്ലന്ന് നിങ്ങൾക്കറിയാമോ ?"
ഹോസ്പിറ്റൽ കഫറ്റീരിയയിൽ അയാളുടെ ശബ്ദം ഉയർന്നു കേട്ടു . കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു അപ്പോളവിടെ . ഉണ്ടായിരുന്നവരെല്ലാം ഉറക്കെ ശബ്ദമുണ്ടാക്കുന്ന അറബിയേയും അയാളുടെ മുൻപിൽ എന്ത് ചെയ്യണം എന്നറിയാതെ വുഷമിച്ചു നിൽക്കുമ്പ ഫിലിപ്പീനോ സ്ത്രീയെയും തിരിഞ്ഞു നോക്കി ..
ഗ്ളാസ്സിൽ കാപ്പിപൊടിയും പഞ്ചസാരയും ഇട്ട് ചൂടുവെള്ളം എടുക്കാനായി ഹീറ്ററിന്റെ അടുത്തൊട്ട് നടക്കുമ്പോളാണ് ഈ സംഭവം .. ഹീറ്ററിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് ഞാൻ പെട്ടെന്ന് അവിടെ നിന്നും മാറി ടേബിളിൽ പൊയിരുന്നു..
ആ ഫിലിപ്പീനോയെ എനിക്ക് നന്നായറിയാം .. രോഗികൾക്കുള്ള ആഹാരവുമായി അവൾ സ്ഥിരമായി എന്റെ ഡിപ്പാർട്മെന്റിൽ വരാറുണ്ട് . എന്റെ മുൻപിൽ വെച്ച് ഒരാളുടെ വഴക്കു കേൾക്കാൻ അവൾക്ക് ബുദ്ധിമുട്ടുണ്ടാകും ..
ഞാൻ അവൾക്കെന്നെ കാണാൻ സാധിക്കാത്തവിധം ഒരു തൂണിന് മറഞ്ഞാണിരുന്നത് .. പക്ഷെ അവളുടെയും അറബിയുടെയും സംഭാഷണം എനിക്ക് വ്യക്തമായി കേൾക്കാം .
" നിങ്ങളോട് ഞാൻ ചോദിച്ചത് കെട്ടില്ലാന്നുണ്ടോ?" അറബി ചോദിച്ചു
"ക്ഷമിക്കണം സർ .. അവർ എന്നെ ഏൽപ്പിച്ച ജോലിയാണ് ഞാൻ ചെയ്യുന്നത് " അവൾ വളരെ പതിയെ പറഞ്ഞു
"ആരാണ് നിന്നെ ഈ ജോലി ഏൽപ്പിച്ചത് ?? എനിക്കവരെ കാണണം ... ലോകത്ത് ഒരു ദിവസം എത്രയാളുകൾ ഭക്ഷണം കിട്ടാതെ മരിക്കുന്നുണ്ടെന്ന് നിനക്കറിയുമോ ?? അങ്ങനെയുള്ളപ്പോൾ ഇത്ര നല്ലയാഹാരം വെറുതെ വേസ്റ്റ്‌ ബോക്സിൽ കളയാൻ എങ്ങനെ മനസു വരുന്നു "
എനിക്ക് കാര്യം മനസിലായി ..
രോഗികൾക് രാവിലത്തെ ആഹാരം ഏഴു മണിക്കെത്തും ..
ഒരു വലിയ ട്രേയിൽ ഓട്സ് , രണ്ടു സ്ലൈസ് ബ്രെഡ് , ഒരു പുഴുങ്ങിയ മുട്ട , ഒരു വിജിറ്റബിൾ കറി ,ഒരു കപ്പ് തൈർ , ഒരു ജ്യുസ്‌, ഏതെങ്കിലും ഒരു പഴം , ഒരു കുപ്പി വെള്ളം ഇത്രയുമാണ് സാധാരണ വരാറുള്ളത് ..
എമർജൻസിയിൽ രോഗിക്കും രോഗിയുടെ കൂടെയുള്ള ഒരാൾക്കും ഹോസ്പിറ്റൽ ആഹാരം അനുവദിനീയമാണ് .. പക്ഷെ മിക്കവരും ഈ ആഹാരം തൊടാറുപോലുമില്ല ..
ആഹാരം കൊണ്ടുവരുന്നവർ ആ ട്രേ ഓരോ രോഗിയുടെയും ബെഡ്ഢിന്നരികിൽ വെക്കുന്നതിനു മുൻപ് അവർക്ക് ആഹാരം വേണോ വേണ്ടയോ എന്ന് അന്വേഷിക്കാറുമില്ല.
ആഹാരം കഴിക്കാൻ എന്തെങ്കിലും തടസ്സങ്ങൾ ഉള്ള രോഗികളുടെ ബെഡിൽ 'നിൽ പെർ ഓറൽ' എന്ന് എഴുതിയ ബോർഡ് തൂക്കിയിട്ടുണ്ടാവും. ഡയട്രി ജോലിക്കാർ പൊതുവെ ആ രോഗിയെ മാത്രം ഒഴിവാക്കി ബാക്കി എല്ലാ ബെഡിലും രണ്ടു ട്രേ കൊണ്ടുപോയി വെച്ച് അവരുടെ ജോലി തീർക്കും .
ഒരു മണിക്കൂർ കഴിയുമ്പോൾ ഡയട്രിയിൽ നിന്നും ആരെങ്കിലും വന്ന് ട്രേകൾ എല്ലാം തിരികെ കൊണ്ടുപോകും .. ഒരു പ്രാവിശ്യം പുറത്ത് വിതരണം ചെയ്ത ഭക്ഷണമായതുകൊണ്ട് ആരും ട്രേയുടെ മൂടി തുറന്നില്ലെങ്കിൽ കൂടി ആ ഭക്ഷണമെല്ലാം വേസ്റ്റ്‌ ബോക്സിൽ കളയുകയാണ് ചെയ്യുന്നത് .
ഇപ്പോൾ ആ സ്ത്രീ ഭക്ഷണം വേസ്റ്റിൽ കളഞ്ഞ് ട്രേ വൃത്തിയാക്കുന്നത് കണ്ടപ്പോഴാണ്‌ അറബി ദേഷ്യപ്പെട്ടത് ..
എനിക്ക് എഴുന്നേറ്റു ചെന്ന് ആ അറബിക്ക് ഒരു ഷേക് ഹാന്റ് കൊടുത്താൽ എന്താണെന്ന് തോന്നി പോയി .. !!
അറബി ഫിലിപ്പിനോയെ വിട്ട് മാനേജറെ തിരക്കി പോയി ..
അവരുടെ ആ സംഭാഷണം എന്നെ പലകാര്യങ്ങളും ചിന്തിപ്പിച്ചു ..
സുനാമി സമയത്ത് വലിപ്പച്ചെറുപ്പമില്ലാതെ ആളുകൾ ആഹാരത്തിനു വേണ്ടി ആർത്തിപൂണ്ട കണ്ണുകളുമായി സന്നദ്ധസംഘടനകളുടെ ടെന്റിനു ചുറ്റും അലയുന്നത് ഞാൻ കണ്ടീട്ടുണ്ട്.
ആവിശ്യമുള്ളവർക്ക് മാത്രം ആഹാരം കൊടുത്താൽ പോരെ എന്ന് പലപ്പോഴും ഈ ഡയട്രി ജോലിക്കാരോട് ചോദിച്ചീട്ടുണ്ട് .. പക്ഷെ അവർക്ക് അവരുടെ ജോലി തീർക്കണം എന്ന് മാത്രം .
തമിഴ്നാട്ടിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു പാവം അമ്മ അവരുടെ കുഞ്ഞിന് വേണ്ടി ഹോസ്പിറ്റലിലെ സൗജന്യ ഭക്ഷണം അല്പം കൂടി തരാമോ എന്ന് ഡയട്രിയിലെ ജോലിക്കാരനോട് കെഞ്ചി ചോദിച്ചപ്പോൾ അയാൾ അവരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ അപമാനിച്ചതിന് ഞാൻ സാക്ഷിയാണ് .. !
വീട്ടിൽ നിന്നും പോയി വന്ന് പഠിക്കുന്ന എന്റെ സഹപാഠി നിത്യ അന്ന് ഉച്ചഭക്ഷണമായി കൊണ്ടുവന്ന ലെമൺ റൈസും അച്ചാറും ആ അമ്മക്ക് നീട്ടിയപ്പോൾ അവരുടെ കണ്ണിൽ നിന്നും അടർന്നു വീണ രണ്ടു തുള്ളി കണ്ണുനീർ മതി നിത്യക്ക് ഒരു ജന്മത്തിന്റെ പുണ്യം മുഴുവൻ കിട്ടാനെന്ന് തോന്നി എനിക്ക് !!
അമ്മൂമ്മ പറഞ്ഞു കെട്ടീട്ടുണ്ട് .. 'അന്ന ദാനം മഹാദാനം 'എന്നു പറയുന്നതിന് കാരണം എന്തു ദാനം കിട്ടിയാലും തൃപ്തനാവാത്ത മനുഷ്യൻ സംതൃപ്തിയോടെ 'എനിക്ക് നിറഞ്ഞു .. മതിയായി ' എന്ന് പറയുന്ന ഏക ദാനം അന്നദാനം ആയതുകൊണ്ടാണത്രെ ..
ചെറുപ്പത്തിൽ ഊണ് കഴിക്കുമ്പോൾ ഒരു വറ്റ് നിലത്തു പോയാൽ വഴക്കു പറഞ്ഞ് ആ വറ്റ് തിരികെ പാത്രത്തിൽ ഇടീക്കുമായിരുന്നു അമ്മൂമ്മ .. അന്നതിൽ വല്ലാത്ത അമർഷം തോന്നിയിരുന്നെങ്കിലും ഇന്ന് മനസ്സിലാകുന്നുണ്ട് അവരുടെ ആ പ്രവർത്തിയുടെ മഹത്വം !!
ഞാൻ കാപ്പി കുടി കഴിഞ്ഞ് തിരികെ ഡിപ്പാർട്മെന്റിൽ എത്തി ..
ക്യുബിക്കിൾ ഏഴിന്റെ മുൻപിൽ കൂടി പോകുമ്പോൾ ആ അറബിയുടെ സ്വരം ഞാൻ വീണ്ടും കേട്ടു ..
അയാൾ അവിടെ ബെഡിൽ കിടക്കുന്ന അയാളുടെ പ്രായമായ അമ്മക്ക് ആഹാരം വാരിക്കൊടുക്കുന്നു ..
ഞാൻ അകത്തു കടന്ന് അഭിവാദ്യം ചെയ്തു.. അയാൾ തിരിച്ചും ..
മുഖവുര കൂടാതെ ഞാൻ പറഞ്ഞു
" ഞാൻ നിങ്ങളെ കഫെറ്റീരിയയിൽ കണ്ടിരുന്നു"
" കഫെറ്റീരിയിൽ വഴക്കുണ്ടാക്കുന്നത് കണ്ടിരുന്നു എന്ന് പറയൂ സിസ്റ്റർ " അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാനും ചിരിച്ചു
അയാൾ തുടർന്നു
" സിസ്റ്റർ നിങ്ങളൊക്കെ കരുതും പോലെ ഈ രാജ്യത്ത് എല്ലാവരും പണം ഉള്ളവരല്ല .. ലോകത്ത് എല്ലായിടത്തെയും പോലെ ഇവിടെയും ആഹാരത്തിനും പാർപ്പിടത്തിനും വേണ്ടി ബുദ്ധിമുട്ടുന്നവരുണ്ട് .. ഞാൻ ഇവിടെ പല സോഷ്യൽ വർക്കുകൾ ചെയ്യുന്ന സംഘടനകളുമായും സഹകരിച്ച് ജോലി ചെയ്തീട്ടുണ്ട് .. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു .. ഇവിടുത്തെ ദരിദ്രരുടെ പ്രശ്നങ്ങൾ നേരിട്ടറിവുള്ളതുകൊണ്ടാണ് ഞാൻ അത്രയും ദേഷ്യപ്പെട്ടത് "
" താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല .. ആഹാരം പാഴാക്കി കളയുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല " ഞാൻ പറഞ്ഞു
എന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ അമ്മ കഴിച്ചു മിച്ചം വന്ന ഓട്സ് വേസ്റ്റിൽ കളയാതെ സ്വയം കഴിച്ച് അദ്ദേഹം പാത്രം കഴുകി വെച്ചു ..
സംസാരിച്ചതൊന്നും വെറുതെയല്ലെന്നും പറയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവർത്തിയെന്നും എനിക്കു മനസിലായി !
അവിടെ നിന്നും പുറത്തു വന്ന് കമ്പ്യൂട്ടറിൽ ബെഡ് ഏഴിലെ രോഗിയുടെ പേരു നോക്കിയ ഞാൻ ഞെട്ടി .. അവരുടെ സർ നെയിം ആ രാജ്യം ഭരിക്കുന്ന രാജവംശത്തിന്റെ ആയിരുന്നു!!
അവർ ഇവിടുത്തെ രാജകുടുംബാംഗമാണ് ..!
അല്ലെങ്കിലും നിറകുടങ്ങൾ തുളുമ്പാറില്ലല്ലോ!
വന്ദന
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo