Slider

വീണുടഞ്ഞ വിഗ്രഹം

0

വീണുടഞ്ഞ വിഗ്രഹം
..................................
ഭാര്യയെ കുറിച്ച് അവന് അഭിമാനമായിരുന്നു.. അവൾ തന്റെ ഭാഗ്യമാണെന്ന് അയാൾ വിശ്വസിച്ചു..
തനിക്ക് മാത്രമല്ല തന്റെ കുടുംബക്കാർക്കും ബന്ധുക്കൾക്കുമെല്ലാം അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു..
സുന്ദരി , സുശീല , നല്ല ഭാര്യ, നല്ല അമ്മ , നല്ല മരുമകൾ ,നല്ല നാത്തൂൻ , നല്ല ജ്യേഷ്ഠത്തി എന്നിങ്ങിനെ വീട്ടുകാരും ബന്ധുക്കളും അവളെ പുകഴ്ത്തുന്നത് കേട്ട് കോരിത്തരിച്ചിട്ടുണ്ടു്..
മരുഭൂമിയിൽ വിയർപ്പൊഴുക്കി താൻ സമ്പാദിച്ചതെല്ലാം അവളുടെ മാത്രം പേരിൽ നിക്ഷേപിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ലീവിന് വരുമ്പോൾ അവളെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിച്ചു.. കൊടുക്കാവുന്നതിലേറെ സ്നേഹം വാരിക്കോരി നൽകി.
അവളുടെ ആഗ്രഹങ്ങൾ എല്ലാം മുൻകൂട്ടി സാധിപ്പിച്ചു കൊടുക്കാൻ എന്തൊരു ആവേശമായിരുന്നു..
എന്നിട്ടും അവൾ തന്നോട് എന്തിനീ കൊടും ചതി ചെയ്തു .
എങ്ങിനെ മനസ്സ് വന്നു അവൾക്ക് ഈ നീച പ്രവൃത്തി ചെയ്യാൻ.
ഉറക്കമുണർന്നപ്പോൾ ലഭിച്ച അനുജന്റെ വാട്സ് ആപ് വീഡിയോ കണ്ടു് തന്റെ ഹൃദയം നിലച്ച് പോകുമോ എന്ന് വരെ ഭയന്നു. ഒരിക്കൽ മാത്രം കണ്ട ആ രംഗം വീണ്ടും കാണാനുള്ള ശക്തി തനിക്കില്ലായിരുന്നു.
അതിന്റെ താഴെ അനുജൻ എഴുതിയ വിശദമായ കുറിപ്പ് വീണ്ടും വീണ്ടും വായിച്ചു.
"ചേട്ടാ ഞാൻ ഇത് ചെയ്തത് ചേട്ടനെ വിഷമിപ്പിക്കാനല്ല.
വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്.
ഇങ്ങിനെ ഒരു സോളിഡ് പ്രൂഫില്ലാതെ ചേട്ടനോട് ഈ വിവരം പറഞ്ഞാൽ ഒരിക്കലും ചേട്ടനിത് വിശ്വസിക്കില്ല.
നമ്മുടെയെല്ലാം മനസ്സിൽ നാം പൂവിട്ട് പൂജിച്ചിരുന്ന ഒരു വിഗ്രഹമാണ് വീണുടഞ്ഞത്. എന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആദ്യം എനിക്ക് കഴിഞ്ഞില്ല.
പക്ഷെ ഇത് യാഥാർത്ഥ്യമാണ്.
ഞാനാണ് ചേട്ടന്റെ മുറിയിൽ ചേച്ചി അറിയാതെ കാമറ ഫിറ്റ് ചെയ്തത്.
കുറച്ച് നാളുകളായി ആളുകൾ പലതും പറയുന്നു.
എല്ലാം കള്ളമാകണേ എന്ന പ്രാർത്ഥനയായിരുന്നു, അപ്പോഴും മനസ്സിൽ.
സംശയകരമായ രീതിയിൽ ചേട്ടന്റെ വീട്ടിൽ നമ്മുടെ റൂട്ടിൽ ഓടുന്ന ബസ്സ് ഡ്രൈവറെ കണ്ടപ്പോൾ ചേച്ചിയോട് ചോദിച്ചിരുന്നു.
സ്ഥിരമായി ചേച്ചി യാത്ര ചെയ്യുന്ന ബസ്സിലെ ഡ്രൈവറായ രാജുവിന്റെ സന്ദർശനത്തിൽ വ്യക്തമായ മറുപടി തരാൻ ചേച്ചിക്ക് കഴിഞ്ഞില്ല. അത് കൊണ്ടാണ്, ഞാൻ മനസ്സില്ലാ മനസ്സോടെ ഒരു ഒളികാമറ സ്ഥാപിച്ചത്.
എന്നോട് ക്ഷമിക്കൂ ചേട്ടാ.
ഒരുപാടു് ആലോചിച്ചതിന് ശേഷമാണ് ഇത് ഞാൻ ചേട്ടന് സെന്റ് ചെയ്തത്.
കാരണം , നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾ ചേട്ടനും കേൾക്കുന്നുണ്ടല്ലൊ.
ചേച്ചിക്ക് ബുദ്ധി മോശം തോന്നി അയാളോടൊപ്പം ഇറങ്ങി പോയാൽ ചേട്ടൻ ഇക്കണ്ട കാലം അദ്ധ്വാനിച്ചുണ്ടാക്കിയ സർവതും നഷ്ഠമാകും. നമ്മുടെ മക്കൾക്ക്‌ അവകാശപ്പെട്ടതാണത്.
അത് കൊണ്ടു് എടുത്ത് ചാടി അവിവേകമൊന്നും കാണിക്കാതെ ഈ വിഷയം ബുദ്ധിപരമായി കൈകാര്യം ചെയ്യുക. "
രാവിലെ മുതൽ കിടക്കുന്ന കിടപ്പാണ്. സമയം സന്ധ്യയായി. ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ച നിമിഷങ്ങൾ.. കൊച്ചു കുട്ടിയാണെന്ന് കരുതിയിരുന്ന തന്റെ കൂടപ്പിറപ്പിന്റെ വിവേകപരമായ പ്രവൃത്തിയും പക്വതയാർന്ന ആ കുറിപ്പും അമ്പരപ്പിക്കുന്നതായിരുന്നു..
തളരേണ്ട സമയമല്ല ഇത്.
താൻ ജീവിച്ചത് അവൾക്കും മക്കൾക്കും വേണ്ടിയാണ്.
മാന്യമായി കുടുംബത്തെ പോറ്റാനാണ് ഇഷ്ടമില്ലാഞ്ഞിട്ടും ഈ മരുഭൂമിയിൽ അദ്ധ്വാനിക്കുന്നത്.
മധുരമായാണ് അവളോട് പ്രതികാരം ചെയ്യേണ്ടത്.
അതിനുള്ള വിവിധ മാർഗങ്ങൾ ആലോചിച്ചു.
അവസാനം ഒരു തീരുമാനത്തിലെത്തി.
ഉടനെ ട്രാവൽ ഏജന്റിനെ വിളിച്ച് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
തുടർന്ന് അവൾക്ക് വിളിച്ചു.
"എന്താ ചേട്ടാ , രാവിലെ മുതൽ കോൾ കാണാതെ ഞാൻ എത്ര വിഷമിച്ചെന്നറിയോ "
ഫോൺ അറ്റൻറ് ചെയ്ത ഉടനെയുള്ള അവളുടെ തേൻ പുരട്ടിയ പരിഭവ വർത്തമാനം അവന്റെ ഉള്ളിലെ ദേഷ്യം പതിൻമടങ്ങ് വർദ്ധിപ്പിച്ചു.
അത് മറച്ച് പിടിച്ച് അവനും വാക്കുകളിൽ തേൻ പുരട്ടി .
" എന്റ പൊന്നെ പിണങ്ങല്ലേടാ , നിനക്ക് ഒരു സർപ്രൈസ് വാർത്തയുണ്ടു്. നാളെ നിന്റെ ചേട്ടൻ നിന്റടുത്ത് പറന്നെത്തും .
"ങേ" അവളുടെ ഞെട്ടൽ താൻ വ്യക്തമായി കേട്ടു .
"എന്താ ചേട്ടാ പെട്ടെന്ന് "
അങ്കലാപ്പോടെയുള്ള അവളുടെ ചോദ്യം.
"അതൊക്കെയുണ്ടു് ,
നീ നാളെ മക്കളെയും "നിധി"നെയും കൂട്ടി എയർപോർട്ടിൽ വരിക. സമയം ഞാൻ അറിയിക്കാം."
വിമാനം ലാൻറ് ചെയ്യുന്നുവെന്ന പൈലറ്റിന്റെ അറിയിപ്പ് വന്നു.
അവൻ നിർവികാരനായി പുറത്തേക്ക് നോക്കിയിരുന്നു. അറബിക്കടലിന്റെ റാണിയുടെ പ്രഭാത സൗന്ദര്യം ആസ്വദിക്കാവുന്ന മൂഡിലായിരുന്നില്ല.
ഓരോ യാത്രയിലും കണ്ണിന് കുളുർമ നൽകുന്ന കാഴ്ചയാണ് ആകാശത്ത് നിന്നുള്ള കൊച്ചിയുടെ സൗന്ദര്യം ..
ഫ്ലൈറ്റ് ലാൻറ് ചെയ്യുമ്പോൾ ഇന്നും നാളെയും അഭിനയിക്കേണ്ട തിരക്കഥയായിരുന്നു അയാളുടെ മനസ്സിൽ.
എയർപോർട്ടിൽ നിന്ന് ഇറങ്ങിയ പാടെ മക്കൾ മൂവരും പതിവ് പോലെ ഓടി വന്ന് കെട്ടിപ്പിടിച്ചു.
വളരെ കഷ്ഠപ്പെട്ട് അവൻ ശൃംഗാര ഭാവം മുഖത്ത് വരുത്തി അവളെ നോക്കി. അതോടെ അവളെ അലട്ടിയിരുന്ന ഭീതി അവളുടെ മുഖത്ത് നിന്ന് അപ്രത്യക്ഷമായി.
വിഷണ്ണനായി നിൽക്കുന്ന "നിധി"നെ ചേർത്ത് പിടിച്ച് ധൈര്യം നൽകി.
"ചേട്ടാ " എന്തോ പറയാനാഞ്ഞ അവനെ തടഞ്ഞു് കൊണ്ട് അയാൾ പറഞ്ഞു. "ഫ്ലൈ ദുബായ് ആയത് കൊണ്ട് പച്ചവെള്ളം പോലും കിട്ടിയില്ല. നമുക്ക് ഏതെങ്കിലും നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം".
ഉള്ളിൽ ഒരു സുനാമി ഇരമ്പുമ്പോഴും ചിരിച്ച മുഖത്തോടെ മക്കളുടെ കിന്നാരം കേട്ടിരുന്ന് എന്തോ കഴിച്ചെന്ന് വരുത്തി.
യാത്രക്കിടയിൽ അയാൾ കരുതി വെച്ചിരുന്ന കഥയുടെ ചുരുളഴിച്ചു.
" നമുക്കൊരു മഹാഭാഗ്യം വരാൻ പോകുന്നു.. ചെറിയ രീതിയിൽ നടന്ന നമ്മുടെ കമ്പനിക്ക് കോടികളുടെ ഒരു വലിയ ഓർഡർ ലഭിച്ചിരിക്കുന്നു..
അത് കിട്ടിയാൽ നമ്മൾ കോടീശ്വരൻമാരാണ്. "
"അതിന് ചേട്ടൻ പെട്ടെന്ന് നാട്ടിൽ വന്നതെന്തിനാണ്?"
"അതും പറയാം. ഓർഡർ ലഭിക്കണമെങ്കിൽ അവർക്ക് മതിയായ ഫിനാൻഷ്യൽ സെക്യൂരിറ്റി കൊടുക്കണം. അതിനിപ്പോൾ ഒറ്റ മാർഗമെയുള്ളു..
നമ്മുടെ മുഴുവൻ സ്വത്തുക്കളും എന്റെ പേരിലാക്കി ഡോക്യുമെന്റ് സ് അറ്റസ്റ്റ് ചെയ്ത് കോപ്പി അവർക്ക് കൊടുക്കണം..
അടുത്ത ദിവസം തന്നെ ആദ്യ ഓർഡർ നമുക്ക് ലഭിക്കും.
വേറെയും കമ്പനികൾ ഇതിന്റെ പിന്നാലെയുണ്ട്. എത്രയും വേഗം രേഖകൾ ശരിയാക്കി തിരിച്ച് പോകണം"..
നിധിൻ ഒരു പുഞ്ചിരിയോടെ തന്നെ നോക്കിയിട്ട് പറഞ്ഞു.
"എന്നാൽ പിന്നെ ഒട്ടും വൈകണ്ട അല്ലെ ചേച്ചീ."
"അതെ അതെ . നാളെ തന്നെ അതിനുള്ള ഏർപ്പാട് ചെയ്യ് "
തന്റെ അഭിനയം ഭംഗിയായെന്ന് അയാൾക്ക് മനസ്സിലായി.
" അതിന് എന്റെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും മാറ്റേണ്ടതുണ്ടോ?"
അവളുടെ ചോദ്യത്തിലെ പരിഭവം മനസ്സിലായി.
"മോളെ, കോടികളുടെ ബിസ്സിനസ്സാണ്. ഇങ്ങിനെ ഒരു കണ്ടീഷൻ അവർ സമ്മതിച്ചത് തന്നെ നമ്മുടെ മക്കളുടെ ഭാഗ്യമാണ് ".
വീട്ടിലെത്തി ബെഡ് റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഇന്നലെ വീഡിയോയിൽ കണ്ട രംഗങ്ങൾ അവന്റെ സമനില തെറ്റിച്ചു.. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു..
ഓടി വന്ന് തന്നെ പുണരാൻ ആഞ്ഞ അവൾ തന്റെ മുഖഭാവം കണ്ട് പിന്നോട്ട് മാറി ചോദിച്ചു.
"എന്ത് പറ്റി?"
"ഏയ് ഇന്നലെ രാവിലെ മുതൽ മീറ്റിംഗിലായിരുന്നു. രാത്രിയിൽ ഒരുക്കവും യാത്രയും ഒക്കെയായി ഒട്ടും ഉറങ്ങിയിട്ടില്ല . നല്ലതലവേദന.
നന്നായി ഒന്ന് ഉറങ്ങണം".
സമ്മതിക്കണം , ഈ സിനിമാ സീരിയൽ അഭിനേതാക്കളെ .
അവൻ മനസ്സിൽ കരുതി.
പിറ്റേന്ന് രാവിലെ തന്നെ മൂന്ന് നാലു് എഴുത്ത് കാരെ കൊണ്ട് കാര്യങ്ങളെല്ലാം ശരിയാക്കി.
ഉച്ചക്ക് ശേഷം രജിസ്ട്രേഷൻ മുഴുവൻ കഴിഞ്ഞു.
നോട്ട് നിരോധവും സാമ്പത്തിക പ്രതിസന്ധികളും മൂലം റിയൽ എസ്റ്റേറ്റ് രംഗം തകർന്ന് തരിപ്പണമായി കിടക്കുന്നതിനാൽ രജിസ്ട്രാറും ഉദ്യോഗസ്ഥരും കാത്തിരുന്ന് ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു..
സ്ത്രീയായ രജിസ്ട്രാർ ചോദിച്ചു ,
"എന്ത് പറ്റി , എല്ലാം ഭാര്യയുടെ പേരിൽ നിന്ന് മാറ്റുന്നതെന്താ?"
കള്ളം ഒരിക്കൽ കൂടി ആവർത്തിച്ചു.
"ഗൾഫിലെ ബിസ്സിനസ്സിന് ഫിനാൻഷ്യൽ സെക്യൂരിറ്റിക്ക് വേണ്ടിയാണ്."
രാത്രി മക്കളെ ഉറക്കിയതിന് ശേഷം സ്നേഹത്തോടെ അവളോട് ചോദിച്ചു. "നിനക്ക് നിന്റെ അമ്മയെ കണണ്ടേ?"
"ആങ് ഞാനത് പറയാനിരിക്കുകയായിരുന്നു. നാളെ രാവിലെ തന്നെ നമുക്ക് പോകണം."
"ഏയ് നാളത്തേക്ക് വെക്കണ്ട. ഇപ്പോൾ തന്നെ റെഡിയായിക്കൊ."
"ഈ രാത്രിയിലോ "
"ഉം .ചില യാത്രകൾ രാത്രിയിലാണ് നല്ലത്.
വേഗം റെഡിയാക് .
നിന്റെ ഡ്രസ്സുകളെല്ലാം നാളെ നിധിന്റെ കയ്യിൽ കൊടുത്ത് വിടാം."
"നിധി ന്റെ കയ്യിലോ? അതെന്തിനാ?"
അതൊക്കെ സസ്പെൻസ്.
"നീ വേഗം റെഡിയായി ഇറങ്ങ്. "
"ഈ ചേട്ടന്റെ ഒരു കാര്യം. " യാത്രയിലെ തന്റെ മൗനം അവളെ ഭീതിപ്പെടുത്തിയിരിക്കണം.
വീട്ടിൽ എത്തിയ പാടെ അമ്മയും അച്ഛനും ഇറങ്ങി വന്നു.
എന്താ മക്കളെ ഈ അസമയത്ത് ?
അച്ഛാ ,അമ്മെ, വർഷങ്ങൾക്ക് മുൻപ് നിങ്ങൾ എന്നെ ഏൽപിച്ച നിങ്ങളുടെ മകളെ ഇതാ ഞാൻ തിരിച്ചേൽപിക്കുന്നു.
അവൾക്ക് ജീവിക്കാനാവശ്യമായ ന്യായമായ സംഖ്യ ഞാൻ മാസാമാസം നിങ്ങൾക്കെത്തിച്ച് തരാം.
" മോനെ , അകത്ത് കയറിയിരിക്ക് .
എന്താ ഇതെല്ലാം " ?
തന്റെ മുഖ ഭാവം കണ്ട് ഒരു തേങ്ങലോടെ ആ അമ്മ ചോദിച്ചു.
ആ തേങ്ങൽ തന്റെ മനസ്സിലും മുറിവേൽപിച്ചു. ഇതേ വരെ തന്റെ അമ്മയെന്നും അവളുടെ അമ്മയെന്നും വേർതിരിച്ച് കണ്ടിട്ടില്ല.
"എല്ലാം മകളോട് ചോദിക്ക്.
കൂടുതൽ തെളിവുകൾ വേണമെങ്കിൽ ഞാൻ അച്ഛന്റെ വാട്ട്സ് ആപ്പിലേക്ക് അയക്കാം".
അതും പറഞ്ഞു് അയാൾ തിരിഞ്ഞു് നടന്നു. പിന്നിൽ കേട്ട പൊട്ടിക്കരച്ചിൽ അയാളുടെ ഹൃദയത്തിൽ ഒരു ചലനവുമുണ്ടാക്കിയില്ല...
ബഷീർ വാണിയക്കാട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo