
"ആന്റീ.. ഒറ്റയ്ക്കിരിക്കുവാണോ.ഉണ്ണികളൊക്കെ പോയോ. "ചോദ്യം വന്നതെവിടുന്നാണെന്നു നോക്കിയപ്പോഴാണ് ഞാൻ കണ്ടത്.. ശ്രീക്കുട്ടൻ. തൊട്ടടുത്ത വീട്ടിലെയാ. അച്ഛമ്മയും അനിയനും അവനും മാത്രേള്ളൂ ആ വീട്ടിൽ. അമ്മ 2വര്ഷം മുൻപ് ആരുടെയോ കൂടെ നാടുവിട്ടു. അച്ഛൻ ഗൾഫിലും. വല്ലപ്പോഴും അവധിക്കു വരുന്ന അയാളാണ് ആ വീടിന്റെ സന്തോഷം. വന്നാലൊരു മേളമാണ് അച്ഛനും മക്കളും കൂടി. "ആന്റി കഥയെഴുതും ന്ന് ഇന്നലെ രാജി ചേച്ചിയാ പറഞ്ഞത് എന്നോട്. സത്യാണോ ആന്റീ.. "ശ്രീക്കുട്ടന്റെ ചോദ്യം വീണ്ടും. "ആ.. അങ്ങനൊരു ചെറിയ ഭ്രാന്ത് ആന്റിക്കുണ്ട്. അങ്കിള് ആന്റിയെ ഏതേലും ഭ്രാന്തിന്റെ ഡോക്ടറെ കാണിച്ചാലോന്ന് ആലോചിക്ക്യ ശ്രീക്കുട്ടാ.. നമുക്കൊരുമിച്ചു പോയാലോ. "മറുപടി കൊടുത്തത് എന്റെ നല്ലപാതിയായിരുന്നു. ആ കയ്യിലൊന്നു നുള്ളി ഞാൻ മുറ്റത്തേക്കിറങ്ങി. "ചുമ്മാതാ ശ്രീക്കുട്ടാ.. വട്ട് ഇങ്ങേർക്കാ. എനിക്കല്ല. മോൻ എന്തേ വന്നേ.. ഇന്ന് സ്കൂളില്ലേ. "എന്റെ ചോദ്യം കേട്ടാകണം അവന്റെ മുഖം ഒന്ന് മങ്ങി. "ഇന്ന് സ്കൂളിലെ പേരെന്റ്സ് മീറ്റിംഗാണ് ആന്റി. ഞാൻ പോയില്ല.. പോയാൽ ടീച്ചർ അമ്മയെ ചോദിക്കും. എനിക്ക് വയ്യ. നാണം കെട്ട് എല്ലാരുടേം മുൻപിൽ നില്ക്കാൻ.. ഞാൻ വന്നത് ആന്റിയോട് ഒരു കാര്യം ചോദിക്കാനാ. "ഞാനും ഏട്ടനും അവനെത്തന്നെ നോക്കി നിന്നു. 13വയസെങ്കിലും ഒരു 20കാരന്റെ പക്വതയുണ്ടവന്. "എന്താ.. മോൻ പറ "എന്റെ മറുപടിക്കു കാത്തു നിന്നപോലെ അവൻ പറഞ്ഞു. "എന്റെ കഥയെഴുതുവോ ആന്റി. കുറെയുണ്ട്..അമ്മയോട് പറയാൻ കരുതി വെച്ചതും അച്ഛനെക്കുറിച്ചും ഒക്കെ. എഴുതുവോ... "അവന്റെ നിഷ്കളങ്കമായ ചോദ്യം എന്നെ ഒന്നുലച്ചു. ഏട്ടന്റെ കൈ എന്റെ കൈയിൽ മുറുകുന്നത് ഞാനറിഞ്ഞു. "നീ അവനോടു സംസാരിക്ക്. ഞാൻ റൂമിലുണ്ടാകും കുറച്ചു വർക്ക് പെൻഡിങ് ആണ്. ഞാനതൊന്നു തീർക്കട്ടെ. നീ അവനെയും കൊണ്ട് ആ വരാന്തയിലിരുന്നോ. അവനു പറയാനുള്ളത് മുഴുവൻ കേൾക്കണം. മ്മ്.. ചെല്ല് "ഏട്ടൻ പടി കയറി അകത്തേക്ക് നടന്നു. "പിന്നേ... ശ്രീക്കുട്ടന്റെ ഒപ്പം ഇരുന്ന് കരഞ്ഞു കുളമാക്കരുത് എന്റെ ശ്രീമതി.. കേട്ടല്ലോ "തിരിഞ്ഞു നിന്ന് അത്രയും കൂടി പറഞ്ഞിട്ടാണ് ഏട്ടൻ അകത്തേക്ക് കയറിയത്. ഇങ്ങേരെക്കാൾ എന്റെ മനസ്സ് വായിക്കാൻ ആർക്കും കഴിയില്ലല്ലോ ഭഗവാനെ.. "വാ ശ്രീക്കുട്ടാ. നമുക്കങ്ങോട്ടിരിക്കാം. "അവനെ ചേർത്ത് പിടിച്ചു ഞാൻ നടന്നു.
"അമ്മ ഞങ്ങളെ ഇട്ടിട്ടു പോകുമ്പോൾ ഉണ്ണിക്കുട്ടന് 6വയസേ ഉണ്ടാർന്നുള്ളു. ഫോൺ വഴി പരിചയപ്പെട്ട ഒരു കൂട്ടുകാരനോടൊപ്പം അമ്മ പോയിന്ന് അപ്പച്ചി പറഞ്ഞാ ഞാനറിഞ്ഞത്. അമ്മയെ അച്ഛൻ ഒന്ന് തല്ലുകയോ വഴക്കു പറയുകയോ ചെയ്തതായിട്ടു എനിക്കോർമ്മയില്ല ആന്റീ. പാവാ എന്റച്ഛൻ. എന്നിട്ടും അമ്മയെന്തിനാ അച്ഛനേം ഞങ്ങളേം വിട്ടു പോയത്.. "ശ്രീക്കുട്ടൻ പറഞ്ഞു തുടങ്ങുകയായിരുന്നു. സ്കൂളിൽ എല്ലാ കുട്ടികളുടെയും അച്ഛനമ്മമാർ പ്രോഗ്രാമിനും മീറ്റിംഗിനും ഒക്കെ വരുമ്പോൾ അവനും ഉണ്ണിക്കുട്ടനും മാറിനിന്നു നോക്കുമത്രേ.. എങ്ങാനും അമ്മ വന്നിട്ടുണ്ടാവോ എന്ന്. ഇല്ല എന്ന് തിരിച്ചറിയുമ്പോ ആ കുഞ്ഞു മനസുകൾ വിങ്ങിയിട്ടുണ്ടാവില്ലേ എന്നോർത്തപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു. തുളുമ്പിയകണ്ണുകൾ അവൻ കാണാതെ തുടച്ചു കൊണ്ട് തിരിയവേ ഞാൻ കണ്ടു. ജനലിനരികിൽ എന്നെ നോക്കി കണ്ണിറുക്കുന്ന എന്റെ പാതി ഹൃദയം. ഇല്ലെന്നു ഞാനും കണ്ണിറുക്കി കാണിച്ചു. ഇതൊന്നുമറിയാതെ ശ്രീക്കുട്ടൻ പറയുന്നുണ്ടായിരുന്നു. കളിക്കുമ്പോൾ ഗ്രൗണ്ടിൽ വീണു കാലു പൊട്ടിയപ്പോ ഉണ്ണിക്കുട്ടൻ കരഞ്ഞതും അവനെ എടുത്തു വീട്ടിൽ കൊണ്ട് വന്നു മുറിവ് കഴുകി മരുന്ന് വെയ്ക്കുമ്പോ അമ്മേന്നു വിളിച്ചവൻ കരഞ്ഞതും പൊട്ടിയ കാലിൽ ഒന്ന് കൂടി തല്ലി താനവനെ കരയിച്ചതും എല്ലാം. നമുക്കമ്മയില്ല. അച്ഛനെ ഉള്ളു. അച്ഛാ ന്നു വിളിച്ചു കരഞ്ഞ മതി നീയെന്നു പറഞ്ഞു അനിയനെ കെട്ടിപ്പിടിച്ചു കൊണ്ടവനത് പറയുമ്പോൾ ആ കണ്ണിൽ എരിഞ്ഞത് പകയുടെ തീനാളമോ അതോ വേദനയുടെ തീ നാമ്പുകളോ.. ഞാനോർത്തു. കണ്ടില്ലെങ്കിലും ഞാനതു മനസ്സിൽ കണ്ടു.
അമ്മയെ അവസാനം കണ്ട ദിവസം അവനോർത്തെടുത്തു. അച്ഛമ്മയുടെയും അമ്മയുടെ അച്ഛനമ്മമാരുടേം മുൻപിൽ വെച്ച് അമ്മ പറഞ്ഞ വാക്കുകൾ..."കഴിഞ്ഞ 2വർഷമായി ഞാൻ നിങ്ങളെ ചതിക്കയാണ്. ഇനി ഈ നാടകം വേണ്ട. എനിക്ക് ജീവിക്കണം സുഖവും സൗകര്യങ്ങളും അറിഞ്ഞു തന്നെ. പ്രാരാബ്ധങ്ങളില്ലാതെ.. ടെൻഷൻ ഇല്ലാതെ എനിക്ക് ജീവിക്കണം. അതിനു വേണ്ടി ഞാൻ പോകുന്നു. എന്നെ തിരിച്ചു വിളിക്കരുത്. മക്കൾ നിങ്ങളുടേതാണ് ഏറ്റെടുക്കാൻ എനിക്ക് വയ്യ. കൊണ്ട് പൊയ്ക്കോളൂ.. " ഇത്രയും പറഞ്ഞു തിരിഞ്ഞു നടന്ന അമ്മയെ ശ്രീക്കുട്ടനിപ്പോഴും ഓർക്കുന്നു. "എന്തിനാ ആന്റീ.. അമ്മ ഞങ്ങളെ ഇട്ടിട്ടു പോയത്. അച്ഛൻ പൊന്നുപോലെയാ നോക്കിയതെന്നു അമ്മമ്മയും അച്ചാച്ചനും പറഞ്ഞല്ലോ. നാട്ടിൽ വരുമ്പഴൊക്കെ അമ്മയേം ഞങ്ങളേം പുറത്തു കൊണ്ടുപോകും.. സിനിമയ്ക്ക് പോകും.. വീട്ടിലാണേൽ ആന കളിക്കും അമ്മയെ എടുത്തു കൊണ്ട് നടക്കാറുണ്ട് അച്ഛൻ. അച്ഛനെന്തിഷ്ടാണെന്നറിയോ ഞങ്ങളേം അമ്മയേം. അമ്മയോടച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് "നീയും മക്കളും അമ്മയുമാണ് എന്റെ സന്തോഷം. ഈ വീടാണെന്റെ സ്വർഗം. ഞാനേറ്റവും വെറുക്കുന്ന ദിവസം തിരിച്ചു പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ വരുന്ന ദിവസമാണ്. " എന്ന്. ആ അച്ഛനെ എന്തിനാ ആന്റി അമ്മ ഇട്ടിട്ടു പോയത്. കളിക്കിടയിൽ കൂട്ടുകാരെയൊക്കെ അമ്മമാര് ഭക്ഷണം കഴിക്കാനും കുളിക്കാനും ഒക്കെ വിളിക്കുമ്പോ ഞാനും അറിയാതൊന്നു നോക്കും ആന്റീ... എന്റെ വീടിന്റെ മുന്നിലേക്ക്. അവിടെ പക്ഷേ അമ്മയാവില്ല പകരം അച്ഛമ്മയാകും നിക്കുന്നത്. അത് കാണുമ്പോ സങ്കടം തോന്നും. എന്നാലും ഞാൻ കരയില്ല. കരഞ്ഞാൽ അച്ഛമ്മ കരുതില്ലേ അച്ഛമ്മ ഞങ്ങളെ നോക്കുന്നത് പോരാഞ്ഞിട്ടാണ് ന്ന്. കരയില്ല... ഇനി ഒരിക്കലും ശ്രീ ക്കുട്ടൻ കരയില്ല. ഉണ്ണിക്കുട്ടന് ചേട്ടനാണ് ഞാൻ. ചേട്ടൻ മാത്രല്ല അമ്മയും.. ഞാൻ കരഞ്ഞാൽ അവനും കരയില്ലേ..
"നാളെ എന്റെ പിറന്നാളാണ് ആന്റീ... അമ്മയില്ലേലും അച്ഛന് നല്ല ഓർമ്മയാ ഞങ്ങടെ പിറന്നാൾ. അല്ലെങ്കിലും അച്ഛൻ പറയുമ്പോഴാ അമ്മ എല്ലാ വിശേഷദിവസങ്ങളും അറിയുന്നത്. അത്രയ്ക്ക് നല്ലതാ എന്റച്ഛൻ.. ഉണ്ണി വിളിക്കുന്നു. ഞാൻ പോട്ടെ ആന്റീ. പിന്നെ വരാം. " നടന്നു നീങ്ങുന്ന അവനെ നോക്കിയിരുന്ന എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ആന്റീ.. നാളെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവോ. അമ്മമാര് പ്രാർത്ഥിച്ചാൽ ദൈവം പെട്ടെന്ന് കേൾക്കും ന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആന്റി ഉണ്ണികളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും വഴക്കു പറയുന്നതും ഒക്കെ അവിടെ നിന്ന് ഞാൻ നോക്കിക്കാണാറുണ്ട്. ആന്റി നല്ല അമ്മയാ.. എനിക്കിഷ്ട്ടാ ആന്റിയെ. അമ്മ ന്നു വിളിക്കാൻ പറ്റാത്തോണ്ടാ.. അല്ലേൽ ഞാൻ.... "പറഞ്ഞത് മുഴുവനാക്കാതെ അവനോടിപ്പോയി.ഒരു ഭാരമെടുത്തു നെഞ്ചിൽ വെച്ച അവസ്ഥയിൽ ഇരുന്ന എന്നെ ഏട്ടൻ വന്നുതൊട്ടു. "ടോ.. ഇതെവിടെയ.. ഞാനപ്പഴേ പറഞ്ഞു കൂടെ ഇരുന്നു കരഞ്ഞേക്കല്ലേ ന്ന്. എന്നിട്ടാ നീ... " കരയാനോ ചിരിക്കാനോ ഒന്നും തോന്നിയില്ല എനിക്കപ്പോൾ. ഒരു തരം മരവിപ്പായിരുന്നു.രാത്രി മക്കളെ മടിയിൽകിടത്തി ഏട്ടന്റെ തോളിൽ തല ചായ്ച്ചു ഇരിക്കവേ ഞാൻപറഞ്ഞു. "കാമുകനോടൊപ്പം ഇറങ്ങിപ്പോകുമ്പോ എല്ലാ അവളുമാർക്കും നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെപ്പോലും വേണ്ട.. അല്ലേ ഏട്ടാ. പിന്നെന്തിനാ ഇവളൊക്കെ പ്രസവിക്കുന്നത്. പാലൂട്ടി ചോറു വാരിക്കൊടുത്തു പാട്ടു പാടിയുറക്കി നേരം പുലരുവോളം അവരെഴുന്നേറ്റോ കരയുന്നുണ്ടോ കൊതുക് കുത്തുന്നുണ്ടോ ഉറുമ്പു കടിക്കുന്നുണ്ടോ അവര് കുളിക്കുന്ന വെള്ളത്തിന് ചൂട് കൂടുതലുണ്ടോ.... ഇതെല്ലാം നോക്കിയല്ലേ ഏട്ടാ ഓരോ അമ്മമാരും കുഞ്ഞുങ്ങളെ നോക്കുന്നത്. എന്നിട്ടെങ്ങനെയാ ഏതെങ്കിലും ഒരുത്തൻ പ്രണയം എന്നങ്ങു പറയുമ്പോഴേക്കും ഇവളൊക്കെ ചാടിയിറങ്ങി പോകുന്നത്.. ആ കുഞ്ഞുങ്ങളുടെ മനസ് വേദനിക്കുന്നത് കാണാതെ പോകുന്ന ഇവളൊക്കെ എവിടെ ചെന്നാലും സ്വസ്ഥത കിട്ടുമോ.. "
"അതേ.. എല്ലാ ഭാര്യമാരും എന്റെയീ കട്ടുറുമ്പിന്റെ പോലെ നല്ല അമ്മയല്ലടോ. അതോണ്ടാ ട്ടോ. "എന്റെ മൂക്കിൽ പിടിച്ചോണ്ട് ഇത്രയും പറഞ്ഞു എന്റെ പാതി ഉറങ്ങാൻ പോയി. എനിക്കുറക്കം വന്നില്ല. മനസ്സ് മുഴുവൻ ശ്രീക്കുട്ടനും ഉണ്ണിക്കുട്ടനുമായിരുന്നു. പിറ്റേന്ന് ക്ഷേത്രത്തിൽ മഹേശ്വരന്റെ മുൻപിൽ ആ മോന് വേണ്ടി അവന്റെ ആയുസ്സിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.. ശിവഭഗവാനേറെ പ്രിയമുള്ള കൂവളമാല അവനു വേണ്ടി ചാർത്തുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കണ്ടിട്ടാവണം എന്നെ ഒന്നു ചേർത്തു പിടിച്ചു ഏട്ടൻ. പോട്ടെടോ എന്ന മട്ടിൽ കണ്ണിറുക്കി. തിരിച്ചു വരുമ്പോൾ കണ്ടു. അച്ഛമ്മയും മക്കളും കൂടി അച്ഛൻ കൊടുത്തു വിട്ട പിറന്നാൾ സമ്മാനം നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നത്. ശ്രീക്കുട്ടനെ കൈ കാണിച്ചു അരികിലേക്ക് വിളിച്ചു. ഓടി വന്ന അവന്റെ നിറുകയിൽ ഒരു മുത്തം കൊടുത്തു കയ്യിലിരുന്ന പ്രസാദം നെറ്റിയിൽ ചാർത്തുമ്പോൾ അവന്റെയും എന്റെയും മാത്രമല്ല.. എന്റെ നല്ലപാതിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നത്....ഞാൻ കണ്ടു.
BY: Soumya Dinesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക