
അനന്ത വിഹായസ്സിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെയും, ആർത്തലച്ച്, തീരത്തെ ചുംബിച്ചു കൊതിതീരാത്ത തിരമാലകളെയും സാക്ഷി നിർത്തി ഞാൻ പറയുന്നു " പ്രണയമാണ് എനിക്ക് നിന്നോടു അനന്തമായ പ്രണയം"
പറഞ്ഞു തീർന്നതും പുച്ഛം കൊണ്ട് പൊതുവേ കോടിപ്പോയ ചുണ്ടുകൾ സമർഥമായി ഒളിപ്പിച്ച് അയാൾ അവളുടെ മുത്തും പവിഴവും കൊണ്ടലങ്കരിച്ച കിരീടത്തിലേക്കു നോക്കി! പൗർണ്ണമി നിലാവെളിച്ചത്തിൽ കിരീടത്തിനേക്കാൾ തിളക്കം അവളുടെ ''നീലിമ " നിറഞ്ഞ കണ്ണുകൾക്കായിരുന്നു!
" നിന്റെ പ്രണയത്തെ ഞാൻ ഉൾക്കൊള്ളുന്നു, എന്നെ നിനക്കായി സമർപ്പിക്കാൻ ഹൃദയം തുടിക്കുന്നു പക്ഷേ!" ' ഉടലിന്റെ പകുതിക്കൊടുവിലെ വാൽ വെള്ളത്തിൽ ഒന്നുയർന്നു താണു! ' "എന്റെ കണ്ണുകൾക്ക് പിടി തരാതെ ഒളിച്ചുകളിക്കുന്ന നിന്റെ കണ്ണുകൾ, അതെന്നെ വല്ലാണ്ട് പരിഭ്രാന്തിയിലാഴ്ത്തുന്നു". ഓളപ്പരപ്പുകളിൽ ഇളകുന്ന ശരീരത്തിൽ വെട്ടിത്തിളങ്ങുന്ന കല്ലുകളുടെ മൂല്യമളന്നു കൊണ്ടിരുന്ന അവൻ പക്ഷേ അവളുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല!
"മുത്തുകളും രത്നങ്ങളും പവിഴങ്ങളും നിറഞ്ഞ നിന്റെ കൊട്ടാരം ഇവിടുന്നു ഒരുപാടു ദൂരെയാണോ?"
അങ്ങു ദൂരെ ചന്ദ്രബിംബം ചുംബിക്കാനാഞ്ഞു നിൽക്കുന്ന നീല ജലാശയത്തിലേക്ക് നോക്കി അവനതു ചോദിച്ചപ്പോൾ ചുംബനം കൊതിച്ചൊരാ മനസ്സിൽ മഞ്ഞു വീണു.
അങ്ങു ദൂരെ ചന്ദ്രബിംബം ചുംബിക്കാനാഞ്ഞു നിൽക്കുന്ന നീല ജലാശയത്തിലേക്ക് നോക്കി അവനതു ചോദിച്ചപ്പോൾ ചുംബനം കൊതിച്ചൊരാ മനസ്സിൽ മഞ്ഞു വീണു.
"വരുന്നുവോ നീ എന്റെ കൂടെ എന്റെ കൊട്ടാരത്തിലേക്ക് " പ്രതീക്ഷകളോടെ അവളവനെ നോക്കിയപ്പോൾ നിമിഷങ്ങളുടെ കൂട്ടിക്കിഴിച്ചിലുകൾ മതിയായിരുന്നു അവനു സമ്മതം മൂളാൻ!
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അവളുടെ ഉടലിനോടു ചേർന്നു ചുംബിച്ച് ഊളിയിട്ടു പോകുമ്പോൾ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു അവന്
"നീയെനിക്കു നിന്റെ പ്രണയം പകുത്തു തന്നു! ഇനിയും നിനക്ക് ആഴങ്ങളിലേക്ക് ,എന്റെ ലോകത്തേക്ക്, എന്നോടൊപ്പം വരുവാൻ എന്റെ ശ്വാസത്തിന്റെ പകുതി, എന്റെ പ്രാണന്റെ പകുതി എടുത്തു കൊൾക!" പ്രണയാന്ധയാണവൾ!
പ്രാണന്റെ പകുതി അവളിൽ നിന്ന് പകർന്നെടുക്കുമ്പോഴും ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ തക്കത്തിന് ആയുധം പരതുകയായിരുന്നു അവൻ!
അമൂല്യ രത്നങ്ങളാൽ നിർമ്മിതമായ വലിയ കവാടത്തിനു മുന്നിൽ അവർ നിന്നു!
" ഇനി ഇതാണ് നമ്മുടെ ലോകം ഈ കവാടം കടന്നാൽ നീ ഞങ്ങളിൽ ഒരാളാണ്! പിന്നെയൊരു തിരിച്ചു പോക്കില്ല! വരൂ നമുക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ അവർ ഒരുക്കി വച്ചിരിക്കുന്നു"
''ലോക മാർക്കറ്റിൽ വലിയ വില കിട്ടുന്ന നിധിശേഖരം: പടുത്തുയർത്താൻ പോകുന്ന ബിസിനസ്സ് സാമ്രാജ്യം ! പുറകിലൊളിപ്പിച്ച ആയുധമെടുത്തു ആഞ്ഞു വീശുമ്പോൾ കൈ വരാൻ പോകുന്ന വിലമതിക്കാനാവാത്ത സൗഭാഗ്യങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചിന്ത!
ഉടലറ്റു പോയ തലയിൽ നിന്നും കിരീടം അടർത്തിയെടുക്കുമ്പോൾ പ്രണയം വറ്റാത്ത കണ്ണുകളിലെ തിളക്കം അയാളുടെ കാഴ്ചയെ മറച്ചു! ഇടതു കൈ കൊണ്ട് കണ്ണുപൊത്തിപിടിക്കുമ്പോൾ അശരീരി പോലൊരു ശബ്ദം കർണ്ണപുടങ്ങളെ വിറങ്ങലിപ്പിച്ചു!
"നിനക്കു ഞാനെന്റെ പ്രണയം തന്നില്ലേ ? എന്റെ പ്രാണവായു പകുത്തു തന്നില്ലേ ? ഞാനെന്നെത്തന്നെ തന്നില്ലേ?" അവിവേകിയായ നീ ഒന്നോർത്തില്ല , നീ ശ്വസിക്കുന്നത് ഞാൻ പകുത്തു തന്ന ശ്വാസമാണെന്ന കാര്യം ,എന്റെ കണ്ഠനാളം ഛേദിച്ച നീ സ്വയം ഇല്ലാതാക്കിയത് നിന്റെ ശ്വാസമാണ്! മരണത്തെ പുൽകാനൊരുങ്ങിക്കൊൾക !
" ശ്വാസം മുട്ടിത്തുടങ്ങിയിരിക്കുന്നു മുകളിലേക്കു ,തുഴയാൻ വയ്യ കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു! കിരീടം ഒന്നുകൂടി നേഞ്ചോടമർത്തിപ്പിടിച്ച് ,മങ്ങിയ കാഴ്ചക്കിടയിലും കവാടത്തിനലങ്കാരമായ രത്നങ്ങളിൽ കണ്ണുടക്കിനിൽക്കുന്നു"മരണം അടുത്തെത്തിക്കഴിഞ്ഞു! മെല്ലെ കണ്ണുകൾ അടച്ചു
"തിരുമേനി മകന്റെ പേർക്കു ഒരു രക്ത പുഷ്പാഞ്ജലി "തിരുനടയ്ക്കു മുന്നിൽ ചുളിവു വീണ കൈകൂപ്പി ഒരു വാർദ്ധക്യം!
"മൈ ബെസ്റ്റ് ഫ്രെണ്ട് ഈസ് മൈ ഡാഡി " അടുത്തിരുന്ന കുട്ടി അഭിമാനത്തോടെ എഴുന്നേറ്റുനിന്നു പറഞ്ഞപ്പോൾ പളുങ്കുമണികൾ പൊഴിച്ചു കൊണ്ട് ഡസ്കിനിടയിൽ മുഖമൊളിപ്പിക്കുന്ന കുഞ്ഞു മുഖം!
" അവന് നിന്നോട് സ്നേഹം തന്നല്ലേ മോളെ " സംഭാരം കുടിച്ചു തീർന്നതിനു ശേഷം ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ ,പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിനു മുമ്പിൽ ആദ്യം പകച്ചു പോകുകയും പിന്നീട് ചിരിച്ചു കൊണ്ടു തലയാട്ടുകയും ചെയ്യുന്ന കരിപുരണ്ട സിന്ദൂര രേഖ!
തെളിഞ്ഞു വന്ന മുഖങ്ങൾ ഓരോന്നും , ചുഴിയിൽ അകപ്പെട്ടു ശ്വാസം മുട്ടുന്ന അയാളുടെ ചുറ്റും ആർത്തട്ടഹസിച്ചു!
നോ! ശ്വാസം മുട്ടി കണ്ണു രണ്ടും മുന്നോട്ടുന്തിയ അവസ്ഥയിൽ അയാൾ കിടക്കയിൽ ചാടിയെഴുന്നേറ്റു! ദേഹം ചുറ്റിക്കിടന്ന ഇംഗ്ലീഷ് തുട അയാൾ തട്ടിയകത്തി!
യു ആർ നെവർ സാറ്റിസ്ഫൈഡ് ബാ........... വോഡ്കയിൽ മുങ്ങിക്കിടന്ന മദാമ്മയിൽ നിന്ന് പുറത്തേക്കു വന്നതു മുഴുവൻ ശ്രവിക്കാൻ നിൽക്കാതെ റൂമിനു വെളിയിലിറങ്ങി, സ്ട്രീറ്റു വെട്ടത്തിൽ മുന്നോട്ടു നടക്കുമ്പോൾ ആകാശത്ത് പൗർണ്ണമി രാവുദിച്ചിരുന്നു ! പാതിയുറക്കത്തിൽ അമ്മചെവിയിൽ വച്ചു കൊടുത്ത ഫോണിൽ നിന്നു അഞ്ചു വയസ്സുകാരൻ വ്യക്തമായി കേട്ടു ആ ശബ്ദം " മകനേ മാപ്പ് "
By: Sujith Surendran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക